Sunday, August 14, 2011

സാല്‍വാ ജുദൂമിനെ നിരോധിച്ചതിനെതിരെ കേന്ദ്രം ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: മാവോയിസ്റ്റുകളെ നേരിടാനെന്ന പേരില്‍ ഛത്തിസ്‌ഗഢ്‌ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകള്‍ സ്ഥാപിച്ച സായുധസേനയായ സാല്‍വാ ജുദൂമിനെ നിരോധിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധി ഭേദഗതി ചെയ്യണമന്നാവശ്യപ്പെട്ട്‌ കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി നല്‍കി. മാവോയിസ്റ്റുകള്‍ക്കു സ്വാധീനമുള്ള മേഖലകളില്‍ അക്രമം വര്‍ധിക്കാന്‍ ഉത്തരവ്‌ ഇടവരുത്തുമെന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നത്‌. ഉത്തരവിലെ ഏതാനും ഖണ്ഡികകള്‍ ഒഴിവാക്കണമെന്നാണ്‌ ഹര്‍ജിയിലെ മുഖ്യ ആവശ്യം.

കോടതി ഉത്തരവിലെ ഖണ്‌ഡിക 75 (2), 76 എന്നിവ ഭരണഘടനയ്‌ക്ക്‌ എതിരാണെന്നും ഇവ ഒഴിവാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. മാവോയിസ്റ്റ്‌- നക്‌സല്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിനായി സ്‌പെഷല്‍ പൊലീസ്‌ ഓഫീസര്‍മാരെ നിയമിക്കുന്നതിന്‌ സര്‍ക്കാരിന്റെ പണം നേരിട്ടോ അല്ലാതെയോ ഉപയോഗിക്കാന്‍ പാടില്ലെന്നാണ്‌ 77- ാം ഖണ്‌ഡികയിലെ രണ്ടാം ഭാഗത്തില്‍ പറയുന്നത്‌. ഛത്തീസ്‌ഗഡിലെ പൊലീസ്‌ നിയമപ്രകാരം അനുവദിക്കുന്ന ചുമതലകളല്ലാതെ സംസ്ഥാന പൊലീസിന്റെ കൃത്യനിര്‍വഹണത്തിനായി സ്‌പെഷല്‍ പൊലീസ്‌ ഓഫീസര്‍മാരെ നിയമിക്കുന്നത്‌ ഭരണഘടനാ വിരുദ്ധമാണെന്നാണ്‌ 76- ാം ഖണ്‌ഡികയില്‍ പറയുന്നത്‌.

ഭരണഘടനയനുസരിച്ച്‌ പൊലീസ്‌ സംവിധാനം എക്‌സിക്യൂട്ടീവിനു കീഴിലാണെന്നും അതില്‍ ഇടപെടാന്‍ കോടതിക്കാവില്ലെന്നും കേന്ദ്രം നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. കോടതി ഉത്തരവ്‌ നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനത്തെമാത്രമല്ല ജമ്മുകശ്‌മീരിലും മറ്റും നടക്കുന്ന ഭീകരവിരുദ്ധ പ്രവര്‍ത്തനത്തെയും ബാധിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.
ബിജാസ്‌പുര്‍, ദന്തേവാഡ തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ 2000 ഓളം ആദിവാസികള്‍ക്ക്‌ സായുധ പരിശീലനം നല്‍കിയ മാവോയിസ്റ്റുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ നിയോഗിച്ചതായി ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ്‌, സാല്‍വാ ജുദൂമിനെ നിരോധിച്ച്‌ സുപ്രിം കോടതി ഉത്തരവിട്ടത്‌. നന്ദിനി സുന്ദര്‍, രാമചന്ദ്ര ഗുഹ, ഇ എ എസ്‌ ശര്‍മ എന്നിവരുള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജസ്റ്റിസുമാരായ ബി സുദര്‍ശന്‍ റെഡ്‌ഢി, എസ്‌ എസ്‌ നിജ്ജാര്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

മാവോയിസ്റ്റുകളെ നേരിടാന്‍ കോണ്‍ഗ്രസ്‌ നേതാവ്‌ അജിത്‌ ജോഗി ചത്തീസ്‌ഗഡ്‌ മുഖ്യമന്ത്രിയായിരിക്കെയാണ്‌ സല്‍വ ജുദും, കോയ കാമാന്‍ഡോകള്‍ എന്നീ പേരുകളില്‍ സ്‌പെഷല്‍ പൊലീസ്‌ ഓഫീസര്‍മാരെ നിയമിക്കാന്‍ ആരംഭിച്ചത്‌. തുടര്‍ന്നുവന്ന ബി ജെ പി സര്‍ക്കാര്‍ സേനയെ വിപുലീകരിച്ച്‌ തങ്ങളുടെ നിക്ഷിപ്‌ത രാഷ്‌ട്രീയ-സാമ്പത്തിക താല്‍പ്പര്യത്തിനുവേണ്ടി പൂര്‍ണതോതില്‍ ഉപയോഗിക്കാനാരംഭിച്ചു.

ഒരു വിഭാഗം ആദിവാസി യുവാക്കളെ വികസനത്തിന്റെ പ്രയോജനം യാതൊന്നും ലഭിക്കാത്ത ആദിവാസി സമൂഹത്തിനെതിരെ തിരിച്ചുവിടുന്ന സംവിധാനമായി അത്‌ മാറി. ആയിരക്കണക്കിന്‌ ആദിവാസികള്‍ സല്‍വ ജുദുമിന്റെ ആയുധങ്ങള്‍ക്ക്‌ ഇരയായി. നൂറ്‌ കണക്കിന്‌ സ്‌പെഷല്‍ പൊലീസ്‌ ഓഫീസര്‍മാരും ഏറ്റുമുട്ടലില്‍ കൊലചെയ്യപ്പെട്ടു. ആദിവാസി ജനവിഭാഗത്തിന്റെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ട ജനാധിപത്യശക്തികളും അടിച്ചമര്‍ത്തലിനു ഇരയായി. അതിന്‌ നേതൃത്വം നല്‍കിയ നിരവധി സി പി ഐ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ കൊലചെയ്യപ്പെട്ടു. നൂറ്‌ കണക്കിനു പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇപ്പോഴും ജയിലിലാണ്‌.സല്‍വ ജുദുമിനെ നിരോധിക്കണമെന്ന ആവശ്യം ഇതര ജനാധിപത്യശക്തികള്‍ക്കൊപ്പം സി പി ഐ നിരന്തരം ഉന്നയിച്ചുവരികയാണ്‌.

janayugom 140811

1 comment:

  1. മാവോയിസ്റ്റുകളെ നേരിടാനെന്ന പേരില്‍ ഛത്തിസ്‌ഗഢ്‌ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകള്‍ സ്ഥാപിച്ച സായുധസേനയായ സാല്‍വാ ജുദൂമിനെ നിരോധിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധി ഭേദഗതി ചെയ്യണമന്നാവശ്യപ്പെട്ട്‌ കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി നല്‍കി. മാവോയിസ്റ്റുകള്‍ക്കു സ്വാധീനമുള്ള മേഖലകളില്‍ അക്രമം വര്‍ധിക്കാന്‍ ഉത്തരവ്‌ ഇടവരുത്തുമെന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നത്‌. ഉത്തരവിലെ ഏതാനും ഖണ്ഡികകള്‍ ഒഴിവാക്കണമെന്നാണ്‌ ഹര്‍ജിയിലെ മുഖ്യ ആവശ്യം.

    ReplyDelete