Tuesday, August 23, 2011

ഗ്രാമീണ്‍ സഡക് യോജന പദ്ധതിയുടെ മാനദണ്ഡങ്ങളില്‍ ഇളവു വരുത്തും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയുടെ മാനദണ്ഡങ്ങളില്‍ ഇളവു വരുത്തുന്നകാര്യം കേന്ദ്രം പരിഗണിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശ്. ജയറാം രമേശുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം ഇന്നലെ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്.

കേരളത്തിലെ തൃശൂര്‍, മലപ്പുറം ജില്ലകളില്‍ പുര പദ്ധതി വൈകാതെ നടപ്പിലാക്കാമെന്നും ജയറാം രമേശ് ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയുടെ മാനദണ്ഡങ്ങളില്‍ ഇളവു വരുത്തണമെന്ന ആവശ്യം കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി മുന്നോട്ടുവച്ചു. ഈ ആവശ്യം അംഗീകരിക്കാമെന്ന് ഉറപ്പുനല്‍കിയ ഗ്രാമവികസന മന്ത്രി ജയറാം രമേശ്  ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്താമെന്നും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ സംസ്ഥാന ഗ്രാമവികസന മന്ത്രി കെ സി ജോസഫ് പങ്കെടുക്കും. ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 320 കോടിയുടെ അധിക പദ്ധതികൂടി അനുവദിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ മുന്നോട്ടുവച്ചു. ഗ്രാമീണ മേഖലയില്‍ നഗര സംവിധാനങ്ങള്‍ ഒരുക്കുന്ന ബൃഹദ് പദ്ധതിയായ 'പുര'യില്‍ കേരളത്തില്‍ നിന്നും തൃശൂര്‍, മലപ്പുറം ജില്ലകളെയാണു നിലവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പദ്ധതി രേഖ സെപ്റ്റംബറില്‍ സമര്‍പ്പിച്ചാല്‍ നവംബറില്‍ തന്നെ പദ്ധതി ആരംഭിക്കാമെന്നും ജയറാം രമേശ് അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

തിരുവിതാംകൂര്‍ രാജകുടുംബാംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രതിപക്ഷ നേതാവില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു പ്രസ്താവന. പ്രതിപക്ഷ നേതാവ് എങ്ങനെ സംസാരിക്കണമെന്നു മുഖ്യമന്ത്രിക്ക് ഉപദേശിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ താന്‍ അതിനു മുതിരുന്നുമില്ല. കേരളത്തിലെ ജനങ്ങളുടെ മൊത്തത്തിലുള്ള വികാരവും പ്രതിപക്ഷ നേതാവില്‍ നിന്നും ഇത്തരം ഒരു പ്രസ്താവന ഉണ്ടാകാന്‍ പാടില്ലായിരുന്നു എന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ദോഷകരമായിബാധിക്കുന്ന കബോട്ടാഷ് നിയമത്തില്‍ ഇളവു വരുത്തണമെന്നു കേന്ദ്രഷിപ്പിംഗ് മന്ത്രി ജി കെ വാസനെ  നേരില്‍കണ്ടു ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമത്തില്‍ ഇളവു വരുത്തിയില്ലെങ്കില്‍ വല്ലാര്‍പ്പാടം തുറമുഖത്തിന്റെ പ്രവര്‍ത്തനം സുഗമമാകില്ല. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നപ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നിയമത്തില്‍ ഇളവു വരുത്തണമെന്നതിനോടൊപ്പം, കപ്പല്‍ ചാലിന്റെ വികസനം വേഗത്തിലാക്കണമെന്നും കേന്ദ്രഷിപ്പിംഗ് മന്ത്രിയോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ നോര്‍ക്കയുടെ യൂണിറ്റ്  ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗള്‍ഫിലും മറ്റു വിദേശരാജ്യങ്ങളിലും നിലവിലുള്ള മാതൃകയില്‍  പരീക്ഷണാടിസ്ഥാനത്തിലാകും  ഡല്‍ഹയില്‍ യൂണിറ്റു തുടങ്ങുക. മലയാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണു അദ്ദേഹം ഇക്കാര്യം അറിയച്ചത്. ഇതിനു മുന്നോടിയായി പൊതുവായ ആവശ്യങ്ങള്‍ നേടിയെടുക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമായി ഡല്‍ഹിയിലെയും സമീപപ്രദേശങ്ങളിലെയും മലയാളി സംഘടനകള്‍ ഒരു കോണ്‍ഫെഡറേഷനു കീഴില്‍ ഒന്നിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഈ കോണ്‍ഫെഡറേഷന്‍ നോര്‍ക്കയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കണം. മറുനാടന്‍ മലയാളികളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ഇങ്ങനെ കൂട്ടായി പരിഹരിക്കാന്‍ കഴിയണം. നോര്‍ക്കയുടെ പ്രവര്‍ത്തനം മറുനാടന്‍ മലയാളികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന വിധത്തില്‍ വിപുലീകരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. മറുനാടന്‍ മലയാളികളുടെ ദീര്‍ഘകാല ആവശ്യം പരിഗണിച്ച് ട്രാവന്‍കൂര്‍ പാലസ് സാംസ്‌കാരികകേന്ദ്രമായി വികസിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.


janayugom 230811

1 comment:

  1. പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയുടെ മാനദണ്ഡങ്ങളില്‍ ഇളവു വരുത്തുന്നകാര്യം കേന്ദ്രം പരിഗണിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശ്. ജയറാം രമേശുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം ഇന്നലെ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്.

    ReplyDelete