Monday, December 19, 2011

മുഖ്യമന്ത്രിയുടെ പഞ്ചനക്ഷത്രമേള ചെലവ് അരക്കോടിയിലേറെ

സര്‍ക്കാര്‍ ഓഫീസുകള്‍ നാളെ നിശ്ചലമാകും

കോട്ടയം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയുടെ ഭാഗമായുള്ള ഒരുക്കങ്ങള്‍ "പൊടിപൊടിക്കുന്നു". ജനസമ്പര്‍ക്കമാമാങ്കത്തിനുള്ള പഞ്ചനക്ഷത്ര കൂടാരനിര്‍മാണം രണ്ടാഴ്ചയായിട്ടും തീര്‍ന്നിട്ടില്ല. ചൊവ്വാഴ്ച നടക്കുന്ന മേളയ്ക്കുള്ള പന്തല്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെ തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് പൊതുമരാമത്ത് വകുപ്പ്. കാല്‍കോടി രൂപ ചെലവില്‍ നിര്‍മാണം ലക്ഷ്യമിട്ടെങ്കിലും പന്തല്‍നിര്‍മാണം പൂര്‍ണമാകുമ്പോള്‍ അഞ്ചുലക്ഷം കൂടി അധികം ചെലവാകുമെന്ന് അധികൃതര്‍ സമ്മതിക്കുന്നു. ഇത് പന്തലിന്റെ മാത്രം ചെലവ്. മറ്റ് ആധുനികസൗകര്യങ്ങള്‍ ഒരുക്കാന്‍ ലക്ഷങ്ങള്‍ വേറെ. ഭക്ഷണവും മറ്റ് ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്. അന്ന് മൈതാനത്ത് എത്തുന്നവര്‍ക്കെല്ലാം സൗജന്യ ഉച്ചഭക്ഷണമാണ് നല്‍കുന്നത്. ഉച്ച ഭക്ഷണത്തിന് ബിരിയാണി. അതിന് പുറമെ ലഘുഭക്ഷണം ആവശ്യാനുസരണം വേറെയും. അരക്കോടിയോളം രൂപ ഇത്തരത്തില്‍ പൊടിയും.

ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നിശ്ചലമാകും. ഉദ്യോഗസ്ഥരെല്ലാം കോട്ടയത്ത് കേന്ദ്രീകരിക്കാനാണ് നിര്‍ദേശം. താഴെതട്ടിലുള്ള വില്ലേജ് ഓഫീസുകളില്‍നിന്നുപോലും ജീവനക്കാര്‍ നേരിട്ട് മേളയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ പൊലീസ്, അഗ്നിശമനസേന തുടങ്ങിയ വിഭാഗങ്ങളില്‍നിന്നും വലിയ സംഘം ജീവനക്കാരെയും കോട്ടയത്തേക്ക് നിയോഗിച്ചു. വില്ലേജ് ഓഫീസര്‍ക്ക് തീരുമാനിക്കാവുന്ന കാര്യങ്ങളാണ് മുഖ്യമന്ത്രി തീരുമാനിച്ചു എന്നു വരുത്താന്‍ ശ്രമിക്കുന്നത്. ആഴ്ചകള്‍ക്കുമുമ്പ് നല്‍കിയ അപേക്ഷകളെല്ലാം താഴെതട്ടില്‍ പരിശോധന നടത്താന്‍ അയച്ചിരുന്നു. അത് സംബന്ധിച്ച് തീരുമാനവും എടുത്തിരുന്നു. അവിടെവച്ചുതന്നെ പരാതിക്കാര്‍ക്ക് മറുപടി നല്‍കാതെ ജില്ലാ ആസ്ഥാനത്തേക്ക് വരുത്തി കൂടുതല്‍ ദുരിതം സമ്മാനിക്കുകയാണ് മേളയിലൂടെ ചെയ്യുന്നത്. ഇത് കൂടാതെ അവിടെ വച്ച് തന്നെ തീരുമാനമെടുത്തു എന്ന് വരുത്താന്‍ ചില അപേക്ഷകള്‍ മാറ്റിവച്ചിട്ടുമുണ്ട്.

ജനസമ്പര്‍ക്കമേളയ്ക്ക് കൂടുതല്‍ പരാതികള്‍ ലഭിച്ചത് കോട്ടയത്താണെന്നായിരുന്നു അധികൃതരുടെ ഭാഷ്യം. 60,000ത്തോളം അപേക്ഷകളാണ് ലഭിച്ചത്. പകുതിയലധികവും റേഷന്‍കാര്‍ഡ് ബിപിഎല്ലാക്കാന്‍ ആവശ്യപ്പെട്ടായിരുന്നു. അത് മേളയില്‍ പരിഗണിക്കില്ലെന്ന് അവസാനനിമിഷം അറിയിപ്പ് വന്നു. രാവിലെ മുതല്‍ മണിക്കൂറുകള്‍ വെയിലത്ത് ക്യൂ നിന്ന് അപേക്ഷകള്‍ നല്‍കിയവരില്‍ തൊണ്ണൂറു ശതമാനത്തിലേറെയും സ്ത്രീകളായിരുന്നു. അവരില്‍നിന്ന് അപേക്ഷ എഴുതാനെന്ന പേരിലും സ്റ്റാമ്പൊട്ടിച്ച് നല്‍കാനും മറ്റും പാവപ്പെട്ടവരില്‍നിന്നും കാശ് പിരിച്ചെടുത്തവര്‍ക്കുമാത്രം ഇപ്പോള്‍ ലാഭം. അന്യായമായി പിരിവെടുക്കുന്നതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും അതിനെതിരെ നടപടിയെടുക്കാനും അധികാരികള്‍ തയ്യാറായിരുന്നില്ല. റേഷന്‍കാര്‍ഡ് അപേക്ഷകള്‍ ഇപ്പോള്‍ പരിഗണിക്കില്ലെന്ന അവസാനനിമിഷത്തെ അറിയിപ്പ് ശക്തമായ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. നേരത്തെ തന്നെ ഇക്കാര്യം അറിയിക്കാതെ ജനസമ്പര്‍ക്കത്തിന് വന്‍ തിരക്ക് എന്ന് വരുത്താന്‍ അധികൃതര്‍ അറിയിക്കാതിരുന്നതെന്നാണ് പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ഥനയുമായി ഒരു ഉദ്യോഗസ്ഥന്‍ ദേശാഭിമാനിയോട് പറഞ്ഞു.

ജില്ലയിലെ ജനസമ്പര്‍ക്കപരിപാടി അനിശ്ചിതത്വത്തില്‍

തൊടുപുഴ: ഇടുക്കി ജില്ലയിലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടി അനിശ്ചിതത്വത്തിലായി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച നിലപാടില്‍ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലായതിലാണ് ജനസമ്പര്‍ക്ക പരിടപടി നീളാന്‍ കാരണം. ജില്ലയുടെ മുക്കിലും മൂലയിലും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ പേരില്‍ ജനസമ്പര്‍ക്ക പരിപാടിയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും വിവിധ വകുപ്പു മേധാവികള്‍ പരമാവധി അപേക്ഷകള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പരിപാടി എന്നു നടത്തുമെന്നതിനെ സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയില്‍നിന്ന് ഉറപ്പൊന്നും ലഭിക്കാതെ ഏകപക്ഷീയമായി സമരത്തില്‍നിന്ന് പിന്മാറിയ പാര്‍ടിയുടെ നിലപാടില്‍ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്. നേതൃത്വത്തിന്റെ നടപടിക്കെതിരെ പ്രാദേശിക പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തുവന്നതും പാര്‍ടിക്ക് വലിയ ക്ഷീണമായി. ഇതിനിടെ ഈ സമരത്തിലും ഡിസിസി പ്രസിഡന്റിനെ ജനമധ്യത്തില്‍ ചെറുതാക്കാന്‍ എംപിയുടെ സഹായത്തോടെ ഐ ഗ്രൂപ്പിനായി. ആദ്യം നിരാഹരത്തിനെത്തിയത് ജില്ലയിലെ അറിയപ്പെടുന്ന ഐ ഗ്രൂപ്പുകാരനായ ഇ എം ആഗസ്തിയായിരുന്നു. തടിതപ്പാന്‍ നിരാഹാരമിരിക്കാനെത്തിയ ഡിസിസി പ്രസിഡന്റിന് രണ്ടുദിവസം കൊണ്ട് സമരം അവസാനിപ്പിക്കേണ്ടിവന്നു. ജനങ്ങളാകെ നെഞ്ചേറ്റിയ സമരം പിന്‍വലിച്ച് ജനവഞ്ചന നടത്തിയ കേണ്‍ഗ്രസ് നേതൃത്വത്തിന് വലിയ നഷ്ടമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് ഡിസിസി പ്രസിഡന്റിന് രഹസ്യമായി സമ്മതിക്കേണ്ടിയും വന്നു.

deshabhimani 191211

1 comment:

  1. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയുടെ ഭാഗമായുള്ള ഒരുക്കങ്ങള്‍ "പൊടിപൊടിക്കുന്നു". ജനസമ്പര്‍ക്കമാമാങ്കത്തിനുള്ള പഞ്ചനക്ഷത്ര കൂടാരനിര്‍മാണം രണ്ടാഴ്ചയായിട്ടും തീര്‍ന്നിട്ടില്ല. ചൊവ്വാഴ്ച നടക്കുന്ന മേളയ്ക്കുള്ള പന്തല്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെ തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് പൊതുമരാമത്ത് വകുപ്പ്. കാല്‍കോടി രൂപ ചെലവില്‍ നിര്‍മാണം ലക്ഷ്യമിട്ടെങ്കിലും പന്തല്‍നിര്‍മാണം പൂര്‍ണമാകുമ്പോള്‍ അഞ്ചുലക്ഷം കൂടി അധികം ചെലവാകുമെന്ന് അധികൃതര്‍ സമ്മതിക്കുന്നു. ഇത് പന്തലിന്റെ മാത്രം ചെലവ്. മറ്റ് ആധുനികസൗകര്യങ്ങള്‍ ഒരുക്കാന്‍ ലക്ഷങ്ങള്‍ വേറെ. ഭക്ഷണവും മറ്റ് ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്. അന്ന് മൈതാനത്ത് എത്തുന്നവര്‍ക്കെല്ലാം സൗജന്യ ഉച്ചഭക്ഷണമാണ് നല്‍കുന്നത്. ഉച്ച ഭക്ഷണത്തിന് ബിരിയാണി. അതിന് പുറമെ ലഘുഭക്ഷണം ആവശ്യാനുസരണം വേറെയും. അരക്കോടിയോളം രൂപ ഇത്തരത്തില്‍ പൊടിയും

    ReplyDelete