സാമ്പത്തികരംഗത്ത് അമേരിക്കയിലുണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ ആ രാജ്യത്തിന്റെ സമ്പദ്ഘടനയുടെ മാത്രമല്ല, ആഗോളമുതലാളിത്ത വ്യവസ്ഥയുടെതന്നെ പ്രതിസന്ധിയെയാണ് സൂചിപ്പിക്കുന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കും കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ സോഷ്യലിസത്തിന്റെ ശക്തികള്‍ക്കേറ്റ തിരിച്ചടിക്കും ശേഷം, "ഇനി മുതലാളിത്തം, മുതലാളിത്തംമാത്രം" എന്ന മുദ്രാവാക്യം ആഗോളാടിസ്ഥാനത്തില്‍ അഹങ്കാരപൂര്‍വം ഉയര്‍ത്തിയിരുന്ന അമേരിക്കയാണ്, പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധിയിലേക്ക് തുടര്‍ച്ചയായി മുതലക്കൂപ്പുകുത്തുന്നത്. മുതലാളിത്തമല്ല പ്രശ്നപരിഹാരമാര്‍ഗമെന്ന് അമേരിക്കതന്നെ വീണ്ടും വീണ്ടും തെളിയിക്കുകയാണ്; 2008ല്‍ സാമ്പത്തികമാന്ദ്യത്തിലൂടെ, 2011ല്‍ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ എന്ന സ്ഥാപനത്തിന്റെ പ്രഖ്യാപനത്തിലൂടെ.
അമേരിക്കയുടെ പുറമെയുള്ള വര്‍ണപ്പൊലിമയ്ക്കപ്പുറത്തുള്ള അതിരൂക്ഷമായ തൊഴിലില്ലായ്മ, അമിത കടഭാരം, അന്താരാഷ്ട്രതലത്തില്‍ റെക്കോഡ് സൃഷ്ടിച്ചുനില്‍ക്കുന്ന വ്യാപാരകമ്മി തുടങ്ങിയ ആപല്‍സൂചനകളടങ്ങിയ യഥാര്‍ഥ സാമ്പത്തികസ്ഥിതി സാധാരണ അവസ്ഥകളില്‍ വേണ്ടത്ര വിലയിരുത്തപ്പെടാറില്ല. അതുകൊണ്ടുതന്നെ പുറമെ കാണുന്ന തിളക്കം മുന്‍നിര്‍ത്തി, അമേരിക്കയുടേത് സുശക്തമായ സാമ്പത്തികസ്ഥിതിയാണെന്ന് വിലയിരുത്തിപ്പോരുകയാണ് പൊതുവെ, മുതലാളിത്തപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞര്‍ ചെയ്യുന്നത്. അതിന്റെ പൊള്ളത്തരം ലോകത്തിനാകെ ബോധ്യപ്പെടുന്ന തരത്തിലാണ് 2008ല്‍ സാമ്പത്തികമാന്ദ്യം പ്രത്യക്ഷപ്പെട്ടത്. രണ്ടരവര്‍ഷത്തിനിടയിലിതാ, അടുത്ത ആഘാതം. പ്രധാനപ്പെട്ട മൂന്ന് ക്രെഡിറ്റ് റേറ്റിങ് (വായ്പാനിരക്ക് അവലോകന) സ്ഥാപനങ്ങളിലൊന്നായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ അമേരിക്കയെ ട്രിപ്പിള്‍ എ എന്ന നിലവാരത്തില്‍നിന്ന് ഡബിള്‍ എ പ്ലസ് എന്ന നിലവാരത്തിലേക്ക് താഴ്ത്തിയിരിക്കുന്നു. സാമ്പത്തിക-വ്യാവസായികനിക്ഷേപങ്ങള്‍ നടത്താന്‍ പറ്റിയവിധം സാമ്പത്തിക സുരക്ഷയുള്ള സമ്പദ്ഘടനയല്ല അമേരിക്കയിലേത് എന്നതിന്റെ വിളംബരമാണിത്. അതിരൂക്ഷമായ വായ്പാപ്രതിസന്ധിയും കടബാധ്യതയും നേരിടുകയാണ് അമേരിക്കന്‍ സമ്പദ്ഘടന എന്നാണിതിന്റെ അര്‍ഥം. ഒന്നാംനിര വ്യാപാരകമ്മി രാജ്യമായ അമേരിക്കയ്ക്ക് താങ്ങാനാവുന്നതിനപ്പുറമാണിത്. ലോകസാമ്പത്തികരംഗത്ത് അമേരിക്കയുടെ അന്തസ്സും വിശ്വാസ്യതയും ഇടിയുകയാണ് എന്നു ചുരുക്കം.
1917 മുതലിങ്ങോട്ട് എന്നും അനുഭവിച്ചുപോന്നിരുന്ന ഒരു സാമ്പത്തികപദവിയാണ് ട്രിപ്പിള്‍ എയില്‍നിന്ന് ഡബിള്‍ എ പ്ലസിലേക്കുള്ള പതനത്തിലൂടെ അമേരിക്കയ്ക്ക് നഷ്ടപ്പെടുന്നത്. അടുത്ത ഘട്ടത്തില്‍ പ്ലസ് കൂടി നഷ്ടപ്പെട്ട് "ഡബിള്‍ എ" നിലവാരത്തിലേക്ക് വീണ്ടും താഴുമെന്നതിന്റെ സൂചനകൂടി സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവറിന്റെ നിലപാടിലുണ്ട്. അമേരിക്കയുടെ അതിരൂക്ഷമായ കടഭാരം അതിനെ സ്ഥിരീകരിക്കുന്നുമുണ്ട്. ആകെയുള്ള ദേശീയ വരുമാനത്തിന്റെ 72.9 ശതമാനവും കടമാണെന്ന അവസ്ഥയും വായ്പാപരിധി 2.1 ലക്ഷം കോടി ഡോളര്‍ വര്‍ധിപ്പിക്കാനായി ഒബാമ ഭരണം കൊണ്ടുവന്ന നിയമഭേദഗതിയുമെല്ലാം അമേരിക്കയുടെ കൂടുതല്‍ വഷളാകുന്ന സാമ്പത്തികനിലയ്ക്കുള്ള തെളിവുകള്‍ ലോകസമക്ഷം സംശയാതീതമാംവിധം ഹാജരാക്കുന്നുണ്ട്.
2008ലെ സാമ്പത്തികമാന്ദ്യത്തിന്റെ ആഘാതത്തില്‍നിന്ന് മോചനം നേടാനുള്ള ശ്രമങ്ങള്‍ ഒരുവഴിക്ക് നടത്തുന്ന ഘട്ടത്തിലാണ് മറ്റൊരുവഴിക്ക് അമേരിക്കയ്ക്ക്ഈ ആഘാതംകൂടി ഏല്‍ക്കുന്നത്. 14,57,000 കോടി ഡോളറിന്റെ കടഭാരം, മറ്റൊരു രാജ്യത്തിനുമില്ലാത്ത ഉയര്‍ന്ന വ്യാപാരകമ്മി തുടങ്ങിയ പ്രതികൂല ഘടകങ്ങളെല്ലാം നിലനില്‍ക്കുമ്പോഴാണ് മൂന്ന് ട്രില്യണ്‍ ഡോളറിലേറെ ചെലവുചെയ്ത് അമേരിക്ക ഇറാഖിനെ പാഠംപഠിപ്പിക്കാന്‍ പോയത്. അഫ്ഗാനിസ്ഥാനടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും സൈനികനീക്കം നടത്തിയത്. ഇവിടങ്ങളില്‍നിന്നൊന്നും പ്രതീക്ഷിച്ചപോലെ കൊള്ളയടിച്ചുകൊണ്ടുവന്ന് ഖജനാവ് വീര്‍പ്പിക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചതുമില്ല. ഇറാഖിലും അഫ്ഗാനിസ്ഥാനിലുമൊക്കെ പാവസര്‍ക്കാരുകളെ വാഴിക്കാന്‍ കഴിഞ്ഞുവെങ്കിലും എണ്ണയടക്കമുള്ള വിഭവങ്ങള്‍ കൊള്ളയടിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ അതതിടങ്ങളിലെ രാജ്യങ്ങളുടെ സമരോത്സുകമായ ജാഗ്രതമൂലം പൊളിഞ്ഞു. യുദ്ധങ്ങള്‍ അര്‍ഥരഹിതമായ സാഹസങ്ങളായി. ഇത്തരം ആലോചനാരഹിത രാഷ്ട്രീയ സാഹസങ്ങള്‍ക്ക് പിഴയൊടുക്കിയതിന്റെകൂടി ഫലമാണ് അമേരിക്കയുടെ ഇന്നത്തെ അവസ്ഥയെന്നു കാണാന്‍ വിഷമമില്ല. വിദേശരാജ്യങ്ങളില്‍നിന്നുള്ള കടമെടുപ്പിന്റെ പുറത്തു കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരമാണ് അമേരിക്കന്‍ സമ്പദ്ഘടന എന്നു വന്നിരിക്കുകയാണിന്ന്.
അമേരിക്കയിലെ സംഭവവികാസത്തില്‍ ചൈന ആശങ്ക പ്രകടിപ്പിച്ചുകഴിഞ്ഞു. അമേരിക്കന്‍ ട്രഷറി ബോണ്ടുകളില്‍ 1,20,000 കോടി ഡോളറിന്റെ നിക്ഷേപമുള്ള ചൈന തകരുന്ന സാമ്പത്തിക വിശ്വാസ്യതമാത്രം കൈമുതലായുള്ള അമേരിക്കയുമായി ആ രംഗത്ത് എത്രനാള്‍ സഹകരിച്ചു തുടരുമെന്നതു കണ്ടറിയണം. ചൈന മാത്രമല്ല, പല ലോകരാജ്യങ്ങളും ആശങ്ക പങ്കിടുന്നുണ്ട്. ആ രാഷ്ട്രങ്ങളുടെ ഡോളര്‍ ആസ്തികള്‍ക്ക് സംരക്ഷണം നല്‍കാനുള്ള കരുത്ത് അമേരിക്കയുടെ സാമ്പത്തികനിലയ്ക്ക് ഇപ്പോഴില്ല. ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായത പ്രകടിപ്പിക്കാനേ ഫെഡറല്‍ റിസര്‍വിന് കഴിയുന്നുള്ളൂവെന്നത് ശ്രദ്ധിക്കുക. അങ്ങനെ വരുമ്പോള്‍ ഇപ്പോഴത്തെ ആശങ്കാപ്രകടനങ്ങള്‍ പ്രായോഗിക നടപടികള്‍ക്ക് വഴിമാറും. അതാകട്ടെ, അമേരിക്കയ്ക്ക് പുതിയ ആഘാതങ്ങളാവും. ധനകമ്മി കുറയ്ക്കാന്‍ പരിമിതമായ മാര്‍ഗങ്ങളേ അമേരിക്കയ്ക്കു മുമ്പിലുള്ളൂ. പ്രതിരോധച്ചെലവ്, പലിശയടവ് തുടങ്ങിയവയില്‍ കുറവുവരുത്താന്‍ അവര്‍ക്ക് സാധിക്കില്ല. ചെയ്യാവുന്നത് സാമൂഹ്യ സുരക്ഷാനടപടികളില്‍ അവശേഷിക്കുന്നതെന്തെങ്കിലുമുണ്ടെങ്കില്‍ അവകൂടി ഉപേക്ഷിക്കുക എന്നതാണ്. ഡെമോക്രാറ്റിക് - റിപ്പബ്ലിക്കന്‍ പാര്‍ടികള്‍ തമ്മിലുള്ള രാഷ്ട്രീയപ്പോര് മുറുകിനില്‍ക്കുന്ന ഈ വേളയില്‍ , അതും അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒന്നേകാല്‍കൊല്ലം മാത്രം ബാക്കിനില്‍ക്കുന്ന വേളയില്‍ ആ വഴിക്കുപോവാനും അമേരിക്കയ്ക്ക് ബുദ്ധിമുട്ടാകും. അങ്ങനെ നോക്കുമ്പോള്‍ , പോംവഴികളൊന്നും അമേരിക്കയുടെ മുമ്പിലില്ല എന്നുപറയേണ്ടിവരും.
ഇന്ത്യയിലിത് ഏതുവിധത്തിലുള്ള പ്രതിഫലനമുണ്ടാക്കുമെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. അമേരിക്കയുടെ വിദേശവായ്പാ ദാതാക്കളില്‍ പതിനാലാം സ്ഥാനം ഇന്ത്യയ്ക്കുണ്ട്. 4100 കോടി ഡോളര്‍ ആണ് ഇന്ത്യയുടെ യുഎസ് നിക്ഷേപം. അമേരിക്കന്‍ കടപ്പത്രങ്ങളില്‍തന്നെ, 15 ലക്ഷം കോടി ഡോളര്‍ ഇന്ത്യന്‍ നിക്ഷേപമുണ്ട്. വായ്പാക്ഷമതയില്ലാത്ത രാജ്യത്തെ ഈ നിക്ഷേപത്തെക്കുറിച്ച് ഇന്ത്യയ്ക്ക് ഉല്‍ക്കണ്ഠയുണ്ടാവേണ്ടതുണ്ട്. പരിഭ്രാന്തരാകേണ്ട സ്ഥിതിയില്ല എന്ന ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ നിലപാട് വിചിത്രമാണ്. 60 ബില്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ ഐടി വ്യവസായത്തില്‍ എന്ത് പ്രത്യാഘാതമുണ്ടാക്കും, ഡോളറിന്റെ മൂല്യത്തകര്‍ച്ച ഇന്ത്യന്‍ കയറ്റുമതിയെ എങ്ങനെ ബാധിക്കും എന്നൊക്കെയുള്ള കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തേണ്ട ഘട്ടമാണിത്.
deshabhimani editorial 090811
No comments:
Post a Comment