Thursday, February 9, 2012

3 വര്‍ഷത്തിനിടെ അശ്ലീലത്തില്‍ കുടുങ്ങിയത് 5 മന്ത്രിമാര്‍

സഭയില്‍ നീലച്ചിത്രം കണ്ട മന്ത്രിമാര്‍ രാജിവച്ചു

ബംഗളൂരു: കര്‍ണാടകത്തില്‍ നിയമസഭ നടപടിക്കിടെ മൊബൈല്‍ഫോണില്‍ അശ്ലീലചിത്രങ്ങള്‍ കണ്ട മൂന്നുമന്ത്രിമാര്‍ രാജിവച്ചു. സഹകരണമന്ത്രി ലക്ഷ്മണ്‍ സവാദി, വനിതാ ശിശുക്ഷേമമന്ത്രി സി സി പാട്ടീല്‍ , ഫിഷറീസ് തുറമുഖമന്ത്രി കൃഷ്ണ ജെ പാലേമര്‍ എന്നിവരാണ് സംഭവത്തില്‍ വന്‍പ്രതിഷേധം ഉയര്‍ന്നതോടെ രാജിവച്ചത്. ബുധനാഴ്ച രാവിലെ മൂവരും രാജിക്കത്ത് മുഖ്യമന്ത്രി സദാനന്ദഗൗഡയ്ക്ക് കൈമാറി. രാജി സ്വീകരിച്ചതായി ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് അറിയിച്ചു. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായി സ്പീക്കര്‍ കെ ജി ബൊപ്പയ്യ അറിയിച്ചു. 13നകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടത്. ആരോപണവിധേയരായ മന്ത്രിമാരോട് സ്പീക്കര്‍ നേരിട്ടും വിശദീകരണം ചോദിച്ചു. ഇവരെ നിയമസഭാനടപടികളില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കി.
സംസ്ഥാനത്തെ രൂക്ഷമായ വരള്‍ച്ച സംബന്ധിച്ച് ചൊവ്വാഴ്ച നിയമസഭയില്‍ ചര്‍ച്ച നടക്കവെയാണ് മന്ത്രിമാര്‍ മൊബൈല്‍ഫോണില്‍ അശ്ലീലദൃശ്യങ്ങള്‍ കണ്ടത്. മന്ത്രിമാരുടെ ഈ ചെയ്തി വാര്‍ത്താചാനലുകളുടെ റിപ്പോര്‍ട്ടര്‍മാര്‍ പകര്‍ത്തി സംപ്രേഷണം ചെയ്യുകയായിരുന്നു. 15 മിനിറ്റോളം മന്ത്രിമാര്‍ മൊബൈല്‍ഫോണില്‍ അശ്ലീലചിത്രങ്ങള്‍ ആസ്വദിച്ചതായി ടെലിവിഷന്‍ റിപ്പോട്ടുകള്‍ വ്യക്തമാക്കി. ഇതോടെ സംസ്ഥാനമാകെ ഇളകിമറിഞ്ഞു. ലക്ഷ്മണ്‍ സവാദി, സി സി പാട്ടീല്‍ എന്നിവരുടെ വീടുകള്‍ക്കുനേരെ കല്ലേറുമുണ്ടായി. സിപിഐ എം നേതൃത്വത്തില്‍ മൈസൂരു ബാങ്ക് സര്‍ക്കിളില്‍ മൂവരുടെയും കോലം കത്തിച്ചു. എന്നാല്‍ രാജിവയ്ക്കില്ലെന്ന് മന്ത്രിമാര്‍ വാശിപിടിച്ചു. മന്ത്രിമാരെ കുരുക്കുകയാണെന്നും മാപ്പുപറയില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം. മൂന്നുപേര്‍ക്കും ബിജെപി നിയമസഭാകക്ഷിയോഗം പിന്തുണയും പ്രഖ്യാപിച്ചു. പ

ക്ഷേ, ബുധനാഴ്ച രാവിലെ ബിജെപി കോര്‍കമ്മിറ്റിയോഗം ചേര്‍ന്ന് മന്ത്രിമാരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മൂവരുടെയും നിയമസഭാംഗത്വം റദ്ദാക്കണമെന്നും ഇവരെ അയോഗ്യരാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. അതേസമയം, അയോഗ്യരാക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. സംഭവത്തെപ്പറ്റി അന്വേഷിക്കണമെന്നും പ്രത്യേക അന്വേഷണകമീഷന്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു. ഇതേ തുടര്‍ന്ന് നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. (പേജ് 7 കാണുക)
(പി വി മനോജ്കുമാര്‍)

3 വര്‍ഷത്തിനിടെ അശ്ലീലത്തില്‍ കുടുങ്ങിയത് 5 മന്ത്രിമാര്‍

ബംഗളൂരു: അധികാരത്തിലേറി മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ ഇത് നാലാം തവണയാണ് കര്‍ണാടകത്തില്‍ ബിജെപി മന്ത്രിമാര്‍ ലൈംഗികവാദത്തിലും അശ്ലീലക്കാഴ്ചകുരുക്കിലും ഉള്‍പ്പെടുന്നത്. നിയമസഭാനടപടി നടന്നുകൊണ്ടിരിക്കെ മന്ത്രിമാര്‍ അശ്ലീലചിത്രങ്ങള്‍ കണ്ടുരസിച്ച നടപടി ബിജെപി സര്‍ക്കാരിന്റെ നില തെറ്റിക്കുകയാണ്. രാജിവച്ചശേഷവും പാര്‍ടിനേതൃത്വവും എംഎല്‍എമാരും കളങ്കിതരായ മന്ത്രിമാര്‍ക്കുപിന്നില്‍ ഒറ്റക്കെട്ടായി അണിനിരന്നത് ബിജെപിയുടെ മുഖം കൂടുതല്‍ വികൃതമാക്കി.

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അഞ്ചാമത്തെ മന്ത്രിക്കെതിരെയാണ് സദാചാരവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ആക്ഷേപം ഉയര്‍ന്നത്. എക്സൈസ്മന്ത്രി എം പി രേണുകാചാര്യ വിവാഹവാഗ്ദാനം നല്‍കി നേഴ്സിനെ പീഡിപ്പിച്ചിരുന്നു. ഒന്നര വര്‍ഷം മുമ്പ് ഭക്ഷ്യമന്ത്രിയായിരുന്ന ഹര്‍ത്താലു ഹാലപ്പ സഹപ്രവര്‍ത്തകനായ ബിജെപി നേതാവിന്റെ ഭാര്യയെ മാനഭംഗപ്പെടുത്തിയതിനെത്തുടര്‍ന്ന് രാജിവച്ചു. ഈ കേസിന്റെ വിചാരണ നടക്കുകയാണ്. ഇതിനിടെയാണ് നിയമസഭയില്‍ അശ്ലീലദൃശ്യങ്ങള്‍ കണ്ടുരസിച്ച മൂന്നു മന്ത്രിമാരുടെ നടപടി പുറത്തുവന്നത്. നിയമസഭയില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവരുന്നതിനും ഉപയോഗിക്കുന്നതിനും കര്‍ശന വിലയ്ക്ക് നിലനില്‍ക്കെ മന്ത്രിമാര്‍ തന്നെ കടുത്ത ചട്ടലംഘനത്തില്‍ ഏര്‍പ്പെട്ടതും പ്രതിരോധിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ബുധനാഴ്ച ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റിയോഗത്തില്‍ മന്ത്രിമാര്‍ രാജിവയ്ക്കേണ്ടതില്ലെന്നായിരുന്നു ആദ്യ തീരുമാനം. സംസ്ഥാനത്തെ വരള്‍ച്ചാകെടുതി സംബന്ധിച്ച ചര്‍ച്ച നടക്കുമ്പോഴാണ് സഭയെ പരിഹാസ്യമാക്കി മന്ത്രിമാര്‍ നീലച്ചിത്രം കണ്ടുരസിച്ചത്.

മൊബൈല്‍ഫോണില്‍ അശ്ലീലചിത്രം കണ്ടിട്ടില്ലെന്നും വിദേശത്ത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെടുന്ന ദൃശ്യമാണ് നോക്കിയതെന്നും ലക്ഷ്മണ്‍ സവാദി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ , ഉഡുപ്പിയില്‍ നടന്ന അസഭ്യവിരുന്ന് സംബന്ധിച്ച ദൃശ്യങ്ങളാണെന്ന് പിന്നീട് തിരുത്തി. മന്ത്രി കൃഷ്ണ പാലേമറാണ് ദൃശ്യം നല്‍കിയതെന്നും മന്ത്രി പറഞ്ഞിരുന്നു. മൊബൈല്‍ഫോണില്‍ അശ്ലീലചിത്രങ്ങള്‍ സൂക്ഷിക്കുന്നതും കാണുന്നതും സൈബര്‍കുറ്റമാണ്. മറ്റൊരു വ്യക്തിയുടെ ഫോണില്‍നിന്നും ഇത്തരം ചിത്രങ്ങള്‍ സ്വന്തം മൊബൈലിലേക്ക് വന്നാല്‍ വന്ന നമ്പര്‍ രേഖപ്പെടുത്തി പൊലീസില്‍ പരാതി നല്‍കണമെന്നാണ് വ്യവസ്ഥ. മന്ത്രിയെന്ന നിലയില്‍ ഈ ഉത്തരവാദിത്തം നിറവേറ്റുകയെന്നത് ഏറെ പ്രാധാന്യമുള്ളതാണ്. ഇത്തരം നിയമനടപടികള്‍ അറിയുന്നവര്‍ തന്നെ നിയമസഭയ്ക്കുള്ളില്‍ മൊബൈല്‍ഫോണില്‍ അശ്ലീലചിത്രം കണ്ടുരസിച്ചത് നഗ്നമായ ചട്ടലംഘനമാണെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

deshabhimani 090212

1 comment:

  1. അധികാരത്തിലേറി മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ ഇത് നാലാം തവണയാണ് കര്‍ണാടകത്തില്‍ ബിജെപി മന്ത്രിമാര്‍ ലൈംഗികവാദത്തിലും അശ്ലീലക്കാഴ്ചകുരുക്കിലും ഉള്‍പ്പെടുന്നത്. നിയമസഭാനടപടി നടന്നുകൊണ്ടിരിക്കെ മന്ത്രിമാര്‍ അശ്ലീലചിത്രങ്ങള്‍ കണ്ടുരസിച്ച നടപടി ബിജെപി സര്‍ക്കാരിന്റെ നില തെറ്റിക്കുകയാണ്. രാജിവച്ചശേഷവും പാര്‍ടിനേതൃത്വവും എംഎല്‍എമാരും കളങ്കിതരായ മന്ത്രിമാര്‍ക്കുപിന്നില്‍ ഒറ്റക്കെട്ടായി അണിനിരന്നത് ബിജെപിയുടെ മുഖം കൂടുതല്‍ വികൃതമാക്കി.

    ReplyDelete