സംസ്ഥാനത്ത് ശിശുമരണ നിരക്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗണ്യമായ കുറവുണ്ടായി. 1994ല്‍ ശിശുമരണ നിരക്ക് 12.76 ശതമായിരുന്നത് 2010 ല്‍ രണ്ട് ശതമാനത്തില്‍ താഴെയായി കുറഞ്ഞതായി കേന്ദ്ര കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസ് (ഐ ഐ പി എസ് ) നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. സ്ത്രികളുടെ ആരോഗ്യ സംരക്ഷണം, ശാക്തീകരണം തുടങ്ങിയ മേഖലകളില്‍ കേരളം നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇതിനുള്ള മുഖ്യകാരണം. കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കുന്ന ശീലം കേരളത്തിലെ അമ്മമാര്‍ക്കിടയില്‍ കൂടുതലായതാണ് ശിശുമരണ നിരക്ക് കുറയാനുള്ള മുഖ്യകാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ആരോഗ്യ, സാമൂഹ്യ മേഖലകളിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം ഇതര സംസ്ഥാനങ്ങള്‍ക്കുതന്നെ മാതൃകയാണ്.
ഗര്‍ഭിണികളുടെ പരിചരണത്തിനായി ആധുനിക രീതികള്‍ സംസ്ഥാനത്ത് നടപ്പാക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ ഗര്‍ഭിണികളുടെ പരിചരണത്തിനായി പ്രത്യേക സംവിധാനം നടപ്പാക്കി. ഫോളിക് ആസിഡ്, രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്നിവയുടെ അളവിലുണ്ടാകുന്ന കുറവ് ഗര്‍ഭസ്ഥ ശിശുവിലും അമ്മമാരിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. കഴിഞ്ഞ വര്‍ഷം ബിഹാറില്‍ നടത്തിയ പഠനത്തില്‍ 63 ശതമാനം മാതൃ- ശിശുമരണത്തിനുള്ള മുഖ്യകാരണം ഹീമോഗ്ലോബിന്റെ കുറവ് മൂലമുണ്ടാകുന്ന വിളര്‍ച്ചയാണെന്ന് കണ്ടെത്തി. മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. മാതൃ- ശിശുമരണ നിരക്ക് കൂടുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലും മാതൃ- ശിശുമരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. പോഷകാഹാരത്തിന്റെ കുറവാണ് മാതൃ- ശിശു മരണ നിരക്ക് ഗണ്യമായി കൂടാനുള്ള കാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുന്നതിലും കേരളം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
ഗുണനിലവാരമുള്ള ഭക്ഷ്യധാന്യങ്ങള്‍ കുറഞ്ഞ വിലയില്‍ സമൂഹത്തിലെ നിര്‍ധനരായ ജനവിഭാഗങ്ങള്‍ക്കുപോലും ലഭ്യമാക്കാന്‍ സംസ്ഥാനം സ്വീകരിച്ച നയങ്ങളും അത് ഉപയോഗപ്പെടുത്താന്‍ ജനങ്ങള്‍ കാണിച്ച താല്‍പ്പര്യവുമാണ് സാമൂഹ്യ - ആരോഗ്യ വികസന സൂചികയില്‍ മേല്‍ക്കൈ നേടാനുള്ള മുഖ്യകാരണം. ഗുണനിലവാരമുള്ള ഭക്ഷ്യ വസ്തുക്കള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കിയതിലൂടെ ഫലമായി ഭക്ഷ്യ സാധനങ്ങള്‍ക്കായി ചെലവാക്കിയിരുന്ന പണത്തിന്റെ നല്ലൊരു ഭാഗം സമ്പാദിക്കാന്‍ കഴിഞ്ഞു. ഇത് ജനങ്ങളില്‍ സമ്പാദ്യ ശീലം വര്‍ധിപ്പിച്ചു. കേന്ദ്ര ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഒരു രൂപ വരുമാനമുള്ള കേരളത്തിലെ ഇടത്തരക്കാരന്‍ 36 പൈസ സമ്പാദിക്കുന്നുവെന്നാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ സമ്പാദ്യ തോത് ആശാവഹമാണെന്നും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ആരോഗ്യമുള്ള സമൂഹത്തില്‍ മാത്രമേ സുസ്ഥിര വികസനം സാധ്യമാകൂവെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പരിഷ്‌കാരങ്ങളാണ് സാമൂഹ്യ, ആരോഗ്യ മേഖലയില്‍ അനന്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പോഷക മൂല്യങ്ങളുള്ള ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതക്കുറവ് സമൂഹത്തിന്റെ വികസനത്തിന് വിലങ്ങുതടിയായി നിന്നു. ഈ സ്ഥിതി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികള്‍ നടപ്പാക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ വിശപ്പ് രഹിത സംവിധാനം നടപ്പാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അംഗനവാടികളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി. അംഗനവാടികളില്‍ കൃത്യമായ ഇടവേളകളില്‍ പൊതുജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പുകളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു.
സ്‌കൂളുകളില്‍ നടപ്പാക്കിയ ഹെല്‍ത്ത് കാര്‍ഡ് സംവിധാനം, സാമൂഹ്യ സുരക്ഷാ മിഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കാന്‍സര്‍ സുരക്ഷാ പദ്ധതി എന്നിവയും ഏറെ ശ്രദ്ധേയമായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മാരകമായ രോഗങ്ങള്‍ ബാധിച്ച് അധ്യയനം അവസാനിപ്പിക്കുന്ന കുട്ടികളുടെ എണ്ണം അഞ്ച് വര്‍ഷം മുമ്പുവരെ കേരളത്തില്‍ വളരെ കൂടുതലായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് വിവിധ ക്ലാസുകളിലായി സംസ്ഥാനത്ത് 8300 മുതല്‍ 12378 കുട്ടികള്‍ വരെ വിവിധ ആരോഗ്യ കാരണങ്ങളാല്‍ അധ്യയനം പാതിവഴിയില്‍ അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഈ സ്ഥിതിക്ക് മാറ്റം വന്നു. വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ പദ്ധതികളും ഗുണം ചെയ്തു. ഇതിന്റെ ഫലമായി കഴിഞ്ഞ അധ്യയന വര്‍ഷം 326 കുട്ടികള്‍ മാത്രമാണ് ആരോഗ്യ കാരണത്താല്‍ പഠനം നിര്‍ത്തിയതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
കേരളത്തിലെ ഉയര്‍ന്ന സാക്ഷരതാ നിരക്ക്, കുടംബശ്രീ ഉള്‍പ്പടെയുള്ള ജനകീയ കൂട്ടായ്മകള്‍, അംഗനവാടികളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തന മികവ്, ആരോഗ്യ കാര്യങ്ങള്‍ സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ബോധം, കുടുബാസൂത്രണം സംബന്ധിച്ച കാര്യങ്ങളിലുള്ള അവഗാഹം, മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കാനുള്ള ജനങ്ങളുടെ ശേഷി തുടങ്ങിയവയാണ് സ്ത്രീ ശാക്തീകരണ സൂചികയില്‍ ആശാവഹമായ പുരോഗതി കൈവരിക്കാനുള്ള കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മറ്റ് സംസ്ഥാനങ്ങള്‍ 20 വര്‍ഷം കൊണ്ട് നേടിയെടുത്ത സാമൂഹ്യ വികസനാങ്കം അഞ്ച് വര്‍ഷത്തിനിടെ കേരളത്തിന് കൈവരിക്കാനായത് ഉയര്‍ന്ന സാക്ഷരതാ നിരക്കിന്റെ പ്രതിഫലനമാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.
(കെ ആര്‍ ഹരി)
janayugom 220811
സംസ്ഥാനത്ത് ശിശുമരണ നിരക്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗണ്യമായ കുറവുണ്ടായി. 1994ല്‍ ശിശുമരണ നിരക്ക് 12.76 ശതമായിരുന്നത് 2010 ല്‍ രണ്ട് ശതമാനത്തില്‍ താഴെയായി കുറഞ്ഞതായി കേന്ദ്ര കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസ് (ഐ ഐ പി എസ് ) നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. സ്ത്രികളുടെ ആരോഗ്യ സംരക്ഷണം, ശാക്തീകരണം തുടങ്ങിയ മേഖലകളില്‍ കേരളം നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇതിനുള്ള മുഖ്യകാരണം. കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കുന്ന ശീലം കേരളത്തിലെ അമ്മമാര്‍ക്കിടയില്‍ കൂടുതലായതാണ് ശിശുമരണ നിരക്ക് കുറയാനുള്ള മുഖ്യകാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ആരോഗ്യ, സാമൂഹ്യ മേഖലകളിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം ഇതര സംസ്ഥാനങ്ങള്‍ക്കുതന്നെ മാതൃകയാണ്.
ReplyDeleteഇപ്പറഞ്ഞ കാര്യങ്ങളെല്ലാം ശരിതന്നെ എങ്കിലും, ജനങ്ങളുടെ പൊതു ആരോഗ്യ നിലവാരം കുറഞ്ഞുകൊണ്ടിരിക്കുന്നു. വർദ്ധിച്ചുകൊണ്ടിരിക്കുന്ന ആശുപത്രികളുടെ എണ്ണവും അതിനനുസരിച്ച് ആശുപത്രിയിൽ രോഗികളുടെ ബാഹുല്യവും, രോഗികൾക്ക് കിടക്കാൻ ഒരു ബെഡ് പോലും ലഭിക്കാത്ത അവസ്ഥയും കാണുമ്പോൾ നമ്മൾ മുന്നോട്ട് എന്ന സ്ഥിതിവിവരക്കണക്കുകൾ സത്യം തന്നെയോ എന്ന ആശങ്ക ഇല്ലാതില്ല.
ReplyDelete