സമാരാധ്യനായ കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയും ക്രാന്തദര്‍ശിയായ ഭരണാധികാരിയുമായിരുന്നു സി അച്യുതമേനോന്. ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ നിസ്തൂലമായ സ്ഥാനമാണദ്ദേഹത്തിനുള്ളത്. കേരള പിറവിക്കുശേഷം സംസ്ഥാനം കൈവരിച്ച മൗലിക പ്രാധാന്യമുള്ള മിക്കനേട്ടങ്ങളുടെയും പിന്നില്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും ഭരണപാടവവും തെളിഞ്ഞുകാണാം.
പഠനത്തിലും ഫുട്ബോള്‍ കളിയിലും സാമര്‍ഥ്യം കാട്ടിയിരുന്ന അച്യുതമേനോന് റാങ്കോടുകൂടിയാണ് മദ്രാസ് സര്‍വകലാശാലയില്‍ നിന്നും നിയമബിരുദം നേടിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായി സജീവരാഷ്ട്രീയക്കാരനായതോടെ അഭിഭാഷക ജോലി ഉപേക്ഷിച്ചു. കൊച്ചിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി, കെ പി സി സി അംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു. അയിത്തത്തിനും ജന്മിത്വത്തിനുമെതിരായ സമരങ്ങള്ക്കദ്ദേഹം നേതൃത്വം നല്കി. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുള്ള പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് പലതവണ ജയില്‍വാസമനുഭവിച്ചു. ഒരു ജയില്‍വാസത്തിനിടയിലാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായത്. 1943 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി പാര്‍ട്ടിയുടെ കൊച്ചിന് സ്റ്റേറ്റ് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറിയായിരുന്നു. തിരു-കൊച്ചി കമ്മിറ്റിയുടെയും കേരള സംസ്ഥാന കമ്മിറ്റിയുടെയും സെക്രട്ടറി, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം തുടങ്ങിയ നിലകളില്‍ ദീര്‍ഘകാലം അദ്ദേഹം പാര്‍ട്ടിയെ നയിച്ചു.
പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ ദീര്‍ഘനാളത്തെ അനുഭവ സമ്പത്തുള്ള നേതാവായിരുന്നു അച്യുതമേനോന്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയവെ 1949 ല്‍ തൃശൂര്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചുകൊണ്ടായിരുന്നു തുടക്കം. അറസ്റ്റ് വാറണ്ടുണ്ടായിരുന്നതിനാല്‍ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. 1952 ല്‍ തിരു-കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിലും ഒളിവില്‍ കഴിഞ്ഞുകൊണ്ടുതന്നെ മത്സരിക്കുകയും വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. 1957, 1960, 1970 വര്‍ഷങ്ങളില്‍ കേരള നിയമസഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1968 ല്‍ രാജ്യസഭാംഗമായ അദ്ദേഹം 69 ല്‍ പാര്‍ട്ടി നിര്‍ദേശിച്ചതനുസരിച്ച് മുഖ്യമന്ത്രി പദമേറ്റെടുക്കാന്‍ വേണ്ടി സ്ഥാനം രാജിവച്ചു.
പ്രഗല്ഭനായ ഭരണാധികാരിയെന്ന നിലയില്‍ ഏവരും ആദരിക്കുന്ന നേതാവാണ് അച്യുതമേനോന്. കേരളത്തിന്റെ വികസനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. കേരള പിറവിക്ക് തൊട്ടുമുമ്പ്, സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനുള്ള ഒരു രൂപരേഖ 1956 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറാക്കിയിരുന്നു. ഐശ്വര്യപൂര്‍ണമായ കേരളം കെട്ടിപ്പടുക്കാനുള്ള പ്രസ്തുത പരിപാടി തയ്യാറാക്കിയത് അച്യുതമേനോനായിരുന്നു. 1957 ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജനങ്ങളെ സമീപിച്ചത് ആ പരിപാടിയുടെയടിസ്ഥാനത്തിലായിരുന്നു. 1957 ലും തുടര്‍ന്നും കമ്മ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിലും പങ്കാളിത്തത്തിലും കേരളത്തില്‍ അധികാരത്തില്‍ വന്ന മന്ത്രിസഭകള്‍ക്ക് മാര്‍ഗദീപമായി അതുമാറി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ 1957ല്‍ അധികാരമേറ്റ ഗവണ്മെന്റില് ധനമന്ത്രിയായിരുന്നു അച്യുതമേനോന്. സാമ്പത്തിക വിദഗ്ധരുടെ കാഴ്ചപ്പാടില്‍ സംസ്ഥാന ചരിത്രത്തിലെ മികച്ച ബജറ്റുകള്‍ ആയി നിലകൊള്ളുന്നു അദ്ദേഹം അവതരിപ്പിച്ച ബജറ്റുകള്‍. വിമോചന സമരക്കാലത്ത് സംസ്ഥാനത്ത് ക്രമസമാധാന നില വഷളായപ്പോള്‍ ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല പാര്‍ട്ടി നിര്‍ദേശപ്രകാരം അദ്ദേഹം ഏറ്റെടുത്തു. ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ചുമതല കൂടി പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം അച്യുതമേനോനെ ഏല്പിച്ചു. അധികാരമേറ്റ സന്ദര്‍ഭത്തില്‍ പാര്‍ട്ടി മുന്‍ഗണന നല്‍കിയത് ഭൂ പരിഷ്കരണത്തിനായിരുന്നു. ഇതിനുള്ള കരട് നിയമം തയ്യാറാക്കാന്‍ പാര്‍ട്ടി നിയോഗിച്ച സബ്കമ്മിറ്റിയുടെ കണ്‍വീനറായിരുന്നു അദ്ദേഹം. നിയമം നടപ്പാക്കാനുള്ള സാവകാശം അന്നത്തെ ഗവണ്മെന്റിനു ലഭിച്ചില്ല. ജന്മിത്വത്തിന് അന്ത്യം കുറിച്ചുകൊണ്ട് സമഗ്രമായ ഭൂപരിഷ്കരണ നിയമം 1970 ജനുവരി ഒന്നിന് നടപ്പാക്കിയത് അച്യുതമേനോന് മുഖ്യമന്ത്രിയായ ഗവണ്‍മെന്റായിരുന്നുവെന്നത് ചരിത്രത്തിന്റെ നിയോഗമായിരിക്കാം.
1969 ഒക്ടോബര്‍ ഒന്നു മുതല്‍ 1977 മാര്‍ച്ച് വരെയുള്ള കാലയളവില്‍ മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് നടപ്പാക്കിയ പരിപാടികള്‍ കേരളത്തിന്റെ മുഖഛായ മാറ്റിയെന്ന് നിസംശയം പറയാന്‍ കഴിയും. കേരളത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന ശാസ്ത്ര-സാങ്കേതിക-ഗവേഷണ സ്ഥാപനങ്ങളായ ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസ്, കാര്‍ഷിക സര്‍വകലാശാല, വനഗവേഷണ കേന്ദ്രം, സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്, സി ഡബ്ല്യു ആര് ഡി എം തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ആരംഭിച്ചു. സങ്കുചിത കക്ഷിതാല്പര്യങ്ങള്ക്കതീതനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്പര്യം മാത്രമേ അദ്ദേഹം പരിഗണിച്ചുള്ളൂ. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് രാഷ്ട്രീയ എതിരാളികള്‍ പോലും നല്കുന്ന ഏക ഉത്തരമാണ് അച്യുതമേനോന്. താന്‍ നയിച്ച ഗവണ്മെന്റിനെ വീണ്ടും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റാന്‍ കഴിഞ്ഞ ഏക മുഖ്യമന്ത്രിയെന്ന ഖ്യാതിയും അച്യുതമേനോന് അവകാശപ്പെട്ടതാണ്. ഒരുതവണ കൂടി മുഖ്യമന്ത്രിയാകാന്‍ അദ്ദേഹത്തിന് ഒരു തടസവും ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ അധികാര രാഷ്ട്രീയത്തോട് അദ്ദേഹം വിട പറഞ്ഞു.
പ്രതിപക്ഷ നിരയിലിരിക്കുമ്പോഴും അനുകരണീയമായ പ്രവര്‍ത്തന ശൈലിയാണ് അച്യുതമേനോന് കാഴ്ചവച്ചത്. 1960 ലെ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഉപനേതാവായിരുന്നു അച്യുതമേനോന്. പ്രതിപക്ഷ നേതാവായിരുന്ന ഇ എം എസ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അധിക സമയവും ഡല്‍ഹിയിലായിരുന്നതിനാല്‍ പ്രതിപക്ഷത്തെ നയിച്ചത് അച്യുതമേനോനായിരുന്നു. ഭരണപക്ഷത്തിന്റെ ഏതു നടപടിയേയും കണ്ണുമടച്ച് എതിര്‍ക്കുന്ന സമീപനം അദ്ദേഹം സ്വീകരിച്ചില്ല.
ഏതെങ്കിലും രാജ്യത്തിന്റെ അന്ധമായ അനുകരണമല്ല സോഷ്യലിസത്തിലേക്കുള്ള ഇന്ത്യയുടെ പാതയെന്ന് ഉറച്ചുവിശ്വസിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അച്യുതമേനോന്. ജനാധിപത്യത്തെയും സോഷ്യലിസത്തെയും സമന്വയിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു.
സോഷ്യലിസ്റ്റ് ലോകത്തിന്റെ നിലനില്പിന് ആവശ്യമാണെന്ന ന്യായം പറഞ്ഞുകൊണ്ട് ഹംഗറിയിലും (1956) ചെക്കോസ്ലാവാക്യയിലും (1968) സൈനികമായ സോവിയറ്റ് ഇടപെടല്‍ ഉണ്ടായപ്പോള്‍ അതിനോടുള്ള ശക്തമായ വിയോജിപ്പ് അച്യുതമേനോന് പാര്‍ട്ടിയില്‍ രേഖപ്പെടുത്തി. ജനാധിപത്യത്തിന് കൂടുതല്‍ മുന്‍തൂക്കം നല്കി, സുതാര്യമാംവിധം പ്രവര്‍ത്തിക്കുന്ന ഭരണശൈലി എന്ന അര്‍ഥത്തില്‍ പെരിസ്ട്രോയിക്കയേയും ഗ്ലാസ്നോസ്തിനെയും അദ്ദേഹം പിന്തുണച്ചു. അതേകാരണങ്ങളാല്‍ തന്നെ അദ്ദേഹം യൂറോ കമ്മ്യൂണിസം എന്ന ആശയത്തെയും പിന്തുണച്ചു. സോഷ്യലിസം നടപ്പാക്കുന്നതിന്റെ പ്രക്രിയയില്‍ ജനാധിപത്യത്തിന്റെ പങ്കും വിയോജിക്കുവാനുള്ള മൗലിക അവകാശവും അംഗീകരിക്കപ്പെടണമെന്ന അദ്ദേഹത്തിന്റെ ഉറച്ച നിലപാടായിരുന്നു അതിന്റെ പിന്നില്‍. അവയൊക്കെ നിഷേധിച്ചുകൊണ്ട് വളരെക്കാലം മുന്നോട്ടുപോകാന്‍ കഴിയില്ലയെന്ന തിരിച്ചറിവില്‍ നിന്നും രൂപപ്പെട്ടതായിരുന്നു പ്രസ്തുത നിലപാട്.
രാഷ്ട്രീയ പ്രവര്‍ത്തകരെക്കുറിച്ചുള്ള പതിവു ധാരണകളില്‍ നിന്നും വ്യത്യസ്തനായിരുന്നു അദ്ദേഹം. സാഹിത്യത്തിലും കലകളിലും അവ ഗാഢമായ അറിവുണ്ടായിരുന്നു അദ്ദേഹത്തിന്. ഒരു സാഹിത്യ വിമര്ശകന് കൂടിയായിരുന്ന അച്യുതമേനോന് വിവിധ വിഷയങ്ങളെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗഹനമായ വിഷയങ്ങള്‍ ലളിതമായി അവതരിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ കഴിവ് അസൂയാവഹമായിരുന്നു. ശാസ്ത്രീയ സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നതിനും അച്യുതമേനോന് നില്‍കിയ സംഭാവനകള്‍ അളവറ്റതാണ്. തികഞ്ഞ ലാളിത്യം അച്യുതമേനോന്റെ മുഖമുദ്രയായിരുന്നു. തൃശൂരിലെ തേക്കിന്‍കാട് മൈതാനത്ത് സായാഹ്നങ്ങളില്‍ സാധാരണക്കാര്‍ക്കൊപ്പം നടന്നു നീങ്ങുന്ന, വീട്ടാവശ്യങ്ങള്‍ക്ക് കടയില്‍ നിന്നും വാങ്ങിയ സാധനങ്ങളുടെ പൊതിക്കെട്ടുകള്‍ കൈകളിലേന്തി നടന്നുപോകുന്ന `മുന്‍മുഖ്യമന്ത്രി' ഏവരിലും കൗതുകമോ അദ്ഭുതമോ ഉണര്‍ത്തി.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം രൂപംകൊണ്ട പുതിയ ലോകത്ത് വന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ്, അതിന്റെ പുരോഗമനപരമായ ഉള്ളടക്കവും അതു സൃഷ്ടിക്കുന്ന അപാരമായ സാധ്യതകളും ഉള്‍ക്കൊണ്ടുകൊണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ലോകത്തും ഇന്ത്യയിലും നയരൂപീകരണം നടത്തണമെന്ന് ഉറച്ച നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അതിനുവേണ്ടി അദ്ദേഹം തന്റേതായ രീതിയില്‍ പാര്‍ട്ടിക്കകത്തും പുറത്തും പോരാട്ടവും നടത്തിയിട്ടുണ്ട്. ആധുനിക കാലഘട്ടത്തിന്റെ സാധ്യതകളും വെല്ലുവിളികളും തിരിച്ചറിഞ്ഞ മഹാനായ ഒരു കമ്മ്യൂണ്സ്റ്റ് നേതാവായിരുന്നു അച്യുതമേനോന്.
സി കെ ചന്ദ്രപ്പന് janayugom 150811

സമാരാധ്യനായ കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയും ക്രാന്തദര്‍ശിയായ ഭരണാധികാരിയുമായിരുന്നു സി അച്യുതമേനോന്. ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ നിസ്തൂലമായ സ്ഥാനമാണദ്ദേഹത്തിനുള്ളത്. കേരള പിറവിക്കുശേഷം സംസ്ഥാനം കൈവരിച്ച മൗലിക പ്രാധാന്യമുള്ള മിക്കനേട്ടങ്ങളുടെയും പിന്നില്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും ഭരണപാടവവും തെളിഞ്ഞുകാണാം.
ReplyDeleteഅടിയന്തിരാവസ്ഥയിലെ ‘നോക്കുകുത്തി’ സ്ഥാനവും ഇദ്ദേഹത്തിനു അവകാശപ്പെട്ടതാണ്..പാവം 1
ReplyDelete