Friday, August 19, 2011

ഒബിസി വിദ്യാര്‍ഥികള്‍ക്ക് 10 ശതമാനം മാര്‍ക്ക് ഇളവാകാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളില്‍ ഒബിസി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് ജനറല്‍ വിദ്യാര്‍ഥികളുടെ കുറഞ്ഞ യോഗ്യതയില്‍നിന്ന് പത്തുശതമാനം മാര്‍ക്ക് ഇളവ് അനുവദിക്കാമെന്ന് സുപ്രീംകോടതി. നേരത്തെ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധി ജസ്റ്റിസുമാരായ ആര്‍ വി രവീന്ദ്രന്‍ , എ കെ പട്നായിക്ക് എന്നിവരടങ്ങിയ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. പൊതുവിഭാഗം വിദ്യാര്‍ഥികളില്‍നിന്ന് പ്രവേശനം ലഭിക്കുന്ന അവസാന വിദ്യാര്‍ഥിയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഒബിസി വിദ്യാര്‍ഥികളുടെ പ്രവേശനം നിര്‍ണയിക്കുന്ന രീതി അനുവദനീയമല്ലെന്ന്കോടതി വ്യക്തമാക്കി. കേന്ദ്രസര്‍വകലാശാലകളില്‍ ഈ വര്‍ഷം ഇതുവരെ നടന്ന പ്രവേശനങ്ങള്‍ക്ക് തങ്ങളുടെ ഇപ്പോഴത്തെ ഉത്തരവ് ബാധകമാവില്ലെന്ന് കോടതി അറിയിച്ചു.

വിവിധ കേന്ദ്രസര്‍വകലാശാലകളിലെ ഒബിസി പ്രവേശനത്തിന്റെ കാര്യത്തില്‍ വ്യത്യസ്ത മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടി ഐഐടി മദ്രാസ് മുന്‍ പ്രൊഫസര്‍ പി വി ഇന്ദ്രേശന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്തായിരുന്നു ഇന്ദ്രേശന്റെ ഹര്‍ജി. ഡല്‍ഹി സര്‍വകലാശാലയില്‍ ജനറല്‍ -ഒബിസി വിദ്യാര്‍ഥികള്‍ തമ്മില്‍ മാര്‍ക്കില്‍ 10 ശതമാനത്തിലധികം അന്തരം പാടില്ലെന്ന മാനദണ്ഡമാണ് സ്വീകരിക്കുന്നത്. ജെഎന്‍യുവിലാകട്ടെ പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യതാമാര്‍ക്കില്‍ പത്തുശതമാനം ഇളവ് ഒബിസി വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്ന രീതിയാണ് അനുവര്‍ത്തിക്കുന്നത്.

deshabhimani 190811

No comments:

Post a Comment