Sunday, August 14, 2011

പോരാളിസംഗമത്തോടെ ബീഡിത്തൊഴിലാളി സമ്മേളനം തുടങ്ങി

കണ്ണൂര്‍ : പഴയകാല പോരാളികളുടെയും പ്രവര്‍ത്തകരുടെയും ത്യാഗനിര്‍ഭര സ്മരണകളുമായി കേരള ബീഡി ആന്‍ഡ് സിഗാര്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം. ആദ്യകാല യൂണിയന്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സംഗമം സി കണ്ണന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. തൊഴിലാളികള്‍ക്ക് സംഘടനയെന്നത് ഊഹിക്കാന്‍ കഴിയാത്ത കാലത്താണ് ബീഡിത്തൊഴിലാളികള്‍ സംഘടിക്കുകയും മറ്റുവിഭാഗങ്ങളെ സഹായിക്കുകയും ചെയ്തതെന്ന് പിണറായി പറഞ്ഞു.

1930കളില്‍ ബീഡിത്തൊഴിലാളികള്‍ സംഘടിക്കാന്‍ തുടങ്ങിയിരുന്നു. പി കൃഷ്ണപിള്ളയും കെ ദാമോദരനും സി എച്ച് കണാരനും അഴീക്കോടന്‍ രാഘവനും സി കണ്ണനും പി വി കുട്ടിയും കേളുവേട്ടനും യു കുഞ്ഞിരാമനും പി കണ്ണന്‍ നായരുമെല്ലാം ഇതിന് മുന്‍നിരയിലുണ്ടായിരുന്നു. ബീഡിത്തൊഴിലാളികള്‍ക്കായി എ കെ ജി പാര്‍ലമെന്റിലും പൊരുതി. കൂലിവര്‍ധന ആവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തിയ സമരം വന്‍ വിജയമായിരുന്നു. പിന്നീട് നടന്ന പണിമുടക്ക് ഉള്‍പ്പെടെയുള്ള എണ്ണമറ്റ സമരങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. കമ്യൂണിസ്റ്റുകാര്‍ക്ക് "ബീഡി കമ്യൂണിസ്റ്റെ"ന്ന പേരുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുമായി അവര്‍ ബന്ധപ്പെട്ടതിന്റെ തെളിവാണിത്. രാഷ്ട്രീയബോധത്തിന്റെ ഉദാത്ത കേന്ദ്രങ്ങളായിരുന്നു ഓരോ ബീഡിത്തൊഴിലാളി ബ്രാഞ്ചും. ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചതിന് വര്‍ഗീയവാദികളുടെ നിരന്തര ആക്രമണത്തിനിരയാകേണ്ടി വന്നു. ആര്‍എസ്എസ് പ്രചാരകന്‍ പി നാരായണന്റെ പുസ്തകത്തില്‍ ബീഡിതെറുപ്പ് കേന്ദ്രങ്ങളെ മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ നേഴ്സറികളെന്നാണ് വിശേഷിപ്പിച്ചത്. തൊഴിലാളിചൂഷണത്തിനെതിരായ ചെറുത്തുനില്‍പ്പാണ് ദിനേശ് ബീഡി സഹകരണസംഘത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. ലോകത്തിന് മാതൃകയായി ദിനേശ് വളര്‍ന്നു. നാടിന്റെ രാഷ്ട്രീയാന്തരീക്ഷം മാറ്റുന്നതില്‍ ബീഡിത്തൊഴിലാളികള്‍ വഹിച്ച പങ്ക് വലുതാണെന്നും പിണറായി പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് എ കെ നാരായണന്‍ അധ്യക്ഷനായി. സി കൃഷ്ണന്‍ എംഎല്‍എ, കെ കെ പ്രകാശന്‍ , എം ബാബുരാജ്, എം വി ജനാര്‍ദനന്‍ , എന്‍ അജിത്കുമാര്‍ , സി എച്ച് ബാലകൃഷ്ണന്‍ , പി മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി സഹദേവന്‍ സ്വാഗതവും കെ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ഞായറാഴ്ച രാവിലെ പത്തിന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും.

തകര്‍ച്ച നേരിടുന്ന ബീഡിവ്യവസായം

സംസ്ഥാനത്ത് ബീഡിവ്യവസായം അതിഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. രണ്ടര ലക്ഷത്തിലേറെ തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലിചെയ്യുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് ഒന്നര ലക്ഷത്തിനടുത്ത് തൊഴിലാളികള്‍ക്ക് ഇതിനകം ജോലി നഷ്ടപ്പെട്ടു. ഇന്ത്യയില്‍ 14 സംസ്ഥാനങ്ങളിലായി ബീഡിവ്യവസായം വ്യാപിച്ചുകിടക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ച് 44,11,275 തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലിചെയ്യുന്നു. എന്നാല്‍ , കേന്ദ്ര വെല്‍ഫെയര്‍ഫണ്ട് ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലാളികളുടെ എണ്ണം 37,11,490 ആണ്. ആറു ലക്ഷത്തിലേറെ തൊഴിലാളികള്‍ ഇപ്പോഴും ബോര്‍ഡില്‍ അംഗത്വമില്ലാത്തവരാണ്. കടുത്ത ചൂഷണത്തിനു വിധേയമായി ജോലിചെയ്യുന്ന ഈ തൊഴിലാളികള്‍ക്ക് ദേശീയതലത്തില്‍ ഒരു നിയമം കൊണ്ടുവരിക, ദേശീയ മിനിമംകൂലി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 60 വര്‍ഷത്തോളമായി തൊഴിലാളികള്‍ പ്രക്ഷോഭസമരം സംഘടിപ്പിച്ചുവരികയാണ്. ഉന്നയിക്കപ്പെട്ട ആവശ്യം പരിഗണിക്കാന്‍ ഇതേവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

നിയമപരിരക്ഷ ലഭിക്കാത്ത തൊഴിലാളികള്‍ക്ക് പ്രത്യേക നിയമംകൊണ്ടുവരണമെന്നാവശ്യം ഉന്നയിച്ചുനടത്തിയ സമരത്തിന്റെ ഫലമായി 1966ല്‍ ഇന്ത്യാ ഗവണ്‍മെന്റ് നിയമപരമായി തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ഒരു ബില്‍ അവതരിപ്പിച്ച് പാസാക്കി. അത് നടപ്പാക്കിയ സംസ്ഥാനം കേരളംമാത്രമാണ്. കേരളത്തിലും ഭാഗികമായി മാത്രമേ നിയമം നടപ്പാക്കാന്‍ കഴിഞ്ഞുള്ളൂ. സംസ്ഥാനങ്ങള്‍ തമ്മില്‍ കൂലിയില്‍ നിലനില്‍ക്കുന്ന വ്യത്യാസം ഉപയോഗപ്പെടുത്തി കുറഞ്ഞകൂലിയുള്ള സംസ്ഥാനത്തേക്ക് വ്യവസായം മാറ്റുന്ന അവസ്ഥയാണുള്ളത്. ദേശീയാടിസ്ഥാനത്തില്‍ ഒരുകൂലി വ്യവസ്ഥകൊണ്ട് വരണമെന്ന ആവശ്യവും ഇതേവരെ പരിഗണിച്ചിട്ടില്ല. വളരെ ചുരുങ്ങിയ കൂലിമാത്രം നല്‍കി കടുത്ത ചൂഷണത്തിന് വിധേയമായി വ്യവസായം നടത്തുന്ന രീതിയാണ് തുടരുന്നത്. സ്ത്രീത്തൊഴിലാളികളാണ് മഹാഭൂരിഭാഗവും. ഒരുലക്ഷവും അതിലേറെയും തൊഴിലാളികളെവച്ച് ജോലിചെയ്യിക്കുന്ന വ്യവസായികള്‍ ഈ മേഖലയിലുണ്ട്. അത്തരം വ്യവസായികളെ സംരക്ഷിക്കുകയും തൊഴിലാളികളെ ദ്രോഹിക്കുന്നതിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്ന നയമാണ് ഇക്കാലമത്രയും സര്‍ക്കാര്‍ സ്വീകരിച്ചുവന്നത്.

ഇപ്പോള്‍ ആരോഗ്യപ്രശ്നം ചൂണ്ടിക്കാണിച്ച് കേന്ദ്രസര്‍ക്കാര്‍ പുകവലി നിരോധനം നടപ്പാക്കിവരികയാണ്. ജനങ്ങളുടെ ആരോഗ്യപ്രശ്നം വളരെ പ്രധാനപ്പെട്ടതാണ്. പുകയില ഉല്‍പ്പന്നം നിയമംമൂലം നിരോധിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. നിരോധനം നടപ്പാക്കുമ്പോള്‍ അതുവഴി ജോലിനഷ്ടപ്പെടുന്ന തൊഴിലാളികളെ എങ്ങനെ സംരക്ഷിക്കുമെന്നകാര്യം വ്യക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ തയ്യാറാകുന്നില്ല. ആയിരം ബീഡിക്ക് 15 രൂപ നികുതി ചുമത്തിയതിന്റെ ഫലമായി വര്‍ഷം 10,000 കോടിയിലേറെ രൂപ കേന്ദ്രസര്‍ക്കാരിന് ലഭിച്ചുവരുന്നുണ്ട്. എന്നാല്‍ , സര്‍ക്കാരിന്റെ നയംകാരണം ജോലി നഷ്ടപ്പെടുന്ന തൊഴിലാളികളെ സംരക്ഷിക്കേണ്ട ബാധ്യതയില്‍നിന്ന് അവര്‍ ഒഴിഞ്ഞുമാറുകയാണ്. ജോലി നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 3000 രൂപ പെന്‍ഷന്‍ അനുവദിക്കണമെന്നും അതിന്റെ 20 ശതമാനം സംസ്ഥാനസര്‍ക്കാര്‍ വഹിക്കാമെന്നും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുത്ത് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. പക്ഷേ, അത് പരിഗണിക്കാന്‍ ഇതേവരെ തയ്യാറായിട്ടില്ല. പുകയിലക്കൃഷിക്കാര്‍ക്ക് പുകയിലക്കൃഷി ഒഴിവാകുമ്പോള്‍ സഹായം നല്‍കുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ തൊഴിലാളികളുടെ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല.

ട്രേഡ് യൂണിയനുകളുടെ ആരംഭകാലംമുതല്‍ സംസ്ഥാനത്ത് ബീഡിമേഖലയില്‍ യൂണിയന്‍ സംഘടിപ്പിച്ചുവന്നിട്ടുണ്ട്. നിരവധി പോരാട്ടങ്ങള്‍ യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തിവന്നു. സ്വാതന്ത്ര്യസമര ചരിത്രത്തിലും അവരുടെ പങ്ക് കാണാം. തലശേരിയില്‍ പൊലീസിന്റെ വെടിയുണ്ടയ്ക്ക് ഇരയായി മരിച്ച അബു, ചാത്തുക്കുട്ടി രക്തസാക്ഷികളില്‍ ചാത്തുക്കുട്ടി ബീഡിത്തൊഴിലാളി യൂണിയന്‍ നേതാവായിരുന്നു. തൊഴിലാളിവര്‍ഗപോരാട്ട സമരത്തില്‍ എണ്ണമറ്റ തൊഴിലാളികള്‍ പൊലീസിന്റെ ക്രൂരമായ മര്‍ദനത്തിനും ജയില്‍വാസത്തിനും വിധേയമായിട്ടുണ്ട്. അവര്‍ വളര്‍ത്തിയെടുത്ത മേഖല തകര്‍ച്ചയെ നേരിടുന്നു. തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് കേരള ബീഡി ആന്‍ഡ് സിഗര്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം 13നും14നും കണ്ണൂരില്‍ നടക്കുന്നത്്. തൊഴിലാളികളെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ഈ സമ്മേളനം ഉപകരിക്കുമെന്ന് പ്രത്യാശിക്കുന്നു.

deshabhimani 140811

1 comment:

  1. 1930കളില്‍ ബീഡിത്തൊഴിലാളികള്‍ സംഘടിക്കാന്‍ തുടങ്ങിയിരുന്നു. പി കൃഷ്ണപിള്ളയും കെ ദാമോദരനും സി എച്ച് കണാരനും അഴീക്കോടന്‍ രാഘവനും സി കണ്ണനും പി വി കുട്ടിയും കേളുവേട്ടനും യു കുഞ്ഞിരാമനും പി കണ്ണന്‍ നായരുമെല്ലാം ഇതിന് മുന്‍നിരയിലുണ്ടായിരുന്നു. ബീഡിത്തൊഴിലാളികള്‍ക്കായി എ കെ ജി പാര്‍ലമെന്റിലും പൊരുതി. കൂലിവര്‍ധന ആവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തിയ സമരം വന്‍ വിജയമായിരുന്നു. പിന്നീട് നടന്ന പണിമുടക്ക് ഉള്‍പ്പെടെയുള്ള എണ്ണമറ്റ സമരങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. കമ്യൂണിസ്റ്റുകാര്‍ക്ക് "ബീഡി കമ്യൂണിസ്റ്റെ"ന്ന പേരുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുമായി അവര്‍ ബന്ധപ്പെട്ടതിന്റെ തെളിവാണിത്. രാഷ്ട്രീയബോധത്തിന്റെ ഉദാത്ത കേന്ദ്രങ്ങളായിരുന്നു ഓരോ ബീഡിത്തൊഴിലാളി ബ്രാഞ്ചും. ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചതിന് വര്‍ഗീയവാദികളുടെ നിരന്തര ആക്രമണത്തിനിരയാകേണ്ടി വന്നു. ആര്‍എസ്എസ് പ്രചാരകന്‍ പി നാരായണന്റെ പുസ്തകത്തില്‍ ബീഡിതെറുപ്പ് കേന്ദ്രങ്ങളെ മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ നേഴ്സറികളെന്നാണ് വിശേഷിപ്പിച്ചത്. തൊഴിലാളിചൂഷണത്തിനെതിരായ ചെറുത്തുനില്‍പ്പാണ് ദിനേശ് ബീഡി സഹകരണസംഘത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. ലോകത്തിന് മാതൃകയായി ദിനേശ് വളര്‍ന്നു. നാടിന്റെ രാഷ്ട്രീയാന്തരീക്ഷം മാറ്റുന്നതില്‍ ബീഡിത്തൊഴിലാളികള്‍ വഹിച്ച പങ്ക് വലുതാണെന്നും പിണറായി പറഞ്ഞു.

    ReplyDelete