Saturday, August 6, 2011

കോണ്‍ഗ്രസും ബി ജെ പിയും ഒരേതൂവല്‍പക്ഷികള്‍

വര്‍ഗതാല്‍പര്യം എന്നത് വെറും ഒരു വാക്കല്ല. പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും നിലപാടുകള്‍ തീരുമാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സവിശേഷ സ്വാധീനമാണത്. അവരുടെ രാഷ്ട്രീയവും സാമ്പത്തികവും നയപരവും ആയ തീരുമാനങ്ങളൊന്നും വര്‍ഗ താല്‍പര്യങ്ങളില്‍ നിന്നും വേറിട്ടല്ല ഉണ്ടാകുന്നത്. ഈ സത്യത്തിന്റ പുനഃപ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ഉണ്ടായത്. വിലക്കയറ്റം സംബന്ധിച്ച പ്രമേയം കോണ്‍ഗ്രസും ബി ജെ പിയും ഒറ്റക്കെട്ടായാണ് അവിടെ പാസാക്കിയത്. രാജ്യത്തിലെ മുഴുവന്‍ ജനങ്ങളുടെയും ജീവിതത്തെ തുറിച്ചുനോക്കുന്ന വിലവര്‍ധനവിന്റെ മുമ്പില്‍ ഒരേ നിലപാടും നയവുമാണ് ഭരണകക്ഷിയായ കോണ്‍ഗ്രസിനും മുഖ്യപ്രതിപക്ഷമായ ബി ജെ പിക്കും ഉള്ളതെന്ന് അവര്‍ ഒന്നിച്ചു പാസാക്കിയ ആ പ്രമേയം വിളിച്ചുപറയുന്നു.

''വിലക്കയറ്റം തടയാന്‍ കേന്ദ്രം ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ്'' ബി ജെ പി നേതാവ് യശ്വന്ത്‌സിന്‍ഹ അവതരിപ്പിച്ച പ്രമേയം പറയുന്നത്. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത ആ പ്രമേയം പാസാക്കുന്നതില്‍ കോണ്‍ഗ്രസിന് വിരോധമുണ്ടാവുകയില്ലല്ലോ? ആര്‍ക്കും മൂടിവയ്ക്കാന്‍ കഴിയാത്ത വിധം ഇന്ത്യയിലെ സാമാന്യ ജനങ്ങള്‍ വിലേയറ്റത്താല്‍ വലയുകയാണെന്ന് അവര്‍ക്കും അറിയാം. എവിടെയും തൊടാത്ത ഒരു പ്രമേയം പാസാക്കി നാട്ടുകാരുടെ കണ്ണില്‍ പൊടി ഇടാനാണ് കേന്ദ്ര ഗവണ്‍മെന്റ് ആഗ്രഹിച്ചത്. അതിന് ഉതകുംവിധം ഒരു പച്ചവെള്ള പ്രമേയം തയാറാക്കി കൊണ്ടുവന്നതിന് അവര്‍ ബി ജെ പിയോട് നന്ദിയുള്ളവരായിരിക്കും. സമവായ പ്രമേയം എന്ന് ബി ജെ പി നേതൃത്വം വേറിട്ട ആ പ്രമേയ ചര്‍ച്ചയ്‌ക്കൊടുവില്‍ ചട്ടം 184 പ്രകാരം ഒരു വോട്ടെടുപ്പ് ഉണ്ടാകുമെന്നതാണ് ഒരു മഹാകാര്യം പോലെ അവര്‍ എടുത്തുകാട്ടിയത്. വില വര്‍ധനവിന്റെ തീ വെയിലില്‍ വെന്തെരിയുന്ന ജനങ്ങളും അവരെ ആ കെടുതിയിലേക്ക് തള്ളിയിട്ടു ലാഭമോഹത്തിന്റെ കറുത്ത ശക്തികളും തമ്മില്‍ തീര്‍ച്ചയായും സമവായമില്ല; ഉണ്ടാവുക സാധ്യമല്ല. അതില്‍ രണ്ടാമത്തെ കൂട്ടര്‍ക്കുവേണ്ടി കൈകോര്‍ത്തു നീങ്ങുന്നതിനാണ് കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ സമവായമുള്ളത്.

ഈ 'സമവായ സഹോദരങ്ങള്‍'ക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ഭേദഗതികളാണ് ഇടതുപക്ഷം സഭയില്‍ നിര്‍ദേശിച്ചത്. വിലക്കയറ്റം തടയേണ്ടതിന്റെ പൂര്‍ണ ഉത്തരവാദിത്വമുള്ള കേന്ദ്ര ഗവണ്‍മെന്റ് അത് നിറവേറ്റുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് സി പി ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അവതരിപ്പിച്ച ഭേദഗതി ചൂണ്ടിക്കാട്ടിയത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധിപ്പിക്കുന്ന സര്‍ക്കാര്‍ തന്നെയാണ് വിലക്കയറ്റത്തിന്റെ കാരണക്കാര്‍ എന്ന് സി പി എം നേതാവ് ബസുദേവ് ആചാര്യയുടെ ഭേദഗതി പറയുന്നു. ഈ ഭേദഗതികള്‍ രണ്ടും വോട്ടിനിട്ടു തോല്‍പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ്-ബി ജെ പി സുഹൃത്തുക്കള്‍ തങ്ങളുടെ സമവായ വിജയം കൊണ്ടാടിയത്. കോണ്‍ഗ്രസിന്റെ 'പിന്താങ്ങി പ്രതിപക്ഷങ്ങളായ' എസ് പി, ബി എസ് പി, ആര്‍ ജെ ഡി പാര്‍ട്ടികള്‍ നാടകീയമായ ഇറങ്ങിപ്പോക്കിലൂടെ കോണ്‍ഗ്രസിനെ തുണച്ചപ്പോള്‍ ബി ജെ ഡി, ജെ ഡി എസ്, തെലുങ്കുദേശം, എ ഐ എ ഡി എം കെ, എം പിമാര്‍ ഇടതുപക്ഷത്തോടൊപ്പമാണ് കൈപൊക്കിയത്.

പ്രമേയ ചര്‍ച്ചകള്‍ക്കു മറുപടി പറഞ്ഞുകൊണ്ട് ധനകാര്യ മന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി നടത്തിയ പ്രശംസ യു പി എ ഗവണ്‍മെന്റിന്റെ കാപട്യത്തിന്റെ വിളംബരമായിരുന്നു. വിലവര്‍ധനവിന്റെയും നാണയപ്പെരുപ്പത്തിന്റെയും വെല്ലുവിളികളെ ജനങ്ങളുടെ ക്രയശേഷി വര്‍ധിപ്പിച്ചുകൊണ്ട് ഗവണ്‍മെന്റ് നേരിടുമത്രെ! എവിടെയാണ്, ആര്‍ക്കാണ് ഈ ക്രയശേഷി വര്‍ധനയുണ്ടായതെന്ന് അദ്ദേഹം നാട്ടിന്‍പുറങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തന്നെ ചോദിച്ചു മനസിലാക്കട്ടെ. അര്‍ജുന്‍ സെന്‍ ഗുപ്ത കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ഇരുപതു രൂപയില്‍ താഴെയാണ് 80 കോടിയോളം ഇന്ത്യാക്കാരുടെ പ്രതിദിന വരുമാനം. ഇതിനെയാണോ ക്രയശേഷിയിലെ വര്‍ധനവെന്ന്് പ്രണബ് കുമാര്‍ മുഖര്‍ജി വിളിക്കുന്നത്? ദേശീയ തൊഴിലുറപ്പു പദ്ധതിയെപ്പറ്റിയും അരി, ഗോതമ്പ് സബ്‌സിഡിയെപ്പറ്റിയും അദ്ദേഹം വാചാലനാകുന്നു. തൊഴിലുറപ്പ് പദ്ധതിയിലെ ശതകോടികള്‍ ഇടനിലക്കാര്‍ തട്ടിതിന്നുന്ന വാര്‍ത്തകള്‍ അദ്ദേഹത്തിന്റെ  ശ്രദ്ധയില്‍പ്പെട്ടിട്ടില്ലേ? സബ്‌സിഡികള്‍ വെട്ടിച്ചുരുക്കി പാവങ്ങളില്‍ പാവങ്ങള്‍ക്കു മാത്രമായി റേഷന്‍ പരിമിതപ്പെടുത്തുമ്പോള്‍ സമാന്യ ജനങ്ങളുടെ ജീവിതസ്ഥിതി എന്താകുമെന്ന് ധനകാര്യ മന്ത്രി ചിന്തിച്ചിട്ടുണ്ടോ?

നാണയപ്പെരുപ്പം കരിഞ്ചന്തയും പൂഴ്ത്തിവെയ്പുമാണ് വിലവര്‍ധനവിന്റെ കാരണമെന്ന് എല്ലാവര്‍ക്കും അറിയാം. അഞ്ച് ശതമാനത്തിനുമേല്‍ നാണയപ്പെരുപ്പ തോത് ഉയര്‍ന്നാല്‍ സമ്പദ്ഘടനയ്ക്കുമേല്‍ അതുണ്ടാക്കുന്ന പ്രതികൂല ആഘാതങ്ങളും സുവ്യക്തമാണ്. ഇരട്ട അക്കത്തിലേക്ക് വളര്‍ച്ചനിരക്ക് വളര്‍ന്നു എന്ന് പറയുമ്പോള്‍ അതിന്റെ ഗുണഫലങ്ങളൊന്നും സാധാരണക്കാര്‍ക്ക് ലഭ്യമാകാത്തത് ഇക്കാരണത്താലാണ്. പ്രണബ്കുമാറിന്റെ കണക്കുപ്രകാരം നാണയപ്പെരുപ്പത്തോത് 8.35 ശതമാനമാണ്. എന്നാല്‍ 9.5 ശതമാനമാണതെന്ന് സാമ്പത്തിക വിദഗ്ധരില്‍ ചിലര്‍ പറയുന്നു. പുതിയ ലോക സാഹചര്യങ്ങളെ സ്വാധീനിക്കുന്ന 'ബ്രിക്' എന്ന (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന) രാഷ്ട്ര കൂട്ടായ്മയില്‍ ഏറ്റവും ഉയര്‍ന്ന നാണയപ്പെരുപ്പം ഇന്ത്യയിലാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഗോഡൗണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ ചീഞ്ഞുപോകുമ്പോള്‍ ജനകോടികള്‍ പട്ടിണികിടക്കുന്ന വൈരുധ്യത്തിന്റെ രാജ്യമാണ് ഇന്ത്യ. ജനങ്ങള്‍ക്ക് വിശപ്പടക്കാന്‍ പണമില്ലെന്ന വിലാപം ഉയരവേ വിദേശ ബാങ്കുകളില്‍ കണക്കറിയാത്തത്ര പണം കുമിഞ്ഞുകൂടുന്നതും ഇന്ത്യയില്‍ നിന്നു തന്നെ. രാജ്യത്തിന്റെ സമ്പത്ത് കടല്‍ കടത്തികൊണ്ടുപോകുന്ന കറുത്ത പുള്ളികളെ തങ്ങള്‍ക്കറിയാമെങ്കിലും അവരുടെ പേരുകള്‍ വെളിപ്പെടുത്തില്ലെന്നാണ് മന്‍മോഹന്‍സിംഗ് ഗവണ്‍മെന്റിന്റെ നിലപാട്. സുപ്രിംകോടതി തന്നെ ജനങ്ങള്‍ക്കു മനസിലാക്കാന്‍ കഴിയാത്ത ഇത്തരം വൈരുധ്യങ്ങള്‍ക്കു നേരെ വിരല്‍ചൂണ്ടിയതാണ്.

സ്വാതന്ത്ര്യത്തിന്റെ അറുപത്തിനാലാം വര്‍ഷത്തിലും മഹാഭൂരിപക്ഷം ഇന്ത്യക്കാരുടെയും പൊറുതി മുട്ടിക്കുന്ന സാഹചര്യങ്ങളാണിവിടെ. കമ്പോളത്തിന്റെയും ലാഭത്തിന്റെയും ചൊല്ലും വിളിയും കേട്ടു നടക്കുന്ന ഭരണവര്‍ഗ നയങ്ങളാണ് അതിനുകാരണം. ആ നയങ്ങളുടെ രൂപീകരണത്തിന്റെയും നിര്‍വഹണത്തിന്റെയും ചുക്കാന്‍ പിടിക്കുന്നത് കമ്പോള ശക്തികള്‍ തന്നെയാണ്. വില വര്‍ധനവിന്റെയും നാണയപ്പെരുപ്പത്തിന്റെയും കാരണക്കാരും അവര്‍ തന്നെ. അവരുടെ താല്‍പര്യങ്ങള്‍ തന്നെയാണ് ബൂര്‍ഷ്വാ പാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും ബി ജെ പിയുടേയും താല്‍പര്യങ്ങള്‍.

ഭരണ-പ്രതിപക്ഷ വ്യത്യാസമുണ്ടെന്ന് അവര്‍ ഭാവിക്കുമ്പോഴും വര്‍ഗ താല്‍പര്യത്തിന്റെ പ്രശ്‌നം വരുമ്പോള്‍ അവര്‍ ഒന്നാകും. പല നിര്‍ണായക സന്ദര്‍ഭങ്ങളിലും രണ്ടെന്നു തോന്നിപ്പിക്കുന്ന ഈ പാര്‍ട്ടികള്‍ ഒന്നിച്ചു കൈകോര്‍ക്കുന്നത് രാജ്യം മുമ്പും കണ്ടിട്ടുണ്ട്. ഒരേ തൂവല്‍പക്ഷികളാണവര്‍. വര്‍ഗതാല്‍പര്യം അവരെ ഒന്നിച്ചു പറക്കാന്‍ എപ്പോഴും പ്രേരിപ്പിച്ചുകൊണ്ടിരിക്കും.

ജനയുഗം മുഖപ്രസംഗം 060811

1 comment:

  1. വര്‍ഗതാല്‍പര്യം എന്നത് വെറും ഒരു വാക്കല്ല. പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും നിലപാടുകള്‍ തീരുമാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സവിശേഷ സ്വാധീനമാണത്. അവരുടെ രാഷ്ട്രീയവും സാമ്പത്തികവും നയപരവും ആയ തീരുമാനങ്ങളൊന്നും വര്‍ഗ താല്‍പര്യങ്ങളില്‍ നിന്നും വേറിട്ടല്ല ഉണ്ടാകുന്നത്. ഈ സത്യത്തിന്റ പുനഃപ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ഉണ്ടായത്. വിലക്കയറ്റം സംബന്ധിച്ച പ്രമേയം കോണ്‍ഗ്രസും ബി ജെ പിയും ഒറ്റക്കെട്ടായാണ് അവിടെ പാസാക്കിയത്. രാജ്യത്തിലെ മുഴുവന്‍ ജനങ്ങളുടെയും ജീവിതത്തെ തുറിച്ചുനോക്കുന്ന വിലവര്‍ധനവിന്റെ മുമ്പില്‍ ഒരേ നിലപാടും നയവുമാണ് ഭരണകക്ഷിയായ കോണ്‍ഗ്രസിനും മുഖ്യപ്രതിപക്ഷമായ ബി ജെ പിക്കും ഉള്ളതെന്ന് അവര്‍ ഒന്നിച്ചു പാസാക്കിയ ആ പ്രമേയം വിളിച്ചുപറയുന്നു.

    ReplyDelete