Friday, August 19, 2011

നിറംകെട്ടത് കോണ്‍ഗ്രസ് ഗ്രൂപ്പുകളിയില്‍

ആലപ്പുഴ: 59-ാമത് നെഹ്റുട്രോഫി ജലോത്സവം നിറംകെട്ടതിനു പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരെന്ന് ആരോപണം. വിശ്വപ്രസിദ്ധമായ ജലമാമാങ്കം തന്റെ രാഷ്ട്രീയനേട്ടത്തിനു എങ്ങനെ ഉപയോഗപ്പെടുത്താമെന്നുള്ള കേന്ദ്ര ഊര്‍ജസഹമന്ത്രി കെ സി വേണുഗോപാലിന്റെ ഗൂഢനീക്കം സംസ്ഥാന സര്‍ക്കാരിനെയടക്കം ജലമേളയില്‍നിന്ന് അകറ്റി. കേന്ദ്രസഹമന്ത്രിയുടെ ഏകപക്ഷീയ നടപടിക്കെതിരെ കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പുകള്‍ രംഗത്തെത്തി. മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും ജലോത്സവനാളില്‍ എത്താതിരുന്നത് ഗ്രൂപ്പുപോരിന്റെ പേരിലാണ്.

വള്ളംകളി ദിവസമാണ് കേന്ദ്രസഹമന്ത്രിയുടെ സങ്കുചിത താല്‍പര്യം തങ്ങള്‍ക്ക് ബോധ്യപ്പെട്ടതെന്ന് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. അദ്ദേഹം പറഞ്ഞത് ഇങ്ങനെ "ബാലചന്ദ്രമേനോന്റെ സിനിമ" പോലെയായിരുന്നു നെഹ്റുട്രോഫി മത്സരത്തിന്റെ സംഘാടനം. പരിപാടികളുടെയെല്ലാം പിതൃത്വം തനിക്കു മാത്രമാകണം എന്ന പിടിവാശിയിലായിരുന്നു കേന്ദ്രസഹമന്ത്രി. തന്റെ ഗ്രൂപ്പുകാരനായ സംസ്ഥാന ടൂറിസം മന്ത്രിയെപോലും റോള്‍ നഷ്ടപ്പെടുമെന്ന് കണ്ട് ഒഴിവാക്കി. കേന്ദ്ര ടൂറിസംമന്ത്രി സുബോധ്കാന്ത് സഹായ്, കേന്ദ്ര സ്പോര്‍ട്സ് മന്ത്രി അജയ്മാക്കന്‍ , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്പോര്‍ട്സ് മന്ത്രി കെ ബി ഗണേഷ്കുമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ല. സര്‍ക്കാരിനെയോ എംഎല്‍എമാരടക്കമുള്ള ജനപ്രതിനിധികളെയോ സംഘാടനത്തില്‍നിന്ന് ആട്ടിയോടിച്ചതോടെ ജലോത്സവം നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ കൈകളിലെത്തി. രാജാവിനെക്കാള്‍ വലിയ രാജഭക്തി "കാട്ടിയ" ഉദ്യോഗസ്ഥരടക്കമുള്ള പാര്‍ശ്വവര്‍ത്തികള്‍ കോടികള്‍ സ്പോണ്‍സര്‍ഷിപ്പ് ലഭിച്ച ജലമേള "ഉപയോഗപ്പെടുത്തുകയായിരുന്നു".

ടിക്കറ്റ് വിറ്റും ലക്ഷങ്ങളാണ് സ്വരൂപിച്ചത്. വലിയ സ്പോണ്‍സര്‍ഷിപ്പ് ചൂണ്ടിക്കാട്ടി ടിക്കറ്റിന്റെ വന്‍വില ഇടിയാതിരിക്കാന്‍ അധികൃതര്‍ സ്നാക്സും നല്‍കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഇങ്ങനെ വന്‍തുക കൊടുത്ത് ടിക്കറ്റ് സംഘടിപ്പിച്ചവര്‍ക്ക് സ്നാക്സ് പോയിട്ട് കസേരപോലും നല്‍കിയില്ല. പ്രധാന വേദിക്കരികിലെ പവിലിയനില്‍ സ്ഥാനം പിടിച്ച നൂറുകണക്കിന് വിദേശിയരെയും സംഘാടകര്‍ വെള്ളം കുടിപ്പിച്ചു. പലരും മത്സരം കാണാന്‍ ഹൗസ്ബോട്ടുകളുടെയും മറ്റും മേല്‍ക്കൂരയെ ആശ്രയിച്ചു. ജലമേളയ്ക്ക് സ്പോണ്‍സര്‍മാരെ കിട്ടാന്‍ ഏറെ ബുദ്ധിമുട്ടിയ സമയം ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി പലവട്ടം യോഗം വിളിച്ചുകൂട്ടി. കേന്ദ്രസഹമന്ത്രിയുടെ സൗകര്യാര്‍ഥമായിരുന്നു യോഗങ്ങളൊക്കെ. സ്പോണ്‍സര്‍ഷിപ്പ് പ്രശ്നം ചര്‍ച്ചയ്ക്ക് വരുമ്പോഴൊക്കെ അദ്ദേഹത്തിന് പ്രഖ്യാപനം മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട് ആലപ്പുഴയിലെ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുന്‍കൈയെടുത്താണ് ചെന്നൈയില്‍നിന്ന് മൂന്നുകോടി രൂപയ്ക്ക് സപോണ്‍സറെ കണ്ടെത്തിയത്. തന്റെ റോള്‍ നഷ്ടപ്പെടുന്നതറിഞ്ഞ് എക്സിക്യൂട്ടീവ് യോഗത്തില്‍ ചെന്നൈക്കാരെ എത്തിച്ചതിന്റെ പേരില്‍ കേന്ദ്രസഹമന്ത്രി ക്ഷുഭിതനായതും ഭീഷണിപ്പെടുത്തിയതും വാര്‍ത്തയായിരുന്നു. സഹമന്ത്രിയുടെ ഇംഗിതം മനസിലാക്കിയ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് ഫോട്ടോപൊസിഷന് അവസരമൊരുക്കി മേള കൈപിടിയിലാക്കി.
പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നെഹ്റുട്രോഫിക്ക് സ്വകാര്യകമ്പനിയുടെ ടൈറ്റില്‍ നല്‍കിയായിരുന്നു തുടക്കം. മത്സരത്തിന് രജിസ്റ്റര്‍ ചെയ്ത വള്ളങ്ങളുടെ മേലും കമ്പനിയുടെ പേര് വയ്ക്കണമെന്ന് തിട്ടൂരം കൊടുത്തു. എന്നിട്ടും തീരുന്നില്ല കമ്പനിയോടുള്ള പ്രേമം. വള്ളംകളിയുടെ കമന്ററി ഇംഗ്ലീഷിലാക്കി അരോചകമാക്കി. മത്സരത്തിനിടെ ഈ നടപടി ചോദ്യം ചെയ്യപ്പെട്ടു. ചുണ്ടന്‍വള്ളങ്ങളുടെ ആദ്യ ഹീറ്റ്സിനുശേഷം വി വി ഗ്രിഗറി, ഷാജി കെ ചേരമന്‍ തുടങ്ങി വള്ളംകളി കമന്റേറ്റര്‍ രംഗത്തെ പ്രമുഖര്‍ സ്വയം മൈക്ക് ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ വള്ളങ്ങള്‍ ട്രാക്കിന്റെ മധ്യഭാഗത്ത് എത്തുന്നതുവരെ മാത്രമേ അവരെ കമന്ററി പറയാന്‍ അനുവദിച്ചുള്ളു.

deshabhimani 190811

1 comment:

  1. 59-ാമത് നെഹ്റുട്രോഫി ജലോത്സവം നിറംകെട്ടതിനു പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരെന്ന് ആരോപണം. വിശ്വപ്രസിദ്ധമായ ജലമാമാങ്കം തന്റെ രാഷ്ട്രീയനേട്ടത്തിനു എങ്ങനെ ഉപയോഗപ്പെടുത്താമെന്നുള്ള കേന്ദ്ര ഊര്‍ജസഹമന്ത്രി കെ സി വേണുഗോപാലിന്റെ ഗൂഢനീക്കം സംസ്ഥാന സര്‍ക്കാരിനെയടക്കം ജലമേളയില്‍നിന്ന് അകറ്റി. കേന്ദ്രസഹമന്ത്രിയുടെ ഏകപക്ഷീയ നടപടിക്കെതിരെ കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പുകള്‍ രംഗത്തെത്തി. മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും ജലോത്സവനാളില്‍ എത്താതിരുന്നത് ഗ്രൂപ്പുപോരിന്റെ പേരിലാണ്.

    ReplyDelete