സമൂഹം ഉയര്‍ത്തിപ്പിടിക്കുന്ന പാവനമായ എല്ലാ മൂല്യങ്ങളും പിച്ചിച്ചീന്തുക, അതിനായി പദവിയും ഭരണയന്ത്രവും നികുതിപ്പണവും ഉപയോഗിക്കുക, ഈ മാഫിയാപ്രവര്‍ത്തനം സംബന്ധിച്ച തെളിവുകള്‍ പുറത്തുവരുമ്പോള്‍ അതിനെയെല്ലാം നിസ്സാരവല്‍ക്കരിക്കാനും തമസ്കരിക്കാനും തിന്മകളുടെ ശക്തികളെ മുഴുവന്‍ സമാഹരിക്കുക- മനുഷ്യമനസ്സാക്ഷിയെ നടുക്കിയ കോഴിക്കോട് ഐസ്ക്രീം പെണ്‍വാണിഭവുമായി ബന്ധപ്പെട്ട ചിത്രമാണിത്. തെളിവുകള്‍ പരസ്യമായി നശിപ്പിക്കാന്‍ ശ്രമിക്കുകയും അതെല്ലാം മനസ്സിലാക്കിയിട്ടും താല്‍ക്കാലിക രാഷ്ട്രീയലാഭത്തിനുവേണ്ടി മറച്ചുപിടിക്കുകയും തിന്മയുടെ പ്രതീകങ്ങളായവരെ ന്യായീകരിക്കുകയും അതേസമയം നീതിക്കുവേണ്ടി ശബ്ദിക്കുന്നവരെ ആക്ഷേപിക്കുകയും ചെയ്യുന്ന അത്യന്തം വൃത്തികെട്ട ഒരു ആസൂത്രിതപ്രവൃത്തിയാണ് നടന്നുകൊണ്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് നന്മയുടെ മൂല്യങ്ങള്‍ പ്രധാന വിഷയമാകുകയും തിന്മകളുടെ ശക്തികള്‍ക്കെതിരെ ജനമനസ്സ് ഉണരുകയും ചെയ്തപ്പോള്‍ ആരൊക്കെയാണ് ഗ്വാ ഗ്വാ വിളികളുമായി രംഗത്തിറങ്ങിയതെന്ന് നോക്കുക. ആദര്‍ശധീരനെന്ന് അവകാശപ്പെടുന്ന എ കെ ആന്റണി, പിന്നെ ഉമ്മന്‍ചാണ്ടി. ഇവരിരുവരെയും മാനസപുത്രരായി കണ്ടു വളര്‍ത്തിക്കൊണ്ടുവന്ന കേരളത്തിലെ വലതുപക്ഷത്തിന്റെ മുഖപത്രം. എല്ലാ കുറ്റകൃത്യങ്ങളും ചെയ്ത വ്യക്തി തനിക്കെതിരെ എവിടെ തെളിവ് എന്ന് ചോദിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍, ആന്റണിയും ഉമ്മന്‍ചാണ്ടിയും മാധ്യമങ്ങളും ചോദിക്കുമ്പോള്‍ അവര്‍ ജനാധിപത്യവ്യവസ്ഥിതിയെയും സദാചാരമൂല്യങ്ങളെയുമാണ് വെല്ലുവിളിക്കുന്നത്. കുറ്റവാളികള്‍ക്ക് കുട പിടിക്കുന്ന ആന്റണിയും ഉമ്മന്‍ചാണ്ടിയും പറയുന്നതുപോലെ തുരുമ്പിച്ചതാണോ ഐസ്ക്രീം കേസ്? അതില്‍ കേവലം വ്യഭിചാരത്തിന്റെയോ ബലാത്സംഗത്തിന്റെയോ മാത്രം പ്രശ്നമാണോ ഉള്ളത്? വര്‍ഷങ്ങള്‍ കഴിഞ്ഞുവെന്നതുകൊണ്ട് മാത്രം ഒരു കേസ് കാലഹരണപ്പെടുമോ? മേല്‍പ്പറഞ്ഞ കുറ്റകൃത്യങ്ങള്‍ നടത്തുന്നതിന് പരോക്ഷമായി കൂട്ടുനിന്നവരാണ് ആന്റണിയും ഉമ്മന്‍ചാണ്ടിയും. അവരുടെകൂടി തണലിലാണ് ഈ കുറ്റകൃത്യങ്ങളെല്ലാം നടന്നത്.
നമ്മുടെ മൂല്യവ്യവസ്ഥയുടെ എല്ലാ അടരുകളെയും പിച്ചിച്ചീന്തിക്കൊണ്ട് നടന്നതും നടക്കുന്നതുമായ ഒരു മാഫിയാപ്രവര്‍ത്തനമാണ് ഐസ്ക്രീം സംഭവമെന്ന് പുതുതായി തെളിവുകള്‍ വന്നുകൊണ്ടിരിക്കുന്നു. പുതിയ തെളിവുകള്‍ വന്നാല്‍ കേസുകള്‍ക്കു വീണ്ടും ജീവന്‍വയ്ക്കുമെന്നും അങ്ങനെവന്നാല്‍ അനുഭവം എന്തായിരിക്കുമെന്നും വര്‍ഗീസ് വധക്കേസ് വ്യക്തമാക്കുന്നു. നാലുപതിറ്റാണ്ടുമുമ്പ് എഴുതിത്തള്ളിയ വര്‍ഗീസ് വധക്കേസില്‍ പുതിയ തെളിവ് വന്നപ്പോള്‍ അന്നത്തെ പൊലീസ് സൂപ്രണ്ട് കൊലക്കുറ്റത്തിനു ജിവപര്യന്തം ശിക്ഷിക്കപ്പെട്ട് പൂജപ്പുരയില്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ സഹ തടവുകാരനായി കഴിയുകയാണ്. ഗോവിന്ദച്ചാമി എന്ന ഒരു ക്രിമിനല്‍ തീവണ്ടിമുറിയില്‍ ഒരു പെണ്‍കുട്ടിയെ പീഢിപ്പിച്ച് കൊന്നത് നമ്മുടെ സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചു. രാജ്യം മുഴുവന്‍ അതില്‍ ഉണര്‍ന്നു പ്രതികരിച്ചു. എന്നാല്‍, ഔദ്യോഗിക വാഹനവും ഔദ്യോഗിക സംവിധാനങ്ങളും പൊലീസ് കാവലും ഉപയോഗിച്ച് നടത്തിയ സ്ത്രീപീഡനവും അതിന്റെ കേസ് അട്ടിമറിക്കാന്‍ അഴിമതിപ്പണം ഉപയോഗിച്ചതും ഗോവിന്ദച്ചാമിയുടെ കേസിനോളം ആന്റണി- ഉമ്മന്‍ചാണ്ടി-മനോരമാദികളെ അലട്ടുന്നില്ലെന്നതോ പോട്ടെ, അതൊന്നും വലിയ കാര്യമല്ല, കാലഹരണപ്പെട്ടുപോയതല്ലേ എന്ന ചോദ്യം അവരില്‍നിന്നുയരുകയും ചെയ്യുന്നുഎന്നത് ആശ്ചര്യകരമാണ്.
കള്ളക്കടത്തിന്റെയും പാകിസ്ഥാനില്‍നിന്നുള്ള കള്ളനോട്ട് വരവിന്റെയും കോടിക്കണക്കിനു രൂപയുടെ വസ്തു ഇടപാടുകളുടെയും ഇരകളെ നാടുകടത്തിയതിന്റെയും സാക്ഷികളെ നിശ്ശബ്ദരാക്കാന്‍ പണം നല്‍കിയതിന്റെയും ജഡ്ജിമാരെ പണം നല്‍കി സ്വാധീനിച്ചതിന്റെയും നരഹത്യകളുടെയുംവരെയുള്ള കുറ്റകൃത്യങ്ങളുടെ ഒരു വന്‍ ശൃംഖലയാണ് ഐസ്ക്രീം പെണ്‍വാണിഭം. കരിപ്പൂര്‍ വിമാനത്താവളംവരെ അതിനുപയോഗിച്ചതായി വ്യക്തമായിട്ടുണ്ട്. രണ്ടു സ്കൂള്‍ വിദ്യാര്‍ഥിനികള്‍ കൈകോര്‍ത്തുപിടിച്ച്, കുതിച്ചുവരുന്ന തീവണ്ടിക്കുനേരെ നടന്നുചെന്ന് ജീവിതം അവസാനിപ്പിച്ച അത്യന്തം ദാരുണമായ സംഭവംവരെ ഈ കേസുമായി ബന്ധപ്പെട്ടുണ്ടായിട്ടുണ്ട്. കോടതികള്‍ പല കാരണങ്ങളാല്‍ ഒരിക്കല്‍ അവസാനിപ്പിച്ചതാണെങ്കിലും ഐസ്ക്രീം മാഫിയാ സംഭവങ്ങള്‍ പൂര്‍ണമായും സത്യമാണെന്ന് ആന്റണിയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെ മുഴുവന്‍ കേരളീയര്‍ക്കും മനോരമക്കും അറിയാമെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു. രാഷ്ട്രീയ ലാഭത്തിനുവേണ്ടി അതു കണ്ടില്ലെന്നു നടിക്കുന്ന കാപട്യം ജനങ്ങള്‍ തിരിച്ചറിയും. പി കെ കുഞ്ഞാലിക്കുട്ടിയുടെ സഹപ്രവര്‍ത്തകനും മുസ്ളിംലീഗ് സെക്രട്ടറിയുമായ എം കെ മുനീറിന്റെ ചാനല്‍ മുഖേന കുഞ്ഞാലിക്കുട്ടിയുടെ സന്തത സഹചാരിയും ഭാര്യാ സഹോദരീ‘ഭര്‍ത്താവുമായ റൌഫ് നടത്തിയ വെളിപ്പെടുത്തലുകളില്‍ പുതിയ തെളിവുകളുടെ നീണ്ട നിരതന്നെയുണ്ടെന്ന് നമ്മള്‍ തിരിച്ചറിഞ്ഞതാണ്. റൌഫ് കോടതിയില്‍ ഹാജരായി മജിസ്ട്രേട്ട് മുമ്പാകെ വസ്തുതകള്‍ ഒന്നൊന്നായി മൊഴി നല്‍കുകകയുംചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസന്വേഷണം.
അങ്ങനെ അന്വേഷിക്കുന്നത് ശരിയല്ലെന്നും അന്വേഷണം ത്വരിതപ്പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ചട്ടവിരുദ്ധമാണെന്നും അതുഅനുസരിക്കുന്ന ഉദ്യോഗസ്ഥന്‍ ഭാവിയില്‍ അതിന്റെ വില കൊടുക്കേണ്ടിവരുമെന്നുമാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ഇന്നലെ ഭീഷണിപ്പെടുത്തിയത്. ഉമ്മന്‍ചാണ്ടിയുടെ നീതിബോധമല്ല എന്റേത്. ഉമ്മന്‍ചാണ്ടിയുടെ നിയമോപദേശം തേടുന്നതിനുപകരം ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ രണ്ടു സീനിയര്‍ അഭിഭാഷകരുടെ നിയമോപദേശത്തിന്റെ വെളിച്ചത്തിലാണ് ഞാന്‍ നിയമപരമായ കാര്യങ്ങള്‍ ചെയ്യുന്നത്. നിയമപരമായ കാര്യങ്ങള്‍ മാത്രമേ ഞാന്‍ ചെയ്യൂ. എന്നാല്‍, എന്ത് ഉമ്മാക്കി കാട്ടിയാലും നിയമപരമായതെല്ലാം ചെയ്യുകയും ചെയ്യും. ഞാന്‍ ചെയ്തത് നിയമവിരുദ്ധമായ എന്തെങ്കിലും കാര്യമാണെന്ന് ഉമ്മന്‍ചാണ്ടിക്ക് ബോധ്യമുണ്ടെങ്കില്‍ നിയമപരമായി അതിനെ നേരിടണം. ഐസ്ക്രീം കേസില്‍ കുറ്റവാളികളുടെ വക്കാലത്തെടുത്ത് പത്രങ്ങളിലൂടെ പ്രതികരിക്കുന്നതിനുപകരം കുറ്റവാളികള്‍ക്കുവേണ്ടി കോടതിയെ സമീപിക്കൂ. പാവപ്പെട്ട പെണ്‍കുട്ടികളെ പിച്ചിച്ചീന്തിയ നരാധമന്മാരുടെ വക്കാലത്തുമായി ഉമ്മന്‍ചാണ്ടിയെ കേരള ജനത നന്നായി കാണട്ടെ. കുറ്റകൃത്യങ്ങള്‍ നടക്കുന്ന കാലത്തും തുടര്‍ന്നും കുഞ്ഞാലിക്കുട്ടിയുടെ സംരക്ഷക വേഷമാണ് ഉമ്മന്‍ചാണ്ടിക്ക് വ്യവസ്ഥിതിയെ അട്ടിമറിക്കുകയും മാഫിയാവല്‍ക്കരിക്കുകയും ചെയ്യുന്ന കൊടുംക്രൂരതയെയാണ് ഉമ്മന്‍ചാണ്ടി വെള്ളപൂശുന്നത്.
എന്നാല്‍, സത്യം നിങ്ങള്‍ക്ക് അധികം മറച്ചുവയ്ക്കാനാകില്ല. നമ്മുടെ മൂല്യവ്യവസ്ഥയെ അട്ടിമറിക്കുന്നതും നമ്മുടെ സമൂഹത്തിന്റെ നന്മകളെ ഇല്ലാതാക്കുന്നതും സ്ത്രീസമൂഹത്തിന്റെ മാനാഭിമാനം പിച്ചിച്ചീന്തുന്നതും കൈയും കെട്ടി നോക്കിനില്‍ക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. സ്ത്രീ പീഢകരെ കൈയ്യാമംവച്ച് നടത്തിക്കുകയും ജയിലിലടക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ നെഞ്ചില്‍ കൈവച്ച് ഉറപ്പു നല്‍കുന്നത് അതുകൊണ്ടാണ്. അതു ജനങ്ങള്‍ തിരിച്ചറിയുകയും അതിന്റെ കൂടെ അണിചേരുകയും ചെയ്യുമെന്നതില്‍ സംശയമില്ല.
വി.എസ്. അച്ചുതാനന്ദന്‍ ദേശാഭിമാനി 070411
സമൂഹം ഉയര്‍ത്തിപ്പിടിക്കുന്ന പാവനമായ എല്ലാ മൂല്യങ്ങളും പിച്ചിച്ചീന്തുക, അതിനായി പദവിയും ഭരണയന്ത്രവും നികുതിപ്പണവും ഉപയോഗിക്കുക, ഈ മാഫിയാപ്രവര്‍ത്തനം സംബന്ധിച്ച തെളിവുകള്‍ പുറത്തുവരുമ്പോള്‍ അതിനെയെല്ലാം നിസ്സാരവല്‍ക്കരിക്കാനും തമസ്കരിക്കാനും തിന്മകളുടെ ശക്തികളെ മുഴുവന്‍ സമാഹരിക്കുക- മനുഷ്യമനസ്സാക്ഷിയെ നടുക്കിയ കോഴിക്കോട് ഐസ്ക്രീം പെണ്‍വാണിഭവുമായി ബന്ധപ്പെട്ട ചിത്രമാണിത്. തെളിവുകള്‍ പരസ്യമായി നശിപ്പിക്കാന്‍ ശ്രമിക്കുകയും അതെല്ലാം മനസ്സിലാക്കിയിട്ടും താല്‍ക്കാലിക രാഷ്ട്രീയലാഭത്തിനുവേണ്ടി മറച്ചുപിടിക്കുകയും തിന്മയുടെ പ്രതീകങ്ങളായവരെ ന്യായീകരിക്കുകയും അതേസമയം നീതിക്കുവേണ്ടി ശബ്ദിക്കുന്നവരെ ആക്ഷേപിക്കുകയും ചെയ്യുന്ന അത്യന്തം വൃത്തികെട്ട ഒരു ആസൂത്രിതപ്രവൃത്തിയാണ് നടന്നുകൊണ്ടിരിക്കുന്നത്.
ReplyDeleteപാര്‍ട്ടി മെംബറായ ഒരു സഖാവിന്റെ ഈ കുറിപ്പും വായിക്കുക.
ReplyDeleteഒരു സ്ത്രീവിദ്വേഷിയുടെ കപടവേഷങ്ങള്‍
കേരളത്തിലെ സ്ത്രീ പ്രശ്നങ്ങള്‍ ഏറ്റെടുത്തതിലൂടെ തനിക്കു ലഭിക്കുന്ന വോട്ടുകള്‍ ഇല്ലാതാക്കാനാണ് മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ലതിക സുഭാഷ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഏതെങ്കിലും സമര്‍ഥരായ ചില പത്രക്കാരുടെ പിന്തുണയോടെയാകാം ഈ പ്രചാരവേല നടത്തുന്നതെന്നും കലിക്കറ്റ് പ്രസ്ക്ളബിന്റെ 'മീറ്റ് ദി ലീഡര്‍' പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. സ്ത്രീകളെ മാന്യമായി കാണുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. അവര്‍ക്കെതിരായ അതിക്രമങ്ങളെ ശക്തമായി എതിര്‍ക്കാറുമുണ്ട്. ഞാന്‍ പറഞ്ഞത് ശരിയായി കേട്ടിട്ടാണോ മറ്റാരെങ്കിലും പറഞ്ഞുകൊടുത്ത് കേട്ടിട്ടാണോ ഈ വിഷയത്തില്‍ സ്ഥാനാര്‍ഥി പ്രതികരിച്ചതെന്ന് അറിയില്ല. അവര്‍ മുന്‍ ജില്ലാപഞ്ചയത്ത് പ്രസിഡന്റും കെപിസിസി അംഗവുമാണ്. അങ്ങനെ പ്രശസ്തി ഉള്ളവരുമാണ്. അത് നിങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യണം എന്നാണ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച ചോദ്യത്തിന് ഞാന്‍ മറുപടി പറഞ്ഞത്. ഇതിന്റെ പേരില്‍ അവര്‍ കോടതിയെ സമീപിച്ചിട്ടുണ്ടെങ്കില്‍ എനിക്ക് പറയാനുള്ളത് കോടതിയില്‍ പറയുമെന്നും വി എസ് പറഞ്ഞു. അതെസമയം, വി എസ് അച്യുതാനന്ദനെതിരെ ലതികാ സുഭാഷ് തെരഞ്ഞെടുപ്പുകമീഷനും കോടതിയിലും പരാതി നല്‍കി. മുഖ്യമന്ത്രി ദ്വയാര്‍ഥപ്രയോഗത്തിലൂടെ സ്വഭാവഹത്യ നടത്തി തന്നെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് പാലക്കാട് ഒന്നാം ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി-2ല്‍ പരാതി നല്‍കിയത്. ലതികാ സുഭാഷ് നല്‍കിയ പരാതി കോടതി ഫയലില്‍ സ്വീകരിച്ചില്ല. കോടതി 30ന് പരാതിക്കാരിയുടെ മൊഴിയെടുക്കും. പരാതി പൊലീസിന് അയക്കണമെന്ന്് ലതികാ സുഭാഷ് ആവശ്യപ്പെട്ടു. ഇതിന് തയ്യാറല്ലെന്ന് ജഡ്ജി പറഞ്ഞു. തുടര്‍ന്ന് മൊഴി രേഖപ്പെടുത്താന്‍ ഇപ്പോള്‍ തയ്യാറാണോ എന്ന് മജിസ്ട്രേറ്റ് ചോദിച്ചു. തയ്യാറല്ലെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മറുപടി. ഈ മാസം അവസാനം മൊഴി രേഖപ്പെടുത്തിയാല്‍ മതിയെന്ന് പരാതിക്കാരി പറഞ്ഞു. ഇതിനെത്തുടര്‍ന്നാണ് 30ലേക്ക് മാറ്റിയത്. ഈ നടപടിക്രമമാണ് മുഖ്യമന്ത്രിക്കെതിരെ പരാതി ഫയലില്‍ സ്വീകരിച്ചതായി ചില ചാനലുകള്‍ ചിത്രീകരിച്ചത്
ReplyDelete