Tuesday, August 2, 2011

ബി ജെ പി വ്യത്യസ്തമായ പാര്‍ട്ടിയോ?

സ്‌തോഭജനകമായ നാടകങ്ങള്‍ക്കൊടുവില്‍ യദ്യൂരപ്പ രാജിവച്ചു. എന്നാല്‍, കര്‍ണാടകത്തിലെ സംഘപരിവാര്‍ രാഷ്ട്രീയം നേരിടുന്ന പ്രതിസന്ധിയുടെ കാര്‍മേഘ പടലങ്ങള്‍ ഇതോടെ ഒഴിഞ്ഞുപോയി എന്ന് ബി ജെ പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി പോലും പറയാനിടയില്ല. അറുപത്തിയഞ്ച് എം എല്‍ എമാരുടെയും ഇരുപത്തിരണ്ട് എം എല്‍ സി മാരുടെയും പതിനാല് എം പിമാരുടെയും മനസ് തന്നോടൊപ്പമാണെന്ന് പാര്‍ട്ടി അധ്യക്ഷനുള്ള കത്തില്‍ യദ്യൂരപ്പ എഴുതിവച്ചത് വെറും സ്ഥിതി വിവരക്കണക്ക് അറിയിക്കാനാകില്ല. രാഹുകാലം നോക്കി രാജിവയ്ക്കാന്‍ പുറപ്പെടുമ്പോള്‍ ശക്തി പ്രകടനത്തിന്റെ അകമ്പടി വേണമെന്ന് 'അച്ചടക്കമുള്ള' ഈ സ്വയം സേവകന്‍ തീരുമാനിച്ചതും വെറുതെയല്ലല്ലോ. ബുധനാഴ്ചയാണ് പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ ബി ജെ പി നിയമസഭാ കക്ഷി ചേരാന്‍ നിശ്ചയിച്ചിട്ടുള്ളത്. ഞായറാഴ്ച രാവേറെ ചെല്ലുംവരെ പുതിയ നേതാവിനെ കണ്ടെത്താന്‍ നടത്തിയ യജ്ഞങ്ങള്‍ക്കൊന്നും ഫലം കാണാതെയാണ് ബി ജെ പി ദേശീയ നേതാക്കളായ രാജ്‌നാഥ് സിംഗും അരുണ്‍ ജയ്റ്റിലിയും ഡല്‍ഹിക്കു വിമാനം കയറിയത്.

ഇനി ബുധനാഴ്ചവരെ ബി ജെ പിക്കുള്ളില്‍ കുതിരക്കച്ചവടത്തിനുള്ള ഇടവേളയാണ്. കാടുകള്‍ ഖനികളാക്കുന്ന ഇന്ദ്രജാലം  കൈമുതലാക്കിയ റെഡ്ഢി സഹോദരന്‍മാരും അവരുടെ പിണിയാളരും യദ്യൂരപ്പ ചേരിക്കുവേണ്ടി കച്ചവടകരുക്കള്‍ നീക്കും. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ഈശ്വരപ്പയും ദേശീയ ജനറല്‍ സെക്രട്ടറി അനന്തകുമാറും മന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടറും വിരുദ്ധ ചേരിയുടെ കൊടുക്കല്‍ വാങ്ങലുകളുടെ കടിഞ്ഞാണ്‍ പിടിക്കും. കാളച്ചന്തയിലെ കാളകള്‍ക്കു വില പറയും പോലെ ബി ജെ പി ഗ്രൂപ്പുകള്‍ എം എല്‍ എമാര്‍ക്കു വില നിശ്ചയിച്ചുകൊണ്ട് ബംഗളൂരുവില്‍ ഇപ്പോള്‍ പരക്കം പായുകയാണ്. 'വ്യത്യസ്തമായ പാര്‍ട്ടി' എന്ന് പുരമുകളില്‍ കയറി നിന്നു പറഞ്ഞ ബി ജെ പിയുടെ തനിനിറം ഇന്ത്യ മുഴുവന്‍ കാണുകയാണ്. അധികാരത്തിന്റെ തണലില്‍ നാടിന്റെ സമ്പത്ത് കുത്തിക്കവരുന്നവര്‍ ഡല്‍ഹിയില്‍ മാത്രമല്ല, ബംഗളൂരുവിലും വേണ്ടുവോളമുണ്ടെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്.

പറഞ്ഞറിയിക്കാന്‍ കഴിയാത്ത രാഷ്ട്രീയ നെറികേടിനെയും നാണക്കേടിനെയും വിളിക്കാനുള്ള പേര് കോണ്‍ഗ്രസ് ഐ എന്നു മാത്രമല്ല; ബി ജെ പി ക്കും അത് ഇണങ്ങും. ''നാണംകെട്ടും പണം നേടിക്കൊണ്ടാല്‍ നാണക്കേട് ആ പണം മാറ്റിക്കൊള്ളും'' എന്നത് ഇന്ത്യയില്‍ ഇപ്പോള്‍ ഒരു പഴഞ്ചൊല്ലല്ല. വലതുപക്ഷ രാഷ്ട്രീയത്തിന്റെ മഹാമല്ലന്‍മാര്‍ അതിനെ പതിരില്ലാത്ത വിശ്വാസ പ്രമാണമായി മാറ്റിക്കഴിഞ്ഞിരിക്കുന്നു. ഡല്‍ഹിയില്‍ ബി ജെ പി കോണ്‍ഗ്രസിനെ പഴി പറയുകയാണ്; അഴിമതിയുടെ പേരില്‍. ബംഗളൂരുവില്‍ കോണ്‍ഗ്രസ് ബി ജെ പിയെ പ്രതികൂട്ടില്‍ നിര്‍ത്തുകയാണ്; അതും അഴിമതിയുടെ പേരില്‍ത്തന്നെ. അവര്‍ പരസ്പരം നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഇടയിലും ഇന്ത്യയിലെ പൗരന്‍മാര്‍ ഒരു സത്യം കാണുന്നുണ്ട്. ആഗോളവല്‍ക്കരണത്തിന്റെ കാര്യസ്ഥപ്പണി ചെയ്യുന്ന കോണ്‍ഗ്രസും ബി ജെ പിയും അടിസ്ഥാനപരമായ കാര്യങ്ങളിലൊന്നും രണ്ടല്ല. അവര്‍ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ മാത്രമാണ്.

പ്രകൃതിയെ കീറിമുറിച്ച് കാടുകളെ ഖനികളാക്കിയതിന്റെ പേരിലാണ് കര്‍ണാടക ലോകായുക്ത 'യദ്യൂരപ്പ-റെഡ്ഢി ബ്രദേഴ്‌സ് ആന്‍ഡ് കമ്പനിയെ' നിശിതമായി വിമര്‍ശിച്ചത്. ബി ജെ പിയുടെ താമരക്കുടയ്ക്കു കീഴില്‍ അവര്‍ കാണിച്ചതെല്ലാമാണ് കോണ്‍ഗ്രസ് ഭരണത്തിന്‍കീഴില്‍ കാടുകള്‍ക്കു നേരെ മറ്റു സംസ്ഥാനങ്ങളിലുമുണ്ടായത്. ലാഭകഴുകന്‍മാര്‍ക്കു മുമ്പില്‍ എന്തും അടിയറവയ്ക്കാന്‍ മടിക്കാത്ത ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ ആദര്‍ശ പൊയ്മുഖമാണ് ബംഗളൂരുവിലെയും ഡല്‍ഹിയിലെയും തെരുവുകളില്‍ അഴിഞ്ഞുവീണു കിടക്കുന്നത്. എല്ലാ സമുദ്രങ്ങളിലെയും വെള്ളം കൊണ്ടു കഴുകിയാലും പോകാത്ത കളങ്കത്തിന്റെ കറയാണ് അവരുടെ കൈപ്പത്തിയിലും താമരയിലും പതിഞ്ഞിട്ടുള്ളത്. ഇതില്‍ നിന്നു വ്യത്യസ്തമായ നിലപാടുകളും മുഖശോഭയും ഉള്ളത് ഇടതുപക്ഷ പാര്‍ട്ടികള്‍ക്കു മാത്രമാണ്. കോണ്‍ഗ്രസിനും ബി ജെ പിക്കും എതിരായ ഇടതുപക്ഷ-ജനാധിപത്യ-മതേതര ബദല്‍ എന്ന ഇടതുപക്ഷ സമീപനം എത്രമേല്‍ പ്രസക്തമാണെന്ന് ഈ പുതിയ സംഭവവികാസങ്ങളും നാടിനെ വിളിച്ചറിയിക്കുന്നു.

ജനസേവനത്തിന്റെ പേരില്‍ യദ്യൂരപ്പമാരും സുരേഷ് കല്‍മാഡിമാരും എ രാജമാരും കൊയ്തുകൂട്ടിയ അളവറ്റ പണത്തിന്റെ യഥാര്‍ഥ ചിത്രം ഇന്നും ആര്‍ക്കും കൃത്യമായി അറിയില്ല. വഴിവിട്ട മാര്‍ഗത്തിലൂടെ അപഹരിച്ച ഈ കറുത്ത പണം മുഴുവന്‍ കണ്ടുകെട്ടണമെന്ന ആവശ്യം ഉയര്‍ന്നുവന്നുകഴിഞ്ഞു. പാവങ്ങള്‍ക്ക് ആഹാരം നല്‍കാന്‍ പണമില്ലെന്നു കരയുന്ന ഭരണക്കാര്‍ക്ക് അതിനുള്ള ആര്‍ജവമുണ്ടോ? മഞ്ഞുമലയുടെ മുകള്‍മുന മാത്രമേ ഇപ്പോള്‍ പുറം ലോകം കണ്ടിട്ടുള്ളൂ. അതിന്റെ അടിയിലുള്ളവ പുറത്തുവരണമെങ്കില്‍ സമഗ്രമായ അന്വേഷണമാണുണ്ടാകേണ്ടത്. ലോക്പാലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തിക്കൂടെന്നു വാദിക്കുന്നവര്‍ക്കും യദ്യൂരപ്പയെ മാറ്റിയാല്‍ ഖനി രാഷ്ട്രീയത്തിന്റെ കളങ്കം മാറുമെന്നു പ്രചരിപ്പിക്കുന്നവര്‍ക്കും അത്തരമൊരന്വേഷണത്തെ ഭയമായിരിക്കും. അവരുടെ കാപട്യത്തിന്റെ വിശ്വരൂപം കാണുന്ന ജനങ്ങള്‍ ഇടതുപക്ഷത്തേക്ക് നോക്കാതിരിക്കില്ല. അതിനുള്ള രാഷ്ട്രീയ കാലാവസ്ഥ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യബോധമുള്ള പ്രവൃത്തികളാണ് രാജ്യസ്‌നേഹികളുടെ ഭാഗത്തുനിന്ന് ഈ കാലഘട്ടം പ്രതീക്ഷിക്കുന്നത്.

janayugom editorial 020811

1 comment:

  1. സ്‌തോഭജനകമായ നാടകങ്ങള്‍ക്കൊടുവില്‍ യദ്യൂരപ്പ രാജിവച്ചു. എന്നാല്‍, കര്‍ണാടകത്തിലെ സംഘപരിവാര്‍ രാഷ്ട്രീയം നേരിടുന്ന പ്രതിസന്ധിയുടെ കാര്‍മേഘ പടലങ്ങള്‍ ഇതോടെ ഒഴിഞ്ഞുപോയി എന്ന് ബി ജെ പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി പോലും പറയാനിടയില്ല. അറുപത്തിയഞ്ച് എം എല്‍ എമാരുടെയും ഇരുപത്തിരണ്ട് എം എല്‍ സി മാരുടെയും പതിനാല് എം പിമാരുടെയും മനസ് തന്നോടൊപ്പമാണെന്ന് പാര്‍ട്ടി അധ്യക്ഷനുള്ള കത്തില്‍ യദ്യൂരപ്പ എഴുതിവച്ചത് വെറും സ്ഥിതി വിവരക്കണക്ക് അറിയിക്കാനാകില്ല. രാഹുകാലം നോക്കി രാജിവയ്ക്കാന്‍ പുറപ്പെടുമ്പോള്‍ ശക്തി പ്രകടനത്തിന്റെ അകമ്പടി വേണമെന്ന് 'അച്ചടക്കമുള്ള' ഈ സ്വയം സേവകന്‍ തീരുമാനിച്ചതും വെറുതെയല്ലല്ലോ. ബുധനാഴ്ചയാണ് പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ ബി ജെ പി നിയമസഭാ കക്ഷി ചേരാന്‍ നിശ്ചയിച്ചിട്ടുള്ളത്. ഞായറാഴ്ച രാവേറെ ചെല്ലുംവരെ പുതിയ നേതാവിനെ കണ്ടെത്താന്‍ നടത്തിയ യജ്ഞങ്ങള്‍ക്കൊന്നും ഫലം കാണാതെയാണ് ബി ജെ പി ദേശീയ നേതാക്കളായ രാജ്‌നാഥ് സിംഗും അരുണ്‍ ജയ്റ്റിലിയും ഡല്‍ഹിക്കു വിമാനം കയറിയത്.

    ReplyDelete