Tuesday, February 7, 2012

കുടുംബശ്രീയെ തകര്‍ക്കരുത്

കേരളത്തിലെ ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള ഔദ്യോഗിക ഏജന്‍സിയാണ് കുടുംബശ്രീ.  ജനകീയാസൂത്രണത്തിന്റെ ഭാഗമായി 1998ല്‍ രൂപംകൊണ്ട കുടുംബശ്രീ ഇന്ന് 37 ലക്ഷത്തിലേറെ വനിതകള്‍ അംഗങ്ങളായ മഹാപ്രസ്ഥാനമാണ്. ലഘുസമ്പാദ്യസംരംഭം എന്ന നിലയിലായിരുന്നു തുടക്കമെങ്കിലും സ്ത്രീശാക്തീകരണത്തിലും  ഉല്‍പ്പാദന- സാമൂഹ്യ- സേവന മേഖലകളില്‍ ഇടപെടുന്നതിലും അത്ഭുതകരമായ മുന്നേറ്റമാണ് കുടുംബശ്രീ നടത്തിയത്. പത്തു രൂപമുതലുള്ള കൊച്ചുനിക്ഷേപങ്ങള്‍ സമാഹരിച്ച് തുടങ്ങിയ പ്രസ്ഥാനത്തിന് രാജ്യത്തിന്റെയും ലോകത്തിന്റെയും അംഗീകാരം പിടിച്ചുപറ്റുംവിധം വളരാന്‍ കഴിഞ്ഞു. മാലിന്യസംസ്കരണത്തില്‍ മുതല്‍ ഐടി രംഗത്തുവരെ കുടുംബശ്രീയുടെ പ്രവര്‍ത്തനം കടന്നുചെല്ലുന്നു. അരലക്ഷത്തിലേറെ ഏക്കര്‍ ഭൂമിയില്‍  പച്ചക്കറിയും നെല്ലും കുടുംബശ്രീ പ്രവര്‍ത്തകര്‍ വിളയിക്കുന്നു. കൃഷി, വ്യവസായം, ആരോഗ്യം, സാമൂഹ്യക്ഷേമം, ഭവനനിര്‍മാണം, ടൂറിസം, വാണിജ്യം, ക്ഷീരവികസനം, തൊഴില്‍, സഹകരണം, ഗതാഗതം, ഐടി എന്നിങ്ങനെ വിപുലമായ  പ്രവര്‍ത്തനമേഖലകളുള്ള കുടുംബശ്രീ സമകാലിക കേരളത്തിന്റെ നിലനില്‍പ്പിന്റെതന്നെ അഭേദ്യഭാഗമായി മാറിയിട്ടുണ്ട്.

കുടുംബശ്രീയെ ശത്രുപക്ഷത്താണ് തുടക്കംമുതല്‍ കോണ്‍ഗ്രസ് കാണുന്നത്. 2001ല്‍ യുഡിഎഫ് അധികാരമേറ്റതോടെ കുടുംബശ്രീക്കെതിരായ നടപടികള്‍ തുടങ്ങി. അഞ്ചു ബജറ്റിലായി യുഡിഎഫ് കുടുംബശ്രീക്ക് വകയിരുത്തിയത് 130.40 കോടി രൂപയാണ്; ചെലവഴിച്ചത് 69.33 കോടിമാത്രം. 2006ല്‍ അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചു ബജറ്റിലായി 191.61 കോടി രൂപ വകയിരുത്തുകയും അതിന്റെ ഒന്നരമടങ്ങ് ചെലവിടുകയും ചെയ്തു. കുടുംബശ്രീയെ തകര്‍ക്കാനുള്ള യുഡിഎഫിന്റെ ശ്രമം ഇതില്‍നിന്ന് വ്യക്തമാകും. ഇന്ത്യയിലെ മൈക്രോഫിനാന്‍സ് രംഗം കോര്‍പറേറ്റുവല്‍ക്കരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കുടുംബശ്രീ വ്യത്യസ്തമായ ജനകീയമാതൃകയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീശാക്തീകരണത്തിന് ഊന്നല്‍ നല്‍കി മൈക്രോക്രെഡിറ്റും ദാരിദ്ര്യനിര്‍മാര്‍ജന പരിപാടികളും എങ്ങനെ നടപ്പാക്കാമെന്ന് മാതൃകാപരമായി തെളിയിച്ച കുടുംബശ്രീയെ, തകര്‍ക്കാനായി ബദല്‍സംഘടനയ്ക്ക് രൂപംനല്‍കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്തത്. ജനശ്രീ എന്ന ആ സംഘടനയ്ക്ക് യുഡിഎഫ് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് 50 കോടി രൂപ വഴിവിട്ട് അനുവദിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അതുകൊണ്ടുതന്നെ ശ്രദ്ധിക്കപ്പെടേണ്ടതാണ്.

 ജനശ്രീ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ എം എം ഹസ്സന്‍ ഗ്രാമവികസനവകുപ്പിന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് വന്‍തുക വഴിവിട്ട് നല്‍കാന്‍ പോകുന്നത്. സംസ്ഥാനത്തെ ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള ഔദ്യോഗിക ഏജന്‍സിയായ കുടുംബശ്രീ മിഷന്‍ സര്‍ക്കാര്‍ഫണ്ട് ലഭിക്കാതെ കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ നടപടിയെന്നും ഓര്‍ക്കണം. ഗ്രാമവികസനവകുപ്പില്‍നിന്നുള്ള എതിര്‍പ്പുകള്‍മൂലമാണ് തുക ഇതുവരെ അനുവദിക്കാതിരുന്നത്. ജനശ്രീയെ സഹായിക്കുക എന്നതിലുപരി, കുടുംബശ്രീയെ ഞെക്കിക്കൊല്ലാനുള്ള ശ്രമമായേ ഇതിനെ കാണാനാകൂ. കുടുംബശ്രീ ദുര്‍ബലപ്പെട്ടാല്‍ നാട്ടിലെ സാധാരണ ജനങ്ങള്‍ക്ക് ഏല്‍ക്കുന്ന ആഘാതം നിസ്സാരമാകില്ല.

യുഡിഎഫ് ഭരണം എല്ലാ രംഗത്തും കുഴപ്പങ്ങളുണ്ടാക്കുകയാണ്. കര്‍ഷക ആത്മഹത്യ തുടരെ ഉണ്ടാകുന്നു. കടക്കെണിയില്‍പ്പെട്ടുഴലുന്ന കര്‍ഷക കുടുംബങ്ങളെ സഹായിക്കാനോ കേന്ദ്ര ആനുകൂല്യങ്ങള്‍  ലഭ്യമാക്കാനോ തയ്യാറാകുന്നില്ല. ഇന്ധനവിലയും ബസ് യാത്രക്കൂലിയും വെള്ളക്കരവും വൈദ്യുതിനിരക്കും നിത്യോപയോഗസാധനവിലയും കാണെക്കാണെ ഉയരുകയാണ്. ഇത് നിയന്ത്രിക്കുന്നില്ലെന്ന് മാത്രമല്ല സാധാരണക്കാരന് ആശ്വാസമാകുന്ന പൊതുവിതരണസംവിധാനം തകര്‍ക്കാനും ശ്രമിക്കുന്നു. കുടിവെള്ളവിതരണത്തിനും വൈദ്യുതിവിതരണത്തിനും സ്വകാര്യമേഖലയില്‍ പ്രത്യേക കമ്പനികള്‍ രൂപീകരിക്കുന്നു.  സ്വകാര്യ ആശുപത്രികള്‍ക്ക് പണം കൊയ്യാന്‍ അവസരം സൃഷ്ടിക്കാനായി സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരും മരുന്നും ഇല്ലാത്ത സ്ഥിതിയാണ് ഇന്ന്. കുറഞ്ഞ വരുമാനം മാത്രമുള്ള സാധാരണക്കാരുടെ ജീവിതം എല്ലാതലത്തിലും പ്രയാസകരമാവുകയാണെന്നര്‍ഥം.

ഇങ്ങനെയൊരു ഘട്ടത്തില്‍ കുടുംബശ്രീപോലുള്ള സംരംഭങ്ങള്‍ പ്രോത്സാഹിക്കപ്പെടേണ്ടതാണ്. എന്നാല്‍ ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ അതിന് തയ്യാറാകുന്നില്ലെന്ന് മാത്രമല്ല, തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നു. കുടുംബശ്രീ മിഷനെ ദുര്‍ബലപ്പെടുമ്പോള്‍ കേരളം ഇന്നോളം ആര്‍ജിച്ച പുരോഗതി ഇല്ലാതാകുമെന്നതില്‍ തര്‍ക്കമില്ല. കുടുംബശ്രീ ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടെ ഭാഗമോ പോഷകഘടകമോ അല്ല, നാടിന്റെയാകെ സ്വത്താണെന്ന വസ്തുത യുഡിഎഫ് നേതൃത്വം ഉള്‍ക്കൊള്ളണം. അതിന് കക്ഷിരാഷ്ട്രീയമില്ലെന്ന് മനസ്സിലാക്കിയുള്ള ഇടപെടലിന് സര്‍ക്കാര്‍ തയ്യാറാകണം. ജനശ്രീ എന്ന പോഷക സംഘടനയെ വളര്‍ത്താനായി കുടുംബശ്രീക്കെതിരെ നീങ്ങുമ്പോള്‍ നാടിനാകെയാണ് മുറിവേല്‍ക്കുക. യാഥാര്‍ഥ്യബോധത്തോടെ തീരുമാനങ്ങളെടുക്കാനും തെറ്റുതിരുത്താനുമുള്ള സമയം ഇനിയും അതിക്രമിച്ചിട്ടില്ല.

deshabhimani editorial 070212

1 comment:

  1. കേരളത്തിലെ ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള ഔദ്യോഗിക ഏജന്‍സിയാണ് കുടുംബശ്രീ. ജനകീയാസൂത്രണത്തിന്റെ ഭാഗമായി 1998ല്‍ രൂപംകൊണ്ട കുടുംബശ്രീ ഇന്ന് 37 ലക്ഷത്തിലേറെ വനിതകള്‍ അംഗങ്ങളായ മഹാപ്രസ്ഥാനമാണ്. ലഘുസമ്പാദ്യസംരംഭം എന്ന നിലയിലായിരുന്നു തുടക്കമെങ്കിലും സ്ത്രീശാക്തീകരണത്തിലും ഉല്‍പ്പാദന- സാമൂഹ്യ- സേവന മേഖലകളില്‍ ഇടപെടുന്നതിലും അത്ഭുതകരമായ മുന്നേറ്റമാണ് കുടുംബശ്രീ നടത്തിയത്. പത്തു രൂപമുതലുള്ള കൊച്ചുനിക്ഷേപങ്ങള്‍ സമാഹരിച്ച് തുടങ്ങിയ പ്രസ്ഥാനത്തിന് രാജ്യത്തിന്റെയും ലോകത്തിന്റെയും അംഗീകാരം പിടിച്ചുപറ്റുംവിധം വളരാന്‍ കഴിഞ്ഞു. മാലിന്യസംസ്കരണത്തില്‍ മുതല്‍ ഐടി രംഗത്തുവരെ കുടുംബശ്രീയുടെ പ്രവര്‍ത്തനം കടന്നുചെല്ലുന്നു. അരലക്ഷത്തിലേറെ ഏക്കര്‍ ഭൂമിയില്‍ പച്ചക്കറിയും നെല്ലും കുടുംബശ്രീ പ്രവര്‍ത്തകര്‍ വിളയിക്കുന്നു. കൃഷി, വ്യവസായം, ആരോഗ്യം, സാമൂഹ്യക്ഷേമം, ഭവനനിര്‍മാണം, ടൂറിസം, വാണിജ്യം, ക്ഷീരവികസനം, തൊഴില്‍, സഹകരണം, ഗതാഗതം, ഐടി എന്നിങ്ങനെ വിപുലമായ പ്രവര്‍ത്തനമേഖലകളുള്ള കുടുംബശ്രീ സമകാലിക കേരളത്തിന്റെ നിലനില്‍പ്പിന്റെതന്നെ അഭേദ്യഭാഗമായി മാറിയിട്ടുണ്ട്.

    ReplyDelete