Wednesday, August 24, 2011

എന്നും ദേശാഭിമാനിക്കൊപ്പം

കെ എ പണിക്കര്‍ നിര്യാതനായി

കോട്ടയം: ദേശാഭിമാനിയുടെ കോട്ടയം ജില്ലാ ലേഖകനും കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാല സംഘാടകനുമായിരുന്ന കെ അരവിന്ദാക്ഷ പണിക്കര്‍ എന്ന കെ എ പണിക്കര്‍(75) നിര്യാതനായി. സംസ്കാരം നടത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി കിടപ്പിലായിരുന്നു. അസുഖം കൂടിയതിനെ തുടര്‍ന്ന് ശനിയാഴ്ച്ച ഉച്ചയ്ക്ക് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോട്ടയത്ത് ഹോട്ടല്‍ തൊഴിലാളിയായി എത്തി ദേശാഭിമാനി ലേഖകനായി ഉയര്‍ന്ന ത്യാഗപൂര്‍ണമായ ജീവിതചരിത്രമാണ് അദ്ദേഹത്തിന്റേത്. ചേര്‍ത്തല തുറവൂരിലെ കുമരകത്ത് വീട്ടില്‍ കുഞ്ഞുണ്ണിനായരുടെയും മാധവിയമ്മയുടെയും മകനാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി, ഹോട്ടല്‍ ആന്‍ഡ് ബേക്കറി വര്‍ക്കേഴ്സ് യൂണിയന്‍ സെക്രട്ടറി, മോട്ടോര്‍ ആന്‍ഡ് മെക്കാനിക്കല്‍ വര്‍ക്കേഴ്സ് യൂണിയന്‍ ജോയിന്റ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചശേഷം പാര്‍ടി ടൗണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി. 1963ല്‍ ദേശാഭിമാനി കോട്ടയം ഏജന്റായി. പിന്നീട് പത്രത്തിന്റെ കോട്ടയത്തുനിന്നുള്ള ഫോര്‍വേഡിങ്ങ് ഏജന്റായി. ഈ സമയത്ത് ദേശാഭിമാനി കോട്ടയം ലേഖകന്റെ ചുമതലയും ഏറ്റെടുത്തു. കോട്ടയം പ്രസ്ക്ലബ് സെക്രട്ടറിയായിരുന്നു. 1964ല്‍ പാര്‍ടി പിളര്‍ന്നപ്പോള്‍ സിപിഐ എം ടൗണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി തുടര്‍ന്നു. അതേവര്‍ഷം ഡിസംബറില്‍ രാജ്യദ്രോഹക്കുറ്റമാരോപിച്ച് അറസ്റ്റ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.

കുമ്മനം കൊട്ടാരത്തില്‍ ആനന്ദംഅമ്മയാണ് ഭാര്യ. മക്കള്‍ : മിനി അരവിന്ദ് (കോട്ടയം ദേശാഭിമാനി), സിനി അരവിന്ദ് (കോട്ടയം അര്‍ബന്‍ ബാങ്ക്), മണി അരവിന്ദ് (അധ്യാപിക, പുത്തനങ്ങാടി സെന്റ് മേരീസ് സെന്‍ട്രല്‍ സ്കൂള്‍). മരുമക്കള്‍ : തുറവൂര്‍ കുമരകത്ത് കെ ബി ഹരിദാസ്്(ഗുജറാത്ത്), കറുകച്ചാല്‍ ആലുങ്കല്‍ എസ് രഘുനാഥ് (അധ്യാപക സര്‍വീസ് സഹകരണ സംഘം), കുമരകം മുരിക്കോലത്ത് ജി പ്രവീണ്‍കുമാര്‍ (ഹൈക്കോടതി, കൊച്ചി).

എന്നും ദേശാഭിമാനിക്കൊപ്പം

കോട്ടയം: ദേശാഭിമാനിക്കുവേണ്ടി സമര്‍പ്പിച്ച ജീവിതം-കെ എ പണിക്കരെന്ന അരവിന്ദാക്ഷപ്പണിക്കരും ദേശാഭിമാനിയും തമ്മിലുള്ള ആത്മബന്ധത്തെ ഒറ്റവാക്കില്‍ ഇങ്ങനെ അടയാളപ്പെടുത്താം. ഹോട്ടല്‍ തൊഴിലാളിയായി കോട്ടയത്ത് ജീവിതം തുടങ്ങിയ അദ്ദേഹം ദേശാഭിമാനി ഏജന്റും ലേഖകനുമായി. ദേശാഭിമാനിയെന്നാല്‍ താന്‍ മാത്രമായിരുന്ന കാലത്തിന്റെ ധന്യത വാര്‍ധക്യത്തിന്റെ നിറവിലും വിനയത്തോടെ കാത്തുസൂക്ഷിച്ചാണ് വിടവാങ്ങല്‍ .

കമ്യൂണിസ്റ്റുകാരെ രാജ്യദ്രോഹികളായി കണ്ടിരുന്ന കാലത്ത് വിപ്ലവപ്രസ്ഥാനത്തിന്റെ മുഖപത്രത്തിന്റെ പ്രചാരകനും പ്രവര്‍ത്തകനുമായി. അന്ന് കരുത്തുപകര്‍ന്നത് അണയാത്ത വിപ്ലവബോധവും മനക്കരുത്തും മാത്രം. 1963ല്‍ കോട്ടയം ഏജന്റായി തുടങ്ങിയ അദ്ദേഹത്തിന് പത്രവുമായുള്ള ആത്മബന്ധത്തിന് അരനൂറ്റാണ്ടിന്റെ ഇഴയടുപ്പമുണ്ടായിരുന്നു. ഹോട്ടല്‍ തൊഴിലാളികളെ സംഘടിപ്പിച്ച് തുടങ്ങിയ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ ദേശാഭിമാനിയുടെ ചുമതലയും വന്നുചേരുകയായിരുന്നു. ഹോട്ടല്‍ ആന്‍ഡ് ബേക്കറി വര്‍ക്കേഴ്്സ് യൂണിയന്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പണിക്കരെ പാര്‍ടി നേരിട്ട് ചുമതല ഏല്‍പ്പിക്കുകയായിരുന്നു. യൂണിയന്റെ വാര്‍ഷിക സമ്മേളനം കഴിഞ്ഞ് മിച്ചംവന്ന 200 രൂപയില്‍ 150 രൂപ അടച്ച് പാര്‍ടി പണിക്കരുടെ പേരില്‍ ഏജന്‍സിയെടുത്തു. പിന്നെയങ്ങോട്ട് ദേശാഭിമാനിയെ വളര്‍ത്തിയെടുക്കാനുള്ള സമരമായി ജീവിതം. ഉണരുന്നതും ജീവിക്കുന്നതും പത്രത്തിനുവേണ്ടി. രാത്രിയും നഗരത്തില്‍ തങ്ങി പത്രപ്രവര്‍ത്തകന്റെ കണ്ണും കാതും തുറന്നുവച്ചു. കോട്ടയം ജില്ലയെ കൂടാതെ ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട്, ഉടുമ്പന്‍ചോല താലൂക്കുകളും പത്തനംതിട്ട ജില്ലയിലെ റാന്നി, കോഴഞ്ചേരി, ചെങ്ങന്നൂര്‍ , തിരുവല്ല പ്രദേശങ്ങളുമായിരുന്നു പ്രവര്‍ത്തന പരിധി. പത്രത്തിന്റെ ലേഖകനും ഏജന്റും നടത്തിപ്പുകാരനും എല്ലാം ഒറ്റയാള്‍ സമരമായി ഏറ്റെടുത്തതിനെക്കുറിച്ച് അദ്ദേഹം പറയാറുണ്ട്.

"ആലുവയില്‍ നിന്നെത്തുന്ന ട്രാന്‍സ്പോര്‍ട് ബസില്‍ പത്രക്കെട്ടിനായി ദിവസവും കാത്തിരിക്കണം. തുടക്കത്തില്‍ പത്ത് വരിക്കാര്‍ മാത്രം. വരിക്കാരുടെ എണ്ണം കൂടിയതോടെ പത്രവിതരണം വലിയ പ്രശ്നമായി. നടന്ന് പത്രം വില്‍ക്കണമായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച വാര്‍ത്തകള്‍ കോഴിക്കോട് ദേശാഭിമാനിയിലേക്ക് കോട്ടയത്തു നിന്നുള്ള രാത്രിവണ്ടിയില്‍ ആര്‍എംഎസ് വഴി അയക്കും".

രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട് 18 മാസത്തോളം വിയ്യൂര്‍ ജയിലില്‍ കഴിഞ്ഞു. പിന്നീടുള്ള പത്രപ്രവര്‍ത്തന ജീവിതത്തിന് ഇത് കരുത്തുപകര്‍ന്നതായി അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം ബസവ പുന്നയ്യ, പി സുന്ദരയ്യ, എ കെ ജി, പി രാമമൂര്‍ത്തി, ഹര്‍കിഷന്‍കിങ്ങ് സുര്‍ജിത്, നേതാക്കളായ സി എച്ച് കണാരന്‍ , അഴീക്കോടന്‍ രാഘവന്‍ , ടി കെ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു ജയില്‍ ജീവിതം. ജയിലില്‍ കഴിയുന്നതിനിടെ എഴുതിയ "കാര്‍ഷിക പ്രശ്നം ഇന്നലെ ഇന്ന്" എന്ന ലേഖനം വായിച്ച സുന്ദരയ്യ ദേശാഭിമാനിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകനാകാന്‍ ആവശ്യപ്പെട്ടു. മറ്റൊന്നും ആലോചിക്കാതെ ആ ചരിത്രനിയോഗം ഏറ്റെടുക്കുകയായിരുന്നു. നിയമസഭാ വാര്‍ത്തകളും നീണ്ടൂര്‍ ഉള്‍പ്പെടെ നിരവധി പോരാട്ട സമരങ്ങളും വായനക്കാരിലെത്തിച്ച് ശ്രദ്ധേയനായി. കോഴിക്കോട് യൂണിറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോട്ടയം ലേഖകനായാണ് വിരമിച്ചത്. കോട്ടയം പ്രസ്ക്ലബിന്റെ സെക്രട്ടറിയായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളോട് പൊരുതുമ്പോഴും പത്രത്തിന്റെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും ആകാംക്ഷ പുലര്‍ത്തിയിരുന്നു.

"ദേശാനി... കോട്ടയം... പിടിച്ചോ..."

കോട്ടയം: "ദേശാനി... കോട്ടയം... പിടിച്ചോ..." പിന്നെയൊരു ഒഴുക്കാണ്, വാര്‍ത്തകള്‍ ഫോണിലൂടെ കൊച്ചിയിലേക്ക.് ദേശാഭിമാനി കോട്ടയം ബ്യൂറോയില്‍ നിന്നും കാല്‍നൂറ്റാണ്ട് മുമ്പുവരെ വൈകീട്ട് അഞ്ചു മണിയായാല്‍ ഇത് പതിവാണ്. ഇങ്ങേത്തലയ്ക്കല്‍ പണിക്കരുചേട്ടനും അങ്ങേത്തലയ്ക്കല്‍ കൊച്ചിയിലെ ബോസണ്ണനുമാകും പലപ്പോഴും. രണ്ടുമൂന്നു പല്ലുകള്‍ പോയതിനാലാണ് പണിക്കരുചേട്ടന്റെ ഉച്ചാരണം ദേശാനിയെന്നാകുന്നത്. അത് പണിക്കരുചേട്ടന്റെ ട്രേഡ്മാര്‍ക്കായി. അതോടൊപ്പം കാലന്‍ കുടയും.

അന്ന് കോട്ടയത്ത് നിന്നു നാലുപത്രങ്ങളാണ് അച്ചടിച്ചിരുന്നത്. കേരള ഭൂഷണം, മലയാളമനോരമ, കേരളദ്ധ്വനി, പൗരദ്ധ്വനി എന്നിവ. എന്‍ ചെല്ലപ്പന്‍പിള്ള (മാതൃഭൂമി), കെ സി കേശവന്‍ നായര്‍ (കേരള ഭൂഷണം), പി വി കൃഷ്ണന്‍ നായര്‍ (മനോരമ), കെ എന്‍ പ്രഭാകരന്‍ നായര്‍ (കേരള ടൈംസ്), എന്‍ തങ്കപ്പന്‍ (കേരള കൗമുദി), കെ എന്‍ തങ്കച്ചന്‍ (മലയാളം എക്സ്പ്രസ്), തിരുവാര്‍പ്പ് ബാലന്‍(ആകാശവാണി), ജനയുഗം ഗോപി എന്നിവരാണ് അക്കാലത്ത് കോട്ടയത്തെ പത്രപ്രവര്‍ത്തകര്‍ . വാര്‍ത്താ ശേഖരണത്തിന്റെ പാഠങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്ക് പകരുന്നതില്‍ പണിക്കരുചേട്ടന് എപ്പോഴും ഉത്സാഹമായിരുന്നു. പത്രപ്രവര്‍ത്തനരംഗത്തേക്ക് പുതിയ ആളുകള്‍ വരുമ്പോള്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്നില്‍നിന്നു.

കേരളകോണ്‍ഗ്രസ് പിളര്‍പ്പ് അടക്കമുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ കഥകള്‍ പലപ്പോഴും പണിക്കരുചേട്ടന്‍ പറയുമായിരുന്നു. കേരള കോണ്‍ഗ്രസ് ഓഫീസില്‍ രാത്രി ചേര്‍ന്ന യോഗത്തിന്റെ വാര്‍ത്ത ആരും കാണാതെ സമീപത്തെ മരത്തില്‍ കയറിയിരുന്നാണ് തയാറാക്കിയത്. ദില്ലിയില്‍ എഐസിസി യോഗത്തിന് പോയ മുന്‍ ഡിസിസി ഭാരവാഹി(പേര് വെളിപ്പെടുത്തുന്നില്ല) കോട്ടയത്ത് ബാര്‍ ഹോട്ടലില്‍ കയറുന്നത് കണ്ട പണിക്കരുചേട്ടനുംകൂടെക്കൂടി. ഒട്ടും താമസിയാതെ എഐസിസിയില്‍ നടന്ന സംഭവങ്ങള്‍ അദ്ദേഹത്തില്‍ നിന്നും ചോദിച്ചറിഞ്ഞു. പിറ്റേന്ന് ദേശാഭിമാനിയില്‍ എഐസിസി യോഗവാര്‍ത്ത കോട്ടയത്ത് നിന്നും. അന്നത്തെ രാഷ്ട്രീയ നേതാക്കളോടെല്ലാം ഏറെ അടുപ്പം പുലര്‍ത്തിയിരുന്നതിനാല്‍ പണിക്കരുചേട്ടന്‍ എന്ത് എഴുതിയാലും ആര്‍ക്കും പരിഭവമില്ലായിരുന്നു. പാര്‍ടിശത്രുക്കളുമായി സൗഹാര്‍ദ്ദം സ്ഥാപിക്കാനും അവരില്‍ നിന്നും വാര്‍ത്തകള്‍ ചോര്‍ത്താനും പ്രത്യേക മിടുക്കുകാട്ടി. എന്നാല്‍ , പ്രലോഭനങ്ങളില്‍ കുടുക്കി പണിക്കരുചേട്ടനില്‍ നിന്നും ഒരു പത്രപ്രവര്‍ത്തകനുപോലും പാര്‍ടിക്കാര്യങ്ങള്‍ ചോര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. മറ്റെന്തിനേക്കാളും പാര്‍ടിയെ അകമഴിഞ്ഞു സ്നേഹിച്ച പത്രപ്രവര്‍ത്തകനായിരുന്നു കെ എ പണിക്കര്‍ .

deshabhimani 240811

1 comment:

  1. ദേശാഭിമാനിക്കുവേണ്ടി സമര്‍പ്പിച്ച ജീവിതം-കെ എ പണിക്കരെന്ന അരവിന്ദാക്ഷപ്പണിക്കരും ദേശാഭിമാനിയും തമ്മിലുള്ള ആത്മബന്ധത്തെ ഒറ്റവാക്കില്‍ ഇങ്ങനെ അടയാളപ്പെടുത്താം. ഹോട്ടല്‍ തൊഴിലാളിയായി കോട്ടയത്ത് ജീവിതം തുടങ്ങിയ അദ്ദേഹം ദേശാഭിമാനി ഏജന്റും ലേഖകനുമായി. ദേശാഭിമാനിയെന്നാല്‍ താന്‍ മാത്രമായിരുന്ന കാലത്തിന്റെ ധന്യത വാര്‍ധക്യത്തിന്റെ നിറവിലും വിനയത്തോടെ കാത്തുസൂക്ഷിച്ചാണ് വിടവാങ്ങല്‍ .

    ReplyDelete