പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ച ഫയല്‍ മന്ത്രിസഭയില്‍ അജന്‍ഡയ്ക്കു പുറത്തുള്ള ഇനമായി വയ്ക്കാന്‍ ധനമന്ത്രി എന്ന നിലയില്‍ അംഗീകാരം നല്‍കിയെന്നും വിഷയം മനസ്സിലാക്കിയിരുന്നെന്നും ഉമ്മന്‍ചാണ്ടിയുടെ മൊഴി. വിജിലന്‍സ് അന്വേഷണസംഘത്തിനുമുന്നില്‍ കഴിഞ്ഞ ഏപ്രില്‍ 29ന് നല്കിയ മൊഴി കേസില്‍ വഴിത്തിരിവാകുമെന്ന് നിയമവൃത്തങ്ങള്‍ അനുമാനിക്കുന്നു. പാമൊലിന്‍ ഇറക്കുമതിയെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഉത്തരവാദിത്തം ഭക്ഷ്യവകുപ്പിനാണെന്നുള്ള പഴയ നിലപാടിനു വിരുദ്ധമാണ് ഈ മൊഴി. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി അന്വേഷണ റിപ്പോര്‍ട്ട് നല്കിയ വിജിലന്‍സ് എസ്പി വി എന്‍ ശശിധരന് തന്നെയാണ് ഈ മൊഴിയും രേഖപ്പെടുത്തിയത്.
ഇറക്കുമതിയുടെ ഇടനിലക്കാരായിരുന്ന സിംഗപ്പുരിലെ പി ആന്‍ഡ് ഇ കമ്പനിക്ക് 15 ശതമാനം കമീഷന് നല്‍കണമെന്നും ഇറക്കുമതിക്ക് 27 കോടി രൂപ ആവശ്യമാണെന്നും മന്ത്രിസഭയില്‍വച്ച കുറിപ്പില്‍ പറഞ്ഞിരുന്നതായി ഉമ്മന്‍ചാണ്ടി മറുപടി നല്‍കിയിട്ടുണ്ട്. ടെന്‍ഡര്‍ വഴിയാണ് കമ്പനിയെ തെരഞ്ഞെടുത്തതെന്ന് കുറിപ്പില്‍ പറഞ്ഞിരുന്നുവെന്ന് ആദ്യം നല്കിയ മൊഴി അടുത്ത ചോദ്യത്തിനുള്ള മറുപടിയില്‍ തിരുത്തി. ടെന്‍ഡര്‍ വിളിക്കാതെയാണ് ഇറക്കുമതി മന്ത്രിസഭ അംഗീകരിച്ചതെന്നാണ് പിന്നീട് പറഞ്ഞത്. അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയാ മാത്യു തയ്യാറാക്കിയ കുറിപ്പ് ക്യാബിനറ്റ് നോട്ട് അല്ലാതിരുന്നിട്ടും അതിന്റെ അടിസ്ഥാനത്തില്‍ വിഷയം മന്ത്രിസഭയില്‍ വയ്ക്കാന്‍ ധനമന്ത്രി എന്ന നിലയില്‍ എന്തിന് അനുവദിച്ചുവെന്ന ചോദ്യത്തിന്, കാലതാമസം വരുത്തിയാല്‍ പാമൊലിന്‍ കേരളത്തിന് കിട്ടില്ലെന്ന് കരുതിയാണെന്നാണ് ഉമ്മന്‍ചാണ്ടി മറുപടി നല്‍കിയത്. അടിയന്തര സാഹചര്യം ഇല്ലായിരുന്നുവെന്ന ടി എച്ച് മുസ്തഫയുടെ മൊഴി ചൂണ്ടിക്കാണിച്ചപ്പോള്‍ , മുസ്തഫ അങ്ങനെ പറയാന്‍ സാധ്യതയില്ലെന്നായിരുന്നു മറുപടി.
ഇറക്കുമതിയിലെ അപാകത മന്ത്രിസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നോയെന്ന് ആരാഞ്ഞപ്പോള്‍ ക്യാബിനറ്റിലെ കാര്യങ്ങള്‍ പുറത്തുപറയുന്നത് ശരിയല്ലെന്നായിരുന്നു മറുപടി. ഇറക്കുമതിയോട് മന്ത്രിസഭയില്‍ യോജിച്ചിരുന്നു. എന്നാല്‍ , അതിനുള്ള പണം കണ്ടെത്തുന്നതിനെക്കുറിച്ച് ധനവകുപ്പ് സെക്രട്ടറിയുമായോ മറ്റ് ഉദ്യോഗസ്ഥരുമായോ ചര്‍ച്ച നടത്തിയില്ല. ഇറക്കുമതിക്കാവശ്യമായ 27 കോടി രൂപ വായ്പയായി എടുക്കുന്നത് കൊണ്ടാണ് ചര്‍ച്ച നടത്താതിരുന്നത്.
പാമൊലിന്‍ ഇടപാടിനെക്കുറിച്ച് നിയമസഭയില്‍ ചര്‍ച്ച നടന്നപ്പോഴും പത്രങ്ങളില്‍ വാര്‍ത്ത വന്നപ്പോഴും ധനവകുപ്പില്‍ ഫയല്‍ ഉണ്ടോയെന്ന് അന്വേഷിച്ചെങ്കിലും ഇല്ലെന്നാണ് അറിഞ്ഞതെന്ന് ഉമ്മന്‍ചാണ്ടി മൊഴി നല്കി. എന്നാല്‍ , നിയമസഭയില്‍ ചോദ്യം വന്നപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ ധനവകുപ്പില്‍ ഒരു ഫയല്‍ ഉള്ളതായി മനസ്സിലായി. തന്നെ പ്രതിയാക്കുകയാണെങ്കില്‍ ധനമന്ത്രി ഉള്‍പ്പെടെ മുഴുവന്‍ പേരെയും പ്രതിചേര്‍ക്കണമെന്ന് മുസ്തഫ പറഞ്ഞത് എല്ലാവരും കുറ്റക്കാരായതു കൊണ്ടാണോയെന്ന ചോദ്യത്തിന്, ഇറക്കുമതിക്ക് അനുമതി നല്‍കിയത് മന്ത്രിസഭ ആയതു കൊണ്ടായിരിക്കാമെന്നാണ് മറുപടി.
ഇറക്കുമതിയിലെ അപാകത ചൂണ്ടിക്കാട്ടിയ ധനവകുപ്പിന്റെ ഫയലില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്താന്‍ സാധിച്ചില്ല. ഇറക്കുമതിയുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങള്‍ കൃത്യതയോടെ പാലിക്കേണ്ടത് ഭക്ഷ്യവകുപ്പിന്റെ ചുമതലയാണ്. ധനവകുപ്പിന്റെ അംഗീകാരത്തിന് ഭക്ഷ്യവകുപ്പ് ഫയല്‍ അയച്ചില്ല. അംഗീകാരം വാങ്ങിയതുമില്ല. ഫയല്‍ വിളിച്ചുവരുത്താന്‍ ധനമന്ത്രി എന്ന നിലയില്‍ അധികാരമുണ്ടെന്നും എന്നാല്‍ , ഇക്കാര്യത്തില്‍ അതുണ്ടായില്ലെന്നും മൊഴി നല്കി. ഇറക്കുമതി സംബന്ധിച്ച ഫയല്‍ അംഗീകരിച്ചതിന് അര്‍ഥം പണം കൊടുക്കാന്‍ തീരുമാനിച്ചുവെന്നാണെന്ന് ഉമ്മന്‍ചാണ്ടി മൊഴി നല്‍കിയിട്ടുണ്ട്.
പ്രോസിക്യൂഷന് റദ്ദാക്കാനുള്ള ശ്രമം അട്ടിമറിനീക്കത്തിന് തെളിവ്: കോടിയേരി
പാമൊലിന്‍ കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി എന്നനിലയില്‍ ഉമ്മന്‍ചാണ്ടി നിരന്തരമായി ഇടപെടുന്നതിന്റെ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. അഞ്ചാംപ്രതി ജിജി തോംസനെ പ്രോസിക്യൂട്ടുചെയ്യുന്നത് തടയാനുള്ള ലക്ഷ്യത്തോടെ മന്ത്രിസഭയ്ക്കുമുമ്പില്‍ മുഖ്യമന്ത്രി സമര്‍പ്പിച്ച കുറിപ്പ് ഈ അട്ടിമറിനീക്കം തുറന്നുകാട്ടുന്നതാണെന്ന് കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു. മന്ത്രിസഭയ്ക്കുമുമ്പാകെ വച്ച കുറിപ്പ് അതേപടി ചില മാധ്യമങ്ങള്‍ റിപ്പോര്ട്ടുചെയ്തിരിക്കുകയാണ്. വിജിലന്‍സ് അന്വേഷണത്തില്‍ താന്‍ ഇടപെടില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു.
പാമൊലിന്‍ കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന് ജിജി തോംസനെ പ്രോസിക്യൂട്ടുചെയ്യാന്‍ അനുമതി തേടി വി എസ് മന്ത്രിസഭയുടെ കാലത്ത് 2006 ഒക്ടോബര്‍ 10നാണ് കേന്ദ്രത്തിന് കത്തയച്ചത്. ഈ കത്ത് പിന്‍വലിക്കാന്‍ കത്തിനാധാരമായ 2006 ജൂലൈ 25ന്റെ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കാന്‍ ആവശ്യപ്പെടുന്ന കുറിപ്പ് 2011 ജൂണ്‍ 21ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അംഗീകരിച്ച് മന്ത്രിസഭയ്ക്കുമുമ്പാകെ വയ്ക്കുകയായിരുന്നു. യുഡിഎഫ് അധികാരത്തില്‍ വന്ന് ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ത്തന്നെ ഇതിനുള്ള നടപടികള്‍ക്ക് തുടക്കംകുറിച്ചത് ഉമ്മന്‍ചാണ്ടിതന്നെയാണ്. കുറിപ്പ് മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിക്കാന്‍ 2011 ജൂണ്‍ ഒമ്പതിന് ഉമ്മന്‍ചാണ്ടിയാണ് ഉത്തരവ് നല്‍കിയത്. 1988ലെ അഴിമതിവിരുദ്ധ നിയമം 19-ാംവകുപ്പുപ്രകാരം ഐഎഎസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ടുചെയ്യാന്‍ കേന്ദ്രാനുമതി ആവശ്യമായതുകൊണ്ടാണ് വി എസ് അധികാരത്തില്‍ വന്നയുടന്‍ ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാതെ അഞ്ചുവര്‍ഷത്തോളം കേന്ദ്രസര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോയി. കേന്ദ്രം പ്രോസിക്യൂഷന് അനുമതി നല്‍കാതിരുന്നത് ഉമ്മന്‍ചാണ്ടിയുടെ സമ്മര്ദത്തെതുടര്ന്നായിരുന്നെന്ന് ഇപ്പോള്‍ വ്യക്തമായി.
2005ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ആ തീരുമാനം റദ്ദുചെയ്തത് വി എസ് മന്ത്രിസഭഭഅധികാരത്തില് വന്നപ്പോഴാണ്. ശരിയായ നിലയില്‍ വിചാരണ നടന്നാല്‍ താന്‍ പ്രതിസ്ഥാനത്ത് വരുമെന്ന് വ്യക്തമായി ബോധ്യമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രിസ്ഥാനത്ത് ഇരുന്ന ഘട്ടത്തിലെല്ലാം പാമൊലിന്‍ കേസ് അട്ടിമറിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചത്.
പാമൊലിന്‍ കേസില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച വക്കീലിനെപ്പോലും താന്‍ മാറ്റിയിട്ടില്ലെന്നും സര്‍ക്കാരിനുവേണ്ടിയും തനിക്കുവേണ്ടിയും അദ്ദേഹമാണ് വാദിക്കുന്നതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും കഴിഞ്ഞദിവസം ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിക്കുവേണ്ടിയും പ്രോസിക്യൂഷനുവേണ്ടിയും ഒരേ അഭിഭാഷകന്‍തന്നെ ഹാജരാകുന്നത് മുഖ്യമന്ത്രിസ്ഥാനത്ത് ഉമ്മന്‍ചാണ്ടി തുടരുന്നതുകൊണ്ടാണ്. മുഖ്യമന്ത്രിസ്ഥാനത്തിരുന്ന് നേരിടുന്ന അന്വേഷണം കേസ് അട്ടിമറിക്കാനാണെന്ന് വ്യക്തമാക്കുന്ന നിലപാടുകളാണത്. അഡ്വക്കറ്റ് ജനറലിനെയും സ്റ്റേറ്റ് പ്രോസിക്യൂട്ടറെയും വിളിച്ചുവരുത്തി അന്വേഷണം നേരിടുന്ന വ്യക്തി ചര്‍ച്ച നടത്തിയതും കേസന്വേഷണം അട്ടിമറിക്കാനാണ്. മുഖ്യമന്ത്രിസ്ഥാനത്തുനിന്നുള്ള രാജി നീളുന്നതനുസരിച്ച് പാമൊലിന്‍ കേസില്‍ തനിക്കെതിരായ എല്ലാ തെളിവും നശിപ്പിക്കുന്നതിനുള്ള സാഹചര്യം ഉമ്മന്‍ചാണ്ടി സൃഷ്ടിക്കുമെന്നാണ് മന്ത്രിസഭയ്ക്കുമുമ്പാകെ വച്ച കുറിപ്പ് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി ഉടന്‍ രാജിവച്ച് കേസില്‍ സ്വതന്ത്രമായ അന്വേഷണം നടത്താന്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടാക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
അഴിമതി ആരോപിച്ച പി ജെ ജോസഫിനും വീരേന്ദ്രകുമാറിനും മൗനം
പാമൊലിന്‍ ഇടപാടില്‍ കോടികളുടെ അഴിമതിയുണ്ടെന്ന്ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കു നിവേദനംനല്കിയവരില് മന്ത്രി പിജെ ജോസഫും എം പി വീരേന്ദ്രകുമാറും. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ഇപ്പോള്‍ ആരോപിച്ച മന്ത്രി ഷിബു ബേബിജോണിന്റെ പിതാവും ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയുമായിരുന്ന ബേബി ജോണും ഗവര്‍ണറെ നേരിട്ടുകണ്ട് പ്രതികളെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. 1994 ഫെബ്രുവരി 28നാണ് ജോസഫും വീരേന്ദ്രകുമാറും ബേബിജോണും ഉള്‍പ്പെടെ ഏഴംഗസംഘം പാമൊലിന്‍ അഴിമതിയെക്കുറിച്ച് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്. അന്തരിച്ച മുന്‍മുഖ്യമന്ത്രിമാരായ ഇ കെ നായനാര്‍ , പി കെ വാസുദേവന്‍നായര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പാമൊലിന്‍ ഇടപാടില്‍ അഴിമതിയുണ്ടെന്ന് അന്നുപറഞ്ഞ വീരേന്ദ്രകുമാറും ജോസഫും ഇപ്പോള്‍ മൗനം പാലിക്കുന്നത് ദുരൂഹമാണ്. 1991-92 കാലത്ത് പാമൊലിന്‍ ഇറക്കുമതി ചെയ്തതില്‍ ആറു കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിആന്‍ഡ്എജി) റിപ്പോര്‍ട്ട് സഹിതമാണ് നിവേദനം നല്‍കിയത്. കേരള അക്കൗണ്ടന്റ് ജനറല്‍ കണ്ടെത്തിയ അഴിമതി സിആന്‍ഡ്എജി 1993 മാര്‍ച്ച് 31ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശരിവച്ചിട്ടുണ്ടെന്നും നിവേദനത്തില്‍ പറഞ്ഞു.
പാമൊലിന്‍ കേസിന് തെളിവില്ലെന്ന് മാണി
കൊച്ചി: ഒരു തെളിവുമില്ലാത്തതാണ് പാമൊലിന്‍ കേസെന്ന് മന്ത്രി കെ എം മാണി. കേസില്‍ അന്നത്തെ മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്ന ടി എച്ച് മുസ്തഫയുടെ പ്രസ്താവനയില്‍ ഒരര്‍ഥവുമില്ല. കുറ്റംചെയ്തിട്ടുണ്ടെങ്കില്‍ മാത്രമാണ് കൂട്ടുത്തരവാദിത്തത്തിന്റെ കാര്യം വരുന്നത്. കുറ്റംചെയ്തിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടിതന്നെ പറഞ്ഞിട്ടുണ്ട്. കോടതി അന്വേഷണത്തെ ഉമ്മന്‍ചാണ്ടി സ്വാഗതംചെയ്തിട്ടുമുണ്ട്- മാണി പറഞ്ഞു. കാത്തലിക് സിറിയന്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന് സമ്മേളനം ഉദ്ഘാടനംചെയ്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.
deshabhimani 150811
പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ച ഫയല്‍ മന്ത്രിസഭയില്‍ അജന്‍ഡയ്ക്കു പുറത്തുള്ള ഇനമായി വയ്ക്കാന്‍ ധനമന്ത്രി എന്ന നിലയില്‍ അംഗീകാരം നല്‍കിയെന്നും വിഷയം മനസ്സിലാക്കിയിരുന്നെന്നും ഉമ്മന്‍ചാണ്ടിയുടെ മൊഴി. വിജിലന്‍സ് അന്വേഷണസംഘത്തിനുമുന്നില്‍ കഴിഞ്ഞ ഏപ്രില്‍ 29ന് നല്കിയ മൊഴി കേസില്‍ വഴിത്തിരിവാകുമെന്ന് നിയമവൃത്തങ്ങള്‍ അനുമാനിക്കുന്നു. പാമൊലിന്‍ ഇറക്കുമതിയെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഉത്തരവാദിത്തം ഭക്ഷ്യവകുപ്പിനാണെന്നുള്ള പഴയ നിലപാടിനു വിരുദ്ധമാണ് ഈ മൊഴി. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി അന്വേഷണ റിപ്പോര്‍ട്ട് നല്കിയ വിജിലന്‍സ് എസ്പി വി എന്‍ ശശിധരന് തന്നെയാണ് ഈ മൊഴിയും രേഖപ്പെടുത്തിയത്.
ReplyDelete