ഐക്യജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നിര്‍ദിഷ്ട മദ്യനയം ഭരണമുന്നണി ഘടകകക്ഷികളിലടക്കം വന്‍ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. ഭരണമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞതില്‍ നിന്നും വിഭിന്നമായ ഒരു നയമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എക്‌സൈസ് മന്ത്രി കെ ബാബുവും മതിയായ ചര്‍ച്ചകള്‍ ഒന്നുംകൂടാതെ തിടുക്കത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന വിമര്‍ശനവും മുന്നണി ഉന്നതാധികാര സമിതിയില്‍ ഉയര്‍ന്നുവന്നു. അധികാരദുരയും അതിന്റെ ഉപദംശങ്ങള്‍ക്കുവേണ്ടിയുള്ള കടിപിടിവലിയും മുഖമുദ്രയാക്കിയ ഭരണമുന്നണിയിലെ ആശയക്കുഴപ്പവും വിവാദ കോലാഹലവും ചുരുങ്ങിയ ദിനങ്ങള്‍കൊണ്ട് കേരളത്തിനു സുപരിചിതമായി കഴിഞ്ഞു. അതിനെക്കാളുപരി നേരിയ ഭൂരിപക്ഷത്തില്‍ ഭരണം നടത്തുന്ന ഒരു ഗവണ്‍മെന്റ് നാടിന്റെമേല്‍ അടിച്ചേല്‍പ്പിക്കുന്ന നയമാണ് ഇവിടെ പ്രതിപാദ്യവിഷയം.
ഐക്യജനാധിപത്യമുന്നണി ഗവണ്‍മെന്റ് അതിന്റെ നൂറുദിന പരിപാടി പ്രഖ്യാപിക്കുംമുമ്പ് മന്ത്രിസഭയുടെ പോലും അംഗീകാരം കൂടാതെ എക്‌സൈസ് മന്ത്രി തിരക്കിട്ടു പ്രഖ്യാപിച്ച മദ്യനയത്തിന്റെ ആദ്യത്തെ ഇര പരമ്പരാഗത കള്ളുചെത്ത് വ്യവസായവും അതില്‍ പണിയെടുക്കുന്ന ആയിരക്കണക്കിനു തൊഴിലാളികളുമാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പരീക്ഷിച്ചു വിജയിച്ച തൊഴിലാളികളുടെ സഹകരണ ചെത്ത്-വിപണന സംവിധാനങ്ങളെ തകര്‍ത്ത് കരാറുകാരുടെ ദാക്ഷണ്യത്തിന് ഈ വ്യവസായത്തെ തീറെഴുതുകയാണ് പുത്തന്‍ നയം. കേരളത്തിന്റെ ഒരു പരമ്പരാഗത വ്യവസായത്തെ തകര്‍ത്ത് ആയിരക്കണക്കിനു കുടുംബങ്ങളെ പട്ടിണിക്കിടുകയും വ്യാജമദ്യ-സ്പിരിറ്റ് ലോബികളുടെ കൊള്ളയ്ക്ക് ഉപഭോക്താവിനെ എറിഞ്ഞു കൊടുക്കുകയുമായിരിക്കും ഈ നയത്തിന്റെ അന്തിമ ലക്ഷ്യം.
ചെത്ത് വ്യവസായത്തിന്റെ പുനരുദ്ധാരണം ലക്ഷ്യമാക്കി കാലാകാലങ്ങളില്‍ ഗവണ്‍മെന്റുകള്‍ നിയോഗിച്ച കമ്മിഷനുകള്‍, നിയമസഭാ സമിതികള്‍ എന്നിവ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളും ശുപാര്‍ശകളും കണ്ടതായി നടിക്കാന്‍പോലും പുത്തന്‍ മദ്യനയത്തിന്റെ വക്താക്കള്‍ മിനക്കെട്ടിട്ടില്ലെന്നതില്‍ അദ്ഭുതമില്ല. വീര്യം കുറഞ്ഞതും പ്രകൃതിദത്തവുമായ കള്ളിനെ പ്രോത്സാഹിപ്പിക്കുകവഴി കഠിന മദ്യപാനത്തെ നിരുത്സാഹപ്പെടുത്താനാവുമെന്ന് മേല്‍പറഞ്ഞ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വൃത്തിയുള്ള അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഷാപ്പുകള്‍ക്ക് മാത്രമേ ഉപഭോക്താക്കളെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കാനാവൂ. കേരളത്തില്‍ എത്തുന്ന വിദേശവിനോദസഞ്ചാരികളാരും തന്നെ ഇവിടെ ലഭിക്കുന്ന ഗുണനിലവാരം കുറഞ്ഞ നാടന്‍ വിദേശമദ്യം (കങഎഘകിറശമി ങമറല എീൃലശഴി ഘശൂൗീൃ) ആസ്വദിക്കാനല്ല എത്തുന്നത്. ഇവിടുത്തെ ഭൂപ്രകൃതിയും സംസ്‌കാരവും ഭക്ഷണപാനീയങ്ങളുമായിരിക്കും അവര്‍ക്ക് ആസ്വാദ്യകരം. ലോകത്തെവിടെയും വിനോദസഞ്ചാര വിപണനത്തിന് ഈ പ്രാദേശിക സവിശേഷതകളാണ് പ്രയോജനപ്പെടുത്തുന്നത്. ഈ ലക്ഷ്യത്തോടെ നക്ഷത്ര ഹോട്ടലുകളടക്കം വിനോദസഞ്ചാരമേഖലകളിലെ എല്ലാ ലൈസന്‍സുള്ള മദ്യവില്‍പനശാലകള്‍ വഴിയും കള്ള് വില്‍പന നിര്‍ബന്ധിതമാക്കണമെന്ന് പന്ത്രണ്ടാം നിയമസഭയുടെ ഒന്നാം സബ്ജക്റ്റ് കമ്മിറ്റി അംഗീകരിച്ച് നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. സമാനമായ രീതികള്‍ ശ്രീലങ്ക, ഇന്‍ഡോനേഷ്യ എന്നീ രാജ്യങ്ങള്‍ സ്വീകരിച്ചു നടപ്പാക്കിയതായാണ് മനസ്സിലാക്കുന്നത്. ഇവയൊന്നും പരിഗണിക്കാതെയാണ് പുത്തന്‍ മദ്യനയം പിന്‍വാതിലിലൂടെ അവതരിച്ചിട്ടുള്ളത്.
മദ്യവിപത്തില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ നക്ഷത്രബാറുകള്‍ക്ക് അനുമതി നല്‍കുമെന്ന് പ്രഖ്യാപിക്കുന്ന നയം കേരളത്തിലെ മഹാഭൂരിപക്ഷം മദ്യഉപഭോക്താക്കളെയും നക്ഷത്ര ബാര്‍ ലോബികളുടെ ലാഭക്കൊതിക്ക് എറിഞ്ഞുകൊടുക്കുകയാണ്. കേരളത്തില്‍ ഗ്രാമപ്രദേശങ്ങളില്‍ പോലും പെരുകിവരുന്ന നക്ഷത്ര ബാറുകള്‍ ലാഭകരമായി നിലനില്‍ക്കുന്നത് അവ ഒരുക്കുന്ന 'തറ ക്ലാസ്' മദ്യശാലകളിലെ വരവുകൊണ്ടാണെന്നത് അങ്ങാടിപ്പാട്ടായ അരമന രഹസ്യം മാത്രം. അവിടങ്ങളില്‍ വിതരണം ചെയ്യുന്ന മദ്യത്തിന്റെ ഗുണനിലവാരം എക്‌സൈസ് വകുപ്പിനും വകുപ്പ് മന്ത്രിക്കും മാത്രം അറിയാത്ത വസ്തുതയാണെങ്കില്‍ ആ അജ്ഞതയെ കുറ്റകരം എന്നേ പറയാനാവൂ. ബാറുകളുടെ പുതുക്കി നിശ്ചയിച്ച പ്രവൃത്തിസമയം മദ്യപാനം കുറക്കുന്നതിനുപകരം കൂടുതല്‍ സമയവും അവസരവും ഒരുക്കുകയാണ്. അത് തൊഴിലാളികളെ കൂടുതല്‍ സമയം ചൂഷണം ചെയ്യുന്ന നവ ലിബറല്‍ തൊഴില്‍ നയത്തിന്റെ പ്രകടനവും.
ചുരുക്കത്തില്‍ ഐക്യജനാധിപത്യമുന്നണിക്കുവേണ്ടി മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും മുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെപ്പോലും അട്ടിമറിച്ച് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച മദ്യനയത്തിന്റെ ഉദ്ദേശശുദ്ധിയാണ് ആത്യന്തികമായി ചോദ്യം ചെയ്യപ്പെടുന്നത്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത വിജയം ഉറപ്പുവരുത്തിയ നക്ഷത്ര ബാര്‍ ലോബികളുടെയും സ്പിരിറ്റ് വ്യാജമദ്യസംഘങ്ങളുടെയും പിന്തുണക്കുള്ള 'ഉപകാരസ്മരണ'യാണ് യു ഡി എഫ് മദ്യനയമെന്ന് ആരെങ്കിലും വിശേഷിപ്പിച്ചാല്‍ അവരെ തെറ്റു പറയാനാവില്ല. ഇത്തരം ഉപകാരസ്മരണകള്‍ ഉപേക്ഷിച്ച് കേരളത്തിന്റെ ഭാവിയെകരുതി സമതുലിതവും യാഥാര്‍ഥ്യബോധത്തില്‍ ഉറച്ചതുമായ ഒരു മദ്യനയത്തിനു രൂപം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. അതിന് ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങളും ആശങ്കകളും ആരാഞ്ഞ് ഉള്‍കൊള്ളുന്ന ഒരു പ്രക്രിയയ്ക്ക് തുടക്കം കുറിക്കണം. അതിനു മുമ്പ് എടുത്തുചാടി പുതിയ മദ്യനയം രൂപീകരിച്ചു നടപ്പാക്കാന്‍ തുനിയുന്നത് പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തും.
janayugom editorial 030811
ഐക്യജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നിര്‍ദിഷ്ട മദ്യനയം ഭരണമുന്നണി ഘടകകക്ഷികളിലടക്കം വന്‍ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. ഭരണമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞതില്‍ നിന്നും വിഭിന്നമായ ഒരു നയമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എക്‌സൈസ് മന്ത്രി കെ ബാബുവും മതിയായ ചര്‍ച്ചകള്‍ ഒന്നുംകൂടാതെ തിടുക്കത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന വിമര്‍ശനവും മുന്നണി ഉന്നതാധികാര സമിതിയില്‍ ഉയര്‍ന്നുവന്നു. അധികാരദുരയും അതിന്റെ ഉപദംശങ്ങള്‍ക്കുവേണ്ടിയുള്ള കടിപിടിവലിയും മുഖമുദ്രയാക്കിയ ഭരണമുന്നണിയിലെ ആശയക്കുഴപ്പവും വിവാദ കോലാഹലവും ചുരുങ്ങിയ ദിനങ്ങള്‍കൊണ്ട് കേരളത്തിനു സുപരിചിതമായി കഴിഞ്ഞു.
ReplyDelete