Wednesday, August 3, 2011

ലിബിയയില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായി

ട്രിപ്പോളി: ലിബിയയിലെ ആഭ്യന്തരയുദ്ധം രൂക്ഷമായി. ഒരിടവേളയ്ക്കുശേഷം വിമതര്‍ സര്‍ക്കാര്‍സേനയ്‌ക്കെതിരായ ആക്രമണങ്ങള്‍ ശക്തിപ്പെടുത്തി. വിമതനേതാവ് അബ്ദുല്‍ ഫത്താ യൂനസിന്റെ കൊലപാതകത്തെ തുടര്‍ന്ന് രണ്ടു ദിവസത്തിലേറെയായി വിമതര്‍ സൈനിക നീക്കങ്ങള്‍ നിര്‍ത്തി വച്ചിരുന്നു. വിമത സംഘടനയ്ക്കകത്തെ ഉള്‍പ്പോരുകളാണ് ഫത്തായുടെ മരണത്തില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 കഴിഞ്ഞ ദിവസം ബെന്‍ഗാസിയില്‍ വിമതപക്ഷം തടവിലാക്കിയിരുന്ന 300 ലധികം ഗദ്ദാഫി അനുകൂലികള്‍ ജയില്‍ തകര്‍ത്ത് രക്ഷപ്പെട്ടിരുന്നു. ഇവര്‍ക്ക് രക്ഷപ്പെടാന്‍ സഹായം നല്‍കി എന്നാരോപിച്ച് ഗദ്ദാഫി അനുകൂലസംഘത്തിനുനേരെ ബെന്‍ഗാസിയില്‍ വിമതപക്ഷം വ്യാപകമായ ആക്രമണമാണ് അഴിച്ചുവിട്ടത്. സര്‍ക്കാര്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ആറു വിമതപക്ഷക്കാര്‍ തല്‍ക്ഷണം മരിച്ചു.

 അമേരിക്കന്‍ നാറ്റോ സേനകളുടെ പിന്തുണയുളള വിമതപക്ഷം യന്ത്രത്തോക്കുകളും ഗ്രനേഡുകളും ഉള്‍പ്പെടെയുളള ആയുധങ്ങള്‍ ഉപയോഗിച്ചാണ് സര്‍ക്കാര്‍ സേനയ്ക്കു നേരെ ആക്രമണം നടത്തിയത്. ബെന്‍ഗാസിക്ക് സമീപമുളള സര്‍ക്കാര്‍  സൈന്യത്തിന്റെ ബാരക്കുകളും നാനൂറോളം വരുന്ന ആയുധങ്ങളുടെ ശേഖരവും പിടിച്ചെടുത്തതായി വിമതവക്താവ് മഹ്മൂദ് ഷമാം അവകാശപ്പെട്ടു. 36 സൈനികര്‍ കീഴടങ്ങിയതായും അദ്ദേഹം പറഞ്ഞു.

 രാജ്യത്ത് സ്വതന്ത്രമായ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തി അധികാരക്കൈമാറ്റത്തിന് തയ്യാറാണെന്ന പ്രസിഡന്റ് മുവമ്മര്‍ ഗദ്ദാഫിയുടെ വാഗ്ദാനം പാശ്ചാത്യരാജ്യങ്ങളുടെ പിന്തുണയുളള വിമതര്‍ തളളിക്കളയുകയായിരുന്നു.

  വ്യോമാക്രമണത്തില്‍ സാധാരണക്കാരുള്‍പ്പെടെ നിരവധിപേര്‍ കൊല്ലപ്പെടുന്നതില്‍ അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്ന ആശങ്കകളേയും പ്രതിഷേധങ്ങളെയും അവഗണിച്ചുകൊണ്ടാണ് ലിബിയയില്‍ ആക്രമണങ്ങള്‍ തുടരാന്‍ നാറ്റോസേന തീരുമാനിച്ചത്.

janayugom 020811

1 comment:

  1. ലിബിയയിലെ ആഭ്യന്തരയുദ്ധം രൂക്ഷമായി. ഒരിടവേളയ്ക്കുശേഷം വിമതര്‍ സര്‍ക്കാര്‍സേനയ്‌ക്കെതിരായ ആക്രമണങ്ങള്‍ ശക്തിപ്പെടുത്തി. വിമതനേതാവ് അബ്ദുല്‍ ഫത്താ യൂനസിന്റെ കൊലപാതകത്തെ തുടര്‍ന്ന് രണ്ടു ദിവസത്തിലേറെയായി വിമതര്‍ സൈനിക നീക്കങ്ങള്‍ നിര്‍ത്തി വച്ചിരുന്നു. വിമത സംഘടനയ്ക്കകത്തെ ഉള്‍പ്പോരുകളാണ് ഫത്തായുടെ മരണത്തില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

    ReplyDelete