Wednesday, February 22, 2012

ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്: പി ജയരാജന്‍


ആയുധ സജ്ജരായിനിന്ന തീവ്രവാദസ്വഭാവമുള്ള ക്രിമിനല്‍ സംഘത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. പട്ടുവം അരിയില്‍ തിങ്കളാഴ്ച തനിക്കുനേരെ നടന്ന മുസ്ലിംലീഗ് വധശ്രമത്തെക്കുറിച്ച് "ദേശാഭിമാനി"യോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടുദിവസമായി തുടരുന്ന ലീഗ് അതിക്രമത്തില്‍ പരിക്കേറ്റ പാര്‍ടി പ്രവര്‍ത്തകരെയും തകര്‍ന്ന വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കാനാണ് അവിടെ പോയത്. ഞായറാഴ്ച മാത്രം ഏകപക്ഷിയമായി മൂന്നിടത്താണ് ലീഗുകാര്‍ ആക്രമണം നടത്തിയത്. അരിയില്‍ പ്രദേശത്ത് ലീഗുകാര്‍ നടത്തുന്ന ആസൂത്രിത ആക്രമണത്തെക്കുറിച്ച് ഞായറാഴ്ച ജില്ലാ പൊലീസ് മേധാവി രാഹുല്‍ എസ് നായരോട് സംസാരിച്ചിരുന്നു. ആവശ്യമായ പൊലീസിനെ വിന്യസിക്കുമെന്നും സുരക്ഷ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച പകല്‍ പതിനൊന്നരക്കാണ് ജില്ലാകമ്മിറ്റിയുടെ സ്കോര്‍പിയോയില്‍ തളിപ്പറമ്പ് ഏരിയാകമ്മിറ്റി ഓഫീസില്‍ നിന്ന് സ്ഥലം സന്ദര്‍ശിക്കാനിറങ്ങിയത്. വാഹനത്തില്‍ ടി വി രാജേഷ് എംഎല്‍എ, തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി വാസുദേവന്‍ , ഏരിയാകമ്മിറ്റി അംഗമായ പി മുകുന്ദന്‍ , ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എ രാജേഷ്, പൊലീസ് ഗണ്‍മാന്‍ എന്നിവരുണ്ടായിരുന്നു. കൂവോട് കയ്യത്തടം വഴിയാണ് പോയത്.

വരണൂലില്‍നിന്ന് വാഹനം ഇറങ്ങി അരിയില്‍ വളവില്‍ എത്തിയപ്പോള്‍ നൂറോളം പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഒട്ടോറിക്ഷ അവരുടെ മുന്നിലൂടെ കടന്നുപോയി. എന്നാല്‍ തങ്ങളുടെ വാഹനം എത്തിയതോടെ അമ്പതോളം പേര്‍ റോഡിലിറങ്ങി വാഹനം തടഞ്ഞു. സിപിഐ എം നേതാക്കളാണ് വണ്ടിയില്‍ എന്ന് തിരിച്ചറിഞ്ഞോട്ടെ എന്നു കരുതി താന്‍ വണ്ടിയുടെ വാതില്‍ തുറന്നു പുറത്തേക്കിറങ്ങി. "അവനെ കൊല്ലെടാ" എന്ന് പിന്നില്‍ നിന്ന് നേതാക്കള്‍ ആക്രോശിച്ചതോടെ ഗുണ്ടകള്‍ ഇരുമ്പുവടിയും ഉരുളന്‍ കല്ലുമായി ഓടിയടുത്തു. അക്രമികളുടെ ബീഭല്‍സത കണ്ടു കാറിലുള്ളവര്‍ എന്നെ കാറിനകത്തേക്ക് വലിച്ചുകയറ്റി. അപ്പോഴേക്ക് കാറിന്റെ പിന്‍ഭാഗത്തെ ചില്ലുകള്‍ അടിച്ചു തകര്‍ത്തിരുന്നു. എന്നെ കാറിനകത്ത് കയറിയതോടെ സൈഡിലുള്ള ചില്ലും തകര്‍ത്തു. പിറകിലെ സീറ്റിലിരുന്ന ടി വി രാജേഷിന്റെ പുറത്ത് കല്ല് കൊണ്ടിടിച്ചു. തുരുതുരെ കല്ലുകള്‍ കാറിനകത്ത് വീണു. ഇരുമ്പുവടികൊണ്ടു വാഹനം അടിച്ചു പൊളിച്ചു. അതോടെ ഡ്രൈവര്‍ വി കെ സജീവന്‍ രണ്ടും കല്‍പിച്ചു വാഹനം മുന്നോട്ട് എടുത്തു. അതിനിടയില്‍ ഒട്ടോറിക്ഷയെയും തടഞ്ഞുവച്ച് ആക്രമിച്ചു. കല്ലെറിഞ്ഞ് ഓട്ടോ തകര്‍ത്തു. കെ ബാലകൃഷ്ണനെയും ദേശാഭിമാനി ലേഖകന്‍ രാജീവനെയും പിടിച്ചുവച്ചു കല്ല് കൊണ്ടുകുത്തി. നൂറോളം പേര്‍ അക്രമസജ്ജരായി നിന്ന അരിയില്‍ പള്ളിക്ക്സമീപം പൊലീസുകാരുണ്ടായിരുന്നില്ല. അരകിലോമീറ്റര്‍ അകലെയാണ് ഒരു പൊലീസ് ജീപ്പില്‍ മൂന്ന് പൊലീസുകാരെ കണ്ടത്. തങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് അവരെ അറിയിച്ചശേഷം തളിപ്പറമ്പ് സിഐ ഓഫീസില്‍ എത്തി. അവിടെ നിന്നാണ് സഹകരണ ആശുപത്രിയിലേക്ക് മാറ്റിയത്.

ലീഗ് ക്രിമിനലുകള്‍ നടത്തിയ അക്രമങ്ങളൊക്കെ പിന്നിലുളള കാറില്‍നിന്ന് കൈരളി ടിവി ക്യാമറമാനും ദേശാഭിമാനി ഫോട്ടോഗ്രാഫറും പകര്‍ത്തുന്നുണ്ടായിരുന്നു. അവരെയും ആക്രമിച്ചു. അക്രമത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാള്‍ സംഭവത്തിന് ശേഷം മരിച്ച അബ്ദുള്‍ ഷുക്കുര്‍ എന്ന യുവാവാണെന്ന് ചാനലുകളിലെ ദൃശ്യങ്ങളില്‍നിന്നും പത്രങ്ങളില്‍ വന്ന ഫോട്ടോയില്‍ നിന്നും വ്യക്തമാണ്. തളിപ്പറമ്പ് കേന്ദ്രമാക്കി ലീഗിന്റെ പേരില്‍ തീവ്രവാദി സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ലീഗ് നേതാക്കള്‍ക്കു പോലും അവരെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കുന്നതും വീടുകള്‍ തകര്‍ക്കുന്നതും മുഖം മൂടിഅക്രമം നടത്തുന്നതും ലീഗുകാര്‍ തന്നെയാണ്- പി ജയരാജന്‍ പറഞ്ഞു.
(ജയകൃഷ്ണന്‍ നരിക്കുട്ടി)

deshabhimani news

1 comment:

  1. ആയുധ സജ്ജരായിനിന്ന തീവ്രവാദസ്വഭാവമുള്ള ക്രിമിനല്‍ സംഘത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. പട്ടുവം അരിയില്‍ തിങ്കളാഴ്ച തനിക്കുനേരെ നടന്ന മുസ്ലിംലീഗ് വധശ്രമത്തെക്കുറിച്ച് "ദേശാഭിമാനി"യോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete