Saturday, August 6, 2011

ബാങ്ക് ജീവനക്കാരുടെ പ്രക്ഷോഭം ജനങ്ങള്‍ ഏറ്റെടുക്കും: പന്ന്യന്‍

ബാങ്കിംഗ് മേഖലയില്‍ ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് ജനങ്ങള്‍ ഏറ്റെടുക്കുമെന്ന് സി പി ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ബാങ്ക് ജീവനക്കാര്‍ ദേശവ്യാപകമായി നടത്തുന്ന പണിമുടക്കിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് എസ് ബി ടി യുടെ മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബാങ്ക് ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് നാടിന്റെ വികാരമായി മാറിക്കഴിഞ്ഞു. എങ്കിലും ഇതിനെ തിരസ്‌കരിക്കാനാണ് ഭരണാധികാരികളുടെ ശ്രമം. സാധാരണക്കാരുടെയും തൊഴിലാളികളുടെയും താല്‍പ്പര്യത്തെക്കാള്‍ ഉപരിയായി കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് ഇവര്‍ക്ക് താല്‍പ്പര്യം. ജീവനക്കാര്‍ പൊരുതി നേടിയെടുത്ത അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. തൊഴിലാളി സംഘടനകളും ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതൃത്വം നല്‍കി നടത്തിയ ഐതിഹാസികമായ സമരത്തിന്റെ പരിണിതഫലമായാണ് ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത്. ഇത് നാടിന്റെ സമ്പദ്ഘടനയ്ക്ക് ശക്തി പകര്‍ന്നു. ആഗോള സാമ്പത്തിക തകര്‍ച്ച ഉണ്ടായപ്പോഴും ഇന്ത്യയില്‍ അത് പ്രതിഫലിക്കാതിരുന്നത് പൊതുമേഖലാ ബാങ്കുകളുടെ ശക്തിമൂലമാണ്. ഇക്കാര്യം പ്രധാനമന്ത്രിയും ധനമന്ത്രിയും പലതവണ പരസ്യമായി പറഞ്ഞിട്ടുമുണ്ട്. എങ്കിലും കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഇതിനെതിരായാണ്. ബാങ്കുകളുടെ ഓഹരി വിറ്റഴിക്കാനും ബാങ്കുകളെ ലയിപ്പിക്കാനുമുള്ള തീരുമാനം ബാങ്കിംഗ് മേഖലയെയും രാജ്യത്തിന്റെ സമ്പദ്ഘടനയെയും തകര്‍ക്കും. ബാങ്കുകള്‍ ലയിപ്പിക്കുമ്പോള്‍ ലഭിക്കുന്ന വര്‍ധിച്ച മൂലധനം കോര്‍പ്പറേറ്റുകളുടെ കൈകളില്‍ ചെന്നുചേരും.

ഇത് സാധാരണക്കാരന് ബാങ്കുകളില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങള്‍ ലഭിക്കാതാക്കും. 49 ശതമാനം ഓഹരി മാത്രമേ വിറ്റഴിക്കൂവെന്ന് പറയുമ്പോഴും ഫലത്തില്‍ ബാങ്കുകളുടെ നിയന്ത്രണം കോര്‍പ്പറേറ്റുകളുടെ കൈകളിലെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ ഈ തീരുമാനങ്ങള്‍ ബാങ്കിങ് മേഖലയില്‍ പണിയെടുക്കുന്ന ജീവനക്കാരെയാണ് കൂടുതലായി ബാധിക്കുക. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ വര്‍ധിപ്പിക്കാതെ അവരുടെ ജോലി ഭാരം വര്‍ധിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പോരാട്ടം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ വിദേശ വല്‍ക്കരണ ലയനങ്ങള്‍ക്കായുള്ള ജനവിരുദ്ധ ബാങ്കിംഗ് പരിഷ്‌കാരങ്ങള്‍ ഉപേക്ഷിക്കുക, പുറംകരാര്‍ ജോലി സമ്പ്രദായം നിര്‍ത്തലാക്കുക, ഖണ്‌ഡേല്‍വാള്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ പിന്‍വലിക്കുക, ബി എസ് ആര്‍ ബി പുനഃസ്ഥാപിക്കുക, പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കുക,  ആശ്രിത നിയമനം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്.  രാവിലെ പാളയത്ത് നിന്ന് നൂറ് കണക്കിന് ജീവനക്കാര്‍ അണിനിരന്ന പ്രകടനവും ഉണ്ടായിരുന്നു. പ്രകടനത്തിനും, ധര്‍ണയ്ക്കും വിവിധ സര്‍വീസ് സംഘടനാ നേതാക്കളായ സി രാജ്കുമാര്‍, എ എല്‍ റപ്പായി, ടി എം പ്രാകാശ്, പി വി ജോസ്, എ കെ പിള്ള, ജയശങ്കര്‍, ശശികുമാര്‍, രാജീവ് നാഥ് എന്നിവര്‍ നേതൃത്വം നല്‍കി.

ജനയുഗം 060811

1 comment:

  1. ബാങ്കിംഗ് മേഖലയില്‍ ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് ജനങ്ങള്‍ ഏറ്റെടുക്കുമെന്ന് സി പി ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ബാങ്ക് ജീവനക്കാര്‍ ദേശവ്യാപകമായി നടത്തുന്ന പണിമുടക്കിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് എസ് ബി ടി യുടെ മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete