Monday, August 15, 2011

കര്‍ണാടകത്തില്‍ കൈയേറിയത് 11.07 ലക്ഷം ഏക്കര്‍

ബംഗളൂരു: സംസ്ഥാനത്ത് കോടികളുടെ സര്‍ക്കാര്‍ ഭൂമി കൈയേറിയവര്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളണമെന്ന വി ബാലസുബ്രഹ്മണ്യന്‍ തലവനായുള്ള അന്വേഷണസമിതി റിപ്പോര്‍ട്ട് ബിജെപി സര്‍ക്കാര്‍ അവഗണിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 11.07 ലക്ഷം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നാണ് അന്വേഷണസമിതി കണ്ടെത്തിയത്. കൈയേറിയതില്‍ രണ്ടേകാല്‍ ലക്ഷം ഏക്കര്‍ സംരക്ഷിതവനമേഖലയാണ്. ബംഗളൂരു നഗരത്തില്‍മാത്രം 1.2 ലക്ഷം ഏക്കര്‍ ഭൂമി കൈയേറിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയനേതാക്കള്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫിയക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ രൂക്ഷവിമര്‍ശമാണ് റിപ്പോര്‍ട്ടിലുള്ളത്. മുദ്രവച്ച കവറില്‍ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെന്നും അതിനാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് തിരസ്കരിച്ചത്.

നിലവിലെ നിരക്കുപ്രകാരം ആകെ കൈയേറിയ ഭൂമിയുടെ വില കണക്കാക്കിയാല്‍ 73,000 കോടിയോളം രൂപ വരുമെന്നും സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബിജെപി മന്ത്രിസഭയിലെ ചില പ്രമുഖര്‍ക്കും ഇവരുമായി അടുപ്പമുള്ള റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ക്കുമെതിരെ രൂക്ഷമായ പരാമര്‍ശമാണ് റിപ്പോര്‍ട്ടിലുള്ളത്. റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബന്ധമാണ് വന്‍തോതില്‍ സര്‍ക്കാര്‍ ഭൂമി കൈയേറാന്‍ സഹായകമായതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പൊതുആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ നീക്കിവച്ച സ്ഥലങ്ങളാണ് കൈയേറുന്നതില്‍ ഭൂരിഭാഗവും. അളന്നുതിരിച്ച് തിട്ടപ്പെടുത്തിയ സ്ഥലങ്ങള്‍പോലും കൈയേറിയവയുടെ കൂട്ടത്തിലുണ്ട്. സര്‍ക്കാര്‍ഭൂമി കൈവശപ്പെടുത്തുന്നതിനായി വ്യാജപ്രമാണങ്ങള്‍ ചമയ്ക്കുന്നതും പതിവാണ്.

അതേസമയം കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളിലായി 19 ലക്ഷത്തിലേറെ ആള്‍ക്കാര്‍ ഭവനരഹിതരാണെന്ന് രണ്ടുവര്‍ഷംമുമ്പ് നടത്തിയ സര്‍വേ കണ്ടെത്തിയിരുന്നു. 2009 സെപ്തംബറിലാണ് വി ബാലസുബ്രഹ്മണ്യന്‍ തലവനായി ഗവണ്‍മെന്റ് ലാന്‍ഡ് പ്രൊട്ടക്ഷന്‍ ടാസ്ക്ഫോഴ്സ് രൂപീകരിച്ചത്. കൈയേറിയ സര്‍ക്കാര്‍ഭൂമി കണ്ടെത്തുക, ഇവ തിരിച്ചുപിടിക്കാന്‍ ആവശ്യമായ നിര്‍ദേശം സമര്‍പ്പിക്കുക എന്നിവയായിരുന്നു പരിഗണനാവിഷയങ്ങള്‍ . അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കുന്നതിനുപകരം മാധ്യമങ്ങള്‍ക്ക് നല്‍കിയത് ശരിയായില്ലെന്നും ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് സ്വീകരിക്കാന്‍ നിര്‍വാഹമില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ , വാര്‍ത്താസമ്മേളനത്തിനുമുമ്പ് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും ചില ഗൂഢലക്ഷ്യത്തിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ തിരസ്കരിക്കുന്നതെന്നും സമിതി ചെയര്‍മാന്‍ വി ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു

deshabhimani 150811

1 comment:

  1. നിലവിലെ നിരക്കുപ്രകാരം ആകെ കൈയേറിയ ഭൂമിയുടെ വില കണക്കാക്കിയാല്‍ 73,000 കോടിയോളം രൂപ വരുമെന്നും സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബിജെപി മന്ത്രിസഭയിലെ ചില പ്രമുഖര്‍ക്കും ഇവരുമായി അടുപ്പമുള്ള റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ക്കുമെതിരെ രൂക്ഷമായ പരാമര്‍ശമാണ് റിപ്പോര്‍ട്ടിലുള്ളത്. റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബന്ധമാണ് വന്‍തോതില്‍ സര്‍ക്കാര്‍ ഭൂമി കൈയേറാന്‍ സഹായകമായതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

    ReplyDelete