Monday, August 15, 2011

കോടതികളെ ഭയപ്പെടുത്താന്‍ ജ്യോത്സ്യന്മാരെ ഉപയോഗിക്കുന്നു: വി എസ്

തൃശൂര്‍ : കോടതികളെയും ഭയപ്പെടുത്താന്‍ ജ്യോത്സ്യന്മാരെ ഉപയോഗിക്കുന്ന നാടായി കേരളം മാറിയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. വിശ്വാസത്തെ അധീശശക്തികള്‍ക്ക് എങ്ങിനെ വിനിയോഗിക്കാനാവുമെന്നതിന്റെ തെളിവാണ് ദൈവജ്ഞന്മാര്‍ എന്ന് വിശ്വസിക്കുന്ന ചിലരെ ഉപയോഗിച്ച് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന നാടകം. സുപ്രീംകോടതി വിധി തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യത്തിനെതിരാണെന്ന് കണ്ടാല്‍ പ്രശ്നംവയ്ക്കുകയും നിലവറ തുറക്കുന്നവന്റെ വംശം മുടിഞ്ഞുപോകുമെന്ന് പറയുന്നതും ഗൂഢാലോചനയാണ്. കേരള പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരവുമായി ബന്ധപ്പെട്ട് അന്ധവിശ്വാസ പ്രചാരണവും നാടുവാഴിത്ത സംസ്കാരപ്രീണനവും നടക്കുന്നു. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് കാലത്തിന് ചേര്‍ന്നതല്ല. പത്രപ്രവര്‍ത്തകര്‍ അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പ്രചാരകരാകുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. സ്പെക്ട്രം കുംഭകോണം പുറത്തുകൊണ്ടുവരുന്നതില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഒന്നും ചെയ്തില്ല. ഇതു മൂടിവയ്ക്കാനാണ് ശ്രമിച്ചത്. അഴിമതിക്കെതിരായ ശക്തമായ നിലപാടെടുക്കുന്നത് ജുഡീഷ്യറിയാണെന്നത് ആശ്വാസകരമാണ്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഏറെക്കുറെ അസ്തമിച്ചെന്ന് വിമര്‍ശനമുണ്ട്. മാധ്യമ ഉടമയുടെ താല്‍പ്പര്യവും വീക്ഷണവുമാണ് വാര്‍ത്തകളെ നിയന്ത്രിക്കുന്നത്. തങ്ങളുടെ താല്‍പ്പര്യത്തിനെതിരാണെങ്കില്‍ സത്യം മറയ്ക്കാനോ മൂടിവയ്ക്കാനോ ശ്രമിക്കും. സ്വന്തം പ്രവര്‍ത്തനത്തിലെ സ്വാതന്ത്ര്യബോധം ഉയര്‍ത്തിപ്പിടിക്കാനും നിലനിര്‍ത്താനും കഴിയുമോ എന്നതാണ് മാധ്യമപ്രവര്‍ത്തകന്‍ നേരിടുന്ന വെല്ലുവിളി. വേജ്ബോര്‍ഡ് ശുപാര്‍ശകള്‍ എട്ടുമാസമായിട്ടും നടപ്പാക്കാതെ മാനേജ്മെന്റുകളുടെ ഭീഷണിക്ക് കേന്ദ്രസര്‍ക്കാര്‍ വഴങ്ങി. കേന്ദ്ര നയം മൂലം വേജ്ബോര്‍ഡ് എന്ന അഭ്യാസം ദേശീയ നാണക്കേടായി മാറിയെന്നും വി എസ് പറഞ്ഞു.

deshabhimani 150811

1 comment:

  1. കോടതികളെയും ഭയപ്പെടുത്താന്‍ ജ്യോത്സ്യന്മാരെ ഉപയോഗിക്കുന്ന നാടായി കേരളം മാറിയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. വിശ്വാസത്തെ അധീശശക്തികള്‍ക്ക് എങ്ങിനെ വിനിയോഗിക്കാനാവുമെന്നതിന്റെ തെളിവാണ് ദൈവജ്ഞന്മാര്‍ എന്ന് വിശ്വസിക്കുന്ന ചിലരെ ഉപയോഗിച്ച് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന നാടകം. സുപ്രീംകോടതി വിധി തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യത്തിനെതിരാണെന്ന് കണ്ടാല്‍ പ്രശ്നംവയ്ക്കുകയും നിലവറ തുറക്കുന്നവന്റെ വംശം മുടിഞ്ഞുപോകുമെന്ന് പറയുന്നതും ഗൂഢാലോചനയാണ്. കേരള പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete