Monday, August 15, 2011

ബോര്‍ഡ്‌, കോര്‍പ്പറേഷന്‍ വിഭജനം യു ഡി എഫിന്‌ കീറാമുട്ടി

ബോര്‍ഡ്‌-കോര്‍പ്പറേഷന്‍ വിഭജനകാര്യത്തില്‍ ധാരണയിലെത്താന്‍ കഴിയാതെയായതോടെ യു ഡി എഫിനകത്ത്‌ ഘടകക്ഷികള്‍ തമ്മിലുള്ള പോര്‌ രൂക്ഷമായി. ചെയര്‍മാന്‍ സ്ഥാനങ്ങളുടെ വീതംവയ്‌പ്‌ പൂര്‍ത്തിയാക്കാനാകാതെ മുന്നണി കണ്‍വീനര്‍ പി പി തങ്കച്ചന്‍ അധ്യക്ഷനായ ഉന്നതാധികാരസമിതിയും വിഷമവൃത്തത്തിലാണ്‌. കോണ്‍ഗ്രസ്‌-മുസ്‌ലിംലീഗ്‌-കേരള കോണ്‍ഗ്രസ്‌ (മാണി) ത്രയങ്ങള്‍ ഭൂരിഭാഗം ചെയര്‍മാന്‍സ്ഥാനങ്ങളും തട്ടിയെടുക്കാനുള്ള ശ്രമത്തിലാണ്‌. നിയമസഭയിലെ അംഗബലം പരിഗണിച്ച്‌ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വീതംവയ്‌ക്കാനുള്ള നീക്കത്തിനെതിരെ ചെറുപാര്‍ട്ടികള്‍ ബദല്‍ ഗ്രൂപ്പ്‌ രൂപീകരിച്ച്‌ പ്രവര്‍ത്തനം തുടങ്ങി. കോണ്‍ഗ്രസ്‌-ലീഗ്‌-മാണി സഖ്യത്തിനെതിരെ യോജിച്ച്‌ നിന്ന്‌ വിലപേശല്‍ നടത്തി പരമാവധി ചെയര്‍മാന്‍സ്ഥാനങ്ങള്‍ നേടിയെടുക്കാനാണ്‌ ജെ എസ്‌ എസ്‌, സി എം പി, കേരള കോണ്‍ഗ്രസ്‌ ജേക്കബ്‌ വിഭാഗം, കേരള കോണ്‍ഗ്രസ്‌ (ബി), ആര്‍ എസ്‌ പി (ബി ) നേതൃത്വങ്ങളുടെ തീരുമാനം. ഇത്‌ എത്ര കണ്ട്‌ വിജയിക്കുമെന്ന കാര്യത്തില്‍ ഇവര്‍ക്കിടയില്‍ തന്നെ സംശയവുമുണ്ട്‌. എന്തായാലും ചെറുപാര്‍ട്ടികളുയര്‍ത്തുന്ന സമ്മര്‍ദതന്ത്രങ്ങള്‍ക്ക്‌ വഴങ്ങേണ്ടതില്ലെന്നാണ്‌ കോണ്‍ഗ്രസ്‌-ലീഗ്‌-മാണി നേതൃതങ്ങള്‍ക്കിടയിലുള്ള പൊതുധാരണ.

ഈ മാസം 18ന്‌ മുമ്പ്‌ ബോര്‍ഡ്‌-കോര്‍പ്പറേഷന്‍ വിഭജനകാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ്‌ യു ഡി എഫ്‌ കണ്‍വീനര്‍ പി പി തങ്കച്ചന്‍ നേരത്തെ പറഞ്ഞിരുന്നത്‌.
എന്നാല്‍ ചെയര്‍മാന്‍ സ്ഥാനങ്ങളുടെ വീതംവയ്‌ക്കല്‍ തന്നെ അനിശ്ചിതമായി നീളുകയാണ്‌. ഇതു പൂര്‍ത്തിയാക്കിയശേഷം മാത്രമേ ബോര്‍ഡംഗങ്ങളുടെ കാര്യത്തിലേക്ക്‌ കടക്കാന്‍ കഴിയൂ. നിയമസഭയിലെ അംഗബലത്തിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡ്‌-കോര്‍പ്പറേഷനുകളിലെ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വിഭജിക്കണമെന്ന സമവാക്യം മുസ്‌ലിംലീഗാണ്‌ യു ഡി എഫില്‍ മുന്നോട്ടുവച്ചത്‌. ഇതനുസരിച്ച്‌ കോണ്‍ഗ്രസിന്‌ 40 ഉം മുസ്‌ലിംലീഗിന്‌ 20 ഉം കേരള കോണ്‍ഗ്രസ്‌ മാണിവിഭാഗത്തിന്‌ 10 ഉം ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ലഭിക്കും.

ഈ ഫോര്‍മുല അനുസരിച്ച്‌ നിയമസഭയില്‍ ഏകാംഗങ്ങള്‍ മാത്രമുള്ള കേരള കോണ്‍ഗ്രസ്‌ (ജേക്കബ്‌), കേരള കോണ്‍ഗ്രസ്‌ (ബി), ആര്‍ എസ്‌ പി (ബി) എന്നീ കക്ഷികള്‍ക്ക്‌ രണ്ട്‌ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വീതം ലഭിക്കുമെന്നും അറിയുന്നു.

എന്നാല്‍ യു ഡി എഫിലെ മറ്റുകക്ഷികള്‍ ഈ ധാരണയ്‌ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്‌. നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്ത സി എം പി, ജെ എസ്‌ എസ്‌ കക്ഷികളുടെ കാര്യത്തില്‍ വീതംവയ്‌പിനെ സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ യു ഡി എഫ്‌ നേതൃത്വത്തിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. ബോര്‍ഡ്‌-കോര്‍പ്പറേഷന്‍ വിഭജനവുമായി ബന്ധപ്പെട്ട്‌ മുസ്‌ലിംലീഗുമായും മറ്റു ചില ചെറുകിട പാര്‍ട്ടികളുമായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ്‌ നേതൃത്വവും ചര്‍ച്ചകള്‍ നടത്തിയെങ്കിലും മാണി വിഭാഗവുമായുള്ള ചര്‍ച്ച ഇനിയും നടക്കേണ്ടതുണ്ട്‌.
മുന്നണിയിലെ പുതുമുഖക്കാരായ സോഷ്യലിസ്റ്റ്‌ ജനത ആറു ബോര്‍ഡ്‌-കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങള്‍ക്കാണ്‌ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്‌. പാര്‍ട്ടിയുടെ കൈവശമുള്ള കൃഷിവകുപ്പിന്‌ കീഴിലുള്ള ബോര്‍ഡ്‌-കോര്‍പ്പറേഷന്‍ സ്ഥാപനങ്ങളിലെ ചെയര്‍മാന്‍ സ്ഥാനങ്ങളാണ്‌ സോഷ്യലിസ്റ്റ്‌ ജനത ലക്ഷ്യമിടുന്നത്‌.

കേരള കോണ്‍ഗ്രസ്‌ ജേക്കബ്‌ വിഭാഗം രണ്ട്‌ പ്രധാനപ്പെട്ട കോര്‍പ്പറേഷനുകളിലേതുള്‍പ്പെടെ അഞ്ച്‌ ചെയര്‍മാന്‍ സ്ഥാനങ്ങളാണ്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌. ആര്‍ എസ്‌ പി (ബി)യും തൊഴില്‍ വകുപ്പിന്‌ കിഴിലുള്ള ബോര്‍ഡുകള്‍ ഉള്‍പ്പെടെ അഞ്ചു അധ്യക്ഷ സ്ഥാനങ്ങളാണ്‌ ചോദിച്ചിട്ടുള്ളത്‌.

janayugom 150811

1 comment:

  1. ബോര്‍ഡ്‌-കോര്‍പ്പറേഷന്‍ വിഭജനകാര്യത്തില്‍ ധാരണയിലെത്താന്‍ കഴിയാതെയായതോടെ യു ഡി എഫിനകത്ത്‌ ഘടകക്ഷികള്‍ തമ്മിലുള്ള പോര്‌ രൂക്ഷമായി. ചെയര്‍മാന്‍ സ്ഥാനങ്ങളുടെ വീതംവയ്‌പ്‌ പൂര്‍ത്തിയാക്കാനാകാതെ മുന്നണി കണ്‍വീനര്‍ പി പി തങ്കച്ചന്‍ അധ്യക്ഷനായ ഉന്നതാധികാരസമിതിയും വിഷമവൃത്തത്തിലാണ്‌. കോണ്‍ഗ്രസ്‌-മുസ്‌ലിംലീഗ്‌-കേരള കോണ്‍ഗ്രസ്‌ (മാണി) ത്രയങ്ങള്‍ ഭൂരിഭാഗം ചെയര്‍മാന്‍സ്ഥാനങ്ങളും തട്ടിയെടുക്കാനുള്ള ശ്രമത്തിലാണ്‌. നിയമസഭയിലെ അംഗബലം പരിഗണിച്ച്‌ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വീതംവയ്‌ക്കാനുള്ള നീക്കത്തിനെതിരെ ചെറുപാര്‍ട്ടികള്‍ ബദല്‍ ഗ്രൂപ്പ്‌ രൂപീകരിച്ച്‌ പ്രവര്‍ത്തനം തുടങ്ങി. കോണ്‍ഗ്രസ്‌-ലീഗ്‌-മാണി സഖ്യത്തിനെതിരെ യോജിച്ച്‌ നിന്ന്‌ വിലപേശല്‍ നടത്തി പരമാവധി ചെയര്‍മാന്‍സ്ഥാനങ്ങള്‍ നേടിയെടുക്കാനാണ്‌ ജെ എസ്‌ എസ്‌, സി എം പി, കേരള കോണ്‍ഗ്രസ്‌ ജേക്കബ്‌ വിഭാഗം, കേരള കോണ്‍ഗ്രസ്‌ (ബി), ആര്‍ എസ്‌ പി (ബി ) നേതൃത്വങ്ങളുടെ തീരുമാനം. ഇത്‌ എത്ര കണ്ട്‌ വിജയിക്കുമെന്ന കാര്യത്തില്‍ ഇവര്‍ക്കിടയില്‍ തന്നെ സംശയവുമുണ്ട്‌. എന്തായാലും ചെറുപാര്‍ട്ടികളുയര്‍ത്തുന്ന സമ്മര്‍ദതന്ത്രങ്ങള്‍ക്ക്‌ വഴങ്ങേണ്ടതില്ലെന്നാണ്‌ കോണ്‍ഗ്രസ്‌-ലീഗ്‌-മാണി നേതൃതങ്ങള്‍ക്കിടയിലുള്ള പൊതുധാരണ.

    ReplyDelete