Friday, August 19, 2011

ഒളിക്യാമറ സ്ഥാപിച്ചതില്‍ പ്രതിഷേധം: വിമല്‍ജ്യോതി എന്‍ജിനിയറിങ് കോളേജ് അടച്ചു

ശ്രീകണ്ഠപുരം: ക്യാമ്പസിലാകെ ഒളിക്യാമറകള്‍ സ്ഥാപിച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളൊന്നടങ്കം പഠിപ്പുമുടക്കിയതിനെതുടര്‍ന്ന് ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനിയറിങ് കോളേജ് അടച്ചു. സമരത്തില്‍ പങ്കെടുത്തവരുടെ ചിത്രം രഹസ്യമായി ക്യാമറയില്‍ പകര്‍ത്തിയതിനെചൊല്ലി സംഘര്‍ഷം.

കോളേജില്‍ സ്ഥാപിച്ച 15 ഒളിക്യാമറകള്‍ എടുത്തമാറ്റുക, ഹോസ്റ്റലുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബുധനാഴ്ചയാണ് എസ്എഫ്ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥിസമരം തുടങ്ങിയത്. പെണ്‍കുട്ടികളുള്‍പ്പെടെ മുഴുവന്‍ വിദ്യാര്‍ഥികളും അനിശ്ചിതകാല സമരത്തില്‍ പങ്കെടുത്തു. സമരം നടത്തിയ വിദ്യാര്‍ഥികളടെ ചിത്രം വ്യാഴാഴ്ചയാണ് മാനെജ്മെന്റ് രഹസ്യമായി ക്യാമറയില്‍ പകര്‍ത്തിയത്. ഇതറിഞ്ഞതോടെ വിദ്യാര്‍ഥികള്‍ രോഷാകുലരായി ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ കോളേജ് അടച്ചതായും വിദ്യാര്‍ഥികള്‍ ഉടന്‍ ഹോസ്റ്റല്‍ ഒഴിയാനും അധികൃതര്‍ ആവശ്യപ്പെട്ടു. അറിയിപ്പിനെതുടര്‍ന്ന് വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോയി. ശനിയാഴ്ച പിടിഎ യോഗം ചേരും. യോഗത്തില്‍ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥിനികളുടെ ചിത്രം രക്ഷിതാക്കള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ച് ഭീഷണി മുഴക്കി സമരം പൊളിക്കാനാണ് മാനേജ്മെന്റിന്റെ നീക്കമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

കോളേജില്‍ ഒളിക്യാമറ സ്ഥാപിച്ചതില്‍ രക്ഷിതാക്കള്‍ക്കും പ്രതിഷേധമുണ്ട്. വിദ്യാര്‍ഥിനികളുടെ സ്വകാര്യജീവിതം മാനേജ്മെന്റ് ചിത്രീകരിക്കുന്നത് മനുഷ്യാവകാശലംഘനമാണെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം. കോളേജില്‍ സ്ഥാപിച്ച ഒളിക്യാമറകള്‍ ഉടന്‍ നീക്കംചെയ്തില്ലെങ്കില്‍ ശക്തമായ സമരം ക്യാമ്പസില്‍ സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ ജില്ലാസെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു. അതിനിടെ വിദ്യാര്‍ഥി സമരത്തെതുടര്‍ന്ന് കോളേജിന് അവധി പ്രഖ്യാപിച്ചതായി പ്രിന്‍സിപ്പല്‍ ഡോ. ബെന്നി ജോസഫ് പത്രക്കുറിപ്പില്‍ അറിയിച്ചു. അധ്യാപക-രക്ഷാകര്‍തൃ യോഗം ശനിയാഴ്ച രാവിലെ 10.30ന് കോളേജില്‍ ചേരും. യോഗതീരുമാനമനുസരിച്ച് കോളേജ് തുറന്നുപ്രവര്‍ത്തിക്കും. എഐസിടിഇയുടെയും യൂണിവേഴ്സിറ്റിയുടെയും മാര്‍ഗനിര്‍ദേശമനുസരിച്ച് കോളേജില്‍ ഏര്‍പ്പെടുത്തിയ ചില പരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയത്്. വിദ്യാര്‍ഥികളുടെ ന്യായമായ ഏത്ആവശ്യങ്ങളും രക്ഷിതാക്കളുമായി ചര്‍ച്ചചെയ്ത് നടപ്പാക്കാന്‍ തയ്യാറാണെന്ന് ചെയര്‍മാന്‍ മോണ്‍ മാത്യു എം ചാലില്‍ അറിയിച്ചു. യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.

deshabhimani 190811

1 comment:

  1. ക്യാമ്പസിലാകെ ഒളിക്യാമറകള്‍ സ്ഥാപിച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളൊന്നടങ്കം പഠിപ്പുമുടക്കിയതിനെതുടര്‍ന്ന് ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനിയറിങ് കോളേജ് അടച്ചു. സമരത്തില്‍ പങ്കെടുത്തവരുടെ ചിത്രം രഹസ്യമായി ക്യാമറയില്‍ പകര്‍ത്തിയതിനെചൊല്ലി സംഘര്‍ഷം.

    ReplyDelete