Thursday, August 18, 2011

ജ. സൗമിത്ര സെന്നിനെതിരായ ഇംപീച്ച്മെന്റ് നടപടി തുടങ്ങി

കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സൗമിത്ര സെന്നിനെതിരായ ഇംപീച്ച്മെന്റ് നടപടിക്ക് രാജ്യസഭയില്‍ തുടക്കമായി. പണം തിരിമറി, കല്‍ക്കത്ത ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കല്‍ എന്നിവയുടെ പേരില്‍ ജസ്റ്റിസ് സെന്നിനെ നീക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം സിപിഐ എം രാജ്യസഭാനേതാവ് സീതാറാം യെച്ചൂരി അവതരിപ്പിച്ചതോടെയാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ രണ്ടാമത്തെ ഇംപീച്ച്മെന്റ് നടപടി തുടങ്ങിയത്. ജസ്റ്റിസ് സെന്നിനെതിരെ മൂന്നംഗ അന്വേഷണസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് സഭ പരിഗണിക്കണമെന്ന പ്രമേയവും യെച്ചൂരി അവതരിപ്പിച്ചു. ഇത്തരമൊരു പ്രമേയം അവതരിപ്പിക്കേണ്ടി വരുന്നതില്‍ താന്‍ ആശങ്കാകുലനാണെന്ന് യെച്ചൂരി പറഞ്ഞു. ജുഡീഷ്യറിക്ക് എതിരായി ഇതിനെ കാണേണ്ടതില്ല. ജുഡീഷ്യറിയുടെ വിശ്വാസ്യത ശക്തിപ്പെടുത്തുന്നതിനാണിത്-യെച്ചൂരി പറഞ്ഞു.

ഇതിനുശേഷംരാജ്യസഭയുടെ കവാടത്തിലെ പ്രത്യേക ബാറില്‍ ജസ്റ്റിസ് സെന്‍ രണ്ടുമണിക്കൂറോളം തന്റെ ഭാഗം വിശദീകരിച്ചു. മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ നടത്തിയ അധികാരദുര്‍വിനിയോഗത്തിന്റെ ഇരയാണ് താനെന്ന് സൗമിത്ര സെന്‍ ആരോപിച്ചു. മുന്‍ ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രിക്ക് അയച്ച കത്താണ് ഇംപീച്ച്മെന്റിന് ആധാരം. ഡിവിഷന്‍ ബെഞ്ച് ഉത്തരവ് തനിക്ക് അനുകൂലമായിട്ടും വിശദമായ അന്വേഷണം വേണമെന്ന നിലപാടാണ് ജസ്റ്റിസ് ബാലകൃഷ്ണന്‍ സ്വീകരിച്ചത്-സെന്‍ പറഞ്ഞു.

തുടര്‍ന്ന് പ്രമേയത്തെ പിന്താങ്ങി പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി സംസാരിച്ചു. വ്യാഴാഴ്ചയും പ്രമേയത്തില്‍ ചര്‍ച്ച തുടരും. തുടര്‍ന്ന് വോട്ടെടുപ്പ് നടക്കും. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലേ പ്രമേയം പാസാകൂ. ജസ്റ്റിസ് ബാലകൃഷ്ണനെതിരെ പ്രത്യക്ഷമായും പരോക്ഷമായും ആരോപണങ്ങള്‍ ഉയര്‍ത്തി പിടിച്ചുനില്‍ക്കാനുള്ള ശ്രമമാണ് ജസ്റ്റിസ് സെന്‍ നടത്തിയത്. പണം തിരിമറി നടത്തിയിട്ടില്ല. ജഡ്ജിയെന്ന നിലയില്‍ തനിക്കെതിരെ ആരോപണമില്ല. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന ഘട്ടത്തില്‍ ഒരുകേസില്‍ റിസീവറായി പ്രവര്‍ത്തിക്കവെയാണ് ആരോപണത്തിന് ഇടയാക്കിയ സംഭവം. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തനിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയെങ്കിലും ഡിവിഷന്‍ ബെഞ്ച് തിരുത്തി. ഈ ഉത്തരവ് മേല്‍ക്കോടതികളൊന്നും തിരുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ തെറ്റുകാരനായി കാണാനാകില്ല. തന്റെ മകള്‍ക്കോ, ഭാര്യയ്ക്കോ, സഹോദരങ്ങള്‍ക്കോ എതിരെയൊന്നും ആരോപണങ്ങളില്ല. ഭൂമികൈയേറ്റ കേസുകളിലൊന്നും താന്‍ കുടുങ്ങിയിട്ടില്ല- ജസ്റ്റിസ് സെന്‍ പറഞ്ഞു.

പണം തിരിമറി നടത്തിയിട്ടില്ലെന്ന ജസ്റ്റിസ് സെന്നിന്റെ വാദത്തില്‍ കഴമ്പില്ലെന്ന് ജെയ്റ്റ്ലി പറഞ്ഞു. സ്റ്റീല്‍ അതോറിറ്റിയും ഷിപ്പിങ്കോര്‍പ്പറേഷനും തമ്മില്‍ ചില ചരക്കുകളുടെ പേരിലുണ്ടായ തര്‍ക്കത്തില്‍ 1984ലാണ് സെന്നിനെ റിസീവറാക്കിയത്. ചരക്കുകളുടെ കണക്കെടുത്ത് കോടതി ഉത്തരവ് പ്രകാരം വില്‍ക്കണമെന്നും പണത്തിന്റെ കാര്യത്തില്‍ ഓരോ ആറുമാസം കൂടുമ്പോഴും റിപ്പോര്‍ട്ട് നല്‍കണമെന്നും പറഞ്ഞിരുന്നു. 2003 ല്‍ ജഡ്ജിയാകുന്നത് വരെ ഒരു റിപ്പോര്‍ട്ട് പോലും സെന്‍ സമര്‍പ്പിച്ചില്ല. മാത്രമല്ല ജഡ്ജിയായപ്പോള്‍ , താന്‍ റിസീവറായ കേസുകളുണ്ടെന്നും ഫണ്ടുകള്‍ അക്കൗണ്ടിലുണ്ടെന്നുമുള്ള വസ്തുത അദേഹം മറച്ചുവെച്ചു. പിന്നീടും തിരിമറികള്‍ നടത്തി-ജയ്റ്റ്ലി പറഞ്ഞു.


ഇംപീച്ച്മെന്റ് പ്രമേയം ജുഡീഷ്യറിയെ ശക്തിപ്പെടുത്താന്‍ : യെച്ചൂരി
ജസ്റ്റിസ് സൗമിത്ര സെന്നിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം ജുഡീഷ്യറിക്ക് എതിരല്ലെന്നും ജുഡീഷ്യറിയുടെ വിശ്വാസ്യത ശക്തിപ്പെടുത്താന്‍ വേണ്ടിയാണെന്നും സിപിഐ എം രാജ്യസഭാകക്ഷി നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യസഭയില്‍ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമേയം അവതരിപ്പിക്കേണ്ടിവരുന്നതില്‍ താന്‍ ആശങ്കാകുലനാണ്. ജുഡീഷ്യറിയുടെ പരമാധികാരം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. ജുഡീഷ്യറിയില്‍ ഏറെ പ്രതീക്ഷയും വിശ്വാസവും ജനങ്ങള്‍ക്കുണ്ട്. വിശ്വാസ്യത ചോദ്യംചെയ്യുന്നില്ല. ഒരു ജഡ്ജിയുടെ തെറ്റായ പ്രവര്‍ത്തനം മാത്രമാണ് ഇവിടെ വിലയിരുത്തുന്നത്.

ഒരു ജഡ്ജി കോടതിയില്‍ മാത്രമല്ല സമൂഹത്തില്‍ എവിടെയും ജഡ്ജിയായിരിക്കണം. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എപ്പോഴും ജുഡീഷ്യറിയുടെ പ്രതിഫലനമാണ്. സെന്നിനെതിരായ ആരോപണം അദ്ദേഹം ജഡ്ജിയാകുന്നതിന് മുമ്പാണെന്നതില്‍ കാര്യമില്ല. ജഡ്ജി എപ്പോഴും സംശയത്തിന് അതീതനായിരിക്കണം. ഇംപീച്ച്മെന്റിന്റെ അഞ്ചാംഘട്ടമാണിപ്പോള്‍ . ചീഫ് ജസ്റ്റിസ് നിയോഗിച്ച മൂന്ന് ജഡ്ജിമാരടങ്ങിയ സമിതിയും ഇംപീച്ച്മെന്റിന്റെ ഭഭാഗമായുള്ള മൂന്നംഗ ജഡ്ജസ് എന്‍ക്വയറി സമിതിയും ജസ്റ്റിസ് സെന്‍ തെറ്റുകാരനെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റ് നീതിയുടെയും ന്യായത്തിന്റെയും വിശുദ്ധദേവാലയമാണെന്ന് തെളിയിക്കാനുള്ള ഈ അവസരം സഭ പ്രയോജനപ്പെടുത്തണം- യെച്ചൂരി പറഞ്ഞു.

1 comment:

  1. കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സൗമിത്ര സെന്നിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം രാജ്യസഭ പാസാക്കി. 17 നെതിരെ 189 വോട്ടിനാണ് പ്രമേയം പാസായത്. ബിഎസ്പിയുടെ അംഗങ്ങളാണ് സെന്നിന് അനുകൂലമായി വോട്ട് ചെയ്തത്. ലോക്സഭയിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസായാല്‍ വിഷയം രാഷ്ട്രപതിയുടെ പരിഗണനയ്ക്കുവിടും. രാഷ്ട്രപതി അംഗീകരിക്കുന്നതോടെ ജസ്റ്റിസ് സെന്നിനെതിരായ ഇംപീച്ച്മെന്റ് നടപടി പൂര്‍ത്തിയാകും. കോണ്‍ഗ്രസും പ്രമേയത്തിനനുകൂലമായി വോട്ട് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ രാജ്യസഭയില്‍ പ്രതിഫലിച്ച വികാരം ലോക്സഭയിലും പ്രതിഫലിക്കാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഇംചീച്ച്മെന്റിലൂടെ പുറത്താകുന്ന ന്യായാധിപകനായി സൗമിത്രസെന്‍ മാറും. സിപിഐ എം രാജ്യസഭാനേതാവ് സീതാറാം യെച്ചൂരി പ്രമേയം അവതരിപ്പിച്ചതോടെയാണ് സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഇംപീച്ച്മെന്റ് നടപടി തുടങ്ങിയത്. ഇംപീച്ച്മെന്റ് നടപടി ഇന്ത്യന്‍ ജുഡീഷ്യറിയെ ശക്തിപ്പെടുത്തുമെന്നും രാജ്യത്തെ ജുഡീഷ്യറിയുടെ ഉന്നത മൂല്യങ്ങളും വിശ്വാസ്യതയും നിലനില്‍ക്കണമെന്ന ജനങ്ങളുടെ ആഗ്രഹമാണ് പ്രമേയത്തില്‍ പ്രതിഫലിച്ചതെന്നും യെച്ചൂരി പറഞ്ഞു. പണം തിരിമറി, കല്‍ക്കത്ത ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കല്‍ എന്നിവയുടെ പേരിലാണ് ജസ്റ്റിസ് സൗമിത്ര സെന്നിനെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ തുടങ്ങിയത്.

    ReplyDelete