മനുഷ്യനും ജീവജാലങ്ങള്‍ക്കും ആവാസ വ്യവസ്ഥയ്ക്കും അത്യന്തം വിനാശകരമെന്ന് അനുഭവങ്ങളിലൂടെ കേരള-കര്‍ണാടക ജനതകള്‍ക്കു ബോധ്യപ്പെട്ട എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ കേന്ദ്ര യു പി എ സര്‍ക്കാരും കോണ്‍ഗ്രസും കൈക്കൊണ്ടിട്ടുള്ള നിഷേധാത്മകവും ജനവിരുദ്ധവുമായ നിലപാട് ആവര്‍ത്തിച്ചു തുറന്നു കാട്ടപ്പെട്ടിരിക്കുന്നു. അപകടകാരികളായ നൈരന്തര്യ ജൈവികമലിനീകരണ ശേഷിയുള്ള രാസകീടനാശിനികളുടെ നിരോധന പ്രക്രിയ അവലോകനം ചെയ്യാന്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസം സ്റ്റോക്‌ഹോമില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാട് ലോകമെങ്ങുമുള്ള മനുഷ്യസ്‌നേഹികളെ നിരാശരാക്കിയതില്‍ അദ്ഭുതമില്ല. ആ നിഷേധാത്മക നിലപാടിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ സുപ്രിംകോടതിയില്‍ അരങ്ങേറുന്നത്.
ലോക രാഷ്ട്ര സമൂഹത്തില്‍ ഇന്ത്യയുടെ പ്രതിഛായയ്ക്കു മങ്ങലേല്‍പിക്കുന്ന നിലപാടുകളുടെ സമീപകാല പരമ്പരയിലെ അവസാന കണ്ണികളില്‍ ഒന്നു മാത്രമായിരുന്നു സ്റ്റോക്‌ഹോം. ആഗോളീകരണ നയങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയം, നയതന്ത്രം, സാമ്പത്തികം, സൈനികം, പാരിസ്ഥിതികം എന്നീ മേഖലകളിലാകെ നമ്മുടെ നിലപാടുകള്‍ ജനവിരുദ്ധ ദിശയിലേക്ക് മാറിക്കഴിഞ്ഞു. ഇന്ത്യ ഉയര്‍ത്തിപ്പിടിച്ചിരുന്ന തത്വാധിഷ്ടിത ജനപക്ഷ നിലപാടുകള്‍ പൂര്‍ണമായും കയ്യൊഴിഞ്ഞു. അതുകൊണ്ടുതന്നെയാണ് എന്‍ഡോസള്‍ഫാന്‍ പോലെ വിപത്കരമായ കീടനാശിനികളെപ്പോലും ഉദാരവല്‍കരണകാലത്തെ മറ്റു പല ജനവിരുദ്ധ നിലപാടുകളെയുംപോലെ 'അനിവാര്യ തിന്മ'യെന്ന ലാഘവബുദ്ധിയോടെ നോക്കിക്കാണാനും ന്യായീകരിക്കാനും ഭരണവൃത്തങ്ങള്‍ക്കു കഴിയുന്നത്.
എന്‍ഡോസള്‍ഫാന്‍ നിരോധനത്തിലേക്ക് നീങ്ങാന്‍ ലഭ്യമായിട്ടുള്ള ഒരു പതിറ്റാണ്ടു കാലം അത് ഇതര രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാനാണ് കീടനാശിനി ഉല്‍പാദകരും അധികാരി വൃന്ദവും ശ്രമിക്കുന്നത്. അത് കറകളഞ്ഞ കോളനി മനോഭാവമാണ്. സ്വന്തം രാജ്യത്ത് പുതുതായി ഒരൊറ്റ ആണവ വൈദ്യുതി നിലയം പോലും പതിറ്റാണ്ടായി സ്ഥാപിക്കാത്ത അമേരിക്ക അവരുടെ അപകടംനിറഞ്ഞ, അപകടരഹിതമെന്ന് തെളിയിക്കപ്പെടാത്ത, ആണവസാങ്കേതിക വിദ്യ ഇന്ത്യയുടെമേല്‍ കെട്ടി ഏല്‍പിക്കാന്‍ ശ്രമിക്കുന്നതുപോലെ തന്നെയുള്ള സാമ്രാജ്യത്വ സമീപനമാണ് എന്‍ഡോസള്‍ഫാന്‍ കയറ്റുമതിക്കാര്യത്തില്‍ ഇന്ത്യാ ഗവണ്‍മന്റ് സ്വീകരിക്കുന്നത്. അഹിംസയുടെയും സഹനത്തിന്റെയും പ്രകൃതിസ്‌നേഹത്തിന്റെയും പ്രതിരൂപമായിരുന്ന മഹാത്മജിയുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്നവര്‍ തന്നെ അതിനു ഒത്താശ ചെയ്യുന്ന വിരോധാഭാസമാണ് ഇവിടെ അരങ്ങേറുന്നത്.
എണ്‍പതിലേറെ ലോക രാഷ്ട്രങ്ങള്‍ ഇതിനോടകം നിരോധിച്ച എന്‍ഡോസള്‍ഫാന്‍ ഉപേക്ഷിക്കാന്‍ ഇന്ത്യക്ക് ഇനിയും ശാസ്ത്രീയ പഠനം ആവശ്യമത്രെ! ഈ മാരക കീടനാശിനി സംബന്ധിച്ച് ഇതിനകം ആയിരത്തി അഞ്ഞൂറിലധികം പഠനങ്ങള്‍ നടന്നുകഴിഞ്ഞു. അവയില്‍ പലതും ഉത്തരവാദിത്വപ്പെട്ട കേന്ദ്ര ഏജന്‍സികളാണ് നടത്തിയത്. സുപ്രിംകോടതി നിയോഗിച്ച സംയുക്ത പഠനസംഘത്തിലുള്‍പ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐ സി എം ആര്‍) തന്നെ മൂന്നു പഠനങ്ങള്‍ നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ തൈറോയിഡ് ഗ്രന്ഥികളെ പ്രതികൂലമായി ബാധിക്കുമെന്നും പുരുഷ വന്ധ്യതയടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുമെന്നും ഐ സി എം ആര്‍ പഠനങ്ങള്‍ കണ്ടെത്തി സാക്ഷ്യപ്പെടുത്തിയിരുന്നു. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം കാസര്‍കോടിന്റെയും കര്‍ണാടകയുടെയും മാത്രമല്ലെന്നും ഐ സി എം ആര്‍ പഠനം തെളിയിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ജബല്‍പൂരില്‍ കുട്ടികളില്‍ പടര്‍ന്നുപിടിച്ച അപസ്മാര ബാധയെപ്പറ്റി 2004 ല്‍ കൗണ്‍സില്‍ നടത്തിയ പഠനം രോഗത്തിന്റെ ഉറവിടം എന്‍ഡോസള്‍ഫാന്‍ കലര്‍ന്ന ഗോതമ്പിലാണെന്നു കണ്ടെത്തിയിരുന്നു. ഐ സി എം ആറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒക്യുപേഷണല്‍ ഹെല്‍ത്ത് (എന്‍ ഐ ഒ എച്ച്) കാസര്‍കോട്ട് നടത്തിയ പഠനം ഈ കീടനാശിനി കുട്ടികളില്‍ ജനിതക വൈകല്യം, വൈരൂപ്യം, ലൈംഗിക പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് തെളിയിച്ചിട്ടുണ്ട്. 1979 ല്‍ ഇസ്രയേലിലെ ഷാള്‍വറ്റ സൈക്യാട്രിക് സെന്റര്‍ നടത്തിയ പഠനം എന്‍ഡോസള്‍ഫാന്‍ നാഡിവ്യൂഹങ്ങളെ മാരകമായി ബാധിക്കുമെന്നു തെളിയിച്ചിട്ടുണ്ട്. ഇസ്രയേല്‍ ആരാധകരായി പരിവര്‍ത്തനം ചെയ്ത അഭിനവ കോണ്‍ഗ്രസുകാര്‍ ഇതെങ്കിലും കണ്ടില്ലെന്നു നടിക്കുന്നത് അദ്ഭുതകരം തന്നെ.
എന്‍ഡോസള്‍ഫാന്‍ നിരോധനം പിന്‍വലിപ്പിക്കുന്നതിന് കീടനാശിനി ലോബിക്കുവേണ്ടി സുപ്രിംകോടതിയില്‍ ഹാജരായത് കോണ്‍ഗ്രസ് വക്താവ് മനു സിംഗ്‌വിയാണെന്നത് ആരേയും അദ്ഭുതപ്പെടുത്തില്ല. ലോട്ടറി കേസില്‍ സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി ലജ്ജയേതും കൂടാതെ കേരള ഹൈക്കോടതിയില്‍ ഹാജരാകുകവഴി കോണ്‍ഗ്രസിന്റെ മുഖംമൂടി ചീന്തിയ മാന്യനാണല്ലൊ അദ്ദേഹം. അല്ലെങ്കില്‍ എന്തിന്, ചിദംബരവും നളിനി ചിദംബരവും ഉയര്‍ത്തി പിടിച്ച ദീപശിഖ കയ്യേല്‍ക്കുകയില്‍ കവിഞ്ഞ പാതകമൊന്നും സിംഗ്‌വി ചെയ്തിട്ടില്ലല്ലോ.
ലോട്ടറി, ഖനി, കീടനാശിനി, റിയല്‍ എസ്റ്റേറ്റ്, സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അഴിമതികളില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്ത വിധം ഇഴുകിച്ചേര്‍ന്നതായി കോണ്‍ഗ്രസ് രാഷ്ട്രീയവും അതിന്റെ നയപരിപാടികളും. അതൊട്ടൊക്കെ പുറത്തുവന്നാലും ജാള്യത ഏതും കൂടാതെ അവയെല്ലാം ന്യായീകരിക്കാനും വെള്ളപൂശാനും കഴിയുന്ന തൊലിക്കട്ടിയും മെയ്‌വഴക്കവും അവര്‍ സ്വന്തമാക്കിയിരിക്കുന്നു. കേരളത്തിനും കര്‍ണാടകത്തിനും പുറമെ അറിയപ്പെടാത്ത മറ്റനേകം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കും ഇനിയും അതിനിരയാവാന്‍ വിധിക്കപ്പെട്ടവര്‍ക്കും പോരാട്ടത്തിന്റെ കനല്‍ വഴികള്‍ തന്നെ കരണീയം എന്നാണ് സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.
janayugom editorial 070811
മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്റെ ഉപയോഗം തമിഴ്നാട്ടില്‍ നിരോധിച്ചതായി കൃഷിമന്ത്രി കെ എ ശെങ്കോട്ടയ്യന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ സംഭരിക്കുന്നതും വില്‍ക്കുന്നതും പൂര്‍ണമായും നിരോധിച്ച് ഉത്തരവുപുറപ്പെടുവിച്ചതായി അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. സിപിഐ എം അംഗം കെ ബാലകൃഷ്ണന്റെ ചോദ്യത്തോട് പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നേരത്തെ നിരോധിച്ചകാര്യം അദ്ദേഹം എടുത്തുപറഞ്ഞു. വഴുതനയുടെ ജനിതകമാറ്റം സംബന്ധിച്ച എല്ലാ പരീക്ഷണങ്ങളും തടഞ്ഞതായും മന്ത്രി പറഞ്ഞു. കൃഷിവകുപ്പിന് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന് ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കര്‍ഷകരെ സഹായിക്കുന്നതില്‍ ഗവേഷണസ്ഥാനങ്ങള്‍ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു. മാരകവിഷമായ എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍ നിരോധിച്ചിരുന്നെങ്കിലും ഇതുവേണ്ടത്ര ഫലം കണ്ടിരുന്നില്ല. കേരളത്തിലെ പലയിടങ്ങളിലേക്കും ത്മിഴ്നാട്ടില്‍നിന്ന് അനധികൃതമായി എന്‍ഡോസള്‍ഫാന്‍ എത്തിയിരുന്നു. കേരളത്തിലേക്ക് എറ്റവും കൂടുതല്‍ പഴങ്ങളും പച്ചക്കറികളും എത്തിയിരുന്ന തമിഴ്നാട്ടില്‍ എല്ലാ വിളകളിലും എന്‍ഡോസള്‍ഫാന്റെ ഉപയോഗം വളരെ കൂടുതലുമായിരുന്നു. തമിഴ്നാടുകൂടി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് കേരളത്തിന് ഏറെ ഗുണംചെയ്യും.
ReplyDelete