Friday, August 19, 2011

പ്രായം തോല്‍ക്കുന്നു; ഓര്‍മകള്‍ക്ക് ഇപ്പോഴും പോരാട്ടവീര്യം

കോറോം: പ്രായം എത്രയായി എന്നുചോദിച്ചാല്‍ ശിവരാമപിള്ള പറയും 83. ഇത്രയും പ്രായമായിട്ടും പഴയ സമരങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഇദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങുന്നു. വാക്കുകളില്‍ പഴയ വീര്യം തുടിക്കും. വരാനിരിക്കുന്നത് നല്ല നാളെ തന്നെയെന്ന് പ്രതീക്ഷയോടെ പറയും. ഈ തിരുവല്ല സ്വദേശി വയനാട്ടിലെത്തിയിട്ട് നാല് പതിറ്റാണ്ടിലേറെയായി. അഖിലേന്ത്യ കിസാന്‍സഭ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ആദ്യകാലത്ത് സംഘടനയെ നയിച്ച ശിവരാമപിള്ളയുടെ മനസ്സില്‍ ഓര്‍മകള്‍ അലയടിക്കും.

തിരുവല്ലയിലെ തികച്ചും യാഥാസ്ഥികമായ നായര്‍ തറവാട്ടില്‍ പിറന്ന ശിവരാമപിള്ള പൊതുപ്രവര്‍ത്തനരംഗത്ത് ഇറങ്ങുന്നതിനോട് കുടുംബത്തിന് സ്വാഭാവികമായും യോജിപ്പുണ്ടായിരുന്നില്ല. 1953ല്‍ തിരുവല്ലയില്‍നിന്നാണ് കര്‍ഷകസംഘം അംഗമാകുന്നത്. 1954 ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സെല്‍ അംഗമായി. പിന്നീട് കണ്ണൂരിന്റെ മലയോര മേഖലയിലേക്കാണ് ശിവരാമപിള്ള കുടിയേറിയത്. തളിപ്പറമ്പ് താലൂക്കില്‍ പാച്ചേനി കുഞ്ഞിരാമന്‍ , കെ വി നാരായണന്‍ നമ്പ്യാര്‍ , എ കെ പൊതുവാള്‍ എന്നിവരുടെ കീഴിലായി പിന്നീട് സംഘടനാ പ്രവര്‍ത്തനം. ആലക്കോട് കാര്‍ത്തികപുരം ബ്രാഞ്ച് മെംബറായി പ്രവര്‍ത്തനം സജീവമാക്കി. 63 ല്‍ ബ്രാഞ്ച് സെക്രട്ടറിയുമായി. പാര്‍ടി പിളര്‍ന്നപ്പോള്‍ സിപിഐ എമ്മിനൊപ്പം ഉറച്ചുനിന്നു. 1962 ല്‍ എ കെ ജിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷകജാഥയ്ക്ക് സ്വീകരണം നല്‍കിയത് ഇദ്ദേഹത്തിന്റെ ഓര്‍മയില്‍ ഇന്നും മായാതെയുണ്ട്. പാച്ചേനി കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ നടന്ന ജാഥയില്‍ സ്ഥിരാംഗമായിരുന്നു ശിവരാമപിള്ള. താലൂക്ക് ഓഫീസ് പിക്കറ്റിങ്ങില്‍ പങ്കെടുത്തതിന് ജയില്‍വാസവും അനുഷ്ഠിച്ചു.

1967 ലാണ് പിള്ള വയനാട്ടിലെത്തുന്നത്. വാളാട്ട് കേന്ദ്രീകരിച്ചായിരുന്നു കര്‍ഷകസംഘം പ്രവര്‍ത്തനം. കരിമ്പിലെ കര്‍ഷകപോരാട്ടങ്ങളുടെ നേതൃസ്ഥാനത്തായിരുന്നു പിള്ള. ബീനാച്ചിയില്‍ നടന്ന ആദ്യജില്ലാസമ്മേളനത്തില്‍ പ്രതിനിധിയായിരുന്നു. പ്രായം തളര്‍ത്താത്ത ആവേശത്തിനിടയില്‍ തിരുവിതാംകൂറിലും വയനാട്ടിലും മലബാറിലുമായി ജയില്‍വാസം, 1957 ലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ , വയനാട്ടില്‍ കര്‍ഷകസംഘം വളര്‍ത്തിയെടുക്കുന്നതില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഈ എണ്‍പത്തിമൂന്നുകാരന്റെ മനസ്സില്‍ ഇപ്പോഴും പച്ചപിടിച്ചു നില്‍ക്കുന്നുണ്ട്.
(ഒ എന്‍ രാജപ്പന്‍)

വികാരനിര്‍ഭരം ഈ കൂട്ടായ്മ

ബത്തേരി: മണ്ണിനോടും ജന്മിമാരോടും ഗുണ്ടകളോടും പടവെട്ടി ജീവിതം നയിച്ചവര്‍ , സമരങ്ങളുടെ അമരത്ത് നെഞ്ചുറപ്പോടെ നിന്നവര്‍ .. ഒരുകാലഘട്ടത്തിന്റെ പ്രതിനിധികളായി വയനാടിന്റെ മണ്ണില്‍ സമരേതിഹാസം തീര്‍ത്ത കര്‍ഷകനേതാക്കളുടെ ഒത്തുചേരല്‍ അത്യന്തം വികാരനിര്‍ഭരമായിരുന്നു. ഓര്‍മകളുടെ തിരതള്ളല്‍ അവര്‍ക്ക് പോരാട്ടങ്ങളുടെ പോയകാലത്തേക്കുള്ള തിരിച്ചുപോക്കായി. കിസാന്‍സഭയുടെ എഴുപത്തിയഞ്ചാം വാര്‍ിഷകത്തിന്റെ ഭാഗമായി ബത്തേരിയില്‍ നടന്ന പഴയകാലനേതാക്കളുടെട സംഗമമാണ് വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ ഉണ്ടാക്കിയത്.

കര്‍ഷകസംഘത്തിന്റെ ജില്ലയിലെ ആദ്യകാലനേതാക്കളും പ്രവര്‍ത്തകരുമായ മുപ്പത്തിയഞ്ചോളം പേതെയാണ് ആദരിച്ചത്. പ്രായം ശരീരത്തെ തളര്‍ത്തുമ്പോഴും അവരില്‍ ഇപ്പോഴും അനീതിക്കെതിരെയുള്ള പോരാട്ടത്തിന് ഇനിയൊരു ബാല്യം ബാക്കി കിടപ്പുണ്ട്. മുന്‍ എംഎല്‍എ പി വി വര്‍ഗീസ്, കര്‍ഷകസംഘത്തിന്റെ ആദ്യ ജില്ലാസെക്രട്ടറി എന്‍ വാസുദേവന്‍ (അമ്പലവയല്‍), സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം കൂടിയായ പി കുഞ്ഞിക്കണ്ണന്‍ , കെ വി മറിയക്കുട്ടി (മേപ്പാടി), കെ വി വേലായുധന്‍ (പുല്‍പ്പള്ളി), ജോസഫ് പനന്താനം (മുള്ളന്‍കൊല്ലി), പി കെ കുമാരന്‍ (വാളവയല്‍), സി എന്‍ കൃഷ്ണന്‍കുട്ടി (ഇരുളം), വി കെ കണാരന്‍ നായര്‍ (വെങ്ങപ്പള്ളി), പി ടി മാത്യൂസ് (തെക്കുംതറ), കെ പി വര്‍ക്കി (കാര്യമ്പാടി), ആര്‍ വി ദാമോദരന്‍ നായര്‍ , എം എ പത്മനാഭന്‍ (മൊതക്കര), എം കേശവന്‍ നായര്‍ , പി സി ചാപ്പുണ്ണിനായര്‍ (തെക്കുംതറ), പോക്കാട്ട് ഇത്താപ്പിരി, പി കെ ഉലഹന്നാന്‍ , പി വി ജോര്‍ജ് (കുമ്പളേരി), പി ചേക്കുട്ടി (ആനപ്പാറ), കെ എസ് അലവിക്കുട്ടി (ചീങ്ങവല്ലം), എല്‍ എ നാരായണന്‍ (ഓടപ്പള്ളം), പി ജി ദിവാകരന്‍നായര്‍ (തോമാട്ടുചാല്‍), വി കെ ചോയി (കട്ടയാട്), മറുകര ഗോവിന്ദന്‍ (നൂല്‍പ്പുഴ), കെ എല്‍ അച്യുതന്‍പിള്ള (തൃശിലേരി), കെ കുഞ്ഞിക്കോയ (പൊഴുതന), എ എന്‍ ശിവരാമപിള്ള (കരിമ്പില്‍), പി പി നാരായണന്‍ , നാരായണന്‍ പാലോത്ത് (എടവക), കെ കെ വെള്ളന്‍ (കമ്മന) എന്നിവരെയാണ് ആദരിച്ചത്.

deshabhimani 190811

1 comment:

  1. പ്രായം എത്രയായി എന്നുചോദിച്ചാല്‍ ശിവരാമപിള്ള പറയും 83. ഇത്രയും പ്രായമായിട്ടും പഴയ സമരങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഇദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങുന്നു. വാക്കുകളില്‍ പഴയ വീര്യം തുടിക്കും. വരാനിരിക്കുന്നത് നല്ല നാളെ തന്നെയെന്ന് പ്രതീക്ഷയോടെ പറയും. ഈ തിരുവല്ല സ്വദേശി വയനാട്ടിലെത്തിയിട്ട് നാല് പതിറ്റാണ്ടിലേറെയായി. അഖിലേന്ത്യ കിസാന്‍സഭ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ആദ്യകാലത്ത് സംഘടനയെ നയിച്ച ശിവരാമപിള്ളയുടെ മനസ്സില്‍ ഓര്‍മകള്‍ അലയടിക്കും.

    ReplyDelete