കാലിഫോര്‍ണിയ: റോബോട്ടുകള്‍ (യന്ത്രമനുഷ്യന്‍) തൊഴിലാളികള്‍ക്ക് ഭീഷണിയാകുന്ന കാലം വരുന്നു.
2013 ആകുമ്പോഴേയ്ക്കും ലോകമൊട്ടാകെ 12 ലക്ഷം റോബോട്ടുകള്‍ വ്യവസായശാലകളില്‍ പണിയെടുക്കുമെന്ന് 'റോബോട്ടിക് നേഷന്‍' എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ മാര്‍ഷല്‍ ബ്രെയിന്‍ പറയുന്നു. രേഖകള്‍ വിശകലനം ചെയ്യുന്നതുമുതല്‍ പ്രശ്‌നപരിഹാരത്തിനുളള കുറിപ്പടികള്‍ തയ്യറാക്കുന്നതുവരെയുള്ള ജോലികള്‍ റോബോട്ടുകള്‍ ചെയ്തുകൊള്ളും.
കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട സാന്‍ഫ്രാന്‍സിസ്‌കോ മെഡിക്കല്‍ സെന്ററിന്റെ നിയന്ത്രണത്തിലുള്ള രണ്ട് ആശുപത്രികളുടെ ഫാര്‍മസികളില്‍ കഴിഞ്ഞ കുറേനാളുകളായി റോബോട്ടുകള്‍ മാത്രമാണ് പണിയെടുക്കുന്നത്. ഓരോരുത്തര്‍ക്കും ആവശ്യമുള്ളത്ര ഡോസ് ഗുളികകള്‍ റോബോട്ടുകള്‍ തിരഞ്ഞെടുത്തുനല്‍കും.
റോബോട്ടുകള്‍ പത്രപ്രവര്‍ത്തകര്‍ക്കും ഭീഷണിയാകും. സ്‌പോര്‍ട്‌സ് മത്സരങ്ങളുടെ വാര്‍ത്തകള്‍ ഇനി റോബോട്ടുകള്‍ ചെയ്തുകൊള്ളും. പ്രത്യേകിച്ചും ബേസ്ബാള്‍, സോഫ്റ്റ്‌ബോള്‍ മത്സരങ്ങളുടെ ഇതിനാവശ്യമായ സോഫ്റ്റ് വെയറുകള്‍ തയ്യാറായിക്കഴിഞ്ഞു. ഒരു മത്സരത്തിനുശേഷം സ്‌കോര്‍കീപ്പര്‍ അതിന്റെ സ്ഥിതിവിവര കണക്കുകള്‍ ഇ-മെയിലായി അയയ്ക്കുന്നു. ഒരു പ്രക്രിയയിലൂടെ മിനുട്ടുകള്‍ക്കകം തന്നെ അത് ഒരു സ്റ്റോറി ആയി പുറത്തുവരും. സ്‌പോര്‍ട്‌സ് ലേഖകന്‍മാരെ ഇതെങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.
ഫാക്ടറികളില്‍ റോബോട്ടുകള്‍ വളരെ വര്‍ഷങ്ങളായിത്തന്നെ പണിയെടുക്കുന്നുണ്ട്. സാങ്കേതികവിദ്യാരംഗത്തെ കുത്തക സ്ഥാപനമായ ഫോക്‌സ്‌കോണ്‍, ചൈനയില്‍ അതിന്റെ ഫാക്ടറികളില്‍ പത്ത് ലക്ഷം റോബോട്ടുകളെ അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വര്‍ധിച്ചുവരുന്ന കൂലിചെലവിനെ മറികടക്കാനാണ് ഈ നടപടി. വെല്‍ഡിംഗ്, സ്‌പ്രേയിംഗ്, അസംബ്ലിംഗ് തുടങ്ങി വിവിധ ജോലികള്‍ റോബോട്ടുകള്‍ ചെയ്തുകൊള്ളും. ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ നിര്‍മാതാക്കളായ ഫോക്‌സ്‌കോണ്‍ ചൈനയില്‍ സ്വകാര്യ മേഖലയില്‍ ഏറ്റവുമധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനമാണ്. ആപ്പിള്‍, നിന്റന്‍ഡൊ, നോകിയ, ആമസോണ്‍. കോം തുടങ്ങിയ കമ്പനികള്‍ക്കാവശ്യമായ ഇലക്‌ട്രോണിക് ഘടകങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ഫോക്‌സ് കോണ്‍ കമ്പനിയുടെ ചില പ്രവൃത്തികള്‍ വലിയവിവാദം ഉയര്‍ത്തിയിരുന്നു.
അമേരിക്കയില്‍ ഇപ്പോള്‍ത്തന്നെ രൂക്ഷമായ തോതില്‍ എത്തിയിട്ടുള്ള തൊഴിലില്ലായ്മയെ റോബോട്ടുകള്‍ കൂടുതല്‍ വഷളാക്കുമെന്ന് പത്രപ്രവര്‍ത്തകനായ മാര്‍ട്ടിന്‍ ഫോര്‍ഡ് അഭിപ്രായപ്പെട്ടു. എന്നാല്‍ റോബോട്ടുകളുടെ ഉപയോഗം കൊണ്ടുള്ള പ്രയോജനം മറക്കാനും പാടില്ല. 2007 ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു ഭൂഗര്‍ഭ വാതകക്കുഴല്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി. വാതകക്കുഴല്‍ കൃത്യമായി പരിശോധന നടത്താത്തതായിരുന്നു അപകടകാരണം. പരിശോധന നടത്തണമെങ്കില്‍ റോഡ് കുത്തിക്കുഴിക്കേണ്ടിവരും. അത് എല്ലായ്‌പ്പോഴും സാധ്യമല്ല. അതേസമയം റോബോട്ടുകള്‍ക്ക് റോഡ് കുത്തിക്കുഴിക്കാതെ തന്നെ വാതകക്കുഴലിന്റെ കേടുപാടുകള്‍ കണ്ടെത്തുന്നതിനു കഴിയും.
janayugom 220811
അമേരിക്കയില്‍ ഇപ്പോള്‍ത്തന്നെ രൂക്ഷമായ തോതില്‍ എത്തിയിട്ടുള്ള തൊഴിലില്ലായ്മയെ റോബോട്ടുകള്‍ കൂടുതല്‍ വഷളാക്കുമെന്ന് പത്രപ്രവര്‍ത്തകനായ മാര്‍ട്ടിന്‍ ഫോര്‍ഡ് അഭിപ്രായപ്പെട്ടു. എന്നാല്‍ റോബോട്ടുകളുടെ ഉപയോഗം കൊണ്ടുള്ള പ്രയോജനം മറക്കാനും പാടില്ല.
ReplyDelete