സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന സഖാക്കള്‍ സുശീല ഗോപാലന്റെയും എ കണാരന്റെയും ചരമവാര്‍ഷികദിനമാണ് ഇന്ന്. രണ്ടുപേരും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ നേതൃനിരയിലെ കരുത്തുറ്റ സാന്നിധ്യങ്ങളായിരുന്നു. സുശീല ഗോപാലന് അന്തരിച്ചിട്ട് പത്തു വര്‍ഷം പിന്നിടുകയാണ്. ഏഴു വര്‍ഷം മുമ്പാണ് എ കണാരന് നമ്മെ വിട്ടുപിരിഞ്ഞത്. പുന്നപ്ര-വയലാറിന്റെ സമരപാരമ്പര്യം ഉള്‍ക്കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടിയിലേക്ക് വന്ന സുശീല 18-ാം വയസ്സില്‍ പാര്‍ടി അംഗമായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കവെയാണ് രോഗം ബാധിച്ച് മരണമടഞ്ഞത്. 1952ല്‍ എ കെ ജിയെ വിവാഹംചെയ്തു. അദ്ദേഹത്തോടൊപ്പം രാജ്യത്താകെ സഞ്ചരിച്ച് ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അടുത്തറിയുകയും പാവപ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയുംചെയ്തു. തൊഴിലാളി-മഹിളാരംഗങ്ങളിലാണ് സുശീല സജീവശ്രദ്ധ ചെലുത്തിയത്. കയര്‍മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് അവ പരിഹരിക്കുന്നതിനായി അവിശ്രമം പൊരുതി.
1971ല്‍ കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ രൂപീകരിച്ചതുമുതല്‍ അതിന്റെ പ്രസിഡന്റായിരുന്നു. മരണംവരെ ആ പദവിയില്‍ തുടര്‍ന്നു. ദീര്‍ഘകാലം ലോക്സഭാംഗമായ സുശീല നാടിന്റെ പ്രശ്നങ്ങള്‍ പഠിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. സംസ്ഥാന വ്യവസായമന്ത്രിയെന്ന നിലയില്‍ തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു. ആഗോളവല്‍ക്കരണത്തിന്റെ കെടുതികളില്‍ ശ്വാസംമുട്ടുന്ന കേരളത്തിന്റെ പരമ്പരാഗത വ്യവസായമേഖലയെ കൈപിടിച്ചുയര്‍ത്താനും തൊഴിലാളികള്‍ക്ക് സാധാരണ മനുഷ്യരായി ജീവിക്കാനുള്ള അവസരം ഉറപ്പാക്കാനും ഭരണാധികാരിയായും തൊഴിലാളി നേതാവായും സുശീല നല്കിയ സംഭാവന അമൂല്യമാണ്. മഹിളാ അസോസിയേഷന്റെ പ്രവര്‍ത്തക എന്ന നിലയില്‍ ഇന്ത്യയിലുടനീളം സഞ്ചരിച്ച് വനിതകളുടെ പ്രശ്നപരിഹാരത്തിനായി പ്രവര്‍ത്തിച്ചു. അധ്വാനിക്കുന്ന കര്‍ഷകത്തൊഴിലാളികള്‍ക്കുവേണ്ടി വിശ്രമമില്ലാതെ പോരാടിയ പ്രിയങ്കരനായ നേതാവാണ് എ കണാരന് . പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്കായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു സഖാവിന്റേത്. സഖാക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും അദ്ദേഹം കണാരേട്ടനായിരുന്നു. പാര്ലമെന്റേറിയന് എന്ന നിലയിലും എ കണാരന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. നിയമസഭയില്‍ അഴിമതിക്കും കൊള്ളരുതായ്മകള്‍ക്കുമെതിരെ അദ്ദേഹം ശക്തമായ നിലപാടെടുത്തു. ഔപചാരികതകളില്ലാതെ എല്ലാവരോടും സൗഹൃദത്തോടെ പെരുമാറുന്ന അദ്ദേഹം അനീതിക്കെതിരെ അനന്യമായ കാര്‍ക്കശ്യവും പുലര്‍ത്തിയിരുന്നു. ഉജ്വലമായ നിരവധി സമരാനുഭവങ്ങളുണ്ട് ആ ജീവിതത്തില്‍ . അടിമതുല്യമായ ചുറ്റുപാടുകളില്‍ ഉഴറിയ കര്‍ഷകത്തൊഴിലാളികളുടെ ജീവിതത്തില്‍ സാരമായ മാറ്റങ്ങളുണ്ടാക്കിയ നിരവധി പ്രക്ഷോഭ പരമ്പരകളാണ് സഖാവ് നയിച്ചത്. പൊതുപ്രവര്‍ത്തനത്തിനിടയില്‍ കടുത്ത ആക്രമണങ്ങളെ നേരിടേണ്ടിവന്നു.
കൊലപാതകശ്രമത്തില്‍നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സമരപോരാട്ടങ്ങളുടെ ഭാഗമായി ദീര്‍ഘകാലം ജയിലില്‍ കിടന്നു. എവിടെയും തളരാതെ, തീപാറുന്ന വാക്കുകളുമായി സമരമുഖങ്ങളില്‍ ആവേശം വിതച്ച സഖാവിന്റെ വേര്‍പാട് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് അപരിഹാര്യമായ നഷ്ടമാണ്. ജന്മിത്തത്തിനും നാടുവാഴിത്തത്തിന്റെ ദുഷ്പ്രവണതകള്‍ക്കുമെതിരെ ശക്തമായ പോരാട്ടം നടത്തി. ആദിവാസി ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം കാണിച്ച അര്‍പ്പണബോധം പുത്തന്‍ തലമുറയ്ക്ക് പാഠമാണ്. അടിച്ചമര്‍ത്തപ്പെടുന്ന കര്‍ഷകത്തൊഴിലാളിക്ക് നിവര്‍ന്നുനിന്ന് അവകാശം നേടിയെടുക്കാനുള്ള ഊര്‍ജവും ആവേശവും പകര്‍ന്ന എ കണാരന് അടിസ്ഥാന ജനവിഭാഗത്തിന്റെ വികാരം തന്നെയായിരുന്നു. ലോകമുതലാളിത്തത്തിന്റെ കേന്ദ്രമായ അമേരിക്കയില്‍പോലും വലിയ പ്രക്ഷോഭം ഉയരുന്ന കാലഘട്ടമാണിത്. വാള്‍സ്ട്രീറ്റില്‍ നിന്ന് ആരംഭിച്ച പ്രക്ഷോഭം മറ്റ് നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്. ബാങ്കുകള്‍ കൈവശപ്പെടുത്തിയ വീടുകള്‍ തിരിച്ചുപിടിക്കുന്ന തലത്തിലേക്ക് പ്രക്ഷോഭം വളര്‍ന്നിരിക്കുന്നു.
യൂറോപ്യന്‍ രാജ്യങ്ങളിലെ സമരങ്ങളും രൂക്ഷമായ രീതിയില്‍ തുടരുകയാണ്. വികസിതമുതലാളിത്ത രാഷ്ട്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സാമ്പത്തിക പ്രതിസന്ധി ഉടനെയൊന്നും വിട്ടൊഴിയാന്‍ പോകുന്നില്ല. "2012 ലെ ലോകസാമ്പത്തികസ്ഥിതിയും സാധ്യതകളും" എന്ന യുഎന്‍ റിപ്പോര്‍ട്ടില്‍ ലോകം വീണ്ടും ശക്തമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെലവ് ചുരുക്കലിന്റെ പേരില്‍ ക്ഷേമപദ്ധതികള്‍ വെട്ടിക്കുറയ്ക്കുന്ന നടപടി സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും ഈ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു. വായ്പാ കുഴപ്പവും തൊഴില്‍ പ്രതിസന്ധിയും മൂര്‍ച്ഛിച്ച ധനമേഖലാ കുഴപ്പവും നേരിടുന്നതില്‍ അമേരിക്കയിലും യൂറോപ്പിലും നയരൂപീകരണം നടത്തുന്നവര്‍ക്ക് സംഭവിച്ച പരാജയമാണ് ഇതിന് കാരണമായിത്തീരുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വ മോഹങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ലാറ്റിനമേരിക്കന്‍ -കരീബിയന്‍ രാജ്യങ്ങള്‍ ചേര്‍ന്ന് കമ്യൂണിറ്റി ഓഫ് ലാറ്റിനമേരിക്കന്‍ ആന്‍ഡ് കരീബിയന്‍ സ്റ്റേറ്റ് (സെലക്) എന്ന സംഘടന രൂപീകരിച്ചിട്ടുണ്ട്. ലാറ്റിനമേരിക്കയിലെയും കരീബിയയിലെയും 33 രാഷ്ട്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ സംഘടന ക്യൂബയ്ക്കെതിരെയുള്ള അമേരിക്കന്‍ ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്രവേദികളില്‍ സഖ്യരാഷ്ട്രങ്ങളുടെ പൊതുവക്താവായി സെലക് പ്രവര്‍ത്തിക്കും. സോഷ്യലിസ്റ്റ് വ്യവസ്ഥ തകര്‍ന്നതോടെ സോവിയറ്റ് യൂണിയനില്‍ കമ്യൂണിസ്റ്റ് പാര്‍ടി ഇനി ശക്തിപ്പെടില്ലെന്ന് മുതലാളിത്തത്തിന്റെ വക്താക്കള്‍ വിളിച്ചുകൂവി. എന്നാല്‍ , പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ റഷ്യയിലെ കമ്യൂണിസ്റ്റ് പാര്‍ടി പാര്‍ലമെന്റിലെ അംഗസംഖ്യ 57ല്‍ നിന്ന് 92 ആക്കി വര്‍ധിപ്പിച്ചിരിക്കുകയാണ്. 19.19 ശതമാനം വോട്ടാണ് കമ്യൂണിസ്റ്റ് പാര്‍ടിക്ക് ലഭിച്ചത്. തെരഞ്ഞെടുപ്പില്‍ വ്ളാദിമിര്‍ പുടിന്റെ യുണൈറ്റഡ് റഷ്യ കൃത്രിമം നടത്തിയതായി ആരോപണമുണ്ട്. എന്നിട്ടുപോലും കമ്യൂണിസ്റ്റ് പാര്‍ടി അഭിമാനാര്‍ഹമായ നേട്ടമാണുണ്ടാക്കിയത്. ഇടതുപക്ഷ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകള്‍ കരുത്താര്‍ജിക്കുന്നതായാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്.
ആഗോളവല്‍ക്കരണനയങ്ങള്‍ അതേപോലെ പിന്തുടരുന്ന കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കുവേണ്ടിയാണ് ഭരണം നടത്തുന്നത്. പാവപ്പെട്ടവര്‍ക്ക് സബ്സിഡി നല്കാന് പണമില്ലെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ കോടിക്കണക്കിന് രൂപയാണ് കോര്‍പറേറ്റുകള്‍ക്ക് നികുതിയിനത്തില്‍ ഇളവ് നല്‍കിയിട്ടുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലയ്ക്കുന്ന നയം കൂടുതല്‍ ശക്തമായി നടപ്പാക്കുകയാണ്. ചെറുകിട വ്യാപാരമേഖലയില്‍ വിദേശനിക്ഷേപത്തിന് അനുമതി നല്‍കാനുള്ള ശ്രമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ അമേരിക്കന്‍ പക്ഷപാതിത്തത്തിന് മറ്റൊരു തെളിവാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനുള്ള പരിശ്രമങ്ങളൊന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിലും തികഞ്ഞ അലംഭാവമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തിലെ നിലപാട്. 40 ലക്ഷത്തോളം പേരുടെ ജീവന് നഷ്ടമാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടും പ്രശ്നത്തില്‍ ഇടപെടാന്‍ മന്മോഹന് സിങ് സര്‍ക്കാര്‍ തയ്യാറല്ല. ശക്തമായ പ്രക്ഷോഭവും സര്‍വകക്ഷി സംഘത്തിന്റെ ഇടപെടലിന്റെയും ഫലമായാണ് പ്രശ്നത്തില്‍ ഇടപെടാമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചതുതന്നെ. എന്നാല്‍ ഇതുവരെ ഇടപെട്ടിട്ടില്ല. പ്രശ്നപരിഹാരത്തിന് എല്‍ഡിഎഫിന്റെ എല്ലാ സഹായവുമുണ്ടാകും. എന്നാല്‍ , അതിനെയെല്ലാം തകിടംമറിക്കുന്ന തരത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം നടത്തിയ പ്രസ്താവന. ഇത്തരം നിരുത്തരവാദപരമായ സമീപനം പ്രശ്നത്തെ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ. കേന്ദ്രസര്‍ക്കാരിന്റെ പാത അതുപോലെ പിന്തുടരുന്ന കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ വികസനനേട്ടങ്ങളെയെല്ലാം തകര്‍ക്കുന്ന വിധത്തിലാണ് ഇടപെടുന്നത്. 12-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പ്ലാനിങ് ബോര്‍ഡ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. ഭൂപരിഷ്കരണനിയമം അട്ടിമറിക്കുന്നതിനും പൊതുമേഖലയെ തകര്‍ക്കുന്നതിനുമാണ് യുഡിഎഫ് ശ്രമിക്കുന്നത്.
പാര്‍ടി സമ്മേളനം നടക്കുന്ന ഘട്ടത്തിലാണ് സഖാക്കള്‍ സുശീല ഗോപാലനെയും എ കണാരനെയും നാം അനുസ്മരിക്കുന്നത്. ശരിയായ ജനാധിപത്യ രീതിയിലുള്ള പ്രവര്‍ത്തനത്തിന്റെ ഉദാഹരണമാണ് സിപിഐ എമ്മിന്റെ സമ്മേളനങ്ങള്‍ . നേട്ടങ്ങള്‍ മുറുകെപ്പിടിച്ചും കോട്ടങ്ങള്‍ തിരുത്തിയും കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോവുകയാണ് ഓരോ സമ്മേളനങ്ങളും. ഇതില്‍ വെറിപൂണ്ട വലതുപക്ഷ മാധ്യമങ്ങള്‍ കള്ള പ്രചാരവേലകള്‍ പടച്ചു വിടുന്നുണ്ടെങ്കിലും അതൊന്നും ഏശുന്നില്ല എന്നതാണ് വസ്തുത. പാര്‍ടിയിലെ ഐക്യത്തിന്റെ കാഹളം വാനോളം ഉയര്‍ത്തുന്ന തരത്തില്‍ മുന്നോട്ടുപോകുന്ന സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുപിരിഞ്ഞ സഖാക്കളുടെ ഓര്മ നമുക്ക് കരുത്ത് പകരും.
പിണറായി വിജയന് deshabhimani 191211
സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന സഖാക്കള്‍ സുശീല ഗോപാലന്റെയും എ കണാരന്റെയും ചരമവാര്‍ഷികദിനമാണ് ഇന്ന്. രണ്ടുപേരും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ നേതൃനിരയിലെ കരുത്തുറ്റ സാന്നിധ്യങ്ങളായിരുന്നു. സുശീല ഗോപാലന് അന്തരിച്ചിട്ട് പത്തു വര്‍ഷം പിന്നിടുകയാണ്. ഏഴു വര്‍ഷം മുമ്പാണ് എ കണാരന് നമ്മെ വിട്ടുപിരിഞ്ഞത്.
ReplyDelete