മാര്‍ക്‌സിസ്റ്റ് ചരിത്രരചനാ സമ്പ്രദായത്തിനു ഡി ഡി കൊസാംബിക്കു ശേഷം ഏറ്റവുമധികം സംഭാവന നല്‍കിയ ഇന്ത്യന്‍ ചരിത്രകാരനാണ് അന്തരിച്ച പ്രഫ. ആര്‍ എസ് ശര്‍മ്മ
പ്രാചീന ഇന്ത്യയും മധ്യകാല ഇന്ത്യയുടെ തുടക്കവുമായിരുന്നു പ്രഫ. ശര്‍മ്മയുടെ ഗവേഷണമേഖല. പ്രാചീന കാലത്തെ ജാതിവ്യവസ്ഥയില്‍ താഴെത്തട്ടിലായിരുന്ന ശൂദ്രന്മാരെക്കുറിച്ചു ആദ്യമായി ഗൗരവമേറിയ പഠനം നടത്തിയതു അദ്ദേഹമാണ്. അന്നുവരെയുള്ള ചരിത്രകാരന്മാര്‍ ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും പക്ഷത്തു നിന്നുമുള്ള സാമൂഹ്യ-സാമ്പത്തിക ചരിത്രമാണു അവതരിപ്പിച്ചത്. അന്നോളമുണ്ടായിട്ടുള്ള മാനവചരിത്രം അനീതിയുടെ ചരിത്രമാണെന്നും ചരിത്രകാരന്‍ നീതിയുടെ പക്ഷത്തു നിലകൊണ്ടായിരിക്കണം രചന നടത്തേണ്ടതെന്നുമുള്ള ഉറച്ച നിലപാട് അദ്ദേഹം സ്വീകരിച്ചു.
ഫ്യൂഡലിസത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ച് അദ്ദേഹം രചിച്ച ഗ്രന്ഥം ലോകശ്രദ്ധ നേടി. ഗുപ്തന്മാരുടെ കാലഘട്ടം മുതല്‍ നിലനിന്നിരുന്ന ഭൂദാനത്തെക്കുറിച്ചുള്ള ചരിത്രരേഖകള്‍ അപ്രഗ്രഥിച്ചു കൊണ്ടായിരുന്നു ഫ്യൂഡലിസത്തിന്റെ തുടക്കത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍. ചരിത്രപണ്ഡിതന്മാര്‍ക്കിടയില്‍ അത് സജീവമായ ചര്‍ച്ചയ്ക്കു വേദിയൊരുക്കി. ഫ്യൂഡലിസവുമായി ബന്ധപ്പെട്ട് ഡി ഡി കോസാംബി ഉന്നയിച്ച വാദങ്ങള്‍ക്കു കരുത്തേകുന്നതായിരുന്നു പ്രഫ. ശര്‍മ്മയുടെ കണ്ടെത്തലുകള്‍.
ഇന്ത്യാ ചരിത്രപഠനത്തെ ശാസ്ത്രീയമായി വളര്‍ത്തിയെടുക്കുന്നതോടൊപ്പം തന്നെ, വര്‍ഗീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തിനു വിലപ്പെട്ട സംഭാവനകള്‍ അദ്ദേഹം നല്‍കി. സംഘപരിവാര്‍ പ്രസ്ഥാനം തുടങ്ങി വച്ച അയോധ്യാ പ്രസ്ഥാനത്തിന്റെ വിപത്ത് ആദ്യം ചൂണ്ടിക്കാട്ടിയ ചരിത്രകാരനായിരുന്നു പ്രഫ. ശര്‍മ്മ. ഇന്ത്യന്‍ ദേശീയതയുടെ കുത്തക തങ്ങള്‍ക്കാണെന്നു സ്ഥാപിക്കാനുള്ള അജണ്ടയുടെ ഭാഗമായാണ് സംഘപരിവാര്‍ ശക്തികള്‍ രാമജന്മഭൂമി പ്രശ്‌നം കുത്തിപ്പൊക്കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. തര്‍ക്കഭൂമിയുടെ യഥാര്‍ഥചിത്രം വെളിവാക്കുന്ന ഒട്ടനവധി ചരിത്രവസ്തുതകള്‍ അദ്ദേഹം പുറത്തുകൊണ്ടുവന്നു. രാമജന്മഭൂമി പ്രസ്ഥാനക്കാരുടെ എല്ലാ വാദങ്ങളുടെയും മുനയൊടിക്കുന്ന വസ്തുതകളാണ് അദ്ദേഹം പുറത്തുകൊണ്ടുവന്നത്. ഇന്ത്യന്‍ മതനിരപേക്ഷതയെ തകര്‍ത്തെറിയാനുള്ള വര്‍ഗീയശക്തികളുടെ പടപ്പുറപ്പാടില്‍ ഒരു കാഴ്ചക്കാരന്‍ മാത്രമായി ഒതുങ്ങി നില്‍ക്കാന്‍ അദ്ദേഹം തയാറല്ലായിരുന്നു. താന്‍ കണ്ടെത്തിയ ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തില്‍, ബാബറി മസ്ജിദിനു സംരക്ഷണം നല്‍കാന്‍ വേണ്ടി ചരിത്രകാരന്മാരുടെ ഒരു കൂട്ടായ്മയ്ക്കു തന്നെ അദ്ദേഹം രൂപംനല്‍കി. 1986 മുതല്‍ ഓരോ വര്‍ഷവും നടന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സുകളില്‍ ബാബറി മസ്ജിദിനു സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയങ്ങള്‍ പാസാക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തു. ബാബറി മസ്ജിദ് തകര്‍ത്തതിനു ശേഷവും അദ്ദേഹം പിന്മാറിയില്ല. തകര്‍ക്കപ്പെട്ട മസ്ജിദിനടിയില്‍ ഒരു ക്ഷേത്രം നിലവിലുണ്ടായിരുന്നോയെന്നു കണ്ടെത്തുന്നതിനു വേണ്ടി ഗവണ്‍മെന്റ് ഒരു കമ്മീഷനെ നിയോഗിക്കുകയുണ്ടായി. 1993 ല്‍ ആന്ധ്രാപ്രദേശിലെ വാറംഗലില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് വളരെ ശക്തമായ ഭാഷയിലുള്ള ഒരു പ്രമേയമാണ് പാസാക്കിയത്.
പ്രഫ. ശര്‍മ്മയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ബാബറി മസ്ജിദ് പ്രശ്‌നത്തില്‍ സ്വീകരിച്ച നിലപാട് സംഘപരിവാര്‍ ശക്തികളെ വളരെ പ്രകോപിതരാക്കി. മസ്ജിദ് പൊളിക്കുന്നതിനു തൊട്ടുമുമ്പ് 1992 ലെ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് നടന്നത് യു പിയിലെ ഗോരഖ്പൂരിലായിരുന്നു. അന്നു അവിടുത്തെ ബി ജെ പി എംപിയായിരുന്ന യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ഒരുസംഘം ഗുണ്ടകള്‍ സമ്മേളനവേദിയിലേക്ക് ഇരച്ചുകയറി പ്രതിനിധികളെ ഭീഷണിപ്പെടുത്തി. ജില്ലാ കലക്ടര്‍ സമയോചിതമായ നടപടി സ്വീകരിച്ചതു കൊണ്ടുമാത്രമാണ് പ്രതിനിധികള്‍ രക്ഷപ്പെട്ടത്.
'പ്രാചീന ഇന്ത്യ' എന്ന പ്രഫ. ശര്‍മ്മയുടെ ഗ്രന്ഥം 1977 ല്‍ മൊറാര്‍ജി ദേശായി നേതൃത്വം നല്‍കിയ ജനതാ ഗവണ്‍മെന്റ് നിരോധിച്ചു. വര്‍ഗീയശക്തികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയായിരുന്നു പ്രസ്തുത നടപടി. മഹാഭാരതത്തില്‍ ശ്രീകൃഷ്ണന്റെ ചരിത്രപരമായ പങ്കിനെക്കുറിച്ചുള്ള പ്രഫ. ശര്‍മ്മയുടെ നിരീക്ഷണങ്ങളാണ് വര്‍ഗീയശക്തികളെ പ്രകോപിതരാക്കിയത്. ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ ഗവണ്‍മെന്റ് 1999-2004 കാലഘട്ടത്തില്‍ എന്‍ സി ഇ ആര്‍ ടി തയാറാക്കിയ ചരിത്രപാഠപുസ്തകങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെയും പ്രഫ. ശര്‍മ്മയുടെ ശബ്ദം ഉച്ചത്തില്‍ മുഴങ്ങി. ഇക്കാര്യത്തില്‍ പ്രശസ്ത ചരിത്രകാരന്മാരായ റൊമില ഥാപ്പര്‍, ഇര്‍ഫാന്‍ ഹബീബ്, ബിപന്‍ ചന്ദ്ര, ആദിത്യ മുഖര്‍ജി, മൃദുല മുഖര്‍ജി എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ബിഹാറിലെ ബഹുസാരായ് ജില്ലയില്‍പ്പെട്ട ബരുനി എന്ന ചെറുപട്ടണത്തില്‍ ഒരു ദരിദ്ര കുടുംബത്തിലാണ് റാം ശരണ്‍ ശര്‍മ്മ 1919ല്‍ ജനിച്ചത്. ഒരു കോളജ് അധ്യാപകനായി ജീവിതം ആരംഭിച്ചു. പറ്റ്‌നാ, ഡല്‍ഹി, ടൊറന്റോ, ലണ്ടന്‍ സര്‍വകലാശാലകളിലും അധ്യാപകനായിരുന്നു. ഡല്‍ഹിയില്‍ ജോലി നോക്കവെയാണ് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന് (ഐ സി എച്ച് ആര്‍) മറ്റു ചരിത്രകാരന്മാരുമായി ചേര്‍ന്ന് 1972 ല്‍ രൂപം നല്‍കിയത്. സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്നു അദ്ദേഹം. 1975ല്‍ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. യു ജി സി ഫെലോ, യുനെസ്‌കോയുടെ മധ്യേഷ്യ പഠനവിഭാഗം ഡെപ്യൂട്ടി ചെയര്‍മാന്‍ എന്നീ നിലകളിലും അദ്ദേഹം തിളങ്ങി.
1989 ലെ ജവഹര്‍ലാല്‍ നെഹ്‌റു അവാര്‍ഡ് ജേതാവായിരുന്നു പ്രഫ. ശര്‍മ്മ. അതിനു മുമ്പ് മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഏഷ്യാറ്റിക് സൊസൈറ്റി ക്യാമ്പ് ബല്‍
സ്മാരക സ്വര്‍ണമെഡല്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹം രചിച്ച നൂറിലധികം ഗ്രന്ഥങ്ങള്‍ പതിനഞ്ചില്‍പ്പരം ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പാറ്റ്‌നയില്‍ ഭാര്യക്കൊപ്പം സ്ഥിരതാമസമാക്കിയിരുന്നു. മകന്‍ ഗ്യാന്‍പ്രകാശ് ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറാണ്. ശനിയാഴ്ച രാത്രി അന്തരിക്കുമ്പോള്‍ 92 വയസ്സായിരുന്നു പ്രായം. ഔദ്യോഗിക ബഹുമതികളോടെ ഞായറാഴ്ച മൃതദേഹം സംസ്‌കരിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടുത്ത ബന്ധുവായിരുന്നു 'ആര്‍ എസ്' എന്ന വിളിപ്പേരില്‍ ഏവരും ആദരിച്ചിരുന്ന പ്രഫ. ശര്‍മ്മ. ഇന്ത്യയുടെ മതനിരപേക്ഷതയ്‌ക്കെതിരെ ഉയരുന്ന വെല്ലുവിളികള്‍ നേരിടുന്നതിനു തലമുറകള്‍ക്കു കരുത്തുപകരുന്ന ഒരു ശക്തിസ്രോതസ്സായി അദ്ദേഹത്തിന്റെ സ്മരണ എന്നെന്നും നിലകൊള്ളും.
രാജേഷ് മിശ്ര janayugom 230811
മാര്‍ക്‌സിസ്റ്റ് ചരിത്രരചനാ സമ്പ്രദായത്തിനു ഡി ഡി കൊസാംബിക്കു ശേഷം ഏറ്റവുമധികം സംഭാവന നല്‍കിയ ഇന്ത്യന്‍ ചരിത്രകാരനാണ് അന്തരിച്ച പ്രഫ. ആര്‍ എസ് ശര്‍മ്മ
ReplyDeleteപ്രാചീന ഇന്ത്യയും മധ്യകാല ഇന്ത്യയുടെ തുടക്കവുമായിരുന്നു പ്രഫ. ശര്‍മ്മയുടെ ഗവേഷണമേഖല. പ്രാചീന കാലത്തെ ജാതിവ്യവസ്ഥയില്‍ താഴെത്തട്ടിലായിരുന്ന ശൂദ്രന്മാരെക്കുറിച്ചു ആദ്യമായി ഗൗരവമേറിയ പഠനം നടത്തിയതു അദ്ദേഹമാണ്. അന്നുവരെയുള്ള ചരിത്രകാരന്മാര്‍ ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും പക്ഷത്തു നിന്നുമുള്ള സാമൂഹ്യ-സാമ്പത്തിക ചരിത്രമാണു അവതരിപ്പിച്ചത്. അന്നോളമുണ്ടായിട്ടുള്ള മാനവചരിത്രം അനീതിയുടെ ചരിത്രമാണെന്നും ചരിത്രകാരന്‍ നീതിയുടെ പക്ഷത്തു നിലകൊണ്ടായിരിക്കണം രചന നടത്തേണ്ടതെന്നുമുള്ള ഉറച്ച നിലപാട് അദ്ദേഹം സ്വീകരിച്ചു.