Sunday, August 14, 2011

വിദേശ വാര്‍ത്തകള്‍ - വേള്‍ഡ് ബാങ്ക്, കാസ്റ്റ്രോ, ബ്രിട്ടന്‍, അമേരിക്ക...

ആഗോള സമ്പദ്‌ഘടന അപകടത്തിലേക്ക്‌: ലോകബാങ്ക്‌ പ്രസിഡന്റ്‌

സിഡ്‌നി: യൂറോപ്യന്‍ വികസിത രാഷ്‌ട്രങ്ങള്‍ കടക്കെണിയില്‍പ്പെട്ടതോടെ ആഗോള സമ്പദ്‌ഘടന `വളരെ അപകടരമായ` ഒരു ഘട്ടത്തിലേക്ക്‌ കടക്കുകയാണെന്ന്‌ ലോകബാങ്ക്‌ പ്രസിഡന്റ്‌ റോബര്‍ട്ട്‌ സെല്ലെക്ക്‌ മുന്നറിയിപ്പ്‌ നല്‍കി.

അമേരിക്കയുടെ റേറ്റിംഗ്‌ കുറയ്‌ക്കാനിടയായ പ്രശ്‌നങ്ങളേക്കാള്‍ ഗുരുതരമാണ്‌ യൂറോപ്യന്‍ രാഷ്‌ട്രങ്ങള്‍ നേരിടുന്ന കട പ്രതിസന്ധിയെന്ന്‌ സെല്ലെക്ക്‌ പറഞ്ഞു. ``പുതിയതും വ്യത്യസ്‌തവുമായ ഒരു കൊടുങ്കാറ്റിനെ നേരിടുന്നതിന്റെ ആദ്യ നിമിഷങ്ങളിലാണ്‌ നമ്മള്‍. 2008 ലേതുപോലെ ആയിരിക്കില്ല അത്‌''. ആസന്നമായ ആഗോള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച്‌ സെല്ലേക്ക്‌ പറയുന്നു. ഇപ്പോഴത്തെ പ്രതിസന്ധിയുടെ ആഘാതം ജനങ്ങള്‍ക്ക്‌ വളരെ പെട്ടെന്ന്‌ അനുഭവപ്പെട്ടെന്നുവരില്ല. എന്നാല്‍ ഇക്കുറി പ്രതിസന്ധിയില്‍ നിന്നു കരകയറുക അത്ര എളുപ്പമായിരിക്കില്ല.

യൂറോപ്യന്‍ മേഖലയില്‍ ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ ലോക സമ്പദ്‌ഘടനെയെ സംബന്ധിച്ചിടത്തോളം വളരെ പ്രദാനമാണെന്ന്‌ ഒരു ഓസ്‌ട്രേലിയന്‍ പത്രത്തിന്‌ അനുവദിച്ച അഭിമുഖത്തില്‍ സെല്ലെക്ക്‌ പറഞ്ഞു. സ്‌പെയിനോ ഇറ്റലിയോ അല്‍പം പ്രതീക്ഷ നല്‍കുമ്പോള്‍ ഗ്രീസും പോര്‍ച്ചുഗലും കരകയറാനാവാത്ത കടക്കെണിയിലാണ്‌. സ്ഥിതിഗതികള്‍ നേരിടുന്നതിന്‌ യൂറോപ്യന്‍ യൂണിയന്‍ കൈക്കൊണ്ടിട്ടുള്ള നടപടികള്‍ അപര്യാപ്‌തമാണ്‌. കലാപങ്ങള്‍ ഭയന്ന്‌ ചെലവുകള്‍ വെട്ടിക്കുറയക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തിവെയ്‌ക്കരുതെന്ന്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി കമറുണിനോട്‌ ലോകബാങ്ക്‌ പ്രസിഡന്റ്‌ ആവശ്യപ്പെട്ടു.

കാസ്‌ട്രോയ്‌ക്ക്‌ 85

ഹവാന:ക്യൂബന്‍ നേതാവ്‌ ഫിദല്‍ കാസ്‌ട്രോ 85-ാം പിറന്നാള്‍ ആഘോഷിച്ചു. ആഘോഷചടങ്ങുകളുടെ ഭാഗമായി ഹവാനയിലെ കാള്‍മാര്‍ക്‌സ്‌ തീയറ്ററില്‍ വെള്ളിയാഴ്‌ച രാത്രി സംഘടിപ്പിച്ച സംഗീത വിരുന്നില്‍ ക്യൂബയില്‍ നിന്നുള്ള 22 കലാകാരന്‍മാരും ലാറ്റിനമേരിക്കയിലെ മറ്റ്‌ രാഷ്‌ട്രങ്ങളില്‍ നിന്നുള്ള എട്ട്‌ കലാകാരന്‍മാരും പങ്കെടുത്തു. നിക്കരഗ്വയിലെ സാന്റിനിസ്റ്റ വിമോചനമുന്നണി നേതാവ്‌ ടൊമാസ്‌ ബോര്‍ഗെസ, ഇക്വഡോര്‍ വിദേശമന്ത്രി റിക്കാര്‍ഡൊ പാറ്റിനോ എന്നിവരും ക്യാബന്‍ ഗവണ്‍മെന്റിന്റെയും പാര്‍ട്ടിയുടെയും ഉന്നതരായ നേതാക്കളും പങ്കെടുത്തു.

എന്നാല്‍ ഫിദല്‍ കാസ്‌ട്രോയും സഹോദരനും ക്യൂബന്‍ പ്രസിഡന്റുമായ റൗല്‍ കാസ്‌ട്രോയും ചടങ്ങിന്‌ എത്തിയിരുന്നില്ല. ക്യൂബയില്‍ കീമോറാതെറാപ്പിക്കെത്തിയ വെനിസ്വലന്‍ പ്രസിഡന്റ്‌ ഹുഗോഷാവെസും ഉണ്ടായിരുന്നില്ല.

ശസ്‌ത്രക്രിയയെയും അനാരോഗ്യത്തെയും തുടര്‍ന്ന്‌ 2006 ല്‍ ക്യൂബന്‍ പ്രസിഡന്റ്‌ സ്ഥാനമൊഴിഞ്ഞ കാസ്‌ട്രോ ഈ വര്‍ഷം ഏപ്രിലില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞിരുന്നു.

യു എസ്‌ സ്‌ട്രീറ്റ്‌ ക്രൈം വിദഗ്‌ധന്റെ ഉപദേശം ബ്രിട്ടീഷ്‌ പ്രധാനമന്ത്രി തേടി

ലണ്ടന്‍: യു.എസ്‌ സ്‌ട്രീറ്റ്‌ ക്രൈം വിദഗ്‌ദ്ധന്‍ വില്യം ബ്രട്ടന്റെ ഉപദേശം ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ തേടി. ലണ്ടനെ നടുക്കിയ കലാപം അടിച്ചമര്‍ത്തുന്നതിന്‌ പോംവഴികള്‍ കണ്ടെത്താനാണിത്‌. കൂട്ടം ചേര്‍ന്നുള്ള ആക്രമണങ്ങളെയും അക്രമികളെയും കൈകാര്യം ചെയ്യുന്നതിനാണ്‌ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ഉപദേശം തേടിയതെന്ന്‌ ബ്രട്ടന്‍ പറഞ്ഞു.സമാഗതമായ ഒളിമ്പിക്‌സ്‌ ഗെയിംസിന്‌ ആതിഥേയത്വം വഹിക്കാനിരിക്കെ രാജ്യത്തിന്റെ പ്രതിച്‌ഛായയെ തന്നെ കാലപം കളങ്കപ്പെടുത്തിയതില്‍ ബ്രിട്ടന്‍ വളരെ ഖേദിക്കുന്നുണ്ട്‌.ഇപ്പോഴും തെരുവുകളിലെല്ലാം വന്‍പൊലീസ്‌ കാവലാണുള്ളത്‌. 16,000 പൊലീസ്‌ ഓഫീസര്‍മാരാണ്‌ തെരുവുകളില്‍ സുരക്ഷയ്‌ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നതെന്ന്‌ മെട്രോപൊളിറ്റന്‍ പൊലീസ്‌ കമ്മിഷണര്‍ സ്‌റ്റീവ്‌ കവനാഗ്‌ പറഞ്ഞു.

ധനസഹായം: അമേരിക്ക-ഈജിപ്‌ത്‌ ഭിന്നത വളരുന്നു

കെയ്‌റൊ: ഈജിപ്‌തിലെ ജനാധിപത്യ അനുകൂല സംഘടനകള്‍ക്ക്‌ ധനസഹായം നല്‍കുന്നതിനെച്ചൊല്ലി അമേരിക്കയും ഈജിപ്‌തിലെ ഇടക്കാല ഗവണ്‍മെന്റും ഇടയുന്നു.
ജനാധിപത്യ അനുകൂല സംഘടനകള്‍ക്ക്‌ 65 ദശലക്ഷം ഡോളറിന്റെ സഹായം ഗ്രാന്റായി നല്‍കുമെന്നാണ്‌ അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ളത്‌. ഗവണ്‍മന്റിനെ മറികടന്ന്‌ സംഘടനകള്‍ക്ക്‌ നേരിട്ടു പണം നല്‍കുന്ന നടപടി ഈജിപ്‌തിലെ ഗവണ്‍മെന്റിനെയും സൈന്യത്തെയും അമേരിക്കയ്‌ക്കെതിരെ തിരിയാന്‍ നിര്‍ബന്ധിതരാക്കി. ഇത്‌ സംബന്ധിച്ച്‌ മാര്‍ച്ച്‌ മാസം മുതല്‍ തന്നെ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും അതിപ്പോള്‍ ഒരു പൊട്ടിത്തെറിയുടെ വക്കോളമെത്തിയിരിക്കുകയാണ്‌.

ഈജിപ്‌ത്‌-അമരിക്കന്‍ ബന്ധങ്ങള്‍ വഷളായതിനെ തുടര്‍ന്ന്‌ യു എസ്‌ എയിഡ്‌ എന്ന അമേരിക്കന്‍ ഏജന്‍സിയുടെ ഈജിപ്‌തിലെ ഡയറക്‌ടര്‍ മൂന്നു ദിവസം മുമ്പ്‌ കെയ്‌റോയില്‍ നിന്നും മടങ്ങിപ്പോയി.ഈജിപ്‌തില്‍ സ്വതന്ത്രമായ തിരഞ്ഞെടുപ്പ്‌ ഉറപ്പ്‌ വരുത്തുന്നതിന്‌ വേണ്ടിയെന്ന മറവിലാണ്‌ പൊതുസമൂഹത്തിന്റെ പേരില്‍ അറിയപ്പെടുന്ന സംഘടനകള്‍ക്ക്‌ അമേരിക്ക പണം നല്‍കുന്നത്‌. ഈജിപ്‌തിലെ ഗവണ്‍മെന്റിനെ മറികടന്നുകൊണ്ട്‌ രജിസ്റ്റര്‍ ചെയ്യപ്പെടാത്ത സംഘടകള്‍ക്ക്‌ പണം നല്‍കുന്നത്‌ ദേശീയപരമാധികാരത്തിന്റെ ലംഘനമാണെന്നാണ്‌ ഈജിപ്‌തിലെ ഗവണ്‍മെന്റിന്റെ വക്താക്കള്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്‌. അമേരിക്കന്‍ പണം സ്വീകരിക്കുന്ന സംഘടനകള്‍ സമൂഹത്തില്‍ ഭിന്നതകള്‍ സൃഷ്‌ടിക്കുന്നതായും സമാധാനത്തിന്‌ ഹാനിവരുത്തുന്നതായും ഗവണ്‍മെന്റ്‌ അഭിപ്രായപ്പെട്ടു.

ജൂലൈ മാസമൊടുവില്‍ ഈജിപ്‌തിലെ പുതിയ അമേരിക്കന്‍ അംബാസഡറായി ചുമതലയേല്‍ക്കാനെത്തിയ ആനിപാറ്റേഴ്‌സനെ പരുഷമായ ഭാഷയിലാണ്‌ ഈജിപ്‌ത്‌ ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ഒരു മാസിക വിമര്‍ശിച്ചത്‌. ``തഹ്‌രിര്‍ ചത്വരത്തിന്‌ തീകൊടുത്താന്‍ നകരത്തില്‍ നിന്നുമെത്തിയ അംബാസഡര്‍'' എന്നായിരുന്നു പാറ്റേഴ്‌സനെ മാസിക വിമര്‍ശിച്ചത്‌. അംബാസഡര്‍ക്കെതിരെയുള്ള വിമര്‍ശനം ഗൗരവമായെടുക്കുന്നുവെന്നും ഇത്‌ സംബന്ധിച്ച്‌ ഈജിപ്‌ത്‌ ഗവണ്‍മെന്റുമായി സംസാരിക്കുമെന്നും അമേരിക്കന്‍ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ പ്രതികരിച്ചു.പൊതു തിരഞ്ഞെടുപ്പിന്‌ ശേഷം ഈജിപ്‌തില്‍ അധികാരത്തിലെത്തുന്ന ഗവണ്‍മെന്റ്‌ തങ്ങള്‍ക്ക്‌ പൂര്‍ണ നിയന്ത്രണമുള്ളതാക്കണമെന്ന ലക്ഷ്യത്തോടെയാണ്‌ അമേരിക്ക ധനസഹായം നല്‍കുന്നത്‌. തങ്ങളുടെ വിശ്വസ്‌തനായിരുന്ന മുന്‍ പ്രസിഡന്റ്‌ മുബാറക്കിനെതിരെ ഉയര്‍ന്ന ജനകീയ പ്രക്ഷോഭത്തെ മറ്റ്‌ പോംവഴികളൊന്നുമില്ലാത്തതിനാല്‍ പിന്തുണയ്‌ക്കുവാന്‍ അമേരിക്ക നിര്‍ബന്ധിതമാവുകയായിരുന്നു. പ്രക്ഷോഭത്തില്‍ അണിനിരന്നവരെല്ലാം അമേരിക്കന്‍ അനുകൂലികളല്ലാത്ത സാഹചര്യത്തില്‍ ഒരു തിരഞ്ഞെടുപ്പിലൂടെ അധികാരമേല്‍ക്കുന്ന ഗവണ്‍മെന്റ്‌ ചൊല്‍പ്പടിക്ക്‌ നില്‍ക്കുന്നതാകുമെന്ന്‌ അമേരിക്കയ്‌ക്ക്‌ ഉറപ്പില്ല.

ജനയുഗം 140811

1 comment:

  1. :ക്യൂബന്‍ നേതാവ്‌ ഫിദല്‍ കാസ്‌ട്രോ 85-ാം പിറന്നാള്‍ ആഘോഷിച്ചു. ആഘോഷചടങ്ങുകളുടെ ഭാഗമായി ഹവാനയിലെ കാള്‍മാര്‍ക്‌സ്‌ തീയറ്ററില്‍ വെള്ളിയാഴ്‌ച രാത്രി സംഘടിപ്പിച്ച സംഗീത വിരുന്നില്‍ ക്യൂബയില്‍ നിന്നുള്ള 22 കലാകാരന്‍മാരും ലാറ്റിനമേരിക്കയിലെ മറ്റ്‌ രാഷ്‌ട്രങ്ങളില്‍ നിന്നുള്ള എട്ട്‌ കലാകാരന്‍മാരും പങ്കെടുത്തു. നിക്കരഗ്വയിലെ സാന്റിനിസ്റ്റ വിമോചനമുന്നണി നേതാവ്‌ ടൊമാസ്‌ ബോര്‍ഗെസ, ഇക്വഡോര്‍ വിദേശമന്ത്രി റിക്കാര്‍ഡൊ പാറ്റിനോ എന്നിവരും ക്യാബന്‍ ഗവണ്‍മെന്റിന്റെയും പാര്‍ട്ടിയുടെയും ഉന്നതരായ നേതാക്കളും പങ്കെടുത്തു.

    ReplyDelete