Sunday, August 14, 2011

പോരാട്ടത്തില്‍ അടിയുറച്ച് വെള്ളന്‍

മാനന്തവാടി: ജന്മിത്വത്തിനെതിരെയും കൃഷിഭൂമി കര്‍ഷകന് ലഭിക്കാനും നടത്തിയ പോരാട്ടങ്ങള്‍ കളരിക്കല്‍ വെള്ളന്റെ മനസില്‍ ഇന്നും തുടിച്ചുനില്‍ക്കുകയാണ്. 87വയസ് പിന്നിട്ട വെള്ളന്‍ കര്‍ഷകര്‍ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെയാണ്. കോണ്‍ഗ്രസുകാരനായിരുന്ന വെള്ളന്‍ വിമോചന സമരത്തിലെ നിലപാടില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. വിമോചന സമരത്തില്‍ പങ്കെടുത്ത വെള്ളന്‍ പുലിക്കാട് സ്കൂള്‍ പിക്കറ്റ്ചെയ്യാന്‍ പോയി. ആറ് മണിവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം പിക്കറ്റിങില്‍ പങ്കെടുത്തു. ക്ലാസ് മുറികളിലുള്ള വിദ്യാര്‍ഥികള്‍ ബക്കറ്റിലാണ് മൂത്രമൊഴിച്ചത്. സമരക്കാര്‍ ആരെയും പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല. സമരം കഴിഞ്ഞ് വീട്ടിലെത്തിയ വെള്ളന് ക്ലാസ് മുറികളിലെ വിദ്യാര്‍ഥികളുടെ കരച്ചില്‍ മറക്കാനായില്ല. ഇതെന്തുസമരം എന്ന ചോദ്യം സ്വയം ചോദിച്ചു. ഈ സമരത്തിന് കോണ്‍ഗ്രസ് എന്തിന് നില്‍ക്കുന്നുവെന്ന ചോദ്യവും ഉയര്‍ന്നു. ഇതോടെ കോണ്‍ഗ്രസില്‍ നിന്നും വെള്ളന്‍ രാജിവെച്ചു.

കര്‍ഷക പ്രസ്ഥാനമോ കമ്യൂണിസ്റ്റ് പാര്‍ടിയോ ഇല്ലാതിരുന്ന കമ്മനയില്‍ നിന്നും കര്‍ഷകരെ സംഘടിപ്പിക്കുക പ്രയാസമായിരുന്നു. വീട്ടിയേരി കൃഷ്ണന്‍നായരായിരുന്നു ഇവിടുത്തെ ജന്മി. കര്‍ഷകര്‍ പാട്ടത്തിന് പുറമെ "ചില്ലറപ്പുറപ്പാടും" നല്‍കണമായിരുന്നു. കോഴി, വെറ്റില, അടക്ക, പച്ചക്കറികള്‍ തുടങ്ങിയവയാണിത്. ഇതില്‍ കോഴിയെ ഒരു കാരണവശാലും ഒഴിവാക്കാന്‍ സമ്മതിച്ചിരുന്നില്ല. കര്‍ഷകര്‍ക്കുള്ളില്‍ ജന്മിക്കെതിരെ അമര്‍ഷമുണ്ട്. പക്ഷെ ആരും പ്രകടിപ്പിക്കാന്‍ തയ്യാറായില്ല. വെള്ളന്‍ ചില്ലറപ്പുറപ്പാട് നല്‍കില്ലെന്ന് തീരുമാനിച്ചു. അതോടെ ജന്മിയുടെ വിരോധത്തിനും വെള്ളന്‍ ഇരയായി. ആദിവാസികള്‍ അടിമകളെപോലെ കഴിഞ്ഞിരുന്ന കാലത്താണ് ജന്മിക്കെതിരായി നിലപാടെടുക്കാന്‍ വെള്ളന്‍ മുന്നോട്ടുവന്നത്. ഇതോടെ കര്‍ഷകര്‍ പതുക്കെ സംഘടിക്കന്‍ തുടങ്ങി.

1962ല്‍ കിസാന്‍സഭയുടെ നേതൃത്വത്തില്‍ നടന്ന താലൂക്ക് ഓഫീസ് പിക്കറ്റിങില്‍ വെള്ളനും പങ്കെടുത്തു. പൊലീസ് അറസ്റ്റ് ചെയ്ത വെള്ളനെയും സഹപ്രവര്‍ത്തകരെയും കോടതിയില്‍ ഹാജരാക്കി. കോടതി 25 ദിവസത്തെ തടവും 25 രൂപ പിഴയം വിധിച്ചു. ഇതേ തുടര്‍ന്ന് കണ്ണൂര്‍ സെന്റര്‍ ജയിലിലടച്ചു. എ ശങ്കരന്‍മാസ്റ്റര്‍ , ഇ വി ഉത്തമന്‍ , കെ പത്മനാഭന്‍ , സി ഗോപാലന്‍നായര്‍ , ഇവരൊക്കെയായിരുന്നു മാനന്തവാടിയിലെ പ്രധാന പാര്‍ടി പ്രവര്‍ത്തകര്‍ . ഇവര്‍ക്കൊപ്പം നിരവധി സമരങ്ങളില്‍ പങ്കെടുത്ത ഓര്‍മ വെള്ളന് ഇന്നുമുണ്ട്. കണ്ണൂരില്‍ നടന്ന പാര്‍ടി ജില്ലാ സമ്മേളനത്തില്‍ ചുവപ്പ്വളണ്ടിയറായും വെള്ളന്‍ പ്രവര്‍ത്തിച്ചു. ചെറുവയല്‍ ബ്രാഞ്ച് സെക്രട്ടറി, നല്ലൂര്‍നാട് ലോക്കല്‍ കമ്മിറ്റി അംഗം, കര്‍ഷകസംഘം വില്ലേജ് സെക്രട്ടറി, ഏരിയാകമ്മിറ്റി അംഗം ജില്ലാകമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ച വെള്ളന്‍ നിലവില്‍ ചെറുവയല്‍ ബ്രാഞ്ച് അംഗമാണ്. എടവക പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1969ല്‍ സഹോദരനും മുന്‍ എംഎല്‍എയുമായ കെ കെ അണ്ണന്‍ നിയമസഭാംഗത്വം രാജിവെച്ചതിനെ ഇന്നും വെള്ളന്‍ അംഗീകരിക്കാന്‍ തയ്യാറാല്ല. ഇടതുപക്ഷ തീവ്രവാദത്തിലേക്കും ആര്‍എസ്പിയിലേക്കും സിപിഐയിലേക്കുമെല്ലാം അണ്ണന്‍ മാറിയപ്പോഴും വെള്ളന്‍ ഉറച്ചുനില്‍ക്കുകയാണുണ്ടായത്.
(പി ടി സുരേഷ്)

deshabhimani 140811

1 comment:

  1. ജന്മിത്വത്തിനെതിരെയും കൃഷിഭൂമി കര്‍ഷകന് ലഭിക്കാനും നടത്തിയ പോരാട്ടങ്ങള്‍ കളരിക്കല്‍ വെള്ളന്റെ മനസില്‍ ഇന്നും തുടിച്ചുനില്‍ക്കുകയാണ്. 87വയസ് പിന്നിട്ട വെള്ളന്‍ കര്‍ഷകര്‍ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെയാണ്. കോണ്‍ഗ്രസുകാരനായിരുന്ന വെള്ളന്‍ വിമോചന സമരത്തിലെ നിലപാടില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. വിമോചന സമരത്തില്‍ പങ്കെടുത്ത വെള്ളന്‍ പുലിക്കാട് സ്കൂള്‍ പിക്കറ്റ്ചെയ്യാന്‍ പോയി. ആറ് മണിവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം പിക്കറ്റിങില്‍ പങ്കെടുത്തു. ക്ലാസ് മുറികളിലുള്ള വിദ്യാര്‍ഥികള്‍ ബക്കറ്റിലാണ് മൂത്രമൊഴിച്ചത്. സമരക്കാര്‍ ആരെയും പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല. സമരം കഴിഞ്ഞ് വീട്ടിലെത്തിയ വെള്ളന് ക്ലാസ് മുറികളിലെ വിദ്യാര്‍ഥികളുടെ കരച്ചില്‍ മറക്കാനായില്ല. ഇതെന്തുസമരം എന്ന ചോദ്യം സ്വയം ചോദിച്ചു. ഈ സമരത്തിന് കോണ്‍ഗ്രസ് എന്തിന് നില്‍ക്കുന്നുവെന്ന ചോദ്യവും ഉയര്‍ന്നു. ഇതോടെ കോണ്‍ഗ്രസില്‍ നിന്നും വെള്ളന്‍ രാജിവെച്ചു.

    ReplyDelete