Wednesday, February 22, 2012
800 കോടി തട്ടാന്‍ കരാര്‍ ; കമ്പനിക്കുവേണ്ടി കെപിസിസി ഉന്നതനും മന്ത്രിയും
സംസ്ഥാനത്ത് വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാന്‍ മുംബൈ ആസ്ഥാനമായ കമ്പനിക്ക് കരാര്‍ നല്കാന് സര്‍ക്കാര്‍ ഇടപെട്ടു. ടെന്‍ഡറില്‍ പങ്കെടുത്ത മറ്റൊരു കമ്പനി സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജി വേഗം തീര്‍പ്പാക്കി കരാറുറപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. കേസ് തീര്‍ന്നാല്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാന്‍ ഉത്തരവിറങ്ങും. ഇതിനായി കെപിസിസി ഉന്നതനും മന്ത്രിയും കമ്പനി പ്രതിനിധികളുമായി മുംബൈയിലും തിരുവനന്തപുരത്തും രഹസ്യകൂടിക്കാഴ്ച നടത്തി. വാഹന ഉടമകളില്‍നിന്നും 800 കോടിയിലേറെ തട്ടിയെടുക്കാനുള്ള ഇടപാടിന് പിന്നില്‍ കോടികളുടെ കമീഷനുണ്ട്.
നിലവിലുള്ള 70 ലക്ഷം വാഹനങ്ങളില്‍ ജൂണ്‍ 15നുമുമ്പ് ഘട്ടംഘട്ടമായും പുതിയ വാഹനങ്ങള്‍ക്ക് ഏപ്രില്‍ 30നുമുമ്പും അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കാനാണ് ധാരണ. പ്രതിവര്‍ഷം ആറുലക്ഷത്തോളം വാഹനങ്ങള്‍ സംസ്ഥാനത്ത് പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നതായാണ് കണക്ക്. ഒരു നമ്പര്‍ പ്ലേറ്റിന് 1000 രൂപയ്ക്ക് മേല്‍ കമ്പനി ഈടാക്കും. ഇതനുസരിച്ച് 70 ലക്ഷം വാഹന ഉടമകളില്‍നിന്നായി 700 കോടി രൂപ കമ്പനിക്ക് ലഭിക്കും. പുതിയ വാഹനങ്ങളില്‍നിന്ന് 60 കോടിയോളം വേറെയും. നിരക്ക് കൂടിയാല്‍ തുക ഇനിയും ഉയരും. ഇടനിലക്കാര്‍ക്ക് കോടികള്‍ കമീഷന് കിട്ടും. 2011ലാണ് കേരളത്തില്‍ ഇതിനായി ടെന്‍ഡര്‍ ക്ഷണിച്ചത്. പതിനൊന്ന് കമ്പനികള്‍ പങ്കെടുത്തെങ്കിലും പ്രി-ക്വാളിഫിക്കേഷന്‍ ടെന്‍ഡറില്‍ മുംബൈ കമ്പനിയാണ് യോഗ്യത നേടിയത്. ക്രമക്കേട് ആരോപിച്ച് ഡല്‍ഹി ആസ്ഥാനമായ കമ്പനി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. മറ്റുസംസ്ഥാനങ്ങളില്‍ നമ്പര്‍ പ്ലേറ്റിന് ഈടാക്കിയ നിരക്ക് സഹിതം പരിശോധിച്ച് വളരെ ശ്രദ്ധപൂര്‍വം വിഷയം കൈകാര്യംചെയ്യണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്കി. ആവശ്യമെങ്കില്‍ വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കാമെന്നും ഹര്‍ജി തള്ളി കോടതി ഉത്തരവായി. ഇതിനെതിരെയാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ബിട്ട 2005ല്‍ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. 2010 വരെ കേരളത്തിലും ഇത് ബാധകമാക്കിയില്ല. കഴിഞ്ഞ വര്‍ഷമാണ് ചില വിവാദ ഇടനിലക്കാര്‍ മുഖേന കമ്പനിക്കാര് രംഗത്ത് ഇറങ്ങിയത്. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ നടപടികള്‍ക്ക് വേഗമേറി. കമ്പനിക്കാര് പലവട്ടം തിരുവനന്തപുരത്ത് വന്നുപോയി. കോണ്‍ഗ്രസ് ചില അഖിലേന്ത്യ നേതാക്കളും രംഗത്തിറങ്ങി. കെപിസിസി ഉന്നതനെയും മന്ത്രിയെയും മുംബൈയില്‍ ക്ഷണിച്ചുവരുത്തിയാണ് കമ്പനിക്കാര് സല്‍ക്കരിച്ചത്. ഇടനിലക്കാരനെന്ന് കുപ്രസിദ്ധി നേടിയ ഒരു മലയാളിയാണ് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. ഇദ്ദേഹവും കെപിസിസി ഉന്നതനും തമ്മില്‍ തിരുവനന്തപുരത്ത് കഴിഞ്ഞ മാസം രഹസ്യ ചര്‍ച്ച നടന്നിരുന്നു. സുപ്രീംകോടതി ഫെബ്രുവരി ഏഴിന് കേസ് പരിഗണിച്ച ഉടനെയായിരുന്നു മുംബൈ കൂടിക്കാഴ്ച. അതിന് ശേഷം രണ്ടുവട്ടം കമ്പനിക്കാര് തിരുവനന്തപുരത്തുവന്നു. ഗതാഗതവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരും കമ്പനിക്കാരുടെ വക്കാലത്തുമായി രംഗത്തുണ്ട്. കേസ് ഒഴിവാക്കി കിട്ടിയാല്‍ മുംബൈ കമ്പനിക്ക് കരാര്‍ ഉറപ്പിക്കും. ഇവര്‍ രേഖപ്പെടുത്തിയ നിരക്കടങ്ങിയ സാമ്പത്തിക ഉടമ്പടി ഇതുവരെ ഓപ്പണ്‍ ചെയ്തിട്ടില്ല. വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കാതെ സുപ്രീംകോടതിയുടെ പേരുപറഞ്ഞ് ഈ കമ്പനിക്ക് കരാര്‍ ഉറപ്പിക്കാനാണ് നീക്കം. കേസ് തീര്‍പ്പാക്കാന്‍ സംസ്ഥാനങ്ങള്‍ നടപടി എടുക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും അതിനാലാണ് നടപടിയെന്നുമാണ് ഗതാഗതവകുപ്പിന്റെ വിശദീകരണം.
(കെ ശ്രീകണ്ഠന്)
deshabhimani 220212
Labels:
അഴിമതി,
വലതു സര്‍ക്കാര്‍,
വാർത്ത
Subscribe to:
Post Comments (Atom)
സംസ്ഥാനത്ത് വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാന്‍ മുംബൈ ആസ്ഥാനമായ കമ്പനിക്ക് കരാര്‍ നല്കാന് സര്‍ക്കാര്‍ ഇടപെട്ടു. ടെന്‍ഡറില്‍ പങ്കെടുത്ത മറ്റൊരു കമ്പനി സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജി വേഗം തീര്‍പ്പാക്കി കരാറുറപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. കേസ് തീര്‍ന്നാല്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാന്‍ ഉത്തരവിറങ്ങും. ഇതിനായി കെപിസിസി ഉന്നതനും മന്ത്രിയും കമ്പനി പ്രതിനിധികളുമായി മുംബൈയിലും തിരുവനന്തപുരത്തും രഹസ്യകൂടിക്കാഴ്ച നടത്തി. വാഹന ഉടമകളില്‍നിന്നും 800 കോടിയിലേറെ തട്ടിയെടുക്കാനുള്ള ഇടപാടിന് പിന്നില്‍ കോടികളുടെ കമീഷനുണ്ട്.
ReplyDelete