Tuesday, February 21, 2012

ആരോഗ്യവകുപ്പില്‍ 300 പേര്‍ക്ക് "ജോലിക്രമീകരണ" മറവില്‍ സ്ഥലംമാറ്റം

ആരോഗ്യവകുപ്പില്‍ ജോലിക്രമീകരണത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ കോഴ വാങ്ങി വ്യാപക സ്ഥലംമാറ്റം. ആരോഗ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശപ്രകാരം ഡോക്ടര്‍മാര്‍ ഒഴികെയുള്ള തസ്തികകളില്‍ മുന്നൂറിലേറെ പേര്‍ക്കാണ് അനധികൃത സ്ഥലംമാറ്റം നല്‍കിയത്. ഓരോ മാറ്റത്തിനും അരലക്ഷംമുതല്‍ ഒന്നര ലക്ഷംവരെ കോഴയായി രണ്ട് കോടിയിലേറെ രൂപയും കൈമറിഞ്ഞിട്ടുണ്ട്.

ഇരുപത്തിരണ്ട് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സുമാര്‍ക്കാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം സ്ഥലംമാറ്റം നല്‍കിയത്. ഇതില്‍ 20 എണ്ണത്തിനും മന്ത്രിയുടെ ഓഫീസില്‍നിന്ന് രേഖാമൂലമുള്ള നിര്‍ദേശമുണ്ട്. രണ്ടെണ്ണത്തിന് മന്ത്രിയുടെ ഓഫീസില്‍നിന്ന് ടെലിഫോണിലും നിര്‍ദേശം നല്‍കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ്-1, ഗ്രേഡ്-2 തസ്തികകളിലായി 21 പേര്‍ക്ക് സ്ഥലംമാറ്റം നല്‍കിയതില്‍ പതിനഞ്ചും മന്ത്രിഓഫീസില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ്. 45 സ്റ്റാഫ് നേഴ്സുമാരെയും ഈ കാലയളവില്‍ ജോലിക്രമീകരണത്തിന്റെ പേരില്‍ മാറ്റി. ഇതില്‍ ഒമ്പത് എണ്ണത്തിന് മന്ത്രി ഓഫീസില്‍നിന്നുള്ള കത്തുണ്ട്. മൂന്നെണ്ണത്തിന് മറ്റ് മന്ത്രിമാരുടെ ഓഫീസില്‍നിന്നുള്ള കത്തുണ്ട്. 20 പേര്‍ക്ക് സ്ഥലംമാറ്റം നല്‍കിയത് വിവിധ കോണ്‍ഗ്രസ് നേതാക്കളുടെ കത്തനുസരിച്ചാണ്.

ലാബ്ടെക്നീഷ്യന്‍ , പ്യൂണ്‍ , നേഴ്സിങ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍ ,ഒപ്ടോമെട്രിസ്റ്റ് തസ്തികകളിലും ഇത്തരത്തില്‍ സ്ഥലംമാറ്റം നടത്തിയിട്ടുണ്ട്. പത്ത് ലാബ്ടെക്നീഷ്യന്‍മാരെ സ്ഥലംമാറ്റിയതില്‍ അഞ്ചും മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള കത്ത് പ്രകാരം. എട്ട് പ്യൂണ്‍മാരെ സ്ഥലംമാറ്റിയതില്‍ ആറിനും മന്ത്രി ഓഫീസില്‍ നിന്നുള്ള ശുപാര്‍ശയുണ്ട്. ഡോക്ടര്‍മാരുടെ സ്ഥലം മാറ്റത്തിന് അഞ്ച് ലക്ഷം രൂപ വരെയാണ് കോഴ. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലും ഡോക്ടര്‍മാര്‍ക്ക് വന്‍തുക കോഴവാങ്ങി മന്ത്രി ഓഫീസ് ഇടപെട്ട് സ്ഥലം മാറ്റം നല്‍കുന്നുണ്ട്. നൂറിലേറെ പേര്‍ക്ക് സ്ഥലം മാറ്റം നല്‍കിയതായാണ് അനൗദ്യോഗിക കണക്ക്. ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റം നല്‍കുന്നതിനുള്ള സര്‍വീസ് ചട്ടങ്ങളും മാനദണ്ഡങ്ങളും മറികടക്കാനാണ് ജോലി ക്രമീകരണമെന്ന പേരുപയോഗിക്കുന്നത്. ജോലിക്രമീകരണം വഴി സ്ഥലംമാറ്റം നല്‍കുമ്പോള്‍ ഉണ്ടാവുന്ന ഒഴിവുകളില്‍ പുതിയ നിയമനം നടത്താന്‍ കഴിയില്ല. അതോടൊപ്പം മാറ്റം ലഭിക്കുന്ന ജില്ലയില്‍ നിലവിലുള്ള ഒഴിവും നികത്താനാകാതെ വരും. പിഎസ്സി നിയമനം പ്രതീക്ഷിക്കുന്ന ഉദ്യോഗാര്‍ഥികളുടെ തൊഴിലവസരവും ഇതുവഴി നഷ്ടമാവുകയാണ്.

deshabhimani 210212

1 comment:

  1. ആരോഗ്യവകുപ്പില്‍ ജോലിക്രമീകരണത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ കോഴ വാങ്ങി വ്യാപക സ്ഥലംമാറ്റം. ആരോഗ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശപ്രകാരം ഡോക്ടര്‍മാര്‍ ഒഴികെയുള്ള തസ്തികകളില്‍ മുന്നൂറിലേറെ പേര്‍ക്കാണ് അനധികൃത സ്ഥലംമാറ്റം നല്‍കിയത്. ഓരോ മാറ്റത്തിനും അരലക്ഷംമുതല്‍ ഒന്നര ലക്ഷംവരെ കോഴയായി രണ്ട് കോടിയിലേറെ രൂപയും കൈമറിഞ്ഞിട്ടുണ്ട്.

    ReplyDelete