Monday, December 19, 2011

വികസനത്തിന് ബദല്‍സമീപനം

കല്‍പ്പറ്റ: വികസനത്തില്‍ പുതിയ കാഴ്ചപ്പാടുകള്‍ , ജനകീയാവശ്യവും അവയുടെ സാമൂഹികമാനവും കണക്കിലെടുത്തുള്ള കാഴചപ്പാടുകള്‍ . അര്‍ഥവത്തായ ബദല്‍വികസനരൂപരേഖയ്ക്കാണ് കല്‍പ്പറ്റയില്‍ നടന്ന സെമിനാര്‍ രൂപംനല്‍കിയത്. സിപിഐ എം ജില്ലാസമ്മേളനത്തോടനുബന്ധിച്ചാണ് ജില്ലയുടെ ഭാവിവികസനം ലക്ഷ്യമാക്കിയുള്ള മാതൃകാപരമായ സെമിനാര്‍ സംഘടിപ്പിച്ചത്. 15 വിഷയസമിതികളും അക്കാദമിക് കമ്മിറ്റികളും ഒരുമാസത്തിലേറെ നീണ്ട പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ഞായറാഴ്ച നടന്ന സെമിനാറില്‍ ജില്ലയുടെ വികസനം സംബന്ധിച്ച കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചത്. വയനാടിന്റെ വികസനത്തില്‍ നിലവിലുള്ള പ്രശ്നങ്ങളെ പരിശോധിക്കുകയും പ്രശ്നങ്ങള്‍ കണ്ടെത്തി അവയ്ക്ക് ശാസ്ത്രീയവും പ്രായോഗികവുമായ ബദല്‍മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്യുകയുമായിരുന്നു സെമിനാര്‍ . ഇത്രയും വിപുലമായ രീതിയില്‍ ജില്ലയുടെ വികസനപ്രശ്നങ്ങളെ സമീപിക്കുന്നത് ആദ്യമാണ്.

വയനാടിന്റെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള തോട്ടംമേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ കാര്യമായ ഇടപെടലിന്റെ അഭാവം ഉണ്ടെന്ന് വിലയിരുത്തപ്പെട്ടു. 2010 ലെ സാമ്പത്തിക അവലോവകന റിപ്പോര്‍ട് പ്രകാരം 2008-09 നെ അപേക്ഷിച്ച് 2009-10 ല്‍ പ്രതിശീര്‍ഷ വരുമാനത്തില്‍ തകര്‍ച്ചനേരിട്ട ഏകജില്ല വയനാടാണ്. ഇതരജില്ലകളില്‍നിന്ന് വ്യത്യസ്തമായി വയനാട്ടിലെ വര്‍ഗ വൈരുദ്ധ്യങ്ങള്‍ കൂടുതല്‍ രൂഷമാണെന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ കടുത്ത ചൂഷണം നേരിടുന്നുവെന്നും ഇതിലൂടെ തെളിയുകയാണ്. ആഗോളവല്‍കൃത ഉദാരവല്‍കരണ നയങ്ങളെ ചെറുക്കാതെ വികസനത്തിലേക്കുള്ള കുതിപ് സാധ്യമാകില്ല. ഇതിനുള്ള ബദല്‍നിര്‍ദേശങ്ങളാണ് സെമിനാറില്‍ പ്രധാനമായും ഉയര്‍ന്നുവന്നത്.
ഉത്പാദനമേഖല, (കൃഷി, വ്യവസായം) ആദിവാസി മേഖല, തോട്ടം മേഖല, പശ്ചാത്തല വികസനം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ വികസനം, വനവും പരിസ്ഥിതിയും, സഹകരണം, തദ്ദേശസ്വയംഭരണവും പൊതുഭരണവും, ലിംഗസമത്വം, ടൂറിസം, ചരിത്രം, സംസ്കാരം, കായികം എന്നീ 15 വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രബന്ധങ്ങളുടെ കരട് സമാന്തരസെഷനുകളില്‍ ചര്‍ച്ചചെയ്തു. സെമിനാറില്‍ രജിസ്റ്റര്‍ചെയ്തവര്‍ വിവിധ സെഷനുകളായി തിരിഞ്ഞ് ഒരേസമയമായിരുന്നു ചര്‍ച്ച. ഇതില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ പിന്നീട് ക്രോഡീകരിച്ച് കരട് നിര്‍ദേശങ്ങള്‍ വിപുലപ്പെടുത്തി. ഇതിന്റെയടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന വിപുലമായ ബദല്‍രേഖ പിന്നീട് പുസ്തകരൂപത്തിലാക്കും. ആദിവാസികളും മറ്റുപിന്നോക്ക വിഭാഗങ്ങളുമുള്‍പ്പെട്ട ജനവിഭാഗങ്ങളുടെ വികസനത്തിന് സമൂഹത്തിന്റെ കാഴ്ചപ്പാടില്‍തന്നെ മാറ്റംവരണം- സെമിനാര്‍ അഭിപ്രായപ്പെട്ടു.

സമഗ്ര ചര്‍ച്ച; ബദല്‍ കാഴ്ചപ്പാട്

കല്‍പ്പറ്റ: അര്‍ഥസമ്പുഷ്ടവും സമഗ്രവുമായിരുന്നു സമാന്തര സെഷനുകളിലെ ചര്‍ച്ചകള്‍ . ആഴ്കള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ തയ്യാറാക്കിയ രേഖ സെഷനുകളില്‍ രജിസ്റ്റര്‍ചെയ്തവര്‍ വിശദമായ വിലയിരുത്തലിനാണ് വിധേയമാക്കിയത്. പ്രശ്നങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലാനും അവയ്ക്ക് പ്രായോഗികതലത്തിലൂന്നിയ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലുള്ള പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിലും സെഷനുകള്‍ മികച്ച ചര്‍ച്ച നടത്തി. തൊഴിലാളികള്‍ , ജീവനക്കാര്‍ , അധ്യാപകര്‍ , വിദ്യാര്‍ഥികള്‍ , സ്ത്രീകള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ചര്‍ച്ചകളില്‍ സജീവപങ്കാളികളായി.

കല്‍പ്പറ്റ ടൗണ്‍ഹാളില്‍ പുരുഷന്‍ കടലുണ്ടി എംഎല്‍എ സെമിനാര്‍ ഉദ്ഘാടനംചെയ്തു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി എ മുഹമ്മദ് അധ്യക്ഷനായി. പ്രൊഫ. കെ ബാലഗോപാലന്‍ സംസാരിച്ചു. എന്‍ കെ ജോര്‍ജ് സ്വാഗതം പറഞ്ഞു. സമാപനസമ്മേളനത്തില്‍ സി കെ ശശീന്ദ്രന്‍ അധ്യക്ഷനായി. ചര്‍ച്ചകള്‍ ക്രോഡീകരിച്ച് പി കൃഷ്ണപ്രസാദ് സംസാരിച്ചു. പി കെ സുരേഷ് സ്വാഗതവും സി കെ ശിവരാമന്‍ നന്ദിയും പറഞ്ഞു. സമാന്തര സെഷനുകളില്‍ എം വേലായുധന്‍ , കെ സി കുഞ്ഞിരാമന്‍ , പി വി സഹദേവന്‍ , എം മധു, പ്രൊഫ. പി കെ പ്രസാദ്, ഷെല്‍ജി മാത്യു, ഡോ. ഇ പി മോഹനന്‍ , ടി ബി സുരേഷ്, പ്രൊഫ. തോമസ് തേവര, പി കെ സുരേഷ്, കുഞ്ഞിക്കണ്ണന്‍ , കെ വി മോഹനന്‍ , പി ഗഗാറിന്‍ , വി ഉഷാകുമാരി, പ്രൊഫ. രോഹിത്രാജ് എന്നിവര്‍ അധ്യക്ഷരായിരുന്നു. സി കെ ശിവരാമന്‍ , സി എസ് ശ്രീജിത്ത്, നിധീഷ് ജോണി, ഒ വി സുരേഷ്, പി ജെ ബിനേഷ്, ഡോ. പി സന്തോഷ്, ഇ കെ ബിജുജന്‍ , കെ എ അജിത്കുമാര്‍ , പി സുരേഷ്ബാബു, മനോജ് പട്ടാട്ട്, കെ വി ജോസഫ്, സുരേഷ് താളൂര്‍ , പി സാജിത, പി കെ സുധീര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

വൈത്തിരിയിലും മാനന്തവാടിയിലും ഇന്ന് സെമിനാര്‍

കല്‍പ്പറ്റ: സിപിഐ എം ജില്ലാസമ്മേളനത്തിന്റെ അനുബന്ധ പരിപാടിയെന്ന നിലയില്‍ വൈത്തിരിയിലും മാനന്തവാടിയിലും തിങ്കളാഴ്ച സെമിനാര്‍ നടക്കും. "ആഗോളസാമ്പത്തിക പ്രതിസന്ധിയും തൊഴിലാളികളും" എന്ന വിഷയത്തിലാണ് വൈത്തിരിയില്‍ സെമിനാര്‍ . പഞ്ചായത്ത് കമ്യൂണിറ്റിഹാളില്‍ വൈകിട്ട് നാലിന് നടക്കുന്ന സെമിനാറില്‍ കെ ടി കുഞ്ഞിക്കണ്ണന്‍ , പി എ മുഹമ്മദ്, പി കുഞ്ഞിക്കണ്ണന്‍ , സി ഭാസ്കരന്‍ എന്നിവര്‍ പങ്കെടുക്കും. ആദിവാസി മേഖലയെക്കുറിച്ചുള്ള സെമിനാറാണ് മാനന്തവാടിയില്‍ സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 10ന് മില്‍ക്ക് സൊസൈറ്റി ഹാളില്‍ സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗവും മുന്‍നിയമസഭാ സ്പീക്കറുമായ കെ രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. എകെഎസ് സംസ്ഥാന പ്രസിഡന്റ് കെ സി കുഞ്ഞിരാമന്‍ , സി കെ ശശീന്ദ്രന്‍ , കെ വി മോഹനന്‍ എന്നിവര്‍ സംസാരിക്കും.

deshabhimani 191211