Wednesday, August 24, 2011

രാജ്യവ്യാപക പ്രതിഷേധം പാര്‍ലമെന്റ് സ്തംഭിച്ചു


ന്യൂഡല്‍ഹി: അഴിമതി തടയണമെന്നും കാര്യക്ഷമമായ ലോക്പാല്‍ നിയമത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ട് ഒമ്പത് ഇടതുപക്ഷ- മതനിരപേക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചു. പാര്‍ലമെന്റിനു മുമ്പില്‍ എംപിമാര്‍ പ്രകടനവും ധര്‍ണയും നടത്തി. എംപിമാര്‍ ഇതേ ആവശ്യം ഉന്നയിച്ച് ചര്‍ച്ച ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭയും ചൊവ്വാഴ്ച പൂര്‍ണമായും നിര്‍ത്തിവച്ചു. തമിഴ്നാട്ടില്‍ എല്ലാ ജില്ലയിലും ആയിരക്കണക്കിനാളുകള്‍ കലക്ടറേറ്റ് ഉപരോധിച്ചു. ആന്ധ്രയില്‍ തലസ്ഥാനമായ ഹൈദരാബാദില്‍ അഴിമതിവിരുദ്ധ ധര്‍ണയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കൊല്‍ക്കത്തയില്‍ ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ വന്‍ പ്രകടനം നടന്നു. സംസ്ഥാനത്ത് എല്ലാ ജില്ലാ കേന്ദ്രത്തിലും പ്രകടനവും റാലിയും നടന്നു. ത്രിപുരയില്‍ തലസ്ഥാനമായ അഗര്‍ത്തലയില്‍ നടന്ന റാലിയില്‍ ആയിരക്കണക്കിനാളുകള്‍ അണിനിരന്നു. കര്‍ണാടകത്തില്‍ ബംഗ്ലൂരുവില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഉത്തര്‍പ്രദേശില്‍ തലസ്ഥാനമായ ലഖ്നൗ, കാണ്‍പുര്‍ , വാരണാസി, ദിയോരിയ, ബലിയ, ഇട്ടാവ, ബുലന്ദ്ഷഹര്‍ , സുല്‍ത്താന്‍പ്പുര്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ പ്രകടനവും ധര്‍ണയും നടന്നു. ഒറീസയില്‍ തലസ്ഥാനമായ ഭുവനേശ്വറില്‍ രാജ്ഭവനു മുന്നില്‍ ധര്‍ണ നടത്തി. ജാര്‍ഖണ്ഡില്‍ നടന്ന ധര്‍ണയില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു. രാജസ്ഥാനില്‍ ഇടതുപക്ഷ പാര്‍ടികള്‍ ജയ്പുരിലും 17 ജില്ലയിലും പ്രകടനവും റാലിയും നടത്തി. സിപിഐ എം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക്, ടിഡിപി, ജെഡിഎസ്, ആര്‍എല്‍ഡി, ബിജെഡി, എഐഎഡിഎംകെ എന്നീ പാര്‍ടികളുടെ നേതൃത്വത്തിലാണ് പ്രതിഷേധദിനം ആചരിച്ചത്.

ഉമ്മന്‍ചാണ്ടിക്ക് താക്കീതായി ബഹുജനമാര്‍ച്ച്

പാമൊലിന്‍ അഴിമതിക്കേസില്‍ കോടതി അന്വേഷണം നേരിടുന്ന ഉമ്മന്‍ചാണ്ടി വിചിത്രവാദങ്ങളുയര്‍ത്തി അധികാരത്തില്‍ തുടരുന്നതിനെതിരെ കേരളത്തിന്റെ ശക്തമായ താക്കീത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും അഴിമതിക്കും കള്ളപ്പണത്തിനും എതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായും എല്‍ഡിഎഫ് ആഹ്വാനംചെയ്ത ബഹുജനമാര്‍ച്ചില്‍ ചൊവ്വാഴ്ച ജനലക്ഷങ്ങള്‍ അണിനിരന്നു. തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിലേക്കും സംസ്ഥാനത്തെ നിയമസഭാമണ്ഡലം കേന്ദ്രങ്ങളില്‍ കലക്ടറേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളിലേക്കുമായിരുന്നു മാര്‍ച്ച്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കളാണ് സെക്രട്ടറിയറ്റ് മാര്‍ച്ച് നയിച്ചത്. അഴിമതിക്കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ അധികാരത്തില്‍ കടിച്ചുതൂങ്ങിയാല്‍ അതിശക്തമായ ജനരോഷം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് സെക്രട്ടറിയറ്റ് മാര്‍ച്ചില്‍ മുഴങ്ങിയത്.
ആശാന്‍ സ്ക്വയറില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ ജനനായകരുടെ സാന്നിധ്യം ആവേശമായി. നിയമസഭാമണ്ഡലങ്ങളിലെ ഓരോ സമരകേന്ദ്രത്തിലും സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പ്രക്ഷോഭത്തില്‍ അണിചേര്‍ന്നു. സെക്രട്ടറിയറ്റ് മാര്‍ച്ച് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. ജനവികാരം മാനിച്ചും രാഷ്ട്രീയ മര്യാദ പാലിച്ചും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന് വി എസ് ആവശ്യപ്പെട്ടു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അധ്യക്ഷനായി. അധികാരത്തില്‍ കടിച്ചുതൂങ്ങാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെങ്കില്‍ നാണംകെട്ട് പുറത്തുപോകേണ്ടി വരുമെന്ന് പിണറായി ഓര്‍മിപ്പിച്ചു. ഉമ്മന്‍ചാണ്ടി പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. എന്നിട്ടും അധികാരത്തില്‍ തുടരാന്‍ വിചിത്രമായ വാാദങ്ങളുയര്‍ത്തുന്നത് തട്ടിപ്പാണ്. ഘടകകക്ഷി നേതാക്കളായ രാമചന്ദ്രന്‍ കടന്നപ്പള്ളി, ബിനോയ് വിശ്വം, വി സുരേന്ദ്രന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. വി ഗംഗാധരന്‍ നാടാര്‍ സ്വാഗതവും കടകംപള്ളി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

1 comment:

  1. അഴിമതി തടയണമെന്നും കാര്യക്ഷമമായ ലോക്പാല്‍ നിയമത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ട് ഒമ്പത് ഇടതുപക്ഷ- മതനിരപേക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചു. പാര്‍ലമെന്റിനു മുമ്പില്‍ എംപിമാര്‍ പ്രകടനവും ധര്‍ണയും നടത്തി. എംപിമാര്‍ ഇതേ ആവശ്യം ഉന്നയിച്ച് ചര്‍ച്ച ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭയും ചൊവ്വാഴ്ച പൂര്‍ണമായും നിര്‍ത്തിവച്ചു

    ReplyDelete