Sunday, December 18, 2011

പെന്‍ഷന്‍ബില്‍ കുഴിച്ചുമൂടുക

രാജ്യത്തെമ്പാടുമുള്ള ദശലക്ഷക്കണക്കിനു പെന്‍ഷന്‍കാര്‍ ഇന്നലെ പെന്‍ഷന്‍ സംരക്ഷണ ദിനമായി ആചരിച്ചു. 1982 ഡിസംബര്‍ 17 ന് സുപ്രിംകോടതി പുറപ്പെടുവിച്ച സുപ്രധാനമായ ഒരു വിധി രാജ്യത്തെ മുഴുവന്‍ ജീവനക്കാരെ സംബന്ധിച്ചും നിര്‍ണായകമായ ഒന്നായിരുന്നു. ആര്‍ക്കും അര്‍ഥശങ്കയ്ക്കിടയുണ്ടാകാത്ത വിധം അന്ന് രാജ്യത്തെ പരമോന്നതനീതിപീഠം പറഞ്ഞത് പെന്‍ഷന്‍ സര്‍ക്കാരിന്റെ ഔദാര്യമല്ല; ജീവനക്കാരുടെ അവകാശമാണെന്നാണ്. അങ്ങനെ ജോലി ചെയ്യുന്നവരുടെ സ്വാഭാവിക അവകാശമായി ദീര്‍ഘകാലമായി അംഗീകരിക്കപ്പെട്ടു പോന്ന പെന്‍ഷന്‍ സമ്പ്രദായത്തിന്റെ കടയ്ക്കു കത്തി വീഴുമോ എന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷം ഡിസംബര്‍ 17 വന്നെത്തിയത്.

'പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി ബില്‍' (പി എഫ് ആര്‍ ഡി എ ബില്‍) എന്നറിയപ്പെടുന്ന നിയമനിര്‍മാണ നീക്കമാണ് ലക്ഷോപലക്ഷം പെന്‍ഷന്‍കാരെയും കോടിക്കണക്കിനു ജീവനക്കാരെയും ആശങ്കപ്പെടുത്തുന്നത്. 'റഗുലേറ്ററി ഡവലപ്പ്‌മെന്റ്' എല്ലാ അലങ്കാര പദങ്ങളായുണ്ടെങ്കിലും ഈ കറുത്ത ബില്‍ പെന്‍ഷന്‍ ഫണ്ടിനുമേല്‍ പിടിമുറുക്കാന്‍ കോര്‍പ്പറേറ്റ് ലാഭക്കൊതിയന്മാര്‍ക്കുള്ള സമ്മതപത്രമാണ്. ജീവനക്കാരുടെ ഭാവി ഭദ്രമാക്കാനുതകേണ്ട അതിബൃഹത്തായ കരുതല്‍ ശേഖരമാണ് പെന്‍ഷന്‍ ഫണ്ട്. അത് സ്വദേശിയും വിദേശിയുമായ ഊഹക്കച്ചവടക്കാര്‍ക്കു തീറെഴുതിക്കൊടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രോവിഡന്റ് ഫണ്ടും ബാങ്ക് - ഇന്‍ഷ്വറന്‍സ് നിക്ഷേപങ്ങളുമെല്ലാം ഓഹരി കമ്പോളവുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന് പെന്‍ഷന്‍ ഫണ്ടിന്റെ മേല്‍ കൈവയ്ക്കാന്‍ മടിയുണ്ടാകില്ലല്ലോ. ലോകം മുഴുവന്‍ തകര്‍ച്ച നേരിടുന്ന ബഹുരാഷ്ട്രകുത്തകകള്‍ക്കാണെങ്കില്‍ ഇന്ത്യന്‍ സമ്പദ്ഘടനയെ തങ്ങളുടെ മേച്ചില്‍ പുറമാക്കാന്‍ എന്നും തിടുക്കമായിരുന്നു.

ഊഹക്കച്ചവടത്തിന്റെ കേന്ദ്രമായിമാറുന്ന ഓഹരി വിപണിയിലെ തകര്‍ച്ചയുടെ പാഠങ്ങളൊന്നും ഇന്ത്യാഗവണ്‍മെന്റിന്റെ കണ്ണു തുറപ്പിക്കുന്നില്ല. പെന്‍ഷന്‍ ഫണ്ട് ഓഹരി വിപണിയില്‍ നിക്ഷേപിച്ചാല്‍ അത് ലാഭം പ്രസവിക്കുമെന്നും പെന്‍ഷന്‍കാര്‍ക്ക് വരുമാനം കൂടുമെന്നുമുള്ള 'മലര്‍വാടി വാദ'മാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഇടതുപക്ഷപാര്‍ട്ടികളുയര്‍ത്തിയ എതിര്‍പ്പില്ലായിരുന്നെങ്കില്‍ ഇതിനോടകം അവര്‍ നിഗൂഢ ലക്ഷ്യങ്ങളടങ്ങിയ പെന്‍ഷന്‍ നിയമം പാസാക്കി എടുക്കുമായിരുന്നു. സാമ്പത്തിക നയപ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസിന്റെ വര്‍ഗനയങ്ങള്‍ തന്നെയുള്ള ബി ജെ പിയുടെ പിന്തുണ നേടി മുന്നോട്ടു പോകാനാണ് ഇപ്പോള്‍ കോര്‍പ്പറേറ്റുകളുടെ ഒത്താശയോടെ കേന്ദ്ര ഗവണ്‍മെന്റ് ശ്രമിക്കുന്നത്.

സാമൂഹിക സുരക്ഷാസങ്കല്പങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പെന്‍ഷന്‍. ഇന്ന് പെന്‍ഷന്‍ പരിരക്ഷ ലഭിക്കാത്തവര്‍ പോലും അനിശ്ചിതമായ ജീവിതാവസ്ഥയ്ക്കു മുന്നില്‍ നിന്നുകൊണ്ട് പെന്‍ഷനുവേണ്ടി ശബ്ദമുയര്‍ത്തുകയാണ്. നിലവില്‍ പെന്‍ഷന്‍ സംരക്ഷണമുള്ളവരാകട്ടെ അതു കാലോചിതമായി പരിഷ്‌ക്കരിക്കാന്‍ ആവശ്യമുയര്‍ത്തുന്നു. ആ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സമീപനത്തിന്റെ ആപത്തുകള്‍ തിരിച്ചറിയാനും അതിനെതിരായ സമരം ശക്തിപ്പെടുത്താനും പെന്‍ഷന്‍കാര്‍ ഒറ്റക്കെട്ടായി രംഗത്തു വരുന്നത്. അവരുടെ പോരാട്ടം ഒറ്റപ്പെട്ടതോ അവര്‍ക്കുവേണ്ടി മാത്രമുള്ളതോ അല്ല; രാജ്യതാല്പര്യങ്ങളെ പിറകില്‍ നിന്നു കുത്തുന്ന വഞ്ചനാപരമായ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രാജ്യത്തെമ്പാടും വളര്‍ന്നു വരുന്ന പ്രക്ഷോഭനിരയുടെ ഭാഗമാണത്. രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാനുള്ള സമരത്തിന്റെ തന്നെ ഭാഗമാണത്. അതില്‍ അണിചേര്‍ന്നവരെയെല്ലാം ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു.

janayugom editorial 181211

1 comment:

  1. രാജ്യത്തെമ്പാടുമുള്ള ദശലക്ഷക്കണക്കിനു പെന്‍ഷന്‍കാര്‍ ഇന്നലെ പെന്‍ഷന്‍ സംരക്ഷണ ദിനമായി ആചരിച്ചു. 1982 ഡിസംബര്‍ 17 ന് സുപ്രിംകോടതി പുറപ്പെടുവിച്ച സുപ്രധാനമായ ഒരു വിധി രാജ്യത്തെ മുഴുവന്‍ ജീവനക്കാരെ സംബന്ധിച്ചും നിര്‍ണായകമായ ഒന്നായിരുന്നു. ആര്‍ക്കും അര്‍ഥശങ്കയ്ക്കിടയുണ്ടാകാത്ത വിധം അന്ന് രാജ്യത്തെ പരമോന്നതനീതിപീഠം പറഞ്ഞത് പെന്‍ഷന്‍ സര്‍ക്കാരിന്റെ ഔദാര്യമല്ല; ജീവനക്കാരുടെ അവകാശമാണെന്നാണ്. അങ്ങനെ ജോലി ചെയ്യുന്നവരുടെ സ്വാഭാവിക അവകാശമായി ദീര്‍ഘകാലമായി അംഗീകരിക്കപ്പെട്ടു പോന്ന പെന്‍ഷന്‍ സമ്പ്രദായത്തിന്റെ കടയ്ക്കു കത്തി വീഴുമോ എന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷം ഡിസംബര്‍ 17 വന്നെത്തിയത്.

    ReplyDelete