Wednesday, August 24, 2011

പാര്‍ലമെന്റില്‍ പുതിയ ബില്‍ അവതരിപ്പിക്കണം: കാരാട്ട്

ന്യൂഡല്‍ഹി: ഇപ്പോഴത്തെ രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കാന്‍ ശക്തമായ ലോക്പാല്‍ സംവിധാനത്തിന് രൂപംനല്‍കുന്നതിന് വഴിയൊരുക്കുംവിധം പാര്‍ലമെന്റില്‍ പുതിയ ബില്‍ കൊണ്ടുവരണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ സമ്മര്‍ദത്തിനുമുമ്പില്‍ വഴങ്ങുകയല്ലാതെ മന്‍മോഹന്‍സിങ് സര്‍ക്കാരിന് മറ്റു മാര്‍ഗമില്ല. അണ്ണ ഹസാരെ സംഘവുമായി സര്‍ക്കാര്‍ ഉടന്‍തന്നെ ചര്‍ച്ച തുടങ്ങണം- "പീപ്പിള്‍സ് ഡെമോക്രസി"യുടെ വരുംലക്കത്തിനെഴുതിയ ലേഖനത്തില്‍ കാരാട്ട് പറഞ്ഞു.

അഴിമതി തടയുന്നതില്‍ യുപിഎ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് ശക്തമായ പ്രക്ഷോഭം ക്ഷണിച്ചുവരുത്തിയത്. സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയ സര്‍ക്കാരാണിത്. "സംശുദ്ധനായ പ്രധാനമന്ത്രി"യാണ് ഇത്തരമൊരു സര്‍ക്കാരിന് നേതൃത്വം നല്‍കുന്നതെന്നകാര്യം മധ്യവര്‍ഗജനതയുടെ മനസ്സാക്ഷിയെ ഉലച്ചു. 2ജി സ്പെക്ട്രത്തിലെയും മറ്റും അഴിമതിഗ്രസ്തമായ നടപടികളെ മന്ത്രിമാരും സര്‍ക്കാരും ന്യായീകരിച്ചതും ഒരു പൈസപോലും നഷ്ടമായിട്ടില്ലെന്ന പ്രസ്താവനകളും അഴിമതി തടയാന്‍ കാര്യക്ഷമമായി ഒന്നും ചെയ്യില്ലെന്ന ധാരണയ്ക്ക് ബലമേകി. അഴിമതിക്കെതിരെ നടന്നുവരുന്ന പ്രക്ഷോഭം സ്വാഗതാര്‍ഹംതന്നെ. എന്നാല്‍ , അഴിമതിക്കുള്ള യഥാര്‍ഥ കാരണമെന്തെന്ന് മനസ്സിലാക്കണം.

രണ്ടു ദശാബ്ദംമുമ്പ് നടപ്പാക്കിയ നവ ഉദാരവല്‍ക്കരണനയമാണ് അഴിമതി സ്ഥാപനവല്‍ക്കരിച്ചത്. ഹസാരെയുടെ പ്രസ്ഥാനത്തിനുള്ള പ്രധാന പിന്തുണ മധ്യവര്‍ഗത്തില്‍നിന്നാണ്. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ കൊണ്ടുവന്ന നവ ഉദാരവല്‍ക്കരണനയത്തെ പിന്തുണയ്ക്കുന്നവരാണ് ഇതിലധികവും. എന്നാല്‍ , അഴിമതി പെരുകിയതോടെ അത് തടയാന്‍ അവര്‍ക്ക് പ്രവാചകനെ ആവശ്യമായി വന്നു. നവ ഉദാരവല്‍ക്കരണനയം തുടര്‍ന്നുകൊണ്ട് അഴിമതി അവസാനിപ്പിക്കാനാണ് അവരുടെ ശ്രമം. എന്നാല്‍ , ഈ നയവും അഴിമതിയും തമ്മിലുള്ള ബന്ധം കാണാന്‍ ഇവര്‍ തയ്യാറാകുന്നില്ല. മധ്യവര്‍ഗത്തിന്റെ പൊതുവെയുള്ള പ്രവണത അരാഷ്ട്രീയമാണ്. ഹസാരെയുടെ പ്രസ്ഥാനത്തിലും ഇത് തെളിഞ്ഞുകാണാം. എല്ലാ രാഷ്ട്രീയപാര്‍ടിയെയും വിമര്‍ശിച്ച് പാര്‍ലമെന്റിനടക്കം അന്ത്യശാസനം നല്‍കിയ നടപടി സമരം നടത്തുന്നവരുടെ ജനാധിപത്യമൂല്യങ്ങളോടുള്ള പ്രതിബദ്ധതയെക്കുറിച്ച് സംശയം ഉയര്‍ത്തുന്നു. ധനികഭരണവര്‍ഗത്തിനെതിരെ വന്‍ പ്രതിഷേധം ന്യായയുക്തമാണ്. എന്നാല്‍ , രാഷ്ട്രീയപാര്‍ടികളെയോ ചെറുകിട അഴിമതിയെമാത്രമോ വിമര്‍ശിച്ചതുകൊണ്ട് ധനികഭരണവര്‍ഗത്തെ നേരിടാനാകില്ല. ഹസാരെയുടെ അരൂപിയായ പ്രസ്ഥാനത്തിനുചുറ്റും കോര്‍പറേറ്റ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ വലതുപക്ഷശക്തികളും പിന്തുണ അഭിനയിച്ച് രംഗത്തുണ്ട്- കാരാട്ട് പറഞ്ഞു.

deshabhimani 240811

1 comment:

  1. ഇപ്പോഴത്തെ രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കാന്‍ ശക്തമായ ലോക്പാല്‍ സംവിധാനത്തിന് രൂപംനല്‍കുന്നതിന് വഴിയൊരുക്കുംവിധം പാര്‍ലമെന്റില്‍ പുതിയ ബില്‍ കൊണ്ടുവരണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ സമ്മര്‍ദത്തിനുമുമ്പില്‍ വഴങ്ങുകയല്ലാതെ മന്‍മോഹന്‍സിങ് സര്‍ക്കാരിന് മറ്റു മാര്‍ഗമില്ല. അണ്ണ ഹസാരെ സംഘവുമായി സര്‍ക്കാര്‍ ഉടന്‍തന്നെ ചര്‍ച്ച തുടങ്ങണം- "പീപ്പിള്‍സ് ഡെമോക്രസി"യുടെ വരുംലക്കത്തിനെഴുതിയ ലേഖനത്തില്‍ കാരാട്ട് പറഞ്ഞു.

    ReplyDelete