Wednesday, August 3, 2011

സുനാമി ഭവനങ്ങള്‍ ഏറ്റെടുക്കാന്‍ മാഫിയ

ഹരിപ്പാട്: സുനാമിബാധിത മേഖലയായ ആറാട്ടുപുഴയില്‍ മോഹവില നല്‍കി സുനാമി ഭവനങ്ങള്‍ ഏറ്റെടുക്കാന്‍ ഭൂമാഫിയകള്‍ രംഗത്ത്. 5 ലക്ഷം രൂപയില്‍ താഴെ മാത്രം വിലവരുന്ന ഭവനങ്ങള്‍ക്ക് 18 ലക്ഷം രൂപ വരെ നല്‍കി തട്ടിയെടുക്കാനാണ് മാഫിയകളുടെ നീക്കം. മത്സ്യത്തൊഴിലാളികളുടെ പട്ടിണിയും ദുരിതവും മുതലാക്കി പരമാവധി വീടും സ്ഥലവും വാങ്ങിക്കൂട്ടുകയാണ് ഇവരുടെ ലക്ഷ്യം. കടലിനോട് ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശത്തെ ടൂറിസം സാധ്യതകളാണ് മാഫിയകള്‍ ലക്ഷ്യംവെക്കുന്നത്. പ്രാദേശികമായി ബന്ധമുള്ളവരാണ് വീടും സ്ഥലവും വാങ്ങാന്‍ വരുന്നതെങ്കിലും ഇവരുടെ പിന്നില്‍ അന്യ സംസ്ഥാന ലോബികളെന്നാണ് സൂചന. ആറാട്ടുപുഴ 18-ാം വാര്‍ഡ് കല്ലശേരിയില്‍ വിശ്രുതകുമാറിനെ  മാഫിയകള്‍ സമീപിച്ചിരുന്നു. സാമ്പത്തിക പരാധീനതമൂലം ദുരിതമനുഭവിക്കുന്ന വിശ്രുതന് 18 ലക്ഷം രൂപയാണ് ഇവര്‍ വാഗ്ദാനം ചെയ്തത്. 1 ലക്ഷം രൂപ അഡ്വാന്‍സും നല്‍കി. എന്നാല്‍ സുനാമി ഭവനങ്ങള്‍ 12 വര്‍ഷത്തേക്ക് ക്രയവിക്രയം നടത്താന്‍ പറ്റില്ലെന്നും ഇത് ഗുരുതരമായ കുറ്റമാണെന്നും മനസ്സിലാക്കിയ വിശ്രുതകുമാര്‍ വീട് നല്‍കാനാവില്ലെന്ന് ഇവരെ അറിയിച്ചു. തനിക്ക് നല്‍കിയ പണം പലിശസഹിതം നല്‍കി തിരികെ നല്‍കാമെന്ന് പറഞ്ഞിട്ടും ഇവര്‍ അംഗീകരിച്ചില്ല. ആലപ്പുഴ കലക്‌ട്രേറ്റില്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ ഉണ്ടെന്നും കൈമാറ്റംകൊണ്ട് കുഴപ്പമുണ്ടാവില്ലെന്നുമായിരുന്നു ഇവരുടെ മറുപടി. ഇതിന് വിശ്രുതന്‍ തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന് ഭീഷണിപ്പെടുത്തലും തുടങ്ങി. പല സ്ഥലങ്ങളില്‍ വച്ചും ചെറിയ വ്യത്യാസത്തിലാണ് വിശ്രുതന്‍ ഇവരുടെ അക്രമത്തില്‍ നിന്നും രക്ഷപെട്ടത്. പ്രദേശവാസികളായ ഒട്ടേറെ പേരെ ഇത്തരം മാഫിയകള്‍ സമീപിച്ചിട്ടുണ്ട്. ഗുണ്ടകളുടെ ഭീഷണിമൂലം ആരും പ്രതികരിക്കാനും തയ്യാറായിട്ടില്ല.
(ജി രാധാകൃഷ്ണന്‍)

janayugom 030811

1 comment:

  1. സുനാമിബാധിത മേഖലയായ ആറാട്ടുപുഴയില്‍ മോഹവില നല്‍കി സുനാമി ഭവനങ്ങള്‍ ഏറ്റെടുക്കാന്‍ ഭൂമാഫിയകള്‍ രംഗത്ത്. 5 ലക്ഷം രൂപയില്‍ താഴെ മാത്രം വിലവരുന്ന ഭവനങ്ങള്‍ക്ക് 18 ലക്ഷം രൂപ വരെ നല്‍കി തട്ടിയെടുക്കാനാണ് മാഫിയകളുടെ നീക്കം. മത്സ്യത്തൊഴിലാളികളുടെ പട്ടിണിയും ദുരിതവും മുതലാക്കി പരമാവധി വീടും സ്ഥലവും വാങ്ങിക്കൂട്ടുകയാണ് ഇവരുടെ ലക്ഷ്യം.

    ReplyDelete