Friday, August 19, 2011

അമേരിക്ക വിരട്ടി; കോണ്‍ഗ്രസ് മലക്കം മറിഞ്ഞു

ന്യൂഡല്‍ഹി: അണ്ണ ഹസാരെ സമരത്തിനു പിന്നില്‍ അമേരിക്കയാണെന്ന പ്രസ്താവന കോണ്‍ഗ്രസ് വിഴുങ്ങി. അമേരിക്കയെ കുറ്റപ്പെടുത്തി പാര്‍ടി വക്താവ് റഷീദ് അല്‍വി ബുധനാഴ്ച നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രസ്താവനയായിരിക്കാമെന്ന് പുതിയ വക്താവ് രേണുക ചൗധരി പത്രസമ്മേളനത്തില്‍ പറഞ്ഞു. അണ്ണ ഹസാരെയുടെ സമരത്തിനുപിന്നില്‍ അമേരിക്കയാണെന്ന കോണ്‍ഗ്രസിന്റെ പ്രസ്താവനയെ അമേരിക്കന്‍ വിദേശവകുപ്പ് തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് റഷീദ് അല്‍വിയുടെ പ്രസ്താവന കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞത്. വക്താക്കളുടെ പ്രസ്താവന പാര്‍ടിയുടെ നയമാണെങ്കിലും ചില ഘട്ടങ്ങളില്‍ വക്താക്കള്‍ പറയുന്നത് സ്വന്തം അഭിപ്രായമാകാറുണ്ടെന്ന് രേണുക ചൗധരി പറഞ്ഞു.

ബുധനാഴ്ച പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രിതന്നെയാണ് ഇന്ത്യയുടെ ഉയര്‍ച്ച ആഗ്രഹിക്കാത്ത ബാഹ്യശക്തികളാണ് സമരത്തിനു പിന്നിലെന്ന് ആരോപിച്ചത്. പ്രധാനമന്ത്രി പറയുന്ന ബാഹ്യശക്തി അമേരിക്കയാണെന്ന് തുടര്‍ന്ന് റഷീദ് അല്‍വി വിശദീകരിച്ചു. ഹസാരെയുടെ പ്രസ്ഥാനം മുന്നോട്ട് പോകണമെന്നും അതിനെ അടിച്ചമര്‍ത്തരുതെന്നും അമേരിക്ക പറയേണ്ടതിന്റെ ആവശ്യമെന്താണെന്നും റഷീദ് അല്‍വി ചോദിച്ചു. അമേരിക്കയുടെ നിലപാട് സംശയമുളവാക്കുന്നെന്നു പറഞ്ഞ അദ്ദേഹം ഈ പ്രസ്താവനയെ ഗൗരവത്തിലേ കാണാനാകൂ എന്നും കൂട്ടിച്ചേര്‍ത്തു. ഹസാരെ അഴിമതിക്കാരനാണെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി നേരത്തെ ആരോപിച്ചിരുന്നു. ലോക്സഭാംഗംകൂടിയായ തിവാരിയുടെ ആരോപണം പാര്‍ലമെന്റില്‍ രൂക്ഷവിമര്‍ശത്തിനിടയാക്കി. തുടര്‍ന്ന് ഹസാരെയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം വക്താക്കളോട് നിര്‍ദേശിച്ചു.

ബാഹ്യശക്തിവാദം അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നു: യെച്ചൂരി

ന്യൂഡല്‍ഹി: അഴിമതിവിരുദ്ധ സമരത്തിന് പിന്നില്‍ ബാഹ്യശക്തികളാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുമുമ്പ് ഇന്ദിരാഗാന്ധി നടത്തിയ പ്രസ്താവനയ്ക്ക് സമാനമാണെന്ന് സിപിഐ എം അഭിപ്രായപ്പെട്ടു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് ഇന്ദിരാഗാന്ധി ആയുധമാക്കിയത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനുപിന്നില്‍ വിദേശഹസ്തമുണ്ടെന്ന വാദമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.

അതുകൊണ്ടുതന്നെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന അസ്വസ്ഥതജനകമാണെന്ന് യെച്ചൂരി തുടര്‍ന്നു. വിദേശശക്തികള്‍ ആരെന്ന് പ്രധാനമന്ത്രി വിശദീകരിക്കണം. രാജ്യം വന്‍ശക്തിയായി ഉയരുന്ന സാഹചര്യത്തില്‍ അത് തടയാന്‍ ലക്ഷ്യമിടുന്ന ചില ശക്തികളാണ് സമരത്തിന് പിന്നിലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. എന്നാല്‍ , അടിയന്തരാവസ്ഥയെ ജനങ്ങള്‍ വീരോചിതമായ പോരാട്ടത്തിലൂടെയാണ് പരാജയപ്പെടുത്തിയെന്ന കാര്യം പ്രധാനമന്ത്രി മറക്കരുത്. അമേരിക്കയുടെ സാമന്തനായി ഇന്ത്യയെ മാറ്റിയ യുപിഎ സര്‍ക്കാരാണ് അഴിമതിവരുദ്ധസമരത്തില്‍ അവരുടെ കൈകള്‍ ഉണ്ടെന്ന് ആരോപിക്കുന്നത്. ലോക്പാല്‍ ബില്ലില്‍ മാറ്റം വരുത്തണമെന്ന് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ ആര്‍ക്കും അവകാശമുണ്ടെന്ന് ഹസാരെയുടെ സമരത്തെക്കുറിച്ച് പരാമര്‍ശിക്കവേ യെച്ചൂരി പറഞ്ഞു. പോട്ട നിയമത്തിന്റെ കാര്യത്തിലും മറ്റും സമ്മര്‍ദം ഉണ്ടായിരുന്നു. നിയമനിര്‍മാണത്തിനുള്ള അധികാരം പാര്‍ലമെന്റിന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 190811

1 comment:

  1. അണ്ണ ഹസാരെ സമരത്തിനു പിന്നില്‍ അമേരിക്കയാണെന്ന പ്രസ്താവന കോണ്‍ഗ്രസ് വിഴുങ്ങി. അമേരിക്കയെ കുറ്റപ്പെടുത്തി പാര്‍ടി വക്താവ് റഷീദ് അല്‍വി ബുധനാഴ്ച നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രസ്താവനയായിരിക്കാമെന്ന് പുതിയ വക്താവ് രേണുക ചൗധരി പത്രസമ്മേളനത്തില്‍ പറഞ്ഞു. അണ്ണ ഹസാരെയുടെ സമരത്തിനുപിന്നില്‍ അമേരിക്കയാണെന്ന കോണ്‍ഗ്രസിന്റെ പ്രസ്താവനയെ അമേരിക്കന്‍ വിദേശവകുപ്പ് തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് റഷീദ് അല്‍വിയുടെ പ്രസ്താവന കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞത്. വക്താക്കളുടെ പ്രസ്താവന പാര്‍ടിയുടെ നയമാണെങ്കിലും ചില ഘട്ടങ്ങളില്‍ വക്താക്കള്‍ പറയുന്നത് സ്വന്തം അഭിപ്രായമാകാറുണ്ടെന്ന് രേണുക ചൗധരി പറഞ്ഞു.

    ReplyDelete