Monday, December 19, 2011

സാക്ഷരതാ മിഷനില്‍ 3 പേരെ പിരിച്ചുവിട്ട് യോഗ്യതയില്ലാത്തവരെ തിരുകിക്കയറ്റി

സംസ്ഥാന സാക്ഷരതാ മിഷനില്‍ അസിസ്റ്റന്റ് എഡിറ്റര്‍ ഉള്‍പ്പെടെ മൂന്നുപേരെ പിരിച്ചുവിട്ട് യോഗ്യതയില്ലാത്തവരെ തിരുകിക്കയറ്റി. അസിസ്റ്റന്റ് എഡിറ്റര്‍ വിജയമ്മ, കോ-ഓഡിനേറ്റര്‍ ബിനു, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അമിത് എന്നിവരെ പിരിച്ചുവിട്ട് ഷെര്‍ലി മാത്യു, പി ഐ അബ്ദുള്‍ അസീസ്, സുമംഗലാദേവി എന്നിവരെയാണ് തിരുകിക്കയറ്റിയത്. ഷെര്‍ലി മാത്യു മന്ത്രിയുടെ ഗണ്‍മാന്റെ ഭാര്യയാണ്. പിഎച്ച്ഡി ഉള്‍പ്പെടെ ഉയര്‍ന്ന ബിരുദമുള്ള വിജയമ്മയെ മാറ്റി നിയമിച്ച ഇവര്‍ക്ക് അസി. എഡിറ്ററാവാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്ല. പിരിച്ചുവിട്ട മൂന്നുപേര്‍ക്ക് പകരം മൂന്ന് പേരെ നിയമിച്ചതിന് പുറമെ അസി. ഡയറക്ടറായി ഒരാളെക്കൂടി നിയമിച്ചിട്ടുണ്ട്. ഇയാള്‍ക്കും തസ്തികയ്ക്ക് ആവശ്യമായ അടിസ്ഥാന വിദ്യാഭ്യാസയോഗ്യത ഇല്ല. സാക്ഷരതാ മിഷന്റെ പുതിയതായി രൂപീകരിച്ച ഭരണസമിതിയുടെ ആദ്യയോഗം 28ന് ചേരാനിരിക്കെയാണ് ഇതുവരെയുണ്ടായിരുന്ന നിയമന രീതികള്‍ അട്ടിമറിച്ച് പിരിച്ചുവിടലും നിയമനവും നടത്തിയിരിക്കുന്നത്.

സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷ ഉള്‍പ്പെടെ അലങ്കോലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് എജ്യുക്കേഷണല്‍ ഓട്ടോണമസ് ബോഡീസ് എംപ്ലോയീസ് ഫെഡറേഷന്‍ കുറ്റപ്പെടുത്തി. മൂന്ന് ലക്ഷത്തിലേറെ പേരാണ് പത്താം ക്ലാസ് ഉള്‍പ്പെടെയുള്ള യോഗ്യതാ പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്നത്. മൂവായിരത്തോളം പ്രേരക്മാരുടെ ശമ്പള പരിഷ്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സാമ്പത്തികഞെരുക്കത്തിന്റെ പേരില്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മുപ്പതോളം പേരെയാണ് സംസ്ഥാന-ജില്ലാ ഓഫീസുകളിലായി തിരുകിക്കയറ്റിയത്. സര്‍ക്കാര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്‍തിരിയണമെന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ജീവനക്കാര്‍ തിങ്കളാഴ്ച സംസ്ഥാന- ജില്ലാ ഓഫീസുകളില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.

deshabhimani 191211

No comments:

Post a Comment