Wednesday, August 3, 2011

സ്വാശ്രയ പ്രവേശനം വൈകിപ്പിക്കുന്നത് സര്‍ക്കാരിന്റെ ഗൂഢാലോചന

സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍-എന്‍ജിനീയറിംഗ് പ്രവേശനനടപടികള്‍ വൈകിപ്പിക്കുന്നതിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗൂഢാലോചന. അന്യസംസ്ഥാനങ്ങളിലെ സ്വാശ്രയ കോളജ് ലോബികളുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഒത്തുകളിയാണ് ഈ മനപൂര്‍വമായ വൈകിപ്പിക്കലിന് പിന്നിലെന്നാണ് ആരോപണം. മെഡിക്കല്‍ പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് മെയ് 24നും എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ജൂണ്‍ 10നും പ്രസിദ്ധീകരിച്ചെങ്കിലും പ്രവേശനം അനന്തമായി വൈകിപ്പിച്ച് വിദ്യാര്‍ഥികളെ അന്യസംസ്ഥാന സ്വാശ്രയ കോളജ് ലോബികളുടെ കൈകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. ഇരു കോഴ്‌സുകളിലേക്കുമുള്ള അലോട്ട്‌മെന്റ് മന:പൂര്‍വം വൈകിപ്പിക്കുന്നതിലൂടെ സ്വാശ്രയ ലോബികളുമായുള്ള സര്‍ക്കാരിന്റെ ഒത്തുകളിയാണ് വെളിവാകുന്നത്. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയ സര്‍ക്കാര്‍, പ്രവേശന നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ശ്രമിക്കാതെ കുറ്റകരമായ മൗനം പാലിക്കുന്നതും  നേരത്തെ തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ചാണ്. സംസ്ഥാനത്തെ പ്രവേശന നടപടികള്‍ അനിശ്ചിതത്വത്തിലാക്കി പരമാവധി വിദ്യാര്‍ഥികളെ അന്യസംസ്ഥാനങ്ങളിലെ സ്വാശ്രയ കോളജുകളിലേക്ക് പറഞ്ഞുവിടുന്ന ഇടനിലക്കാരന്റെ റോളിലാണ് യു ഡി എഫ് സര്‍ക്കാര്‍. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് ഒഴുക്കിയ കോടികളില്‍ അന്യസംസ്ഥാന സ്വാശ്രയ ലോബികളുടെയും പങ്ക് വ്യക്തമാകുന്നത് ഇവിടെയാണ്. എന്‍ജിനീയറിംഗ് പ്രവേശനം സംബന്ധിച്ച് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ മാര്‍ക്ക് ഏകീകരണം സംബന്ധിച്ച വസ്തുതകള്‍ കോടതിയെ ബോധ്യമാക്കി എത്രയും പെട്ടെന്ന് പരിഹാരം കാണുന്നതിലും മനപൂര്‍വമായ മെല്ലെപ്പോക്ക് നയമാണ് യു ഡി എറഫ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് കീഴിലുള്ള നാല് സ്വാശ്രയ കോളജുകളിലും എം ബി ബി എസ് കോഴ്‌സുകളിലെ ക്ലാസ്സുകള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. ധാരണയിലെത്തി എന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷനുമായി കരാര്‍ ഒപ്പിടാനും സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനെ തുടര്‍ന്ന് ഈ 11 മെഡിക്കല്‍ കോളജുകളിലെ പ്രവേശനവും അനിശ്ചിതത്വത്തിലാണ്. പ്രവേശന നടപടികള്‍ ആകെ അവതാളത്തിലാകുന്ന സ്ഥിതിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിക്കുന്ന മാനദണ്ഡമനുസരിച്ച് ഈ മാസം 10ന് മുമ്പെങ്കിലും ക്ലാസ്സുകള്‍ ആരംഭിക്കേണ്ടതുണ്ട്. ഇതിന് കഴിയാത്ത സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഈ വിഷയം ചൂണ്ടിക്കാട്ടി ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ പ്രവേശനം കൂടുതല്‍ അനിശ്ചിതത്വത്തിലാകും. ഈ വിഷയങ്ങളൊക്കെ അറിയാമായിരുന്നിട്ടും വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കുന്ന സമീപനമാണ് യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിന് പിന്നിലെ ഗൂഢതാല്‍പര്യത്തിലേക്കാണ് സര്‍ക്കാരിന്റെ അനാസ്ഥ വിരല്‍ ചൂണ്ടുന്നത്. സ്വാശ്രയമാനേജ്‌മെന്റ് അസോസിയേഷനുമായി കരാര്‍ ഒപ്പുവെയ്ക്കാതെ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ് എന്ന ആരോപണം വിദ്യാര്‍ഥി സംഘടനകള്‍ ഉന്നയിക്കുമ്പോള്‍ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് പറയുന്നത് ഏതു നിമിഷവും കാരാര്‍ ഒപ്പുവെയ്ക്കാമെന്ന സ്ഥിതിയാണുള്ളതെന്നാണ് .

എന്‍ജിനിയറിംഗ് പ്രവേശനത്തിന്റെ കാര്യത്തില്‍ കത്തോലിക്കാ മാനേജ്‌മെന്റിന് കീഴിലുള്ള 11 സ്വാശ്രയ കോളജുകള്‍ പ്രവേശനം പൂര്‍ത്തിയാക്കുകയും ക്ലാസ്സുകള്‍ ആംരഭിക്കുകയും ചെയ്തു. എന്നാല്‍ മറ്റ് കോളജുകളിലെ എന്‍ജിനീയറിംഗ് അലോട്ട്‌മെന്റും വൈകുന്ന സ്ഥിതിയാണുണ്ടായത്. സര്‍ക്കാരുമായി ധാരണയുണ്ടാകാത്ത സാഹചര്യത്തില്‍ സ്വാശ്രയ ഡെന്റല്‍ കോളജുകളുടെ പ്രവേശനവും ത്രിശങ്കുവിലാണ്. കരകുളം പി എ അസീസ് കോളജില്‍ കോഴ്‌സിന്റെ അംഗീകാരമില്ലാത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടന്ന വിദ്യാര്‍ഥി സമരം കഴിഞ്ഞ ദിവസം അക്രമാസക്തമായി മാറിയിരുന്നു. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ 60 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന ഒരു ബാച്ച് നടത്താന്‍ മാത്രം അനുമതിയുള്ളപ്പോള്‍ രണ്ടുവര്‍ഷത്തിനിടെ 160 കുട്ടികളെയാണ് അംഗീകാരമില്ലാത്ത കോഴ്‌സില്‍ മാനേജ്‌മെന്റ് പ്രവേശിപ്പിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഈ കോഴ്‌സിന് അംഗീകാരം നല്‍കാനാകില്ലെന്ന സര്‍വകലാശാലയുടെ കത്ത് അധികൃതര്‍ക്ക് ലഭിച്ചത്. സംസ്ഥാനത്ത് ലക്കും ലഗാനുമില്ലാതെ കൂണുപോലെ മുളച്ചുപൊന്തുന്ന സ്വാശ്രയ കോളജുകളെ നിയന്ത്രിക്കേണ്ട ആവശ്യകതയിലേക്ക് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്.
 (രാജേഷ് വെമ്പായം )

janayugom 030811

1 comment:

  1. സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍-എന്‍ജിനീയറിംഗ് പ്രവേശനനടപടികള്‍ വൈകിപ്പിക്കുന്നതിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗൂഢാലോചന. അന്യസംസ്ഥാനങ്ങളിലെ സ്വാശ്രയ കോളജ് ലോബികളുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഒത്തുകളിയാണ് ഈ മനപൂര്‍വമായ വൈകിപ്പിക്കലിന് പിന്നിലെന്നാണ് ആരോപണം. മെഡിക്കല്‍ പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് മെയ് 24നും എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ജൂണ്‍ 10നും പ്രസിദ്ധീകരിച്ചെങ്കിലും പ്രവേശനം അനന്തമായി വൈകിപ്പിച്ച് വിദ്യാര്‍ഥികളെ അന്യസംസ്ഥാന സ്വാശ്രയ കോളജ് ലോബികളുടെ കൈകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്.

    ReplyDelete