Thursday, August 18, 2011

മെഡി. മാനേജ്മെന്റുകളുടെ പ്രവേശനപരീക്ഷ റദ്ദാക്കി

സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ നടത്തിയ പ്രവേശനപരീക്ഷ നിയമവിരുദ്ധമാണെന്നു കണ്ടെത്തി ഹൈക്കോടതി റദ്ദാക്കി. മാനേജ്മെന്റ് സീറ്റുകളില്‍ പൊതുപ്രവേശന പരീക്ഷാ കമീഷണറുടെ റാങ്ക് ലിസ്റ്റില്‍നിന്ന് മെറിറ്റ് മാനദണ്ഡമാക്കി പ്രവേശനം നടത്താനും ജസ്റ്റിസ് ആന്റണി ഡൊമനിക് ഉത്തരവിട്ടു. ജൂലൈ 14ന് കോഴിക്കോട്ടു നടത്തിയ പരീക്ഷയാണ് റദ്ദാക്കിയത്. മാനേജ്മെന്റ് ക്വോട്ടയിലെ സീറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. സ്വന്തംനിലയില്‍ പ്രവേശനം നടത്താന്‍ അനുവദിക്കണമെന്ന കാരക്കോണം സിഎസ്ഐ കോളേജ് മാനേജ്മെന്റിന്റെ ആവശ്യം കോടതി തള്ളി. കോഴിക്കോട് സ്വദേശി ആമിന നെഹ്ന സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് കോടതി നടപടി.

കോടതി ഉത്തരവുകള്‍ ലംഘിച്ചു

കോടതി ഉത്തരവുകളുടെ ബോധപൂര്‍വമായ ലംഘനമാണ് സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ഇവരുടെ പ്രവേശനപരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി. അതിനാല്‍ അഞ്ചുലക്ഷം രൂപ കോടതിച്ചെലവായി നല്‍കാനും ഉത്തരവിട്ടു. അസോസിയേഷന് പരീക്ഷ നടത്താന്‍ അവസരമൊരുക്കിയ മുഹമ്മദ് കമ്മിറ്റിയെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.

മാനേജ്മെന്റ് അസോസിയേഷന്റെ പ്രവേശനപരീക്ഷ നിയമവിരുദ്ധമാണെന്ന മൂന്നാമത്തെ വിധിയാണ് ഇത്. തുടര്‍ച്ചയായ ലംഘനങ്ങളും അസോസിയേഷന്റെ നിലപാടും കനത്ത കോടതിച്ചെലവ് ചുമത്താന്‍ മതിയായ കാരണമാണ്. അതിനാല്‍ അഞ്ചുലക്ഷം രൂപ ഹൈക്കോടതിയിലെ ലീഗല്‍ സര്‍വീസ് കമ്മിറ്റിക്ക് നല്‍കണം. സര്‍ക്കാരും മുഹമ്മദ് കമ്മിറ്റിയും പ്രവേശനപരീക്ഷയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചതിനാല്‍ പൊതുജനതാല്‍പ്പര്യത്തിനു പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് കോടതിച്ചെലവ് നല്‍കാന്‍ നിര്‍ദേശിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. ഒരുമാസത്തിനകം തുക നല്‍കിയില്ലെങ്കില്‍ കലക്ടര്‍ മുഖേന റവന്യൂ റിക്കവറിക്ക് നടപടി വേണമെന്നും നിര്‍ദേശിച്ചു. പ്രവേശനപരീക്ഷ നിയമവിരുദ്ധമാണെന്നാരോപിച്ച് ഹര്‍ജി നല്‍കിയ പ്രവേശനാര്‍ഥിയായ കോഴിക്കോട് സ്വദേശി ആമിന നെഹ്നയ്ക്ക് അസോസിയേഷന്‍ കാല്‍ലക്ഷം രൂപ കോടതിച്ചെലവ് നല്‍കണമെന്നും നിര്‍ദേശിച്ചു.

സ്വന്തം നിര്‍ദേശം നടപ്പാക്കുന്നെന്ന് ഉറപ്പുവരുത്താനും നിയമപരമായ അധികാരം വിനിയോഗിക്കാനും മുഹമ്മദ് കമ്മിറ്റി ശ്രമിച്ചില്ല. മറിച്ച് അസോസിയേഷന്റെ താളത്തിനു തുള്ളി. അസോസിയേഷന്റെ എല്ലാ നടപടിക്കും മൂകസാക്ഷിയാകുക വഴി കമ്മിറ്റി ആയിരക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാക്കിയെന്നും കോടതി കുറ്റപ്പെടുത്തി. പ്രവേശനപരീക്ഷ എഴുതിയ വിദ്യാര്‍ഥികളെ കക്ഷിചേര്‍ക്കാതെയുള്ള ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന അസോസിയേഷന്റെ വാദം കോടതി തള്ളി. ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകളുടെ ലംഘനമെന്ന നിലയില്‍ അസോസിയേഷന്റെ പ്രവേശനപരീക്ഷയുടെ നടപടിക്രമങ്ങളാണ് കോടതിയില്‍ ചോദ്യംചെയ്തതെന്നും പരീക്ഷയെഴുതിയ രണ്ടുപേര്‍ കക്ഷിചേര്‍ന്നിട്ടുണ്ടെന്നും കോടതി പറഞ്ഞു. പ്രവേശനപരീക്ഷ സംബന്ധിച്ച് പരാതിയുള്ളവര്‍ മുഹമ്മദ് കമ്മിറ്റിയെയാണ് സമീപിക്കേണ്ടതെന്നും കോടതിയെ അല്ലെന്നുമുള്ള അസോസിയേഷന്റെ വാദവും തള്ളി. രാജ്യത്ത് ഭരണഘടന നിലനില്‍ക്കുന്നിടത്തോളം കോടതിയുടെ അധികാരം ചോദ്യംചെയ്യാനാകില്ല. സ്വന്തംനിലയില്‍ നടത്തിയ പ്രവേശനനടപടി പൂര്‍ത്തിയാക്കാന്‍ അസോസിയേഷന് മുഹമ്മദ് കമ്മിറ്റി അവസരമൊരുക്കിയതുപോലെ കോടതിക്ക് കൈയുംകെട്ടി നോക്കിനില്‍ക്കാനാകില്ലെന്നും വിധിന്യായത്തില്‍ പറയുന്നു. പരീക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടപ്പോള്‍ മേല്‍നോട്ടം വഹിക്കേണ്ടതുണ്ടോയെന്ന വിശദീകരണം ചോദിക്കലാണ് മുഹമ്മദ് കമ്മിറ്റി നടത്തിയത്. കമ്മിറ്റിയില്‍ നിക്ഷിപ്തമായ ഉത്തരവാദിത്തം കളഞ്ഞുകുളിക്കലാണ് ഇതെന്നും കോടതി പറഞ്ഞു.

സര്‍ക്കാരിന്റേത് നാണംകെട്ട നിലപാട്: ഹൈക്കോടതി

സ്വാശ്രയ മെഡിക്കല്‍ പ്രവേശന കേസില്‍ സര്‍ക്കാര്‍നിലപാട് അപലപനീയവും നാണംകെട്ടതുമാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. മാനേജ്മെന്റ് അസോസിയേഷന്റെ പ്രവേശനപരീക്ഷ നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നത് ആര്‍ക്കും ഗുണംചെയ്യില്ലെന്ന സര്‍ക്കാര്‍നിലപാട് സ്വാശ്രയനിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ തകര്‍ക്കുന്നതും അസോസിയേഷന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതുമാണെന്ന് ജസ്റ്റിസ് ആന്റണി ഡൊമനിക് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്റെ പ്രവേശനപരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിനിടെയായിരുന്നു യുഡിഎഫ് സര്‍ക്കാരിനെതിരെ കോടതിയുടെ രൂക്ഷവിമര്‍ശം. സര്‍ക്കാര്‍ അവകാശപ്പെടുംപോലെ വിദ്യാര്‍ഥികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനു സഹായകമല്ല സര്‍ക്കാര്‍ നിലപാട്. വൈകിയവേളയിലെങ്കിലും സര്‍ക്കാര്‍ തെറ്റുതിരുത്തുമെന്ന് കോടതി പ്രത്യാശിച്ചു. പ്രവേശനപരീക്ഷാ കമീഷണറുടെ റാങ്ക്ലിസ്റ്റില്‍ നിന്ന് മാനേജ്മെന്റ് സീറ്റുകളിലേക്ക് വിദ്യാര്‍ഥികള്‍ ഉണ്ടെന്നിരിക്കെയാണ്, സീറ്റുകള്‍ ഏറ്റെടുത്ത് മികച്ച വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിനുപകരം മാനേജ്മെന്റിന്റെ പ്രവേശനപരീക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ അനുകൂലിച്ചതെന്നും കോടതി കുറ്റപ്പെടുത്തി. പി എ ഇനാംദാര്‍ കേസിലെ സുപ്രീംകോടതി വിധിപ്രകാരം മാനേജ്മെന്റുകളുടെ പ്രവേശനപരീക്ഷയില്‍ ക്രമക്കേട് ബോധ്യപ്പെട്ടാല്‍ സര്‍ക്കാര്‍ സ്വന്തംനിലയില്‍ പ്രവേശനം നടത്തുകയാണ് വേണ്ടത്. മാനേജ്മെന്റ് അസോസിയേഷന്റെ പ്രവേശനനടപടികള്‍ക്ക് മുന്‍കൂര്‍ അനുമതിയോ മേല്‍നോട്ടമോ വഹിച്ചിരുന്നില്ലെന്ന് മുഹമ്മദ് കമ്മിറ്റി കോടതിയില്‍ കുറ്റസമ്മതം രേഖപ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ സുപ്രീംകോടതിവിധി മാനദണ്ഡമാക്കി പൊതുപ്രവേശന പരീക്ഷാലിസ്റ്റില്‍നിന്ന് പ്രവേശനം നടത്താന്‍ ഉത്തരവിടുകയാണെന്നും കോടതി വ്യക്തമാക്കി.

No comments:

Post a Comment