Wednesday, August 3, 2011

തമിഴ്‌നാട്ടില്‍ കരുണാനിധിക്കെതിരെ ഭൂമി തട്ടിപ്പ് കേസ്

ചെന്നൈ: ഡി എം കെ അധ്യക്ഷനും മുന്‍തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കരുണാനിധി, പേരക്കിടാവും എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ തമിഴ്‌നാട് പൊലീസ് ഭൂമിതട്ടിപ്പ് സംബന്ധിച്ച് കേസെടുത്തു.

200 കോടി വിലമതിക്കുന്ന ഏഴ് ഏക്കര്‍ ഭൂമി തട്ടിപ്പിന് കൂട്ടുനിന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണിത്. ഒരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ പുരസലവക്കം താലൂക്കിലെ പറമ്പൂരുള്ള സര്‍വ്വേ 166, ബ്ലോക്ക് നമ്പര്‍ 26, ടി എസ് നമ്പര്‍ 33, പട്ടയനമ്പര്‍ 19 ല്‍ പെട്ട ഏഴേക്കര്‍ ഭൂമി വ്യാജരേഖകളുണ്ടാക്കി ദോഷി ബില്‍ഡേഴ്‌സിനു 5.36 കോടിക്ക് മറിച്ചുവിറ്റതായാണ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ രംഗറെഡ്ഡിയുടെ കുടുംബാംഗങ്ങള്‍ ചെന്നൈ പൊലീസ് കമ്മിഷണര്‍ ആര്‍ കെ ത്രിപാഡിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്. 1875 ല്‍ ഒരു ശിവക്ഷേത്രവും പശുപരിപാലനവുമായി ബന്ധപ്പെട്ട ഒരു പൊതുസ്ഥാപനവും ഉണ്ടായിരുന്ന ഭൂമി ചാരിറ്റബിള്‍ ട്രസ്റ്റ് ജനോപകാരപ്രദമായ സ്ഥാപനങ്ങളോ സ്‌കൂളുകളോ തുടങ്ങാന്‍ സര്‍ക്കാരിന് നല്‍കിയിരുന്നതാണ്. 2010 ഡിസംബര്‍ 27 ലെ ഒരു വ്യാജപട്ടയുടെ അടിസ്ഥാനത്തിലാണ് ഭൂമി അനധികൃത രേഖകളുണ്ടാക്കി ദോഷി ബില്‍ഡേഴ്‌സിന്റെ നിത്യായക്ഷി ജോഷിയുടെ കൈമാറ്റം ചെയ്തത്. ഡി എം കെയുടെ മുന്‍ മന്ത്രി പരിതി - ഇളംപരിതി, ഡി എം കെ ലോക്കല്‍ സെക്രട്ടറി ചിട്ടിബാബു, ശിവകുമാര്‍, വാസു, രമേശ്കുമാര്‍, പ്രകാശ്ചന്ദ്, ചെന്നൈയിലെ ചിട്ടിബാബു റിയല്‍ എസ്റ്റേറ്റ് അസോസിയേറ്റായ ജയരാമന്‍ - ഗണേഷ് എന്നിവര്‍ ഭൂമി തട്ടിപ്പിന് മുഖ്യപങ്കുവഹിച്ചതായും കരുക്കള്‍ നീക്കിയതായും ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പരാതിയില്‍ പറയുന്നുണ്ട്. തഹസീല്‍ദാര്‍ വ്യാജപട്ടയം തയ്യാറാക്കി നല്‍കാന്‍ മുന്‍കൈയ്യെടുത്തു.

ഇതുസംബന്ധിച്ച് അന്നത്തെ പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയിന്‍മേല്‍ നടപടികള്‍ എടുക്കുന്നതിനുപകരം പൊലീസ് തങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

മുന്‍ ഡി എം കെ മന്ത്രി പരിതി ഇളം പരിതി  തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി ഡി എം കെ ഗുണ്ടകളുമായി എത്തിയാണ് ഭൂമിക്കു ചുറ്റുമതില്‍ കെട്ടാന്‍ കാവല്‍ നിന്നതെന്നും ഇതേപ്പറ്റിയും പൊലീസില്‍ പരാതിപ്പെട്ടിരുന്നുവെന്നും രംഗറെഡ്ഡിയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. പരാതിയില്‍ പറഞ്ഞിട്ടുള്ള എം കരുണാനിധി, ഉദയനിധി സ്റ്റാലിന്‍, പരിതി ഇളംപരിതി ഉള്‍പ്പെടെയുള്ള പത്തുപേരുടെ പേരില്‍ ഭൂമിതട്ടിപ്പ് സംബന്ധിച്ച് കേസെടുത്ത് പൊലീസ് നടപടിക്രമങ്ങളുമായി മുന്നോട്ടുപോവുകയാണ്.
പരിതി ഇളംപരിതി നേതൃത്വം നല്‍കിയ ഭൂമിതട്ടിപ്പിന് കരുണാനിധിയും ഉദയനിധി സ്റ്റാലിനും കൂട്ടുനിന്നതായാണ് ആരോപണം.
(പി കെ അജിത്കുമാര്‍)

കരുണാനിധിയുടെ രണ്ടാം ഭാര്യയുടെ സഹായി അറസ്റ്റില്‍

ചെന്നൈ: ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കരുണാനിധിയുടെ ഭാര്യ രാജാത്തി അമ്മാളിന്റെ സഹായി തിരുച്ചിറപ്പള്ളി സ്വദേശി രമേശിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജീവ്ഗാന്ധി നഗറിലുള്ള തങ്ങളുടെ വീടുകള്‍ ഇടിച്ചുനിരത്തി റവന്യു വകുപ്പിന്റെ സഹായത്തോടെ വില്‍പനനടത്തിയതായാണ് കേസ്. ഈ കേസില്‍ ഭൂമി വില്‍പന മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നതാണ്. കോടതി ഉത്തരവ്‌പോലും ലംഘിച്ച് 31 പേരുടെ ഭൂമി രേഖകളുണ്ടാക്കി വില്‍പന നടത്തിയ സംഭവത്തില്‍ രാജാത്തി അമ്മാള്‍ എല്ലാ സഹായവും രമേശിന് ചെയ്തുകൊടുത്തിരുന്നതായും 31 കുടുംബങ്ങള്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

സ്റ്റാലിനെ അറസ്റ്റുചെയ്തുവിട്ടു: ഡി എം കെയുടെ പലനേതാക്കളും പുറത്തുവന്നില്ല

ചെന്നൈ: ഭൂമി തട്ടിപ്പിന്റെ പേരില്‍ ജയലളിത സര്‍ക്കാര്‍ ഡി എം കെ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി പ്രതികാര രാഷ്ട്രീയ നടപടികളെടുക്കുകയാണെന്ന് ആരോപിച്ച് ഡി എം കെയുടെ ആഭിമുഖ്യത്തില്‍ തമിഴ്‌നാട്ടിലെ ജില്ലാ പൊലീസ് ആസ്ഥാനങ്ങള്‍ക്കു മുമ്പില്‍ പ്രതിഷേധ സമരം നടന്നു.

ചെന്നൈയില്‍ എം കെ സ്റ്റാലിന്‍, മേയര്‍ എം സുബ്രഹ്മണ്യം എന്നിവര്‍ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രതിഷേധ സമരം നടത്തിയ സ്റ്റാലിന്‍ ഉള്‍പ്പടെയുള്ള ഡി എം കെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് ഉടന്‍ വിട്ടയച്ചു. ജില്ലാ ആസ്ഥാനങ്ങളില്‍ നടന്ന സമരപരിപാടികള്‍ക്ക് സമ്മിശ്ര പ്രതികരണമാണ് കണ്ടത്. രാവിലെ തന്നെ കരുണാനിധിക്കെതിരെയുള്ള ഭൂമി തട്ടിപ്പിനെ  സംബന്ധിച്ച വാര്‍ത്ത കാട്ടുതീപോലെ പരന്നിരുന്നു. ഭൂമി തട്ടിപ്പില്‍ കൂട്ടുനിന്നിട്ടുള്ള ഡി എം കെ നേതാക്കള്‍ സമരപരിപാടിയില്‍ പങ്കെടുക്കാനെത്തിയാല്‍ അറസ്റ്റു ചെയ്യപ്പെടാന്‍ ഇടയുണ്ടെന്ന് ഞായറാഴ്ച തന്നെ പൊലീസിലെ ഡി എം കെ അനുകൂലികള്‍ പ്രചരണം നടത്തുകയും ചെയ്തിരുന്നു.

കെ എന്‍ നെഹ്‌റു, ഐ പെരിയ സ്വാമി, ചിട്ടിബാബു, പരിതി ഇളംപരിതി തുടങ്ങിയ ഡി എം കെയിലെ റിയല്‍ എസ്റ്റേറ്റുകാരാരും പുറത്തിറങ്ങിയില്ല. അതേസമയം ഡി എം കെ അധ്യക്ഷനെതിരെ പൊലീസ് ഭൂമി തട്ടിപ്പ് കേസെടുത്തതോടെ ഡി എം കെ നേതൃത്വം ആകെ അങ്കലാപ്പിലായിട്ടുണ്ട്. ഇന്നലെ ഗോപാലപുരത്തെ വീട്ടില്‍ മുതിര്‍ന്ന നേതാക്കള്‍ എത്തി കരുണാനിധിയുമായി സംസാരിച്ചു. പരിതി ഇളംപരിതിയും ചിട്ടിബാബുവും മുന്‍കൈയെടുത്തു നടത്തിയതായി പറയുന്ന ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് കരുണാനിധിയുടെ പേര് വലിച്ചിഴക്കുകയാണെന്നാണ് ഒരു മുതിര്‍ന്ന ഡി എം കെ നേതാവ് ഇതുസംബന്ധിച്ച് പ്രതികരിച്ചത്.

janayugom 020811

1 comment:

  1. ഡി എം കെ അധ്യക്ഷനും മുന്‍തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കരുണാനിധി, പേരക്കിടാവും എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ തമിഴ്‌നാട് പൊലീസ് ഭൂമിതട്ടിപ്പ് സംബന്ധിച്ച് കേസെടുത്തു.

    ReplyDelete