Saturday, August 6, 2011

തെളിയുന്നത് കോണ്‍ഗ്രസ് കാപട്യം

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്നും കീടനാശിനി കമ്പനികളെ ഉല്‍പ്പാദനം തുടരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി സുപ്രീംകോടതിയില്‍ ഹാജരായി. എന്‍ഡോസള്‍ഫാന്‍ മനുഷ്യരില്‍ ആരോഗ്യപ്രശ്നം സൃഷ്ടിക്കുമെന്നതിന് ശാസ്ത്രീയ തെളിവൊന്നുമില്ലെന്ന് കീടനാശിനി കമ്പനികള്‍ക്കുവേണ്ടി ഹാജരായ സിങ്വി കോടതിയില്‍ പറഞ്ഞു. കാസര്‍കോട്ടെ ദുരന്തം മുന്‍നിര്‍ത്തി എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളണമെന്നും സീനിയര്‍ അഭിഭാഷകനായ സിങ്വി ആവശ്യപ്പെട്ടു. എന്നാല്‍ , എന്‍ഡോസള്‍ഫാന്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നു പറഞ്ഞ സുപ്രീംകോടതി, ഇടക്കാല നിരോധനം പിന്‍വലിക്കണമെന്ന സിങ്വിയുടെ ആവശ്യം തള്ളി.

ലോട്ടറിമാഫിയക്കുവേണ്ടി സിങ്വി കേരള ഹൈക്കോടതിയില്‍ വാദിക്കാന്‍ എത്തിയത് വന്‍വിവാദം സൃഷ്ടിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് വേളയിലായതിനാല്‍ വക്താവ് പദവിയില്‍നിന്ന് കോണ്‍ഗ്രസ് തല്‍ക്കാലത്തേക്ക് സിങ്വിയെ മാറ്റിനിര്‍ത്തി. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും നിരോധനം വേണ്ടെന്ന നിലപാടിലാണ്. കേന്ദ്രസര്‍ക്കാരും ഐസിഎംആര്‍ -ഐസിഎആര്‍ സംയുക്തസമിതിയും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് എതിരായ വാദങ്ങളാണ് നിരത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ സത്യവാങ്മൂലം അടിസ്ഥാനമാക്കിയായിരുന്നു കീടനാശിനി കമ്പനികള്‍ക്ക് അനുകൂലമായ സിങ്വിയുടെ വാദം. എന്‍ഡോസള്‍ഫാന്റെ ഇടക്കാല നിരോധനം എടുത്തുകളയാനും ഡിവൈഎഫ്ഐയുടെ ഹര്‍ജി തള്ളിക്കാനും അഭിഷേക് സിങ്വി വെള്ളിയാഴ്ച കോടതിയില്‍ കിണഞ്ഞുശ്രമിച്ചു. നിരോധനം എടുത്തുകളയാന്‍ കോടതിക്ക് താല്‍പ്പര്യമില്ലെന്നു വ്യക്തമായതോടെ എങ്ങനെയും കയറ്റുമതി അനുവാദം നേടിയെടുക്കാനുള്ള ശ്രമത്തിലേക്ക് ചുവടുമാറ്റി. തുടര്‍ന്ന് ഇക്കാര്യത്തില്‍ മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ സംയുക്ത സമിതിക്ക് ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്‍കി.

പ്രധാനമായും നാല് വാദമാണ് സിങ്വി മുന്നോട്ടുവച്ചത്: ഒന്ന്, എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദനവും ഉപയോഗവും തുടരാന്‍ അനുവദിക്കണം. രണ്ട്, ഇപ്പോഴത്തെ നിരോധനം കീടനാശിനി കമ്പനികള്‍ക്ക് വലിയ നഷ്ടം വരുത്തുമെന്നതിനാല്‍ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യാന്‍ അനുവദിക്കണം. മൂന്ന്, ബദല്‍ കീടനാശിനി കണ്ടെത്താത്ത സാഹചര്യത്തില്‍ നിരോധനം രാജ്യത്തിന് വലിയ നഷ്ടം വരുത്തുകയും ഭക്ഷ്യോല്‍പ്പാദനത്തെ ബാധിക്കുകയും ചെയ്യും. കര്‍ഷകര്‍ പ്രതിസന്ധി നേരിടും. നാല്, എന്‍ഡോസള്‍ഫാന്‍ ഉപയോഗം അപകടം സൃഷ്ടിച്ചെന്ന് രണ്ടു സംസ്ഥാനത്തില്‍നിന്നു മാത്രമാണ് പരാതി. ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ ശാസ്ത്രീയ തെളിവുകളില്ല. എന്‍ഡോസള്‍ഫാന്‍ ഏറെ സുരക്ഷിതവും വില കുറഞ്ഞതുമാണ്. താല്‍ക്കാലിക നിരോധനം തുടരുമെന്ന് കോടതി അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ആവശ്യമെങ്കില്‍ നിബന്ധനകളോടെ അനുവദിക്കാമെന്ന് കോടതി പറഞ്ഞു. ഡിവൈഎഫ്ഐക്കുവേണ്ടി കൃഷ്ണന്‍ വേണുഗോപാലും ദീപക് പ്രകാശും കേന്ദ്രത്തിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗൗരവ് ബാനര്‍ജിയും ഹാജരായി. സിങ്വിക്കു പുറമെ മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയും കീടനാശിനി കമ്പനികള്‍ക്കുവേണ്ടി ഹാജരായി. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ യുഡിഎഫ് എംപിമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമ്പോഴായിരുന്നു സുപ്രീംകോടതിയില്‍ കീടനാശിനി കമ്പനികള്‍ക്കുവേണ്ടി കോണ്‍ഗ്രസ് വക്താവിന്റെ വാദം. പ്രധാനമന്ത്രിയെ കണ്ടിറങ്ങിയ കോണ്‍ഗ്രസ് എംപിമാരോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ വക്താവിനെയും വക്കീലിനെയും രണ്ടായി കണ്ടാല്‍ മതിയെന്നായിരുന്നു പ്രതികരണം.
(എം പ്രശാന്ത്)

തെളിയുന്നത് കോണ്‍ഗ്രസ് കാപട്യം

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളായ എക്സല്‍ കമ്പനിക്കുവേണ്ടി സുപ്രീംകോടതിയില്‍ കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി ഹാജരായതോടെ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ കാപട്യം പുറത്തായി. വന്‍കിട കുത്തകകള്‍ക്കുവേണ്ടി ജനവിരുദ്ധതയുടെ ഏതറ്റംവരെ പോകാനും കോണ്‍ഗ്രസിന് മടിയില്ലെന്നതിന്റെ തെളിവാണ് സിങ്വിയുടെ നടപടി. എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാട് സ്വീകരിക്കുന്നത് കൃഷിമന്ത്രി ശരദ്പവാര്‍ മാത്രമാണെന്നായിരുന്നു കേരളത്തിലെ കോണ്‍ഗ്രസുകാരുടെ പ്രചാരണം. കൃഷിമന്ത്രാലയം കീടനാശിനി ലോബിയുടെ പിടിയിലാണെന്ന് വി എം സുധീരനെപ്പോലുള്ള നേതാക്കള്‍ പ്രസംഗിച്ചുനടന്നു. കോണ്‍ഗ്രസ് കേന്ദ്രനേതൃത്വംതന്നെ കീടനാശിനിലോബിയുടെ പിടിയിലാണെന്നാണ് ഇപ്പോള്‍ തെളിയുന്നത്.

വര്‍ഷംതോറും ലക്ഷക്കണക്കിന് കോടി രൂപ ലാഭമുണ്ടാക്കുന്ന കീടനാശിനി നിര്‍മാതാക്കള്‍ക്ക് നിരോധനം വന്‍ നഷ്ടമുണ്ടാക്കും. ഇതു തടയാന്‍ ഭരണനേതൃത്വത്തെയും കാര്‍ഷികശാസ്ത്രജ്ഞരെയും അവര്‍ വിലയ്ക്കെടുത്തു. ആരോഗ്യവിദഗ്ധരെയും സ്വാധീനിച്ചതായി തെളിയിക്കുന്നതാണ് ഐസിഎംആര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍പ്രശ്നം ഉയര്‍ന്നതുമുതല്‍ കീടനാശിനി നിര്‍മാതാക്കള്‍ വിവിധരീതിയിലുള്ള എതിര്‍ പ്രചാരണവുമായി രംഗത്തിറങ്ങി. ചിലര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്തു. മറ്റു ചിലര്‍ക്ക് കോടികളുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസയച്ച് ഭീഷണിപ്പെടുത്തി. പ്രശ്നം ലോകത്തിനുമുമ്പില്‍ കൊണ്ടുവന്ന പഡ്രെയിലെ ഡോ. വൈ എസ് മോഹന്‍കുമാറിന് രണ്ടുതവണ വക്കീല്‍ നോട്ടീസ് അയച്ചു. ഒരുകോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് കേസ് നല്‍കുമെന്നായിരുന്നു നോട്ടീസ്. കോണ്‍ഗ്രസ് വക്താവിനെ കീടനാശിനിക്കമ്പനിയുടെ അഭിഭാഷകനാക്കാനും കോടികള്‍ ചെലവഴിച്ചിട്ടുണ്ട്. മുമ്പ് ലോട്ടറിമാഫിയക്കുവേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായതും സിങ്വിതന്നെയാണ്.

ദുരന്തത്തിന്റെ തെളിവുകള്‍ സഹിതം കേരളത്തിലെ നേതാക്കള്‍ പലവട്ടം പ്രധാനമന്ത്രിയെ കണ്ടിട്ടും ദുരന്തബാധിതര്‍ക്ക് ചെറിയ സഹായംപോലും നല്‍കിയില്ല. ഏപ്രിലില്‍ കേരള ജനത ഒറ്റക്കെട്ടായി നടത്തിയ എന്‍ഡോസള്‍ഫാന്‍വിരുദ്ധ സമരത്തില്‍നിന്ന് ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനില്‍ക്കുകയായിരുന്നു. തിരുവനന്തപുരത്ത് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഉപവാസം നടക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പ്രധാനമന്ത്രിയെ കാണാന്‍ പോയി. പ്രധാനമന്ത്രി ഉടനെ കാസര്‍കോട് സന്ദര്‍ശിക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ അതുണ്ടായില്ല. എന്‍ഡോസള്‍ഫാന്‍ അനുകൂല നടപടികള്‍ അതിവേഗം നടത്തുന്നുമുണ്ട്.
(എം ഒ വര്‍ഗീസ്)

നിരോധനം തേടി രാജ്യസഭയില്‍ സ്വകാര്യബില്‍

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ സ്വകാര്യബില്‍ . സിപിഐ എമ്മിലെ പി രാജീവാണ് എന്‍ഡോസള്‍ഫാന്‍ കീടനാശിനി (നിരോധനം) 2011 എന്ന പേരിലുള്ള സ്വകാര്യബില്‍ അവതരിപ്പിച്ചത്. എന്‍ഡോസള്‍ഫാന്‍ വില്‍പ്പനയും ഇറക്കുമതിയും നിരോധിക്കണമെന്നാണ് ബില്‍ ആവശ്യപ്പെടുന്നത്. എന്‍ഡോസള്‍ഫാനിലടങ്ങിയ വസ്തുക്കള്‍ മറ്റ് പേരില്‍ വില്‍പ്പന നടത്തുന്നതും നിരോധിക്കണം. എന്‍ഡോസള്‍ഫാന്‍ കാരണം രോഗബാധിതരായവരുടെ കുടുംബത്തിന് 4000 രൂപ പ്രതിമാസം സഹായധനം നല്‍കണം. മരണശേഷം അഞ്ചുവര്‍ഷമെങ്കിലും കുടുംബാംഗങ്ങള്‍ക്ക് 2000 രൂപ വീതം സഹായധനം നല്‍കണം. രോഗബാധിതരെ ബിപിഎല്‍ പട്ടികയില്‍പ്പെടുത്തി ആനുകൂല്യം നല്‍കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യചികിത്സയും നല്‍കണം. രോഗബാധിതരെ പരിചരിക്കുന്നവര്‍ക്കും 2000രൂപ വീതം നല്‍കണം. ഈ സഹായങ്ങള്‍ക്കാവശ്യമായ പണം കേന്ദ്രസര്‍ക്കാര്‍ ബജറ്റുവഴി നല്‍കണം.

രോഗബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ട്രിബ്യൂണല്‍ രൂപീകരിക്കണമെന്ന് ബില്‍ നിര്‍ദേശിക്കുന്നു. റിട്ടയേഡ് ഹൈക്കോടതി ജഡ്ജി അടക്കം മൂന്നംഗങ്ങള്‍ ട്രിബ്യൂണലില്‍ വേണം. മറ്റു രണ്ടുപേര്‍ ആരോഗ്യ-കാര്‍ഷിക വിദഗ്ധരാകണം. പ്രത്യേക ആവശ്യമുള്ള ജില്ലകളില്‍ ഒരുകീടനാശിനി ഇന്‍സ്പെക്ടറും ഉണ്ടായിരിക്കണം. തെരച്ചില്‍ നടത്താനും രേഖകള്‍ പരിശോധിക്കാനും കീടനാശിനി ഇന്‍സ്പെക്ടര്‍ക്ക് അധികാരമുണ്ടായിരിക്കണം. എന്‍ഡോസള്‍ഫാന്‍ നിരോധന നിയമം ലംഘിച്ചാല്‍ ആറുമാസംമുതല്‍ രണ്ടുവര്‍ഷംവരെ തടവുശിക്ഷയോ 25,000 മുതല്‍ ഒരു ലക്ഷം രൂപവരെ നഷ്ടപരിഹാരമോ നല്‍കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

deshabhimani 060811

1 comment:

  1. എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളായ എക്സല്‍ കമ്പനിക്കുവേണ്ടി സുപ്രീംകോടതിയില്‍ കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി ഹാജരായതോടെ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ കാപട്യം പുറത്തായി. വന്‍കിട കുത്തകകള്‍ക്കുവേണ്ടി ജനവിരുദ്ധതയുടെ ഏതറ്റംവരെ പോകാനും കോണ്‍ഗ്രസിന് മടിയില്ലെന്നതിന്റെ തെളിവാണ് സിങ്വിയുടെ നടപടി. എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാട് സ്വീകരിക്കുന്നത് കൃഷിമന്ത്രി ശരദ്പവാര്‍ മാത്രമാണെന്നായിരുന്നു കേരളത്തിലെ കോണ്‍ഗ്രസുകാരുടെ പ്രചാരണം. കൃഷിമന്ത്രാലയം കീടനാശിനി ലോബിയുടെ പിടിയിലാണെന്ന് വി എം സുധീരനെപ്പോലുള്ള നേതാക്കള്‍ പ്രസംഗിച്ചുനടന്നു. കോണ്‍ഗ്രസ് കേന്ദ്രനേതൃത്വംതന്നെ കീടനാശിനിലോബിയുടെ പിടിയിലാണെന്നാണ് ഇപ്പോള്‍ തെളിയുന്നത്.

    ReplyDelete