Wednesday, February 22, 2012

കള്ളക്കഥകള്‍ മെനയുന്നു പി ജയരാജനുനേരെയുള്ള വധശ്രമം വഴിതിരിച്ചുവിടാന്‍ ഗൂഢനീക്കം

സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജനെയും ടി വി രാജേഷ് എംഎല്‍എയെയും മുസ്ലീംലീഗുകാര്‍ വധിക്കാന്‍ ശ്രമിച്ച സംഭവം വഴിതിരിച്ചുവിടാന്‍ ഗൂഢനീക്കം. കെ സുധാകരന്‍ എംപിയാണ് കള്ളക്കഥ മെനയുന്നത്. സിപിഐ എം നേതാക്കള്‍ സഞ്ചരിച്ച കാര്‍ ഒരു നിരപരാധിയെ തട്ടിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. വാഹനം തട്ടിയെന്നു പറഞ്ഞ് അന്‍സാര്‍ എന്നയാളെ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ലീഗ് മുഖപത്രമായ ചന്ദ്രിക ഈ കള്ളക്കഥ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചു. എന്നാല്‍ സംഭവത്തിന്റെ നിജസ്ഥിതിയറിയുന്ന മറ്റ് മാധ്യമങ്ങളൊന്നും ഇത് വാര്‍ത്തയാക്കാന്‍ തയ്യാറായില്ല.

 എന്നാല്‍ ജയരാജനെ വധിക്കാന്‍ ശ്രമിച്ചതിനേക്കാള്‍ വലിയ സംഭവമാണിതെന്ന് വരുത്താനാണ് സുധാകരന്റെ ശ്രമം. മാധ്യമങ്ങള്‍ വാഹനംതട്ടിയ വാര്‍ത്ത പ്രധാന്യത്തോടെ കൊടുക്കണമെന്നാണ് സുധാകരന്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. ജയരാജനു നേരെ ലീഗുകാര്‍ "കൊല്ലെടാ" എന്നാക്രോശിച്ച് ചാടിവീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഉണ്ടെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ അതിനാണ് അവരെയും കൂട്ടിപ്പോയതെന്നായിരുന്നു സുധാകരന്റെ മറുപടി.

പ്രകോപനമുണ്ടാക്കാനും ജില്ലയിലാകെ അക്രമം നടത്താനുമാണ് സിപിഐ എം ജില്ലാസെക്രട്ടറി പട്ടുവം അരിയില്‍ സന്ദര്‍ശിച്ചതെന്ന സുധാകരന്റെ വ്യാഖ്യാനവും ലീഗിലെ തീവ്രവാദികളെയും ക്രിമിനലുകളെയും സംരക്ഷിക്കാനാണ്. വെള്ളിക്കീല്‍ കടവിലെ വയലില്‍ പരിക്കേറ്റ് രക്തം വാര്‍ന്ന് മരിച്ച ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂറിന് രാഷ്ട്രീയമേയില്ലെന്ന പ്രചാരണവും നടക്കുന്നുണ്ട്. സിപിഐ എം നേതാക്കളെ ആക്രമിക്കുന്നതിന് നേതൃത്വം കൊടുക്കുന്നതായി ദൃശ്യ- പത്രമാധ്യമങ്ങളില്‍ കണ്ട ഈ എംഎസ്എഫ് നേതാവിനെ നിരപരാധിയായി ചിത്രീകരിക്കാനുള്ള ശ്രമം എങ്ങും ഏശിയില്ല. അരിയില്‍വച്ച് പൊലീസ് വിരട്ടിയോടിക്കുമ്പോള്‍ പരിക്കേറ്റ ഷുക്കുര്‍ ചികിത്സക്കായി ചെറുകുന്ന് മിഷന്‍ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടതെന്നും കണ്ണപുരം പൊലീസ് തക്കസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നും സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത് വിരോധാഭാസമാണ്. പരിക്കേറ്റവരെയും കൊണ്ട് ചെറുകുന്ന് മിഷന്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്നെന്നാണ് വേറൊരുകൂട്ടര്‍ പറയുന്നത്.

ഹര്‍ത്താല്‍ ദിവസമായ ചൊവ്വാഴ്ച ജില്ലയില്‍ കുഴപ്പമുണ്ടാക്കുന്നതിന് കെ എം ഷാജി എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ബോധപൂര്‍വം ശ്രമിക്കുകയായിരുന്നു. ഹര്‍ത്താലില്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ ഓടാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച യുഡിഎഫ് നേതാക്കള്‍ കുഴപ്പമുണ്ടാക്കാന്‍ കാറുകളിലും മറ്റും തലങ്ങും വിലങ്ങും യാത്ര ചെയ്തു. കെ എം ഷാജിയാണ് സംഘര്‍ഷം ക്ഷണിച്ചുവരുത്താന്‍ നേതൃത്വം നല്‍കിയത്. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ കാല്‍നടയായാണ് എ കെ ജി ആശുപത്രിയിലും മറ്റും എത്തിയത്. എന്നാല്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത യുഡിഎഫ് നേതാക്കള്‍ അണികളെ പറ്റിച്ച് വാഹനങ്ങളില്‍ പറന്നു.

deshabhimani 220212

1 comment:

  1. സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജനെയും ടി വി രാജേഷ് എംഎല്‍എയെയും മുസ്ലീംലീഗുകാര്‍ വധിക്കാന്‍ ശ്രമിച്ച സംഭവം വഴിതിരിച്ചുവിടാന്‍ ഗൂഢനീക്കം. കെ സുധാകരന്‍ എംപിയാണ് കള്ളക്കഥ മെനയുന്നത്. സിപിഐ എം നേതാക്കള്‍ സഞ്ചരിച്ച കാര്‍ ഒരു നിരപരാധിയെ തട്ടിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. വാഹനം തട്ടിയെന്നു പറഞ്ഞ് അന്‍സാര്‍ എന്നയാളെ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ലീഗ് മുഖപത്രമായ ചന്ദ്രിക ഈ കള്ളക്കഥ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചു. എന്നാല്‍ സംഭവത്തിന്റെ നിജസ്ഥിതിയറിയുന്ന മറ്റ് മാധ്യമങ്ങളൊന്നും ഇത് വാര്‍ത്തയാക്കാന്‍ തയ്യാറായില്ല.

    ReplyDelete