Monday, February 20, 2012

കോലഞ്ചേരിയില്‍ നേഴ്സുമാരുടെ സമരം അവസാനിപ്പിച്ചു

സേവന-വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കാനുള്ള കരാറില്‍ മാനേജ്മെന്റ് ഒപ്പിട്ടതിനെത്തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ നേഴ്സുമാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. 22 ദിവസംനീണ്ട സമരം ഞായറാഴ്ച വൈകിട്ട് അഞ്ചിനാണ് നേഴ്സുമാര്‍ അവസാനിപ്പിച്ചത്. സേവന വേതന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കാനും ഞായറാഴ്ച പകല്‍ 11ന് കരാര്‍ ഒപ്പിട്ടശേഷം സമരം പിന്‍വലിക്കാനും ശനിയാഴ്ച നടന്ന ചര്‍ച്ചയില്‍ ധാരണയായിരുന്നു. വി പി സജീന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഞായറാഴ്ച നടന്ന ചര്‍ച്ചകള്‍ക്കുശേഷം നാലിനാണ് കരാര്‍ ഒപ്പിട്ടത്.

നേഴ്സുമാരുടെ രാത്രി അലവന്‍സ് വര്‍ധനയെച്ചൊല്ലി തര്‍ക്കമുണ്ടായെങ്കിലും 50 രൂപയാക്കി വര്‍ധിപ്പിക്കാന്‍ മാനേജ്മെന്റ് തയ്യാറായതോടെയാണ് തീരുമാനത്തിലെത്തിയത്. ധാരണയനുസരിച്ച് നേഴ്സുമാര്‍ക്ക് ഒരുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവില്‍ 8400 രൂപയും രണ്ട്, മൂന്ന് വര്‍ഷങ്ങളില്‍ 11,000 രൂപയും ശമ്പളം നല്‍കും. തുടര്‍ന്നുള്ള ഓരോ വര്‍ഷത്തിനും 500 രൂപയുടെ വര്‍ധന നല്‍കാനും തീരുമാനമായി. സമരസമിതി ഭാരവാഹികള്‍ കരാര്‍ തീരുമാനങ്ങള്‍ സമരപന്തലിലെത്തി അറിയിച്ചശേഷം ടൗണില്‍ പ്രകടനം നടത്തിയാണ് സമരം അവസാനിപ്പിച്ചത്.

നേഴ്സുമാര്‍ തൊഴില്‍നിയമങ്ങള്‍ ലംഘിക്കരുത്: അമൃത മാനേജ്മെന്റ്

കൊച്ചി: അമൃതാ ആശുപത്രി നേഴ്സുമാര്‍ വീണ്ടും പണിമുടക്കിന് തയ്യാറാകുന്നത് തൊഴില്‍നിയമങ്ങളുടെ ലംഘനവും തൊഴില്‍സംസ്കാരത്തിന് കളങ്കമേല്‍പ്പിക്കുന്നതുമാണെന്ന് മാനേജ്മെന്റ്. മുമ്പ് നടത്തിയ ചര്‍ച്ചയിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ മാര്‍ച്ച് ഒമ്പതുവരെ സമയം ബാക്കിനില്‍ക്കെ മുഴുവന്‍ നേഴ്സുമാര്‍ക്കും നിയമം അനുസരിച്ച് ജനുവരിമുതലുള്ള മിനിമം വേജസ് നടപ്പാക്കിക്കഴിഞ്ഞുവെന്നും മാനേജ്മെന്റ് വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ത്തന്നെ അമൃതയുടെ ഏത് ശാഖയിലും ജോലിചെയ്യാന്‍ തയ്യാറാകണമെന്ന ഉപാധി ജീവനക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. നിയമനവും സ്ഥലംമാറ്റവും മാനേജ്മെന്റിന്റെ അധികാരപരിധിയില്‍പ്പെടുന്നതാണ്. നേഴ്സിങ് ജീവനക്കാരന്‍ സ്ഥലംമാറ്റത്തിനുള്ള സന്നദ്ധത അറിയിച്ച് പലതവണ സമയം നീട്ടി വാങ്ങിയശേഷം ഇപ്പോള്‍ അതിന്റെ പേരില്‍ പണിമുടക്ക് നോട്ടീസ് നല്‍കുന്നത് തൊഴില്‍നിയമങ്ങളുടെ ലംഘനമാണെന്നു മാത്രമല്ല, അങ്ങേയറ്റം അപലപനീയമാണെന്നും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ പറഞ്ഞു.

നേഴ്സുമാര്‍ അവകാശദിനം ആചരിച്ചു

മാനന്തവാടി: നഴ്സസ് അസോസിയേഷന്‍ അവകാശദിനം ആചരിച്ചു. നഴ്സുമാര്‍ ബാഡ്ജ് ധരിച്ചാണ് ജോലിചെയ്തത്. 1961ലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കുക, എട്ട്മണിക്കൂര്‍ ജോലി, സീനിയോരിറ്റിലിസ്റ്റ്, ശമ്പളകമീഷന്‍ അപാകതകള്‍ പരിഹരിക്കുക, മരുന്നും ചികിത്സയും ഉറപ്പാക്കുക, പിഎഫ്ആര്‍ഒഎ ബില്‍ പിന്‍വലിക്കുക, സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അവകാശദിനം.

deshabhimani 200212

1 comment:

  1. സേവന-വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കാനുള്ള കരാറില്‍ മാനേജ്മെന്റ് ഒപ്പിട്ടതിനെത്തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ നേഴ്സുമാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. 22 ദിവസംനീണ്ട സമരം ഞായറാഴ്ച വൈകിട്ട് അഞ്ചിനാണ് നേഴ്സുമാര്‍ അവസാനിപ്പിച്ചത്. സേവന വേതന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കാനും ഞായറാഴ്ച പകല്‍ 11ന് കരാര്‍ ഒപ്പിട്ടശേഷം സമരം പിന്‍വലിക്കാനും ശനിയാഴ്ച നടന്ന ചര്‍ച്ചയില്‍ ധാരണയായിരുന്നു. വി പി സജീന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഞായറാഴ്ച നടന്ന ചര്‍ച്ചകള്‍ക്കുശേഷം നാലിനാണ് കരാര്‍ ഒപ്പിട്ടത്.

    ReplyDelete