Sunday, August 7, 2011

ഓര്‍മയായത് അടിസ്ഥാന വര്‍ഗത്തിന്റെ വിഷയങ്ങളില്‍ അവഗാഹമുള്ള ആദിവാസി നേതാവ്

കല്‍പ്പറ്റ: വടക്കേ വയനാട്ടിലെ പ്രഥമ എം എല്‍ എയും സിപിഐ നേതാവുമായിരുന്ന കെ.കെ.അണ്ണന്‍ (85) അന്തരിച്ചു. 1965-67 കാലത്ത്‌ നിയമസഭാംഗമായിരുന്ന അണ്ണന്‍ സി പി ഐയുടെ ആദ്യ വയനാട്‌ ജില്ലാ സെക്രട്ടറി കൂടിയാണ്‌. മൂന്നാം കേരളാ നിയമസഭയില്‍ എം എല്‍ എയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന അദ്ദേഹം നോര്‍ത്ത് വയനാട് താലൂക്ക് കമ്മിറ്റിയംഗമായിരുന്നു. 1937 ആഗസ്ത് 3 ന് മാനന്തവാടിയിലാണ് ജനിച്ചത്. കേളു എന്നാണ് പിതാവിന്റെ പേര്. അമ്മ-തേയി. ഭാര്യ പത്മിനി. നാല് മക്കളുണ്ട്. മാനന്തവാടിയിലായിരുന്നു താമസം

ഓര്‍മയായത് അടിസ്ഥാന വര്‍ഗത്തിന്റെ വിഷയങ്ങളില്‍ അവഗാഹമുള്ള ആദിവാസി നേതാവ്


മാനന്തവാടി: ആദിവാസി ജീവിതവുമായ ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളിലും ആഴത്തിലുള്ള അറിവും ആത്മാര്‍ഥ സമീപനവും ആയിരുന്നു കെ കെ അണ്ണന്റെ മുഖമുദ്ര. ആദിവാസി മേഖലയിലെ വിഷയങ്ങള്‍ പഠിക്കാന്‍ വയനാട്ടിലെത്തന്നവര്‍ക്കെല്ലാം കെ കെ അണ്ണന്‍ ഒരു പാഠപുസ്തകം തന്നെയായിരുന്നു. ആദിവാസികള്‍ക്കിടയിലെ സര്‍വണരെന്നാണ് കുറിച്യ വിഭാഗത്തെ കരുതിപ്പോരുന്നത്. അടിയ, പണിയ തുടങ്ങിയ വിഭാഗങ്ങളുമായി കാര്യമായ ചങ്ങാത്തമൊന്നുമില്ലാതെ തൊട്ടുകൂടായ്മ പുലര്‍ത്തിയിരുന്നവരാണ് കുറിച്യ വിഭാഗം അടുത്തകാലം വരെ. എന്നാല്‍ കുറിച്യത്തറവാട്ടില്‍ പിറന്ന അണ്ണന്‍ ചെറുപ്പത്തിലെ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി. കൃഷ്ണന്‍ മാസ്റ്റര്‍ എന്ന അധ്യാപകനാണ് കമ്മ്യൂണിസത്തിന്റെ ബാലപാഠങ്ങള്‍ അണ്ണന് പകര്‍ന്നുനല്‍കിയത്. കൃഷ്ണന്‍ മാസ്റ്ററുടെ പ്രേരണയാല്‍ സമൂഹിക അസമത്വത്തിന്റെ കാരണങ്ങളിലേക്ക് വെളിച്ചം വീശുന്ന നിരവധി പുസ്തകങ്ങള്‍ സ്‌കൂള്‍ പഠന വേളയില്‍ തന്നെ വായിച്ചു. സ്‌കൂള്‍ പഠനം പൂര്‍ത്തിയാവും മുന്‍പെ അണ്ണനൊരു കമ്മ്യൂണിസ്റ്റുമായി.

വയനാട്ടില്‍ ആദിവാസികള്‍ക്കിടയില്‍ അടിമവേല പ്രാബല്യത്തിലുണ്ടായിരുന്ന വേളയിലാണ് അണ്ണന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. കൊല്ലത്തോടുകൊല്ലം ജന്മിയുടെ വീട്ടില്‍ പണിയെടുക്കാന്‍ ആദിവാസി തൊഴിലാളികളെ കച്ചവടമാക്കിയിരുന്ന വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തില്‍ നിന്ന് വിളിപ്പാട് അകലെയാണ് വീട്. സമൂഹികനീതിക്ക് നിരക്കാത്ത സമ്പ്രദായങ്ങള്‍ കുഞ്ഞുന്നാളില്‍ തന്നെ അണ്ണന്റെ മനസില്‍ മുറിപ്പാട് സൃഷ്ടിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് കൃഷ്ണന്‍ മാസ്റ്ററുടെ ശിക്ഷണത്തിലൂടെ അണ്ണന്‍ മാതൃകാ കമ്മ്യൂണിസ്റ്റായതും. സമൂഹത്തിന്റെ ഏറ്റവും താഴക്കിടയിലുള്ള മനുഷ്യരെ മൃഗതുല്യരായി കാണുന്ന അസമത്വങ്ങള്‍ ചെറുത്തുതോല്‍പ്പിക്കാന്‍ കൂടിയാണ് അണ്ണന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ സജീവമായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭിന്നിച്ചപ്പോള്‍ അണ്ണന്‍ സി പി എം പക്ഷത്തായിരുന്നു. സ്‌കൂള്‍ പഠന ശേഷം കണ്ണൂരില്‍  സി പി എം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഓഫീസ് സെക്രട്ടറിയായി. അന്ന് മാനനന്തവാടി താലൂക്ക് കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്നു. 1965ലെ തിരഞ്ഞെടുപ്പില്‍ വടക്കേവയനാട് പട്ടിക വര്‍ഗ സംവരണ മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി സി പി എം മറ്റാരുടേയും പേര് പരിഗണിച്ചില്ല. കെ കെ അണ്ണന്‍ സ്ഥാനാര്‍ഥിയാവണമെന്നായിരുന്നു തീരുമാനം. അങ്ങനെ ഇരുപത്തിയെട്ടാം വയസില്‍ അണ്ണന്‍ ആദ്യമായി നിയമസഭാ സാമാജികനായി. ഇടതുപക്ഷ സ്വതന്ത്രനായിട്ടായിരുന്നു മല്‍സരം. കോണ്‍ഗ്രസിലെ എം വി രാജന്‍ മാസ്റ്ററെ 7617 വോട്ടുകള്‍ക്കാണ് ആദ്യ തിരഞ്ഞെടുപ്പില്‍ അണ്ണന്‍ പരാജയപ്പെടുത്തിയത്. ഈ സഭ ചേരാത്തതിനാല്‍ എം എല്‍ എയുടെ ആനുകൂല്യമൊന്നും അണ്ണന് ലഭിച്ചില്ല.

1967ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ഥിയായി മല്‍സരിച്ച അണ്ണന്‍ കോണ്‍ഗ്രസിലെ സി എം കുളിയനെ 5013 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.  മൂന്ന് വര്‍ഷം നിയമസഭാ സാമാജികനായ അണ്ണന്‍ അക്കാലത്ത് വയനാട്ടിലെ ആദിവാസികള്‍ അനുഭവിക്കുന്ന കൊടിയ അവഗണനക്ക് എതിരെ സഭയില്‍ നടത്തിയ പ്രസംഗങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

പിന്നീട് നക്‌സലൈറ്റ് നേതാവായ എ വര്‍ഗീസ് അണ്ണന്റെ സന്തസഹചാരിയും ഉറ്റസുഹൃത്തും സഖാവും ആയിരുന്നു. പാര്‍ട്ടി വിടുന്നതിന് മുന്‍പെ എഴുപതുകളുടെ തുടക്കത്തില്‍ വടക്കേവയനാട്ടില്‍ നിലനിന്ന ആദിവാസി ചൂഷണത്തിനും വല്ലിപ്പണിക്കും എതിരെ ജനമന:സാക്ഷി ഉണര്‍ത്താന്‍ ഉദ്ദേശിച്ച് അടിയോരുടെ പെരുമാളെന്ന വിളിപ്പേരുള്ള എ വര്‍ഗീസ് നടത്തിയ പട്ടിണി ജാഥയുടെ ഡയറക്ടര്‍ അണ്ണനായിരുന്നു. പിന്നീട് വര്‍ഗീസ് നക്‌സലൈറ്റ് പ്രസ്ഥാനത്തിലേക്കും അണ്ണന്‍ സി പി ഐയിലേക്കുമായി വഴിപിരിഞ്ഞു. സി പി ഐയില്‍ എത്തിയ ശേഷവും അണ്ണന്‍ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് കൂടുതല്‍ താല്‍പര്യമെടുത്ത്. ചാത്തന്‍ മാസ്റ്റര്‍ക്കും പി കെ രാഘവനുമൊപ്പം അധ:സ്ഥിത വിഭാഗങ്ങളുടെ മോചനത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏറെക്കാലം അണ്ണനും ഉണ്ടായിരുന്നു. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് മുറ്റം കമ്മിറ്റികള്‍ ഉണ്ടാവണമെന്ന ആശയം കെ കെ അണ്ണന്റേതായിരുന്നു. ആദിവാസികള്‍ക്കിടയില്‍ നിന്ന് വളര്‍ന്നുവന്ന നേതാവെന്ന പരിഗണനയിലാണ് വയനാട് ജില്ല നിലവില്‍ വന്ന ശേഷം രൂപീകരിച്ച സി പി ഐയുടെ ആദ്യ ജില്ലാ കൗണ്‍സില്‍ സെക്രട്ടറിയായി അണ്ണനെ തിരഞ്ഞെടുത്തത്. 1982ല്‍ വടക്കേവയനാട് മണ്ഡലത്തില്‍ സി പി ഐ സ്ഥാനാര്‍ഥിയായി മല്‍സരിച്ച അണ്ണന്‍ കോണ്‍ഗ്രസിലെ കെ രാഘവന്‍ മാസ്റ്ററോട് 6919 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. 2008 ല്‍ പാര്‍ട്ടി വയനാട് ജില്ലാ സമ്മേളനം മാനന്തവാടിയില്‍ നടന്നപ്പോള്‍ ചെങ്കൊടി ഉയര്‍ത്താന്‍ അണ്ണനെത്തി. 2009ല്‍  സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി എന്‍ ചന്ദ്രന്‍ നയിച്ച കേരള വികസന യാത്രയുടെ മാനന്തവാടിയിലെ സ്വീകരണ വേദിയിലും അണ്ണനുണ്ടായിരുന്നു.

janayugom 070811

1 comment:

  1. ആദിവാസി ജീവിതവുമായ ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളിലും ആഴത്തിലുള്ള അറിവും ആത്മാര്‍ഥ സമീപനവും ആയിരുന്നു കെ കെ അണ്ണന്റെ മുഖമുദ്ര. ആദിവാസി മേഖലയിലെ വിഷയങ്ങള്‍ പഠിക്കാന്‍ വയനാട്ടിലെത്തന്നവര്‍ക്കെല്ലാം കെ കെ അണ്ണന്‍ ഒരു പാഠപുസ്തകം തന്നെയായിരുന്നു. ആദിവാസികള്‍ക്കിടയിലെ സര്‍വണരെന്നാണ് കുറിച്യ വിഭാഗത്തെ കരുതിപ്പോരുന്നത്. അടിയ, പണിയ തുടങ്ങിയ വിഭാഗങ്ങളുമായി കാര്യമായ ചങ്ങാത്തമൊന്നുമില്ലാതെ തൊട്ടുകൂടായ്മ പുലര്‍ത്തിയിരുന്നവരാണ് കുറിച്യ വിഭാഗം അടുത്തകാലം വരെ. എന്നാല്‍ കുറിച്യത്തറവാട്ടില്‍ പിറന്ന അണ്ണന്‍ ചെറുപ്പത്തിലെ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി. കൃഷ്ണന്‍ മാസ്റ്റര്‍ എന്ന അധ്യാപകനാണ് കമ്മ്യൂണിസത്തിന്റെ ബാലപാഠങ്ങള്‍ അണ്ണന് പകര്‍ന്നുനല്‍കിയത്. കൃഷ്ണന്‍ മാസ്റ്ററുടെ പ്രേരണയാല്‍ സമൂഹിക അസമത്വത്തിന്റെ കാരണങ്ങളിലേക്ക് വെളിച്ചം വീശുന്ന നിരവധി പുസ്തകങ്ങള്‍ സ്‌കൂള്‍ പഠന വേളയില്‍ തന്നെ വായിച്ചു. സ്‌കൂള്‍ പഠനം പൂര്‍ത്തിയാവും മുന്‍പെ അണ്ണനൊരു കമ്മ്യൂണിസ്റ്റുമായി.

    ReplyDelete