Saturday, August 20, 2011

"ഡല്‍ഹിദൗത്യത്തി"ന് കോണ്‍ഗ്രസുകാരന്റെ വക ചായ

അടിയന്തരാവസ്ഥക്കാലം- പൊലീസുകാരെ ഭയന്നായിരുന്നു അന്നത്തെ രാത്രിസഞ്ചാരം. ഇരുളിന്റെ മറവില്‍ "അടിയന്തരാവസ്ഥ അറബിക്കടലില്‍" എന്നെഴുതിയ പോസ്റ്റര്‍ നാടുനീളെ ഒട്ടിച്ചുനടന്നു. ജനകീയനായ കലാകാരനായതുകൊണ്ടാവാം പൊലീസൊരിക്കലും എന്നെ സംശയിച്ചില്ല. "ഫോറിന്‍" എന്ന കഥ അവതരിപ്പിച്ച് നാടുതോറും അലഞ്ഞകാലം. ലീഗുകാര്‍ക്കും ഇഷ്ടമായിരുന്നു ആ കഥ. അവര്‍ക്കെതിരായിരുന്നു ഇതിവൃത്തമെന്നറിയാതെയാണ് ലീഗുകാര്‍ "ഫോറിനെ" സ്വീകരിച്ചത്. പിന്നീട് അക്കിടി ലീഗ് പ്രവര്‍ത്തകര്‍ മനസ്സിലാക്കിയെങ്കിലും "ഫോറിന്‍" ഏറെ വേദികളില്‍ അവതരിപ്പിച്ചിരുന്നു. നിറഞ്ഞമനസ്സോടെ ജനം അത് നെഞ്ചേറ്റി. അക്കാലത്തുതന്നെ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗത്വവും കിട്ടി. കഥയുമായി ഊരുചുറ്റുന്നതിനിടെ നാട്ടുകാരനായ വെന്നിയൂര്‍ കുഞ്ഞാലനാണ് കൃഷ്ണന്‍കുട്ടിയെന്ന പേരിന്റെ കൂടെ തൃക്കുളം ചേര്‍ത്ത് ആദ്യം വിളിച്ചത്.

തൃക്കുളം ഹരിജന്‍ വെല്‍ഫെയര്‍ സ്കൂളിലായിരുന്നു പഠനം. കൊപ്പം സ്വദേശിയായ ചന്ദ്രശേഖരന്‍ മാഷായിരുന്നു പ്രധാനാധ്യാപകന്‍ . മാഷിന്റെ കാരുണ്യംകൊണ്ട് സ്കൂളില്‍നിന്ന് പുസ്തകവും ഭക്ഷണവും കിട്ടി. ചന്ദ്രശേഖരന്‍മാഷ് നാടകപ്രവര്‍ത്തകനായിരുന്നു. അദ്ദേഹം അവതരിപ്പിക്കുന്ന നാടകങ്ങളിലൊക്കെ പങ്കാളിയായി. ദാരിദ്ര്യം കാരണം പഠനം അഞ്ചാം ക്ലാസില്‍നിന്നു. എങ്കിലും നാടകത്തെ വിട്ടില്ല. ചെമ്മാട്ടെ ബാര്‍ബര്‍ കുഞ്ഞൂട്ടന്റെ നേതൃത്വത്തില്‍ നവകേരള ആര്‍ട്സ് ക്ലബ് കെ ടിയുടെ ഇത് ഭൂമിയാണ് എന്ന നാടകം അവതരിപ്പിക്കാന്‍ തയ്യാറെടുത്തു. എന്നാല്‍ നാട്ടുകാര്‍ എതിര്‍ത്തു. അവസാന റിഹേഴ്സല്‍വരെ പൂര്‍ത്തിയാക്കിയ നാടകം അരങ്ങിലെത്തിയില്ല. അതില്‍ ആയിഷയെന്ന പെണ്‍കുട്ടിയുടെ വേഷമായിരുന്നു. പിന്നീട് "മനുഷ്യഹൃദയങ്ങളില്‍", "പ്രസവിക്കാത്ത അമ്മ" തുടങ്ങി അനേകം നാടകങ്ങള്‍ ...

മൂന്നിയൂര്‍ ടൈല്‍വര്‍ക്സിലെ തൊഴിലാളികളുടെ സമരം ശക്തമായപ്പോള്‍ പ്രാദേശിക നേതാവായ കുഞ്ഞാലിക്കുട്ടി സാഹിബിനൊപ്പം സമരക്കാര്‍ക്കുവേണ്ടി അരിയും ചക്കയും കപ്പയും സംഘടിപ്പിക്കാന്‍ ചാക്കുമെടുത്തിറങ്ങി. വൈകിട്ട് സമരക്കാരെല്ലാവരും ഒത്തുചേരും. യോഗം തീര്‍ന്നാല്‍ പിന്നെ പാട്ടും മേളവും. അത്് സംഘടനയുമായി കൂടുതല്‍ അടുപ്പിച്ചു. പിന്നെയാണ് വേങ്ങരയിലെത്തിയത്. പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ അവിടെ കറങ്ങിനടക്കുന്നതിനിടെ തയ്യല്‍ക്കാരനായ കെ ബാപ്പുവിനെ പരിചയപ്പെട്ടത് വഴിത്തിരിവായി. നേരംപുലരുവോളം ഞങ്ങള്‍ പലതും സംസാരിച്ചിരിക്കുമായിരുന്നു. രാഷ്ട്രീയവും നാടന്‍പാട്ടും തമാശയും എല്ലാം കലര്‍ന്ന നേരങ്ങള്‍ . ബാപ്പുവിന്റെ നിര്‍ദേശപ്രകാരം ആളുകളെ ആകര്‍ഷിക്കാന്‍ മാപ്പിളപ്പാട്ടിന്റെ ഈണത്തില്‍ വിപ്ലവഗാനങ്ങളുണ്ടാക്കി പാര്‍ടി യോഗങ്ങളില്‍ പാടാന്‍ തുടങ്ങി. പിന്നെയത് കഥയും പാട്ടുമായി മാറ്റി. വടക്കന്‍പാട്ടും മാപ്പിളപ്പാട്ടും കീര്‍ത്തനങ്ങളും കോമഡിയും ചേര്‍ത്ത് പുതിയ ശൈലിക്കുതന്നെ രൂപംകൊടുത്തു. പാട്ടുകളേറെ ഇഷ്ടപ്പെട്ടിരുന്ന ഇമ്പിച്ചിബാവ പ്രോത്സാഹിപ്പിച്ചു.

72-74 കാലത്തെ ഭക്ഷ്യക്ഷാമം. അച്യുതമേനോനാണ് മുഖ്യമന്ത്രി. റേഷനരി ക്വോട്ട വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രിയെ കാണാന്‍ ഒരു സംഘം പോയി. ഉമ്മര്‍ബാഫഖിതങ്ങളും ആന്റണിയും മാണിയുമായിരുന്നു സംഘത്തില്‍ . അവര്‍പോയി കാര്യമായൊന്നും കിട്ടാതെ തിരിച്ചെത്തി. കുറച്ച് അരിയും ഗോതമ്പുമാണ് കിട്ടിയത്. ആ ഡല്‍ഹിയാത്രയുടെ പരിസരം ഭാവനയിലുണ്ടാക്കി ഒരു കഥ രൂപപ്പെടുത്തി. അതാണ് "ഡല്‍ഹി ദൗത്യം". കഥ പാലോളിയെ കാണിച്ച് ശരിയാക്കിയെടുത്തു. "ഡല്‍ഹി ദൗത്യം" ആദ്യം അവതരിപ്പിച്ചത് ലീഗിന്റെ കോട്ടയായ വേങ്ങരയിലെ പൊതുയോഗത്തിലായിരുന്നു. അത് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസുകാരന്‍ ചായ വാങ്ങിത്തന്നത് മറക്കില്ല. പിന്നെ ഇ എം എസ് പങ്കെടുക്കുന്ന തിരൂരിലെ വേദിയിലും ബാപ്പുവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി കഥ അവതരിപ്പിച്ച് കൈയടിനേടി. അതോടെ അറിയപ്പെടുന്ന കലാകാരനായി. അടിയന്തരാവസ്ഥയെ കളിയാക്കുന്ന "ഫോറിന്‍" ഉള്‍പ്പെടെ കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് അവതരിപ്പിച്ച "എല്ലാം കണക്കല്ല" വരെ 45ഓളം കഥകള്‍ , കേരളത്തിലങ്ങോളമിങ്ങോളം എണ്ണിയാലൊടുങ്ങാത്ത വേദികള്‍ ...കഥാപ്രസംഗകാരനായത് എന്റെ യോഗ്യതകൊണ്ടല്ല; ജനങ്ങള്‍ക്കിഷ്ടപ്പെട്ട കഥകള്‍ പറഞ്ഞതുകൊണ്ടാണ്. ചിരിപ്പിക്കുന്ന കഥകള്‍ പറയുമ്പോഴും കണ്ണുനിറയുന്ന ഓര്‍മകളേറെ. അധ്യാപകനാകണമെന്നായിരുന്നു ആഗ്രഹം. അത് സഫലമായില്ലെങ്കിലും ഞാനിന്ന് തൃപ്തനാണ്. ആ കാലത്ത് ജീവിതത്തിന്റെ നല്ലഭാഗം ചെലവഴിക്കാനായതില്‍ . നാടിനുവേണ്ടി പോരാടിയ ചിലരുടെ ഓര്‍മയില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ ...
(തയ്യാറാക്കിയത് ബിജു കാര്‍ത്തിക്)

deshabhimani 200811

1 comment:

  1. അടിയന്തരാവസ്ഥക്കാലം- പൊലീസുകാരെ ഭയന്നായിരുന്നു അന്നത്തെ രാത്രിസഞ്ചാരം. ഇരുളിന്റെ മറവില്‍ "അടിയന്തരാവസ്ഥ അറബിക്കടലില്‍" എന്നെഴുതിയ പോസ്റ്റര്‍ നാടുനീളെ ഒട്ടിച്ചുനടന്നു. ജനകീയനായ കലാകാരനായതുകൊണ്ടാവാം പൊലീസൊരിക്കലും എന്നെ സംശയിച്ചില്ല. "ഫോറിന്‍" എന്ന കഥ അവതരിപ്പിച്ച് നാടുതോറും അലഞ്ഞകാലം. ലീഗുകാര്‍ക്കും ഇഷ്ടമായിരുന്നു ആ കഥ. അവര്‍ക്കെതിരായിരുന്നു ഇതിവൃത്തമെന്നറിയാതെയാണ് ലീഗുകാര്‍ "ഫോറിനെ" സ്വീകരിച്ചത്. പിന്നീട് അക്കിടി ലീഗ് പ്രവര്‍ത്തകര്‍ മനസ്സിലാക്കിയെങ്കിലും "ഫോറിന്‍" ഏറെ വേദികളില്‍ അവതരിപ്പിച്ചിരുന്നു. നിറഞ്ഞമനസ്സോടെ ജനം അത് നെഞ്ചേറ്റി. അക്കാലത്തുതന്നെ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗത്വവും കിട്ടി. കഥയുമായി ഊരുചുറ്റുന്നതിനിടെ നാട്ടുകാരനായ വെന്നിയൂര്‍ കുഞ്ഞാലനാണ് കൃഷ്ണന്‍കുട്ടിയെന്ന പേരിന്റെ കൂടെ തൃക്കുളം ചേര്‍ത്ത് ആദ്യം വിളിച്ചത്.

    ReplyDelete