Monday, December 19, 2011

ചിദംബരം പറഞ്ഞത് കോണ്‍ഗ്രസ് നേതാക്കളുടെ ഉള്ളിലിരുപ്പ്

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം വെളിപ്പെടുത്തിയത് കോണ്‍ഗ്രസിന്റെ ദേശീയ-സംസ്ഥാന നേതാക്കളുടെ ഉള്ളിലിരുപ്പ്. പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേരളം പ്രശ്നം ഉയര്‍ത്തുന്നതെന്നത് പിന്‍വലിച്ചുവെങ്കിലും വിവാദ പ്രസ്താവനയിലെ കേരള വിരുദ്ധവും കോടതിയലക്ഷ്യവുമായ ഭാഗങ്ങള്‍ പിന്‍വലിക്കാനോ ഖേദം പ്രകിപ്പിക്കാനോ ചിദംബരം തയ്യാറായിട്ടില്ല. കേരളത്തിലെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് കേന്ദ്ര-സംസ്ഥാന നേതൃത്വം തികഞ്ഞ നിസ്സംഗതയാണ് പുലര്‍ത്തുന്നത്. ചിദംബരം ഈ നിലപാടുകള്‍ തുറന്ന് പ്രഖ്യാപിക്കുകയാണ് ചെയ്തത്. സുപ്രീംകോടതിയില്‍നിന്ന് തമിഴ്നാടിനനുകൂലമായ വിധിയുണ്ടാകുമെന്ന് പറയാനും കേന്ദ്രമന്ത്രി മടികാണിച്ചില്ല. ഇത് കേന്ദ്ര ജലകമീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ കേന്ദ്രം തമിഴ്നാടിനനുകൂലമായി ഇടപെടുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്.

2001-06 കാലയളവില്‍ യുഡിഎഫ് ഭരിച്ചപ്പോഴാണ് ജലനിരപ്പ് 142 അടിയായും പിന്നീട് 152 അടിയായും ഉയര്‍ത്താമെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. അന്ന് കേസ് നടത്തിപ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ കാട്ടിയ ഗുരുതരമായ കൃത്യവിലോപമാണ് തമിഴ്നാടിന് അനുകൂലമായി ഇത്തരം ഒരു വിധി വരാന്‍ ഇടയാക്കിയത്. തുടര്‍ന്നു വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ശക്തമായ നിയമ നടപടികളിലൂടെയാണ് ജലനിരപ്പ് 136 അടിയായി നിലനിര്‍ത്താനും പ്രശ്നം ഭരണഘടനാബെഞ്ചിന് വിടാനും സാധിച്ചത്. തുടര്‍ന്ന് ഭൂകമ്പ സാധ്യതകള്‍ ഉള്‍പ്പെടെയുള്ള പ്രശ്നം ചൂണ്ടിക്കാട്ടി സംസ്ഥാനത്തിനനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിലും എല്‍ഡിഎഫ് സര്‍ക്കാര്‍ വിജയിച്ചു.

എന്നാല്‍ , ഭരണമാറ്റത്തോടെ പ്രശ്നത്തില്‍ എല്‍ഡിഎഫ് നടത്തിയ ഇടപെടലുകള്‍ തുടര്‍ന്നില്ല. പകരം വകുപ്പ് മന്ത്രി ഉള്‍പ്പെടെ വൈകാരികമായി പെരുമാറുകയായിരുന്നു. ഹൈക്കോടതിയില്‍ കേസ് വന്നപ്പോള്‍ മുല്ലപ്പെരിയാര്‍ പൊട്ടിയാലും ഇടുക്കി താങ്ങുമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിഞ്ഞാണ് ഈ സത്യവാങ്മൂലം നല്‍കിയതെന്ന് വ്യക്തമായിട്ടും സര്‍ക്കാരും യുഡിഎഫും ഒളിച്ചുകളിച്ചു. തുടര്‍ന്ന് സുപ്രീംകോടതിയിലും കേസ് അതുവരെ വാദിച്ച പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ ഹാജരാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും പ്രശ്നത്തില്‍ ആത്മാര്‍ഥമായി ഇടപെട്ടില്ല. പ്രധാനമന്ത്രിയെ പലതവണ ഇവര്‍ കണ്ടെങ്കിലും ഇതുവരെയായും ഉദ്യോഗസ്ഥതലത്തില്‍ പോലും ഒരു ചര്‍ച്ച സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രശ്നത്തില്‍ ഇടപെടാമെന്ന് പ്രധാനമന്ത്രി സര്‍വകക്ഷി സംഘത്തെ അറിയിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞുവെങ്കിലും ഒരു നടപടിയും എടുത്തില്ല. കോണ്‍ഗ്രസ് പ്രസിഡന്റും യുപിഎ ചെയര്‍പേഴ്സണുമായ സോണിയ ഗാന്ധിയും മിണ്ടിയിട്ടില്ല.

കേന്ദ്ര ജലകമീഷന്‍ ഏകപക്ഷീയമായി തമിഴ്നാടിന് അനുകൂല നിലപാടെടുക്കുന്ന കാര്യം സര്‍വകക്ഷി സംഘത്തോടൊപ്പം പോയ മുന്‍ ജലസേചനമന്ത്രി എന്‍ കെ പ്രേമചന്ദ്രനാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയത്. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള സ്ഥാപനമായതിനാല്‍ ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നാണ് പ്രധാനമന്ത്രി മറുപടി പറഞ്ഞത്. പിറവം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങള്‍ ചിദംബരം പിന്‍വലിച്ചുവെങ്കിലും കോണ്‍ഗ്രസ് ദേശീയ-സംസ്ഥാന നേതൃത്വം മനസ്സില്‍ കാണുന്നത് ഇതു തന്നെയാണ്. പിറവം തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ജനങ്ങള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ വോട്ട് ചോര്‍ന്നു പോകുമെന്ന ഭയം കോണ്‍ഗ്രസിനുണ്ട്. അതുകൊണ്ടാണ് കോടതിയില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുമ്പോഴും സമരരംഗത്ത് നില്‍ക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായത്.

ചിദംബരത്തിന്റെ പ്രസ്താവന: ഒഴിഞ്ഞുമാറി ഉമ്മന്‍ചാണ്ടി

ബംഗളൂരു: കേന്ദ്രമന്ത്രി പി ചിദംബരം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറി. ഇതേപ്പറ്റി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അദ്ദേഹം പ്രസ്താവന പിന്‍വലിച്ചതായാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ച വിവരം. തമിഴ്നാടിന് സുരക്ഷ കേരളത്തിന് വെള്ളം എന്ന നിലപാടില്‍നിന്ന് സംസ്ഥാനം പിന്നോട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സുപ്രീംകോടതി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന് അനുകൂലമായ തീരുമാനമെടുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കേരളത്തില്‍ നടക്കുന്ന കോലാഹലങ്ങള്‍ പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്നുമാണ് ചിദംബരം കഴിഞ്ഞ ദിവസം പറഞ്ഞത്.

deshabhimani 191211

1 comment:

  1. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം വെളിപ്പെടുത്തിയത് കോണ്‍ഗ്രസിന്റെ ദേശീയ-സംസ്ഥാന നേതാക്കളുടെ ഉള്ളിലിരുപ്പ്. പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേരളം പ്രശ്നം ഉയര്‍ത്തുന്നതെന്നത് പിന്‍വലിച്ചുവെങ്കിലും വിവാദ പ്രസ്താവനയിലെ കേരള വിരുദ്ധവും കോടതിയലക്ഷ്യവുമായ ഭാഗങ്ങള്‍ പിന്‍വലിക്കാനോ ഖേദം പ്രകിപ്പിക്കാനോ ചിദംബരം തയ്യാറായിട്ടില്ല. കേരളത്തിലെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് കേന്ദ്ര-സംസ്ഥാന നേതൃത്വം തികഞ്ഞ നിസ്സംഗതയാണ് പുലര്‍ത്തുന്നത്. ചിദംബരം ഈ നിലപാടുകള്‍ തുറന്ന് പ്രഖ്യാപിക്കുകയാണ് ചെയ്തത്. സുപ്രീംകോടതിയില്‍നിന്ന് തമിഴ്നാടിനനുകൂലമായ വിധിയുണ്ടാകുമെന്ന് പറയാനും കേന്ദ്രമന്ത്രി മടികാണിച്ചില്ല. ഇത് കേന്ദ്ര ജലകമീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ കേന്ദ്രം തമിഴ്നാടിനനുകൂലമായി ഇടപെടുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്.

    ReplyDelete